UPDATES

ട്രെന്‍ഡിങ്ങ്

സ്വാശ്രയം മാത്രമല്ല, പൊളിച്ചെഴുതിത്തുടങ്ങേണ്ടത് നമ്മുടെ സ്കൂളുകളില്‍ നിന്നാണ്

വിദ്യാര്‍ത്ഥിരാഷ്ട്രീയം മാത്രമാണ് വിദ്യാലയങ്ങളിലെ പ്രശ്‌നം എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Life is not about finding yourself… life is about creating yourself – Bernard Shaw 

ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തുമ്പോള്‍ ബഹുമാനിതനായ നമ്മുടെ പഴയകാല മുഖ്യമന്ത്രി പതിഞ്ഞ സ്വരത്തില്‍ കാച്ചിക്കുറുക്കി ചില കാര്യങ്ങള്‍ പറയാറുണ്ട്; ഇവയില്‍ പലതും കേരള രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ലക്ഷ്യം വച്ചുകൊണ്ട് തന്നെ പറഞ്ഞിരുന്നതാണ്. അവയില്‍ ചിലത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കുന്ന ശക്തമായ മുന്നറിയിപ്പും ആകാറുണ്ട്; എന്നാല്‍ ഇപ്പോള്‍ ഈ വരവില്‍ അദ്ദേഹം മനസില്‍ തട്ടി പറഞ്ഞ കാര്യങ്ങള്‍ (അങ്ങനെയാണെങ്കില്‍) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്വാശ്രയകോളേജുകള്‍ കച്ചവടകേന്ദ്രങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണമെന്നും കാമ്പസുകള്‍ ജാതി, മത വര്‍ഗീയതയുടെ കേന്ദ്രമായി മാറുന്നുവെന്നും ഇതിനു കാരണം വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്തതാണെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളെപ്പറ്റി കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യമന്ത്രി പറഞ്ഞതിന്റെ ഒരു തുടര്‍ച്ചയായി വേണം എകെ ആന്റണിയുടെ പ്രസ്താവനയെ വായിക്കാന്‍.

നവകേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ പെട്ടെന്നുണ്ടാക്കുവാന്‍ കൊണ്ടുവന്ന ഒരു സംവിധാനം ഏറ്റവും അപകടം പിടിച്ചതായി മാറിയെന്നു കക്ഷി ഭേദമെന്ന്യേ സമ്മതിക്കപ്പെടുമ്പോള്‍ ഇതേപ്പറ്റി ഒരു വിണ്ടു വിചാരത്തിനു സമയമായി എന്നുവേണം കരുതുവാന്‍. കേരളത്തിലെ പുതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ അതിവിദഗ്ധ മാനേജ്‌മെന്റെന്ന ആശയം എന്ന് കടന്നുകൂടിയോ അന്ന് മുതല്‍ വിദ്യാര്‍ഥി സ്വാതന്ത്ര്യം ഇല്ലാതായികൊണ്ടിരിക്കുന്നു. പൗരബോധത്തിലേക്കുള്ള കൗമാരക്കാരുടെ യാത്രയക്ക് നേരെ ആദ്യവിരല്‍ ചൂണ്ടിയത് അന്നാണ്. പൊതുവിദ്യാലയങ്ങളും പൊതുവല്ലാത്ത വിദ്യാലയങ്ങളും സൃഷ്ടിക്കപ്പെട്ടപ്പോള്‍ സമൂഹത്തിലെ രണ്ടു സാമൂഹിക ശ്രേണികളെ വിദ്യാലയത്തിന്റെ മാര്‍ഗ്ഗരേഖ അനുസരിച്ച് രണ്ടായി തരംതിരിക്കുകയുമായിരുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍ പൊതുവിദ്യാലയങ്ങള്‍ ബിപിഎല്‍ പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ളതെന്നും മധ്യവര്‍ഗ്ഗ, ഉപരി മധ്യവര്‍ഗ്ഗവിഭാഗത്തിന്റേതായി പൊതുവല്ലാത്ത വിദ്യാലയങ്ങളും നിലനില്‍ക്കുന്നുവെന്നുള്ള തരംതിരിവ് (ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ ഇവിടെ ഒഴിവാക്കുന്നു).

ഈ സംവിധാനത്തില്‍ ആദ്യം ആശയക്കുഴപ്പത്തിലായത് പൊതുവിദ്യാലത്തിലെ അധ്യാപകരായിരുന്നു. തൊഴിലിടം കൊണ്ട് ആദര്‍ശപരതയും ജീവിതം കൊണ്ട് ഉപരിമധ്യവര്‍ഗ്ഗവുമായ അധ്യാപകര്‍ സ്വന്തം കുട്ടികളെ എവിടെ പഠിപ്പിക്കണം എന്ന ചിന്തയിലേക്ക് മാറുന്നു. ഇതില്‍ 95 ശതമാനം പേരും അവരുടെ കുട്ടികളെ അവര്‍ പഠിപ്പിക്കുന്ന വിദ്യാലങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തിയത് പഠിപ്പിക്കല്‍ തന്ത്രത്തില്‍ അവരിലുള്ള വിശ്വസക്കുറവിനുപരി അവരുടെ തൊഴിലിടം വെറും അര്‍ദ്ധപട്ടിണിക്കാരായ കുഞ്ഞുങ്ങള്‍ നിറഞ്ഞയിടം മാത്രമാണെന്ന തിരിച്ചറിവിലായിരുന്നു. തൊലികറുത്തവരും അഷ്ടിക്കു വകയില്ലാത്തവരുമായുള്ള കൂട്ടുകെട്ട് അവരുടെ കുഞ്ഞുങ്ങളുടെ IQ-വിനെ ബാധിക്കുമെന്ന് വളരെ രഹസ്യമായിപ്പറഞ്ഞ അധ്യാപക സംഘടനാനേതാക്കളായ സുഹൃത്തുകളുണ്ട്. അതിനുമപ്പുറം കൊട്ടിഘോഷിച്ചുവന്ന ഡിപിഇപി പോലുള്ള ടെസ്റ്റ്ഡോസുകള്‍ നല്‍കുക കൂടിയായപ്പോള്‍ അക്കാലത്ത് രൂപപ്പെട്ട സ്വശ്രയ സംവിധാനത്തിലേക്ക് അവര്‍ കുഞ്ഞുങ്ങളെയും കൊണ്ട് പ്രയാണം നടത്തി.

കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചയ്ക് കാരണമായത് ഡിപിഇപി പോലുള്ള പരീക്ഷണങ്ങളായിരുന്നു. സ്വാശ്രയവിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് അത് വളമായി മാറുക മാത്രമായിരുന്നു. കപടബുദ്ധിജീവികളുടെയോ അക്കാദമിക് കുപ്പായമണിഞ്ഞ സര്‍വാംഗ വിദഗ്ദ്ധരായ അധ്യാപകരുടെയോ നിയോനാറ്റല്‍ സംഘമായ പരിഷത്ത് പ്രവര്‍ത്തകരുടെയോ മാത്രം സംഭാവനയായിരുന്നു ഡിപിഇപി. സമൂലവിദ്യാഭ്യാസ പരിപാടിയിലും ഏറ്റെടുക്കുന്ന ഒരു പ്രവര്‍ത്തനത്തിലും തുടര്‍ച്ച നടത്താത്ത ഒരുപറ്റം അരികുജീവികളായ ഇവര്‍ വിദ്യാഭ്യാസരംഗത്ത് നടത്തിയ ഒരു പ്രവര്‍ത്തനത്തിനും കേരളസമൂഹത്തില്‍ ഒരു തുടര്‍ച്ച കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ സാക്ഷരത എന്ന വലിയ സംരംഭത്തെ വിജയിപ്പിച്ചവരാണെന്ന ബദല്‍ ന്യായം ഉന്നയിക്കുന്നെങ്കില്‍ അവര്‍ ഒരിക്കല്‍ക്കൂടി കേരള സമൂഹത്തെപ്പറ്റി പഠിക്കണം എന്ന ചെറിയ ഒരുത്തരം മാത്രമെ അതിനുള്ളൂ. സാക്ഷരതയുടെ ഒരു സാമൂഹിക കണക്കെടുപ്പിനെങ്കിലും ഈ സംഘം മുതിരണം. ഡിപിഇപി യുടെ ഗതിയും അതുപോലെ തന്നെയായി മാറി.

സമൂലമായ വിദ്യാഭ്യാസപരിഷ്‌കരണം എവിടെയെല്ലാം നടത്തപ്പെട്ടോ അവിടെയെല്ലാം വളരെയേറെ കാലങ്ങള്‍ നിണ്ടു നിന്ന നയരൂപീകരണചര്‍ച്ചകളും പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ അപ്രകാരമുള്ള എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പോലും ചിന്തിക്കേണ്ടതായിട്ടുണ്ട്. ഫണ്ടിംഗ് എങ്ങനെ ഉപയോഗിക്കാം എന്ന് മാത്രം മുന്നില്‍ക്കാണുമ്പോഴുണ്ടാക്കാവുന്ന പുളപ്പില്‍ ചില പ്രൊജക്റ്റ് റിപ്പോര്‍ട്ട് വച്ച് കേരളത്തിന്റെ പൊതു വിദ്യാഭ്യാസരംഗത്തെ ഒറ്റു കൊടുക്കുകയാണുണ്ടായത്. ഡിപിഇപി കഴിഞ്ഞുപോയ പൊതു വിദ്യാലയങ്ങള്‍, ഗവ. സ്‌കൂളുകള്‍ കുഞ്ഞുങ്ങളില്ലാ കളരികളായതുതന്നെ ആ പരിപാടിയുടെ നടപ്പാക്കലില്‍ പറ്റിയ പിഴവിന്റെ ആകെത്തുകയായിരുന്നു. ഇങ്ങനെ ശക്തമായ കൊഴിഞ്ഞുപോക്കിനെ നേരിട്ട പൊതുവിദ്യാലയങ്ങള്‍ക്കു പീന്നിടുള്ള കാലത്ത് എന്തെങ്കിലും ഗുണപരമായ എക്സ്റ്റന്‍ഷന്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അത് സിബിഎസ്സി തത്തുല്യ സിലബസ് വന്നശേഷം 11,12 ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ എത്തിയത് മാത്രമായിരുന്നു. അപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ് നമ്മുടെ ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍. വിദ്യാഭാസത്തിനു ലഭിക്കുന്ന വിവിധങ്ങളായ ഫണ്ടുകള്‍ നമ്മള്‍ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങി, സ്‌കൂളുകളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി. പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.

ഇവിടം ഇപ്പോള്‍ വിദ്യാഭ്യാസം എന്നത് സ്വകാര്യമുതലാളിമാര്‍, ദീനാനുകമ്പ ചൊരിയുന്ന ആള്‍ദൈവങ്ങള്‍, കോര്‍പ്പറേറ്റ് ദൈവത്താന്മാര്‍ ഇവരൊരുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങള്‍ നല്‍കുന്ന സ്‌കൂളുകള്‍ക്ക് വേണ്ടി വഴിയൊരുക്കലാണ്. എത്ര മുഖം മിനുക്കിയാലും ആ നിലയിലേക്ക് നമ്മുടെ പഴയ പള്ളിക്കൂടത്തിനെത്താന്‍ സാധിക്കുകയില്ല എന്ന് സാരം. അതും പ്രത്യേകിച്ച് എണ്‍പത് ശതമാനത്തിലധികം വരുന്ന രക്ഷിതാക്കളും അവരുടെ ജീവിത ചുറ്റുപാടുകളെ അവഗണിച്ചുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് സൗകര്യങ്ങളുള്ള സ്‌കൂള്‍ തേടിയലയുമ്പോള്‍; ഈ തിരിച്ചറിവ് ചിലയിടത്തെങ്കിലും ഉണ്ടാകുന്നുവെന്നതില്‍ അല്പം ആശ്വസിക്കാം. സമൂഹിക ഉത്തരവാദിത്തമുള്ള പൊതുപ്രതിനിധികള്‍ ഇടപെട്ട നടക്കാവ് സ്‌കൂള്‍ മാതൃകയും പിന്നെ പതിയെ മാറിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളും പ്രതീക്ഷയുടെ തുരുത്തുകള്‍ തന്നെയാണ്. ഇവിടെയെല്ലാം അധ്യാപകരുടെ ഇടപെടല്‍ കുറച്ചു കാണിക്കുന്നില്ല. ഇങ്ങനെ ഇടപെടാനുള്ള ചാലക ശക്തി വിണ്ടെടുക്കെണ്ടതാണ് ഒരോ അധ്യാപകന്റെയും കടമ.

സംവരണത്തെപ്പറ്റിപ്പറയുമ്പോള്‍ അതിന് ഒരു എക്‌സ്പയറി ഡേറ്റ് നിര്‍ണ്ണയിക്കണമെന്ന് പറയുന്ന അഭിപ്രായവീരന്മാര്‍ എന്തുകൊണ്ട് ഏയ്ഡഡ് സ്‌കുളുകളുടെ കാര്യത്തില്‍ അങ്ങനെ സംസാരിക്കുന്നില്ല. നിലനിന്നിരുന്ന ഒരു സാമൂഹിക സ്ഥിതിയുടെ ശോച്യാവസ്ഥയ്ക് ഒരു മാറ്റം ഉണ്ടാക്കുവാന്‍ ഒരു ജനകീയസര്‍ക്കാര്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലൂടെ രൂപപ്പെടുത്തിയ ഈ വിദ്യാലയങ്ങള്‍ എല്ലാം പിന്നീട് കാശുവാരി മാനേജര്‍മാരുടെ കൈപ്പിടിയില്‍ ഒതുങ്ങിയെന്നത് വിദ്യാഭ്യാസകാര്യക്ഷമതയെ ബാധിച്ചു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ എല്ലാം തന്ത്രപരമായി നിരാകരിച്ചു കൊണ്ട് സ്വസമുദായക്കാരെയും പഠനമികവിനുപരി സാമ്പത്തികമികവുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയും ഇവര്‍ മുന്‍പോട്ടുപോയി. വിവാഹകമ്പോളത്തിലും പ്രാദേശികരാഷ്ട്രീയത്തിലും ഒരു സ്ഥാനം ഉറപ്പിക്കാന്‍ അവിടത്തെ അധ്യാപകര്‍ക്ക് കഴിഞ്ഞു എന്നതിനുപരി കഴിഞ്ഞ ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര എയ്ഡഡ് വിദ്യാലയങ്ങള്‍ സമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ട്?

ഒരിക്കല്‍ കൂടി ആ സംവരണത്തെപ്പറ്റിപ്പറയാം. പി എസ് സി സംവരണ വ്യവസ്ഥയില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ കേറിയതല്ലാതെ വിദ്യഭ്യാസബിരുദമുള്ള എത്ര പട്ടികവിഭാഗം അധ്യാപകര്‍ക്ക് ഈ മുതലാളിമാര്‍ ജോലികൊടുത്തിട്ടുണ്ട്? ലജ്ജിക്കേണ്ടതാണ്; മുണ്ടശ്ശേരിമാഷ് എന്ന മഹാനായ മനുഷ്യനിലൂടെ ജന്മംകൊണ്ട ഈ സമ്പ്രദായത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത്. ഇതിലെല്ലാം ഉപരി നിയമനം മാനേജര്‍ നടത്തുകയും ശമ്പളം സര്‍ക്കാര്‍ കൊടുക്കുകയും ചെയ്യുന്ന വിചിത്രമായ ഈ ആചാരം ഒരിക്കലും ഒരു സാമൂഹിക നീതിയോ തുല്യതയോ ഉണ്ടാക്കുന്നില്ല. ഇനി തൊഴിലിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കുണ്ടായാല്‍ ഇവര്‍ പ്രോട്ടക്റ്റഡായി മാറും; മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കൊ അല്ലെങ്കില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ ഓഫീസുകളിലേക്കോ ഇവര്‍ മാറ്റപ്പെടും. അങ്ങനെയും നിലവിലെ സംവരണവും പുതിയ അവസരവും നഷ്ടമാകും. ഏറ്റവും വിചിത്രമായ വസ്തുത ഇവര്‍ എത്തപ്പെടുന്ന സര്‍ക്കാര്‍ ഓഫിസുകളിലെ സമയക്രമം പോലും ഇത്തരക്കാര്‍ക്ക് ബാധകമല്ല എന്നതാണ്.

ഒരിക്കലും നന്നാകാന്‍ സാധ്യതയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകണം ഒരോ പൊതുവിദ്യാലയങ്ങളും എന്ന് വെറുതേ ഉദ്‌ഘോഷിക്കാന്‍, വിദ്യാര്‍ത്ഥിരാഷ്ട്രീയം മാത്രമാണ് വിദ്യാലയങ്ങളിലെ പ്രശ്‌നം എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമൂഹിക ഉത്തരവാദിത്ത്വത്തിന്റെ വാതിലുകള്‍ അങ്ങനെയെങ്കിലും അവാര്‍ക്കുമുമ്പില്‍ ഒന്ന് തുറക്കട്ടെ. സ്ഥാപിതതാത്പര്യക്കാരുടെ വിദ്യാലയങ്ങളും പൊതു വിദ്യാലയങ്ങളും ഇന്ന് വ്യത്യാസപ്പെടുന്നത് അഡ്മിഷന്‍ ഘടനയില്‍ മാത്രമാണ്. നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഭയക്കാത്ത എത്ര അധ്യാപകരുണ്ട്. ക്ലാസില്‍ ഒന്ന് ചലിച്ചാല്‍ ബോര്‍ഡില്‍ എഴുതുമ്പോള്‍ ഒന്ന് ശബ്ദിച്ചാല്‍ ക്ലാസില്‍ തിരിച്ച് ഒരു സംശയം ചോദിച്ചാല്‍ കുട്ടിയെ പടിക്കു പുറത്തുനിര്‍ത്തുന്ന അധ്യാപകര്‍ നിറയുന്ന പൊതു വിദ്യാലയങ്ങളാണ് ഇന്ന് അധികവും. കാമ്പസുകളില്‍ നിന്നും രാഷ്ട്രീയം മാറ്റേണ്ടത് ആരുടെതായാലും അത് തത്കാലികമായ ചില ഭയങ്ങളില്‍ നിന്നുള്ള ആവശ്യമാണ്. പറഞ്ഞുവന്നത് സമരങ്ങളല്ല ഇവിടെ പ്രശ്ങ്ങള്‍ സൃഷ്ടിക്കുന്നത്; സമൂഹിക ബോധമുള്ള ഒരു തലമുറ ഉണ്ടായി വരാന്‍ പോളിറ്റിക്കല്‍ കാമ്പസ് ആവശ്യമാണ്. എന്നാല്‍ ഗുരുക്കന്മാര്‍ വിദ്യാര്‍ത്ഥികളെ ഭയക്കുമ്പോള്‍ അവിടെ സന്തുലിതാവസ്ഥ നഷ്ടമാകുന്നു.

സ്‌കൂള്‍ ടാര്‍ഗറ്റ് ചെയ്‌തെങ്കിലും നമ്മുടെ ഉന്നതവിദ്യലയങ്ങളിലെയും സ്ഥിതി ഏതാണ്ടിത് തന്നെയാണ്. നിരന്തരമൂല്യനിര്‍ണ്ണയവും കനത്ത ക്യാപ്പിറ്റേഷന്‍ ഫീയും കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക പരിവര്‍ത്തനം പ്രത്യേകം പഠനവിഷയമാക്കാവുന്നതാണ്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ കര്‍ണ്ണസുഖം പോലും ഇല്ലാതാകുന്ന ക്യാമ്പസുകള്‍ വളരുകയാണ്; ആത്മഹത്യാ മുനമ്പുകളും ഇടിമുറികളും നിറയുന്ന കാമ്പസ്. കേരളത്തിലെ വിദ്യാലയങ്ങള്‍ രക്തപ്പുഴകളാകുന്നു, ക്യാമ്പസുകളില്‍ അരാജകത്വം തളിര്‍ക്കുന്നു എന്നെല്ലാം പറഞ്ഞുകൊണ്ട് നമ്മള്‍ കൗമാരക്കാരെ അച്ചടക്കം ശീലിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ സ്വന്ത്ര്യസമരകാലത്ത്, ദേശീയ പ്രക്ഷോഭങ്ങളുടെ കാലത്ത്, എഴുപതുകളിലെ ഏകാധിപത്യ കാലത്ത് ക്യാമ്പസുകള്‍ എന്തായിരുന്നു, ക്യാമ്പസുകള്‍ എങ്ങനെ സജ്ജീവമായി നിലനിന്നു, എത്ര രക്തസാക്ഷികളെ സൃഷ്ടിച്ചു, എങ്ങനെയാണ് ചിന്തിക്കുന്ന നേതാക്കന്മാരെ പൊതു സമൂഹത്തിനു നല്‍കിയതെന്നെല്ലാം മനസിലാക്കിയവരുടെ തലമുറ തന്നെയാണ് വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തിന് നേരെ ചങ്ങലക്കണ്ണികള്‍ നീട്ടുന്നത്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

സാമൂഹിക നിരീക്ഷകനാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍