ടീം അഴിമുഖം
ഭരണവര്‍ഗത്തിന്റെ നിര്‍വികാരത ഇന്ത്യന്‍ ജനതയ്ക്ക് ഏറെ പരിചിതമാണ്. എന്നാല്‍ ഈ ഭരണവര്‍ഗ നിര്‍വികാരതയുടെ ഉത്തമ ദൃഷ്ടാന്തം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവം ഈ കഴിഞ്ഞ ദിവസം ഉണ്ടായി. കഠിനമായ വരള്‍ച്ചകൊണ്ട് വലഞ്ഞ ബാഗല്‍കൊട്ട് ജില്ലയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പൊടിയടിക്കാതെ സഞ്ചരിക്കാന്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ടുവന്നു തളിച്ചതിനെപ്പറ്റിയാണ് പറയുന്നത്. ഏപ്രില്‍ 2015നും ഫെബ്രുവരി 2016നും ഇടയില്‍ സംസ്ഥാനത്ത് ആയിരത്തിലേറെ കര്‍ഷക ആത്മഹത്യകളാണ് ഉണ്ടായത്. എണ്‍പതു ശതമാനം താലൂക്കുകളും വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞയാഴ്ച ഈ ആപല്‍സന്ധിയിലെ പ്രശ്നങ്ങള്‍ മുന്‍നിറുത്തി നാല് കാബിനറ്റ് സബ്കമ്മറ്റികളാണ് രൂപീകരിച്ചത്. എന്നാല്‍ സിദ്ധരാമയ്യയോ മറ്റ് മുതിര്‍ന്ന മന്ത്രിമാരോ വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചില്ല
അനുകമ്പയില്ലാതിരിക്കല്‍ പാര്‍ട്ടി ഭേദമില്ലാതെ കാണാവുന്ന ഒരു പ്രതിഭാസമാണ്. തൊട്ട് അയല്‍ ദേശത്ത് എന്‍ഡിഎ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സംസ്ഥാന ജലസംരക്ഷണ മന്ത്രി പങ്കജ മുണ്ടെ വരള്‍ച്ചാ ബാധിത പ്രദേശമായ വരണ്ടുണങ്ങിയ ലാത്തൂരില്‍ ഒഫീഷ്യല്‍ ടൂറിനിടെ സെല്ഫികള്‍ എടുത്തത് വിവാദമായിരുന്നു. മുണ്ടെ ലാത്തൂര്‍, ബീഡ് എന്നീ ഏറ്റവും കഠിന വരള്‍ച്ചയനുഭവിക്കുന്ന ജില്ലകളുടെ ഉത്തരവാദിത്തമുള്ള മന്ത്രിയുമാണ്. മാസങ്ങളോളം വരള്‍ച്ചയുണ്ടായിട്ടും കഴിഞ്ഞ വര്‍ഷം ഒരു റിവ്യൂ മീറ്റിംഗ് പോലും അവര്‍ സംഘടിപ്പിച്ചില്ല എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
മഹാരാഷ്ട്രയുടെ ജലദൌര്‍ലഭ്യം മനുഷ്യനിര്‍മ്മിതമാണെന്ന് പറയാം, ഇതിന്റെ പ്രധാനകാരണം കുഴഞ്ഞുമറിഞ്ഞ കാര്‍ഷിക താല്‍പ്പര്യങ്ങളാണ്. കൃഷിഭൂമിയുടെ നാല് ശതമാനം മാത്രമേ കരിമ്പ് കൃഷി ചെയ്യുന്നുള്ളൂവെങ്കിലും സംസ്ഥാനത്തെ എഴുപതു ശതമാനം ജലസേചനവും ഇതിനായാണ് ഉപയോഗിക്കുന്നത്. പാര്‍ട്ടി ഭേദമില്ലാതെ എല്ലാ പ്രധാന സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ക്കും പഞ്ചസാര ഫാക്റ്ററികളുണ്ട്. ഇത് അവരെ ജലത്തിന്റെ ഏറ്റവും വലിയ ഉപയോക്താക്കളാക്കി മാറ്റുന്നു. സംസ്ഥാനത്തെ ജലവിഭവശേഷി മുഴുവന്‍ അവരിലേയ്ക്ക് ചുരുങ്ങുന്നു. ഈ ഗൌരവമായ അസമത്വത്തെ തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ പരിഗണിച്ചില്ലെന്ന് മാത്രമല്ല ഡ്രിപ് ഇറിഗേഷന്‍, ജലസംഭരണം, കുറഞ്ഞ ജലലഭ്യത ആവശ്യപ്പെടുന്ന കൃഷിവിഭവങ്ങള്‍ തെരഞ്ഞെടുക്കല്‍, നീരുറവകള്‍ തിരിച്ചു പിടിക്കല്‍ മുതലായ യാതൊരു കാര്യവും ചെയ്തതുമില്ല. രാഷ്ട്രീയക്കാരുടെ ഉയര്‍ന്നു വരുന്ന ആര്‍ത്തി കാരണം മറാത്താവാഡയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ഇരുപത് പുതിയ പഞ്ചസാര ഫാക്റ്ററികളാണ് തുറന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഭൂഗര്‍ഭ ജലലഭ്യതയെ സാരമായി ബാധിക്കും എന്നതൊന്നും ആരും കണക്കിലെടുക്കുന്നതേയില്ല.
കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി നയങ്ങള്‍ രൂപീകരിക്കുന്നതിനുപകരം രാഷ്ട്രീയക്കാര്‍ അവരുടെ നിര്‍ദാക്ഷിണ്യവശം വെളിപ്പെടുത്തിക്കൊണ്ട് ക്രൂരഫലിതങ്ങളും പറയാറുണ്ട്. 2013ല്‍ മഹാരാഷ്ട്രയുടെ അന്നത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാര്‍ ജല ദൌര്‍ലഭ്യം പരിഹരിക്കാന്‍ ഡാമുകളില്‍ മൂത്രമൊഴിക്കാം എന്നാണു പറഞ്ഞത്. ഇതിന്റെ പേരില്‍ അദ്ദേഹത്തില്‍ പൊതുമാപ്പ് പറയേണ്ടിവന്നിരുന്നു. ജലവിഭവമന്ത്രിയായ ഉമാ ഭാരതി ഈയിടെ പറഞ്ഞത് വരള്‍ച്ചയ്ക്ക് വേണ്ടി മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ്. ഇന്ത്യയിലെ രാഷ്ട്രീയ പാര്ട്ടികള്‍ ഒന്നിച്ച് ചേര്‍ന്ന് ഇന്ത്യയുടെ ഇരുപത്തഞ്ചിലേറെ ശതമാനം ആളുകള്‍ അനുഭവിക്കുന്ന വരള്‍ച്ചയ്ക്ക് പരിഹാരം കണ്ടേമതിയാകൂ- 256 ജില്ലകളിലായി രാജ്യത്തെ മുപ്പത്തിമൂന്ന് കോടി ജനങ്ങള്‍ അനുഭവിക്കുന്ന ഒരു ദുരിതമാണിത് എന്നോര്‍ക്കണം.