UPDATES

എസ്എം കൃഷ്ണ ബിജെപിയില്‍; അടുത്തതാര്?

തെക്കേ ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ നോക്കുന്ന ബിജെപിക്കിത് വലിയ നേട്ടം

എസ്എം കൃഷ്ണ, 84, കര്‍ണാടകത്തിലെ ഏറ്റവും ഉന്നതരായ നേതാക്കളില്‍ ഒരാള്‍. മുന്‍ മുഖ്യമന്ത്രി, ഗവര്‍ണര്‍, വിദേശകാര്യ മന്ത്രി, അഞ്ചു ദശാബ്ദക്കാലത്തെ കോണ്‍ഗ്രസ് രാഷ്ട്രീയജീവിതത്തില്‍ അങ്ങനെ നിരവധി പദവികള്‍. ഇന്നലെ, പക്ഷേ കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് തന്നെ വേണ്ട എന്നു പരിതപിച്ച വയോധികന്‍, ‘തന്റെ മുന്നോട്ടുള്ള യാത്രയില്‍ ഇത് വളരെ പ്രധാനമായ ഇടമാണെന്ന്’ സൂചിപ്പിച്ചു.

ബിജെപി നേതാവ് അമിത് ഷായും മറ്റ് നേതാക്കളും സംബന്ധിച്ച ചടങ്ങില്‍, ഇന്ത്യ പുരോഗമിച്ചത് “പ്രധാനമന്ത്രി മോദിയുടെയും അമിത്ഷായുടെയും നേതൃത്വം മൂലമാണ്” എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം സിദ്ധരാമയ്യ സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനിരിക്കെ, മുതിര്‍ന്ന നേതാവായ കൃഷ്ണയുടെ കാലുമാറ്റം, വലിയ തോതിലുള്ള കാലുമാറ്റത്തിന്റെ മുന്നോടിയാകുമോ എന്ന പേടി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഏഴില്‍ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും ഭരണം പിടിച്ചുകഴിഞ്ഞ, തെക്കേ ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ നോക്കുന്ന ബിജെപിക്ക് ഇത് വലിയ നേട്ടമാണ്.

തനിക്ക് പ്രധാന പദവികളൊന്നും തന്നില്ല, താനുമായി ഒന്നും കൂടിയാലോചിക്കുന്നില്ല എന്നൊക്കെ പരാതിയുള്ള കൃഷ്ണ കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വം നേരത്തെ രാജിവെച്ചിരുന്നു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വിശ്വസ്തനായിരുന്നു കൃഷ്ണ. 1999-ലും 2004-ലും രണ്ടുതവണ മുഖ്യമന്ത്രിയായി. ബാംഗളൂരുവിനെ രാജ്യത്തെ ഐടി ആസ്ഥാനമാക്കി മാറ്റിയെന്ന ഖ്യാതിയുമുണ്ട്. തെക്കേ ഇന്ത്യയില്‍ കര്‍ണാടകത്തില്‍ മാത്രമായിരുന്നു ഒരുകാലത്ത് കോണ്‍ഗ്രസ് അധികാരത്തില്‍. അന്ന് കൃഷ്ണ പാര്‍ട്ടിയെ ആവോളം സഹായിക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹം മഹാരാഷ്ട്ര ഗവര്‍ണറായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയുമായി. അതിനുശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ കര്‍ണാടകത്തിലേക്ക് മടങ്ങിവന്നു.

കോണ്‍ഗ്രസില്‍ നിന്നും വിടാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ, കോണ്‍ഗ്രസിനെ ബഹുജന നേതാക്കളെ ആവശ്യമില്ലെന്ന് കൃഷ്ണ പറഞ്ഞിരുന്നു. “കുറച്ചുകാലമായി കോണ്‍ഗ്രസിനെ എന്നെ വേണ്ടെന്ന് എനിക്കു തോന്നുന്നു. ഇപ്പോള്‍ തത്ക്കാലം കാര്യം നടത്തുന്നവരെയാണ് പാര്‍ട്ടി ആശ്രയിക്കുന്നത്. അവര്‍ക്ക് കാലങ്ങളായുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും വേണ്ട.” പക്ഷേ താന്‍ വിരമിക്കാന്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപിയില്‍ ചേരാന്‍ കൃഷ്ണ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന്റെ സമയം നിശ്ചയിച്ചിട്ടില്ലെന്ന് ബിജെപിയുടെ കര്‍ണാടക നേതാവ് ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു.

കൃഷ്ണയുടെ പുറത്തുപോക്ക് കോണ്‍ഗ്രസിനെ ഞെട്ടിച്ച രീതിയില്‍ ബിജെപിക്ക് ആഹ്ളാദമുണ്ടാകും. അദ്ദേഹം പരസ്യമായി പരാതി പറയുന്നത് അത്ര ആഘാതമുണ്ടാക്കുന്ന കാര്യമല്ല; ഒപ്പമുള്ളവര്‍ക്കുപോലും വേണ്ടാത്ത കക്ഷിയാണ് താനെന്ന തോന്നലാണ് അതുണ്ടാക്കുന്നത്. എന്നാല്‍ സഹപ്രവര്‍ത്തകരെ ഒപ്പം കൊണ്ടുപോകാന്‍ പറ്റാത്ത മുഖ്യമന്ത്രി സിദ്ധരാമയ്യയയാണ് പഴി അധികവും കേള്‍ക്കേണ്ടിവരിക. ഇതിനകംതന്നെ ബി ജനാര്‍ദ്ദന്‍ പൂജാരി കൃഷ്ണയുടെ പോക്കിന് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്.

മുതിര്‍ന്ന ദളിത നേതാവ് ശ്രീനിവാസ് പ്രസാദ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കൃഷ്ണയുടെ പോക്ക്. സിദ്ധരാമയ്യയോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം അത് ചെയ്തത് എന്നത് വളരെ പ്രധാനമാണ്.കഴിഞ്ഞ വര്‍ഷം ജൂലായ് വരെ സിദ്ധരാമയ്യയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ജനപ്രിയ ചലച്ചിത്ര താരം അംബരീഷായിരിക്കും ഇനി പുറത്തുപോകുന്നത്. മണ്ഡ്യയില്‍ നിന്നുള്ള അംബരീഷിനെ ‘മണ്ഡ്യാഡ ഗണ്ടു’ (മണ്ഡ്യയുടെ ആള്‍) എന്നാണ് വിളിക്കുന്നത്. അതേ പേരില്‍ അയാള്‍ അഭിനയിച്ച 1994-ലെ  സിനിമ വലിയ വിജയമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍