സംവാദത്തില്‍ പങ്കെടുക്കാന്‍ കാണികളില്ലാത്തതിനാല്‍ സെമിനാര്‍ റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു
പങ്കെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ജൈവകൃഷി സെമിനാര്‍ റദ്ദാക്കി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത വിഷുക്കണി 2017നോട് അനുബന്ധിച്ച് ഇന്ന് നടത്താനിരുന്ന സെമിനാറാണ് വേദിയില്‍ ആളില്ലാത്തത് മൂലം റദ്ദാക്കിയത്. ഏപ്രില്‍ ഇരുപത് മുതല്‍ മെയ് ഒന്നുവരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് വിഷുക്കണി സംഘടിപ്പിക്കുന്നത്.
ജൈവകൃഷി- നല്ല കൃഷി മുറകള്‍ എന്ന വിഷയത്തിലെ സംവാദവും എന്തുകൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ എന്ന വിഷയത്തിലെ ചര്‍ച്ചയുമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. സംവാദത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ഡോ. കെ ഉഷാകുമാരി, ഡോ. സജിതാ റാണി, ഡോ. രജിത റാണി, ഡോ. രഞ്ജന്‍, ഡോ. എന്‍ ജോയി, ഡോ. ശ്രീധര്‍ എന്നിവരാണ് പങ്കെടുക്കാനെത്തിയത്. എന്നാല്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കേണ്ട സംവാദത്തില്‍ പങ്കെടുക്കാന്‍ കാണികളില്ലാത്തതിനാല്‍ സെമിനാര്‍ റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു.
വൈകിട്ട് അഞ്ച് മുതല്‍ ആറ് മണിവരെ നിശ്ചയിച്ചിരുന്ന ചര്‍ച്ച ചേരമന്‍തുരുത്ത് ഇഎഡിയിലെ എസ്എംഒ ഡോ. ഷര്‍മദ് ഖാന്‍ ആണ് നയിക്കേണ്ടിയിരുന്നത്. ഇതും റദ്ദാക്കിയതായതായാണ് അറിയുന്നത്. വൈകിട്ട് ആറ് മണി മുതല്‍ ട്രാക്‌സ് തിരുവനന്തപുരം അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടിയോട് അനുബന്ധിച്ച് നടത്തുന്നുണ്ട്.