UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എങ്കില്‍ സ്വാശ്രയകോളേജുകള്‍ നിര്‍ത്തി അവര്‍ മഴക്കുഴികളെടുക്കട്ടെ

Avatar

കെ എ ആന്റണി

ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷന്‍ യോഗം അത്യന്തം വിചിത്രമായ ഒരു ആവശ്യം സര്‍ക്കാരിനു മുമ്പില്‍വച്ചു. തങ്ങള്‍ ആരംഭിച്ച പല എഞ്ചിനീയറിംഗ് കോളേജുകളും വിദ്യാര്‍ത്ഥി ക്ഷാമത്തെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. ആയതിനാല്‍ പ്രവേശന പരീക്ഷ എന്ന മാരണം ഒഴിവാക്കി എസ്എസ്എല്‍സിയുടെയും പ്ലസ്ടുവിന്റെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നതുമാണ് അവരുടെ ആവശ്യം.

ആവശ്യം തികച്ചും ബാലിശവും യുക്തിക്കും നിയമത്തിനും നിരക്കാത്തതാകയാല്‍ കൈയോടെ തള്ളുന്നൂവെന്നതായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ മന്ത്രി എന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന മട്ടിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍. അവര്‍ പറയുന്നതിലും വാസ്തവമില്ലാതില്ല. അതുപക്ഷേ അവര്‍ പറയുന്ന അര്‍ത്ഥത്തില്‍ അല്ലെന്നു മാത്രം. ആര്‍ത്തിപൂണ്ട ഒരുപറ്റം ആള്‍ക്കാര്‍ ചേര്‍ന്ന് കെട്ടിപ്പൊക്കിയ ആകാശഗോപുരം ഇടിഞ്ഞുപൊളിയാന്‍ പോവുകയാണ്. കുമിള്‍പോലെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുളച്ചുപൊന്തിയ ഇത്തരം സ്ഥാപനങ്ങള്‍ക്കും അവയെ ചുറ്റിപ്പറ്റി മാനേജ്‌മെന്റ് എന്ന മുതലാളിമാര്‍ നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ക്കുംമേല്‍ ആകാശം ഇടിഞ്ഞുവീഴേണ്ടതില്ല. ആണിക്കല്ലും മൂലക്കല്ലുമൊന്നും ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ താനെ തകര്‍ന്നടിയും ഇതു പ്രകൃതി നിയമമാണ്. ഇങ്ങനെയെങ്കിലും കരുതി കഴുത്തറപ്പന്‍ കച്ചവടത്തിനിറങ്ങിയവര്‍ സമാധാനിക്കുന്നതാണ് നന്ന്.

അസോസിയേഷന്‍ സെക്രട്ടറി കെ എം മൂസയുടെ വാദത്തിലേക്കു വന്നാല്‍ ഇക്കണ്ട എഞ്ചിനീയറിംഗ് കോളേജുകളൊക്കെയും കേരളത്തിലെ പൊതുജനതാത്പര്യപ്രകാരം സൃഷ്ടിക്കപ്പെട്ടവയാണെന്നു തോന്നും. എഞ്ചിനീയറിംഗിനും മെഡിസിനും പഠിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും തൊട്ട് അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും നെട്ടോട്ടമോടുന്നതു കണ്ട് മനസുരുകിയാണത്രെ ഇത്രയേറെ സ്വാശ്രയ പച്ചത്തുരുത്തുകള്‍ കേരളത്തില്‍ തന്നെ നിര്‍മിക്കുന്നത് എന്നതാണ് മൂസയുടേയും സംഘത്തിന്റെയും വാദം.

സംഗതി ശരിയാണ്, ഒരുപാട് വിദ്യാര്‍ത്ഥികള്‍ പണ്ടും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പോയി പഠിച്ചിരുന്നു. വന്‍ കോഴകൊടുത്ത് അവിടെ സീറ്റ് തരപ്പെടുത്തിയവരില്‍ ഭൂരിഭാഗവും തോറ്റുതൊപ്പിയിട്ട് നടക്കുകയാണ്. മൂസക്കയുടെ അടുത്തവാദം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കേരളത്തിലാവുമ്പോള്‍ റാഗിങ്ങിനെ ഭയക്കേണ്ടതില്ലെന്നും ഒരുപാട് ധനലാഭം ഉണ്ടെന്നുമാണ്. റാഗിങ്ങ് എന്ന ഉമ്മാക്കി കാണിച്ചു പേടിപ്പിക്കാന്‍ ഗുല്‍ബര്‍ഗിയില്‍ റാഗിങ്ങിന് ഇരയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന അശ്വതിയുടെ കഥയും മൂസക്ക ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. ഇതു കേട്ടാല്‍ തോന്നും കേരളത്തില്‍ എവിടെയും റാഗിങ്ങ് എന്നൊരു ഏര്‍പ്പാടേ ഇല്ലെന്ന്. റാഗിങ്ങ് എവിടെയായാലും എതിര്‍ത്തു തോല്‍പ്പിക്കപെടേണ്ട ഒന്നു തന്നെ.

പിന്നെ ധനലാഭം, പണ്ടൊക്കെ കേരളത്തില്‍ ഒരുപാട് ട്യൂട്ടോറിയല്‍ കോളേജുകള്‍ ഉണ്ടായിരുന്നു. അവയ്ക്ക് പിന്നീട് പാരലല്‍ കോളേജ് എന്നൊരു പേരും പതിച്ചു കിട്ടി. റഗുലര്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കാത്തവരായിരുന്നു പാരലല്‍ കോളേജുകളില്‍ ചേര്‍ന്നിരുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ കഴുത്തറപ്പന്‍ ഫീസൊന്നും ഉണ്ടായിരുന്നില്ല. ആത്മാര്‍ത്ഥതയുള്ള അധ്യാപകരും പഠിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളും ചേര്‍ന്നപ്പോള്‍ ഒരുപാടു പേര്‍ക്ക് ഒരുപാട് ഫസ്റ്റ് ക്ലാസുകളും സെക്കന്‍ഡ് ക്ലാസുകളും കിട്ടി. അവരില്‍ ഭൂരിഭാഗവും പിന്നീട് ഉപരിപഠനം നടത്തി വിവിധ സര്‍ക്കാര്‍ മേഖലകളില്‍ തൊഴില്‍ നേടുകയുണ്ടായി. നമ്മുടെ സ്വശ്രയ എഞ്ചിനീയറിംഗ് കേളേജുകളുടെ സ്ഥിതി അതല്ല. ആയിരത്തിയമ്പതോളം വരുന്ന സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിലവില്‍ 49 എണ്ണമാണ് വിദ്യാര്‍ത്ഥിക്ഷാമത്തെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ബാക്കിയുള്ള കോളേജുകളുടെ സ്ഥിതിയും അത്ര ഭദ്രമല്ല. ഇതേ തുടര്‍ന്ന്, തലവരി പണമായി പത്തും പതിനഞ്ചും ലക്ഷം വാങ്ങിയിരുന്നിടത്തു നിന്നും ഒന്നരലക്ഷത്തിലേക്കൊക്കെ ചുരുങ്ങിയിട്ടുണ്ട്. എന്നിട്ടും പ്രവേശനം തേടി വിദ്യാര്‍ത്ഥികള്‍ എത്താത്തതാണ് അസോസിയേഷന്‍ ഭാരവാഹികളെ പരിഭ്രമത്തിലാക്കുന്നത്.

ഒന്നര പതിറ്റാണ്ടു മുമ്പ് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുക വഴി അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ പ്രതിധ്വനിക്കുന്നുണ്ട്. ഒരു സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് എന്നാല്‍ അര ഗവണ്‍മെന്റ് പ്രൊഫഷണല്‍ കോളേജ് എന്നായിരുന്നു ആന്റണിയുടെ പ്രസ്താവന. ശരിയാണ്, ശുദ്ധരില്‍ ശുദ്ധനായ ആന്റണി അമ്പതുശതമാനം സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ വീണുപോയി. ആന്റണി മാറിയതോടെ കാര്യങ്ങളുടെ പോക്കും മാറി. സര്‍ക്കാര്‍ മെറിറ്റ് സീറ്റ് ഉറപ്പു വരുത്തി രംഗത്തിറങ്ങിയ വിദ്യാഭ്യാസ കൊള്ളക്കാര്‍ക്കും കിട്ടി പ്രൊഫഷണല്‍ കോളേജ്. ഇത്തരം കോളേജുകള്‍ നടത്തുന്നവരുടെ കാര്യപ്രാപ്തിയെ കുറിച്ചോ വിദ്യാഭ്യാസബന്ധത്തെ കുറിച്ചോ ചിന്തിച്ചില്ലെന്നതു പോകട്ടെ അവര്‍ ഒരുക്കുന്ന കോളേജുകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടോയൈന്നു ശ്രദ്ധിക്കാന്‍ പോലും തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ ശ്രമിച്ചില്ല.

സ്വാശ്രയവും മഴവെള്ള സംഭരണവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് ചിലപ്പോള്‍ ആലോചിച്ച് വശം കെട്ട് ചിരിച്ചുപോകാറുണ്ട്. ആ ചിരി ഇന്നലെ മൂര്‍ദ്ധസ്ഥായിലായത് അസോസിയേഷന്‍ സെക്രട്ടറി മൂസക്കയുടെ വാദമുഖങ്ങള്‍ കേട്ടപ്പോഴാണ്. പെയ്യുന്ന മഴയത്രയും ടണലിലേക്ക് ഒഴുകിപോകുന്നു, മനുഷ്യനോ മണ്ണിനോ ഗുണമില്ലാത്ത രീതിയില്‍. മഴവെള്ളത്തെ തടഞ്ഞു നിര്‍ത്താനാണ് മഴക്കുഴികളും മഴവെള്ള സംഭരണികളും നമ്മള്‍ നിര്‍മിച്ചത്. ഇതേപോലൊരു ഏര്‍പ്പാട് തങ്ങളും ചെയ്തൂവെന്നാണ് മൂസക്കയും ആളുകളും പറയുന്നത്. കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും ഒഴുകി കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയും അവരുടെ പണത്തേയും കേരളത്തില്‍ തടഞ്ഞു നിര്‍ത്താന്‍ ഇവിടെയും ഒരുപാട് കുഴികളും സംഭരണികളും തീര്‍ത്തു. ഇവരാരും പെട്ടിപ്പീടിക നടത്തി ഉപജീവനം കഴിക്കാന്‍ വേണ്ടി ബ്ലെയ്ഡുകാരുടെ അടുത്തു നിന്നു പണം വാങ്ങുന്നവരല്ല. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കു വേണ്ടി ബാങ്ക് ലോണ്‍ എടുക്കുന്നവരുമല്ല. അതേസമയം ഏജന്റുമാരെ വച്ച് ബാങ്ക് ലോണ്‍ വാഗ്ദാനങ്ങള്‍ നല്‍കി എഞ്ചിനീയറിംഗ് പഠിക്കാന്‍ താത്പര്യമോ സാമ്പത്തികശേഷിയോ ഇല്ലാത്തവരെ വലയില്‍ പിടിക്കുന്ന ചതിക്കുഴികളാണ്. ഇത്തരം ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതില്‍ ഇത്ര വേവലാതി പെടേണ്ടതുണ്ടെന്നു തോന്നുന്നില്ല. നിര്‍മിച്ച സ്ഥാപനങ്ങള്‍ മനുഷ്യോപകാരപ്രദമായ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്ത് ഇത്തവണത്തെ കഴുത്തറപ്പന്‍ കച്ചവടം പാളിപ്പോയെന്നു കരുതി ആശ്വസിക്കുന്നതാവും നന്ന്.

അവസാനമായി ഒരുവാക്കു കൂടി, മൂസക്ക, നിങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പാസാവാത്തതിന്റെ ഉത്തരവാദിത്വം നിങ്ങളുടേതു കൂടിയല്ലേ? കേരളത്തില്‍ എല്ലാവരേയും എഞ്ചിനീയര്‍മാരാക്കാം എന്നു പാവം മാതാപിതാക്കളെ വിശ്വസിപ്പിക്കുന്ന ഏര്‍പ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു… ആരും എഞ്ചിനീയര്‍മാര്‍ ആകാതിരിക്കാനല്ല ഇതു പറയുന്നത്, ഓരോ സെമസ്റ്ററിലും തോറ്റുതോറ്റ് ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന ഒരു തലമുറയേയും അവരുടെ മാതാപിതാക്കളെയും നിങ്ങള്‍ ബാങ്കുകള്‍ക്ക് കടപ്പെടുത്തി ആത്മഹത്യ മുനമ്പിലേക്ക് അയച്ചിരിക്കുകയാണ്. വരുംതലമുറയെങ്കിലും നിങ്ങളുടേതുപോലുള്ള നീരാളി പിടിത്തത്തില്‍ നിന്നും രക്ഷപ്പെടട്ടേ…

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍