UPDATES

ഡിപ്രഷൻ മൂലം കോഴ്സ് നിര്‍ത്തിയത് 28 കുട്ടികള്‍; കൂടുതല്‍ വെളിപ്പെടുത്തലുമായി സ്വാശ്രയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

ആല്‍ക്കെമിസ്റ്റ് വായിക്കരുത്; ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ചിരിക്കരുത്; പോരാത്തതിന് സെക്യൂരിക്കാരുടെ ‘എടീ, പോടീ’ വിളികളും

പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് ലോകമെമ്പാടും 69 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് 150 മില്യനിലധികം കോപ്പികൾ വിറ്റഴിഞ്ഞ് റെക്കോർഡ് സൃഷ്ടിച്ച പുസ്തകമാണ്. പ്രചോദനാത്മകമായ പുസ്തകങ്ങളുടെ ശ്രേണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്. അങ്ങനെ ഒരു പുസ്തകം കൈവശം വച്ചു എന്നതിന്റെ പേരിൽ  കേരളത്തിലെ ഒരു സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥിനിയ്ക്ക് ഉണ്ടായ അനുഭവം നോക്കു.

“ഞാൻ വായിച്ച് ഇഷ്ടപ്പെട്ട പുസ്തകം കൂട്ടുകാരിയ്ക്ക് കൊടുക്കാൻ കൊണ്ടുവന്നതായിരുന്നു. ക്ലാസ് സമയം കഴിഞ്ഞ് ബാഗിൽ നിന്നും ആ പുസ്തകം എടുത്ത് സുഹൃത്തിനു കൊടുക്കുന്നത് അധ്യാപിക കണ്ടു. ആ പുസ്തകം പിടിച്ചു വാങ്ങുകയും എന്നെ കുട്ടികളുടെ മുന്നിൽ വച്ച് ഒരു പാട് ശകാരിക്കുകയും ചെയ്തു. ‘നിനക്കൊക്കെ വേറെ ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ ഇതൊക്കെ വായിക്കാൻ നടക്കുന്നതെന്നും, മേലിൽ ഇങ്ങനെ പുസ്തകവുമായി ക്ലാസിൽ വന്നാൽ ഞാൻ കംപ്ലയിന്റ് ചെയ്യും’ എന്നും ആ അദ്ധ്യാപിക പറഞ്ഞു. അന്ന് അവർ വാങ്ങിക്കൊണ്ടുപോയ പുസ്തകം എനിക്ക് ഇനിയും തിരിച്ച് തന്നിട്ടില്ല. പ്ലസ് ടു വരെ എന്തെങ്കിലും വായിക്കുകയും എഴുതുകയും ഒക്കെ ചെയ്തിരുന്നു ഞാൻ. പത്രം വായിക്കുന്നതു പോലും വിലക്കുന്ന ഈ ക്യാംപസിൽ  പാഠ്യവിഷയങ്ങൾക്ക് പുറത്തുള്ള പുസ്തകങ്ങൾ വായിക്കുന്നരോട് ഇങ്ങനെ പെരുമാറിയതിൽ അത്ഭുതപ്പെടാനില്ല. ഞാൻ ഇപ്പാൾ മൂന്നാം വർഷം എൻജിനീയറിങ്ങിനാണ് പഠിക്കുന്നത് ,അതുകൊണ്ട് ഇതൊക്കെ ഒരു ശീലമായി. ഇവിടെ വരുമ്പോൾ എന്തെങ്കിലും ഒക്കെ ആവണം എന്നു കരുതി ഒരു പാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ അതൊന്നും നടക്കില്ല എന്ന് മനസ്സിലായി. ചിരിയ്ക്കുന്നതിനും സംസാരിക്കുന്നതിനും കുറേ ഫൈനുകൾ അടച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അതു രണ്ടും നിർത്തി. അതിലുപരി ചിരിക്കാനും സംസാരിക്കാനും ഞങ്ങൾക്ക് വിഷയങ്ങൾ ഇല്ലതായി തീർന്നു എന്നും പറയാം”

തൃശ്ശൂർ പഴയ നടക്കാവിലുള്ള ഒരു ട്രസ്റ്റിന്റെ പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്ഥിതി ചെയ്യുന്ന ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്  ആന്‍ഡ് ടെക്ക്നോളജിയിലെ വിദ്യാർത്ഥിനിയാണ്  ഇങ്ങനെ പ്രതികരിച്ചത്. ഇത് ഒരു കോളേജിലെ മാത്രം അവസ്ഥയല്ല. കുട്ടികളുടെ സർഗ്ഗാത്മകതയും കഴിവുകളും ഇല്ലാതാക്കുന്ന നടപടികളാണ് സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിലാകമാനം. പ്രൊഫഷണൽ വിദ്യാഭ്യാസമല്ലെ, കുട്ടികൾ കൂടുതലായി പഠനത്തിൽ ശ്രദ്ധിക്കുന്നതിനു വേണ്ടിയാവും അദ്ധ്യാപകരും മാനേജ് മെന്റും ഒക്കെ ഇങ്ങനെ പെരുമാറുന്നത് എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം. അതിനുള്ള മറുപടി തന്നത് മേൽപ്പറഞ്ഞ വിദ്യാർത്ഥിനിയുടെ സീനിയറായി അതേ കോളേജിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയാണ്. “അഡ്മിഷൻ സമയത്ത് ഞങ്ങളോട് പറഞ്ഞത് എല്ലാ സൗകര്യങ്ങളൂ മുള്ള ഒരു ലൈബ്രറിയും സൗജന്യ വൈഫൈ യും ഇവിടെ ഉണ്ടെന്നും അവ കോളേജ് സമയങ്ങളിൽ യഥേഷ്ടം ഞങ്ങൾക്ക് ഉപയോഗിക്കാമെന്നുമാണ്. എന്നാൽ അക്കാദമിക് വിഷയങ്ങളിൽ പോലും ആവശ്യത്തിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമല്ല. ഇന്റർവെൽ സമയങ്ങളിൽ മാത്രമെ ലൈബ്രറിയിൽ പോവാൻ അനുവാദമുള്ളു. അവിടെ പുസ്തകം ലഭിക്കാൻ ക്യൂ നിൽക്കണം. അവിടുന്ന് പുസ്തകമെടുത്ത് തിരിച്ചെത്തുമ്പോഴേയ്ക്കും മിക്കവാറും ബെല്ലടിച്ചിട്ടുണ്ടാവും. ഒരു അഞ്ച് മിനിറ്റ് വൈകിയാൽ ലൈബ്രറിയിൽ പോയിരുന്നതാണ് എന്നത് പോലും പരിഗണിയ്ക്കാതെ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തും. പഠിക്കുന്ന വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുന്നതു പോലും മിക്ക അദ്ധ്യാപകർക്കും ഇഷ്ടമല്ല, ഞങ്ങൾ പഠിപ്പിക്കുന്നത് പഠിച്ചാൽ മാത്രം  മതി എന്നാവും പ്രതികരണം. ലൈബ്രറിയിൽ ആകെ ഉള്ളത് അഞ്ച് കമ്പ്യൂട്ടറുകളാണ്. അതിൽ രണ്ടെണ്ണം ഉപയോഗശൂന്യമാണ്. ശേഷിക്കുന്ന മൂന്നെണ്ണം ഉപയോഗിച്ചു വേണം പ്രോജക്റ്റ് സംബന്ധമായ വർക്കുകൾ ചെയ്യാൻ, അതും ഇന്റർവെൽ നേരങ്ങളിൽ മാത്രം. പ്രോജക്ട് ചെയ്യുന്നതിനിടയിൽ ഒരു ഗ്ലു വാങ്ങാൻ പോലും പോകണമെങ്കിൽ മിനിമം അഞ്ച് പേരുടെ എങ്കിലും പെർമിഷൻ വേണം. ഇതൊക്കെ കൊണ്ട് പ്രോജക്റ്റുകൾ പോലും എങ്ങനെയെങ്കിലും ഒന്നവസാനിപ്പിച്ചാൽ മതി എന്ന ചിന്തയോടെയാണ് കുട്ടികൾ ചെയ്യുന്നത് . പ്ലേസ്മെന്റ് കിട്ടി എന്ന് പറഞ്ഞ് കോളേജ് അവരുടെ പരസ്യങ്ങളിൽ ഫോട്ടോ കൊടുക്കുന്ന കുട്ടികളിൽ നാലിലൊരു ഭാഗത്തിനു പോലും യഥാർത്ഥത്തിൽ പ്ലേസ്മെന്റ് കിട്ടിയിട്ടില്ല. എല്ലാം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണിൽ പൊടിയിടാനുള്ള മാനേജ്മെന്റിന്റെ തന്ത്രങ്ങളാണ് “.

വിമർശനാത്മകമായി ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന ബോധന മാതൃകകളെ ക്കുറിച്ച് ലോകമെമ്പാടും ചിന്തിക്കുന്ന ഈ കാലത്താണ് വായന പരിമിതപ്പെടുത്തിയും’ഞങ്ങൾ പറയുന്നത് മാത്രം കേട്ടിരുന്നാൽ മതി, ഇങ്ങോട്ടൊന്നും ചോദിക്കേണ്ട ‘എന്ന് പറഞ്ഞും ഇവിടെ കുട്ടികളെ അടക്കി ഇരുത്തുന്നത്.

സെക്യൂരിറ്റി സ്റ്റാഫുകളുടെ അമിത അധികാരങ്ങളെ പറ്റിയാണ് ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മറ്റൊരു കുട്ടി സംസാരിച്ചത്. “പലപ്പോഴും അദ്ധ്യാപകരേക്കാൾ അധികാരത്തോടെയാണ് സെക്യൂരിറ്റി സ്റ്റാഫ് പെരുമാറുന്നത്. പെൺകുട്ടികളെ ‘എടീ ‘പോടി ‘ എന്നൊക്കെ സംബോധന ചെയ്യുക. ടോയ്ലറ്റിൽ പോയി മടങ്ങി വരുമ്പോൾ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുക ഇതൊക്കെ അവരുടെ സ്ഥിരം പരിപാടികളാണ്. ടോയ്ലറ്റിൽ പോയി തിരിച്ചു വരാൻ കൂടുതൽ സമയമെടുത്തു എന്നും പറഞ്ഞ് ചിലപ്പോൾ ഐഡന്റിറ്റി കാർഡ് ഊരി വാങ്ങും. പല തവണ പരാതിപ്പെട്ടിട്ടും സെക്യൂരിറ്റിക്കാരുടെ പെരുമാറ്റത്തിൽ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. കുട്ടികളെ ഭീഷണിപ്പെടുത്തുന്ന ഇവർ പലപ്പോഴും സ്വന്തം ജോലിയിൽ വേണ്ട പോലെ ശ്രദ്ധിക്കാറില്ല. ഒരിക്കൽ മാനസിക വിഭ്രാന്തിയുള്ള ഒരു വ്യക്തി പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ കയറിയ അവസ്ഥവരെയുണ്ടായി. ഇക്കാര്യങ്ങളിലൊക്കെ ഞങ്ങൾ കുട്ടികളുടെ പക്ഷത്തുനിൽക്കുന്ന ചില അദ്ധ്യാപകരുണ്ട് അവരും മാനേജ്മെന്റിന്റെ നോട്ടപ്പുള്ളികളായി മാറും. മാനേജ്മെന്റ് പീഡനങ്ങൾക്കൊടുവിൽ ജോലി തന്നെ ഉപേക്ഷിച്ച് പോയിട്ടുള്ള അദ്ധ്യാപകരുമുണ്ട്”.

തൃശൂരിലെ ഐ ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ഒരു വിദ്യാർത്ഥി പറയുന്നത് കേൾക്കൂ, “2014 ലാണ് ഞാൻ ഇവിടെ  അഡ്മിഷൻ എടുക്കുന്നത് ആ വർഷം 300 കുട്ടികൾ പല ബാച്ചുകളിലായി  ഇവിടെ ചേർന്നിട്ടുണ്ട്. ഈ മൂന്നു വർഷത്തിനുള്ളിൽ ഡിപ്രഷൻ മൂലം 28 കുട്ടികൾ കോഴ്സ് ഇടയ്ക്ക് വച്ച് നിർത്തി പോയി. മറ്റു നിവൃത്തി ഇല്ലാതെ ഞങ്ങളെ പോലെ ചിലർ ഇപ്പോഴും ഇവിടെ തുടരുന്നു. ഇതുകൊണ്ട് എന്റെ ജീവിതത്തിന് എന്തെങ്കിലും മെച്ചമുണ്ടാവുമെന്നോ ഇത് കഴിഞ്ഞ് എന്ത് ചെയ്യണമെന്നോ എനിക്കറിയില്ല. പ്ലേസ് മെന്റിനെ കുറിച്ച് മാനേജ്മെന്റ് തന്ന വാഗ്ദാനങ്ങളൊക്കെ കളവായിരുന്നു എന്ന് ഞങ്ങൾക്ക് നേരത്തെ ബോധ്യപ്പെട്ടതാണ് “.

ഫൈനുകളുടെ ആധിക്യത്തെക്കുറിച്ച് പറഞ്ഞത് ശ്രീപതി  കോളേജിലെ തന്നെ മറ്റൊരു വിദ്യാർത്ഥിനി, “മറ്റ് സ്വാശ്രയ കോളേജുകളിലെപ്പോലെ തന്നെ ചിരിക്കുന്നതിനുള്ള ഫൈൻ, ആൺകുട്ടികളും പെൺകുട്ടികളും മിണ്ടിയാലുള്ള ഫൈൻ തുടങ്ങിയവയൊക്കെ വളരെ കാലമായി ഇവിടെയും നിലവിലുണ്ട്. എന്നാൽ മാനേജ്‌മെന്റ് ശരിക്കും ഞങ്ങളെ ഞെട്ടിച്ചത് ഈ കഴിഞ്ഞ ഓണക്കാലത്താണ് . കോളേജിൽ ഓണം സെലിബ്രേഷൻ സംഘടിപ്പിച്ച ദിവസം കളർ ഡ്രസ്സിടാൻ ഞങ്ങൾക്ക് അനുവാദം തന്നിരുന്നു. പ്രോഗ്രാം കഴിഞ്ഞ് തിരിച്ചു പോകുന്നതിനു മുൻപ് ഞങ്ങൾക്ക് ഒരു നോട്ടീസ് കിട്ടി. അന്ന് ഒരേ കളർ ഡ്രസ്സിട്ടു വന്ന കുട്ടികളെല്ലാം 200 രൂപാ ഫൈൻ അടച്ചിട്ടെ ഇനി ക്ലാസിൽ കയറാവൂ എന്ന്. ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്താണ് ഒരേ കളർ (ഡസ്സിട്ടു വന്നത് എന്നായിരുന്നു അവരുടെ ആരോപണം. ശരിയ്ക്കും തമ്മിൽ ഒരു പരിചയവുമില്ലാത്ത കുട്ടികൾ പോലും യാദൃശ്ചികമായി അന്ന് ഒരേ കളർ ഡ്രസ്സിട്ടു വന്നിരുന്നു. പ്രതികരിച്ചിട്ടൊന്നും ഒരു പ്രയോജനവുമില്ല എന്നറിയാവുന്നതുകൊണ്ട് ആ ഫൈനും ഞങ്ങൾ അടച്ചു”.

ഇങ്ങനെ തുടരെ ഫൈനുകൾ കൊടുക്കേണ്ടി വരുന്നതിനോട് നിങ്ങളുടെ രക്ഷിതാക്കൾ എങ്ങനെയാണ് പ്രതികരിക്കാറ് എന്ന ചോദ്യത്തിനു മറുപടി പറഞ്ഞത് മറ്റൊരു നാലാം വർഷ വിദ്യാർത്ഥിനിയാണ്. “കോളേജിലെ സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചൊക്കെ വീട്ടിൽ പറയുമ്പോൾ ‘അതൊക്കെ നിങ്ങൾ നന്നായി പഠിക്കാനാണെന്നാണ് ‘ പേരന്റ്സ് പറയാറുള്ളത്. ഫൈനടയ്ക്കാൻ പൈസ ചോദിക്കുമ്പോൾ മാനേജ്മെന്റിന്റെ തോന്ന്യവാസങ്ങളെ കുറിച്ച് കുറ്റം പറയും, ഒടുവിൽ ‘ ഇനി ഇപ്പോ എന്ത് ചെയ്യാനാ, പഠിക്കാൻ ചേർന്ന് പോയില്ലെ, ഫൈൻ അടയ്ക്കാം ഈ കാശൊക്കെ ചില വാക്കുന്നതോർത്ത് നീ നന്നായി പഠിക്ക് ‘ എന്നു പറഞ്ഞവസാനിപ്പിക്കുന്നതിൽ കഴിയും ഞങ്ങളുടെ രക്ഷിതാക്കളുടെ പ്രതികരണം. അവരും നിസ്സഹായരാണ് കോഴ്സ് ഡിസ്കണ്ടിന്യൂ ചെയ്ത് പോകുന്നവരോട് മാനേജ്മെന്റ് നഷ്ടപരിഹാരമായി വാങ്ങുന്നതു നാല് ലക്ഷവും അതിനു മുകളിലേയ്ക്കുമാണ്”.

“മാർക്ക് ലിസ്റ്റിലെ തെറ്റ് തിരുത്തുന്നതിന് മുൻകൂട്ടി അനുവാദം വാങ്ങി യൂണിവേഴ്സിറ്റിയിൽ പോയ ഞങ്ങളെ ഒരു ദിവസം മുഴുവൻ ക്ലാസിനു വെളിയിൽ നിർത്തി പണിഷ്മെന്റ് അസൈൻമെന്റ് ചെയ്യിച്ചിട്ടുണ്ട്. ഈ കോഴ്സൊന്ന് തീർന്ന് കിട്ടാൻ ഇനി എന്തൊക്കെ സഹിക്കണമെന്നറിയില്ല. പരാതിപ്പെടാനൊന്നും ഞങ്ങളില്ല, മുൻപ് പരാതി പറഞ്ഞ് പ്രതികരിച്ച സീനിയേഴ്സ് പലരും ഇന്റേണൽ മാർക്ക് കുറഞ്ഞതുകൊണ്ട് പരീക്ഷ പാസാവാതെ സപ്ലി എഴുതി നടക്കുകയാണിപ്പോൾ “. കെ എം സി ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ്  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർത്ഥി പറഞ്ഞവസാനിപ്പിക്കുന്നു.

മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും നാല് സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ വിദ്യാർത്ഥികളോട് സംസാരിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.സ്വന്തം പേരു പരസ്യമാക്കില്ല എന്ന ഉറപ്പിൻമേലാണ് ഈ കുട്ടികൾ ഇത്രയെങ്കിലും പറഞ്ഞത്. അതെ, അവർക്ക് പേടിയാണ്. പ്രതികരണ ശേഷിയും സർഗ്ഗാത്മകതയും ഒന്നും തങ്ങളിൽ ഇനി ബാക്കിയുണ്ടെന്ന് ഇവർ വിശ്വസിക്കുന്നില്ല. ഇനി അതൊക്കെ ഉണ്ടെങ്കിൽ തന്നെ എന്ത് കാര്യം എന്ന നിസഹായതയാണ് പലരുടേയും വാക്കുകളില്‍.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ജിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍