UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെല്‍ഫി വേണോ ജീവന്‍ വേണോ?; ചില ജീവന്‍മരണ സെല്‍ഫികള്‍

അഴിമുഖം പ്രതിനിധി

ഇന്ന് മനുഷ്യന്റെ ഏറ്റവും വലിയ വിനോദം ഏതാണെന്നു ചോദിച്ചാല്‍ ഒറ്റയുത്തരമേയുള്ളൂ; സെല്‍ഫി എടുക്കല്‍. സെല്‍ഫി ജ്വരം ഇന്നൊരു ആഗോളപ്രതിഭാസമായി മനുഷ്യനെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇക്കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമോ പ്രായവ്യത്യാസമോ ഇല്ല. സംഗതി രസം തന്നെയാണ്. പക്ഷേ ഇപ്പോള്‍ കാണുന്ന സെല്‍ഫി ഭ്രാന്ത് സ്വയം കൊല്ലുന്നതിലേക്ക് എത്തിയിരിക്കുന്നു എന്നതിലാണ് ആശങ്ക. തന്റെ സെല്‍ഫി മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്നതായിരിക്കണം എന്ന ത്വരയോടെ കാമറയില്‍ പതിയാന്‍ ഓരോരുത്തരും നടത്തുന്ന ശ്രമങ്ങള്‍ അവരവരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിലേക്ക് എത്തിക്കുകയാണ്. ഇതുസംബന്ധിച്ചുള്ള മാധ്യമ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് സ്രാവ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തില്‍ മരണപ്പെടുന്നുവെന്നാണ്. അതിശയകരമായൊരു വസ്തുത തന്നെയാണിത്.

2015 ല്‍ ഇതുവരെ ഏതാണ്ട് 12 പേരാണ് സെല്‍ഫി ശ്രമത്തിനിടയില്‍ മരണപ്പെട്ടതെന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം സ്രാവ് ആക്രമണത്തിനിരയായവര്‍ എട്ടുപേര്‍ മാത്രവും! ഏതാണ് കൂടുതല്‍ അപകടമെന്ന് ഈ കണക്കില്‍ നിന്ന് മനസ്സിലാകുമല്ലോ.

സെല്‍ഫി ട്രാജഡിയുടെ ഒടുവിലത്തെ വാര്‍ത്ത കേട്ടത് ഇന്ത്യയില്‍ നിന്നു തന്നെയാണ്. ഇരയായത് ഒരു ജപ്പാന്‍കാരനും. താജ്മഹലിലെ സ്റ്റെപ്പില്‍ നിന്ന് അപകടരമായ രീതിയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണാണ് 66 കാരനായ ഇയാള്‍ മരിച്ചത്. കൂടെയുണ്ടായിരുന്നയാളും വീണെങ്കിലും പരിക്കുകളോടെ ആശുപത്രിയിലാണ്. നാലോളം അപകടങ്ങളാണ് ജപ്പാന്‍കാരന് സംഭവിച്ച മാതൃകയില്‍ ലോകത്തിന്റെ മറ്റിടങ്ങളില്‍ സംഭവിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കാല്‍വഴുതി വീഴുന്നത് കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ അപകടങ്ങളും ഓടുന്ന ട്രെയിന്‍ തന്റെയൊപ്പം കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് വന്നുഭവിച്ചിട്ടുള്ളത്. ഒന്നുകില്‍ ട്രെയിന്‍ ഇടിച്ച്, അല്ലെങ്കില്‍ അതില്‍ നിന്ന് താഴെ വീണാണ് അപകടം സംഭവിക്കുന്നത്. അത്യന്തം അപകടരമായ രീതിയിലാണ് പലപ്പോഴും ട്രെയിനിനു മുന്നില്‍ നിന്നോ അകത്തു നിന്നോ സെല്‍ഫി എടുക്കുന്നതെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ മഷബേല്‍ എന്ന മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

അടുത്തകാലത്ത് ഏറ്റവും അധികം നടുക്കിയ മറ്റൊരു സെല്‍ഫി ദുരന്തം സംഭവിച്ചത് അമേരിക്കയിലാണ്. ഈ മാസം ഒരു പത്തൊമ്പതുകാരന്‍ നടത്തിയ സാഹസിക സെല്‍ഫി ശ്രമമാണ് അവന്റെ ജീവന്‍ കവര്‍ന്നത്. നിറതോക്ക് തൊണ്ടയില്‍ മുട്ടിച്ചു കൊണ്ടായിരുന്നു മറ്റുള്ളവരെ അത്ഭുതപ്പെടുത്താനുള്ള സെല്‍ഫി എടുക്കാന്‍ അവന്‍ ശ്രമിച്ചത്. പക്ഷെ കൈപ്പിഴ അവന്റെ തൊണ്ടയില്‍ കൂടി ഒരു ബുള്ളറ്റ് തുളച്ചു കയറുന്നതിനാണ് ഇടയാക്കിയത്.

ജനങ്ങളില്‍ വര്‍ദ്ധിക്കുന്ന സെല്‍ഫി ഭ്രമം അതാത് രാജ്യങ്ങളുടെ ഗവണ്‍മെന്റിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ ഒരു സെല്‍ഫി ബോധവത്കരണ കാമ്പയിന്‍ തന്നെ സംഘടിപ്പിക്കുകയാണ്. അതിലേറെ കഷ്ടം, പല മൃഗശാലകളും സെല്‍ഫി വിരുതന്മാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്നതാണ്. പലയിടങ്ങളിലും മൃഗങ്ങളെ കൂട്ടിലടച്ചിടാതെ തുറന്ന സ്ഥലത്ത് വിഹരിക്കാന്‍ വിടാറുണ്ട്. എന്നാല്‍ സിംഹത്തിന്റെയും പുലിയുടെയും കരടിയുടെയുമൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ലൈക്കുകള്‍ വാരിക്കൂട്ടാന്‍ ആഗ്രഹിക്കുന്ന സാഹസികന്മാര്‍ അധികൃതര്‍ക്ക് പണിയുണ്ടാക്കി കൊണ്ടിരിക്കുകയാണ്. മൃഗങ്ങളെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഫോട്ടോ എടുക്കുന്നത് പലപ്പോഴും അവയുടെ ആക്രമണത്തിന് കാരണമാവുകയാണ്. ഈ തരത്തില്‍ പരിക്കേറ്റ് കിടുക്കുന്നവരുടെ എണ്ണവും കുറവല്ല. കോളോറാഡോയിലെ ഡെന്‍വറിലുള്ള വാട്ടര്‍ടോണ്‍ കന്യോണ്‍ വന്യജീവി സങ്കേതം സെല്‍ഫിക്കാരെക്കൊണ്ട് പൊറുതിമുട്ടി അടച്ചിടേണ്ട ഗതിവരെ ഉണ്ടായി. ഡിസ്‌നി തീം പാര്‍ക്കുപോലുള്ളിടങ്ങളിലാകട്ടെ വലിയൊരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്; ദയവു ചെയ്ത് സെല്‍ഫി സ്റ്റിക്കുകളുമായി ഇങ്ങോട്ടേക്ക് വരരുതേ..

അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രം; സെല്‍ഫി എടുത്തോളൂ, പക്ഷെ സെയഫ് ആയിട്ടായിരിക്കണം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍