UPDATES

ട്രെന്‍ഡിങ്ങ്

കക്കൂസ് നിര്‍മ്മിക്കാന്‍ കാശില്ലെങ്കില്‍ ഭാര്യയെ വില്‍ക്കൂ: ഗ്രാമീണരോട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ആഹ്വാനം!

കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന പണം ആളുകള്‍ മറ്റ് ഉപയോഗമില്ലാത്ത കാര്യങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്‌

വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ കാശില്ലെങ്കില്‍ ഭാര്യമാരെ വില്‍ക്കാന്‍ ഗ്രാമീണരോട് ആവശ്യപ്പെട്ട് ബിഹാര്‍ ജില്ല മജിസ്‌ട്രേറ്റ്. ഔറംഗബാദിലെ ജില്ലാ മജിസ്‌ട്രേറ്റായ കന്‍വാല്‍ തനുജ് ആണ് കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പ്രചരണത്തിനിടെ ഗ്രാമീണരോട് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്. ഒരു പൊതുചടങ്ങിനെ അഭിസംബോധന ചെയ്തപ്പോള്‍ കക്കൂസിനെയും സ്ത്രീകളുടെ അഭിമാനത്തെയും ബന്ധിപ്പിക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്.

‘നിങ്ങളുടെ ഭാര്യമാരുടെ ആത്മാഭിമാനം സംരക്ഷിക്കൂ. നിങ്ങള്‍ എത്രമാത്രം ദരിദ്രരാണ്. 12,000 രൂപയേക്കാള്‍ വില കുറവാണ് നിങ്ങളുടെ ഭാര്യയ്‌ക്കെങ്കില്‍ കൈപൊക്കൂ. ഭാര്യമാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുള്ളവര്‍ 12,000 രൂപ മുടക്കി വീടുകളില്‍ കക്കൂസ് നിര്‍മ്മിക്കൂ. ഇതിനിടയിലാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു ഗ്രാമീണന്‍ തനിക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് തനുജിനോട് വെളിപ്പെടുത്തിയത്.

എന്നാല്‍ അങ്ങനെയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ വില്‍ക്കൂ എന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ മറുപടി. പണമില്ലാത്തതിനാല്‍ വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനാകില്ല എന്നാണ് താങ്കളുടെ നിലപാടെങ്കില്‍ പോയി ഭാര്യയെ വില്‍ക്കൂ എന്നാണ് തനുജ് പറഞ്ഞത്. പല ആളുകളും കക്കൂസ് നിര്‍മ്മിക്കാന്‍ മുന്‍കൂര്‍ പണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ പണം ലഭിക്കുമ്പോള്‍ അവര്‍ ഉപകാരമില്ലാത്ത മറ്റ് പലതിനുമായി ചെലവഴിക്കുകയാണ് ചെയ്യുന്നത്- തനുജ് പറയുന്നു.

2019ഓടെ സംസ്ഥാനത്തെ തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനത്തില്‍ നിന്നും പൂര്‍ണമായും മുക്തമാക്കണമെന്ന ലക്ഷ്യം മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കക്കൂസ് നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 12,000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ലോഹിയ സ്വച്ഛ് ബിഹാര്‍ അഭിയാന്‍ പദ്ധതി പ്രകാരമാണ് ഈ ലക്ഷ്യം നടപ്പാക്കുന്നതും ധനസഹായം അനുവദിക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍