UPDATES

ബിഹാറില്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; പിന്നിലുള്ളത് നിസാരക്കാരല്ല

ബിഎസ്എസ്‌സി ചെയര്‍മാന്‍ സുധീര്‍ കുമാറിനെയും അദ്ദേഹത്തിന്റെ അഞ്ച് ബന്ധുക്കളെയും അറസ്റ്റ് ചെയ്തതോടെയാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ബോംബ് വീണത്

ബിഹാറില്‍ പരീക്ഷ ചോദ്യപേപ്പറുകള്‍ ചോരുന്നത് ഇപ്പോള്‍ ഒരു പതിവ് ചടങ്ങായി മാറിയിട്ടുണ്ട്. പക്ഷെ, ഇപ്പോള്‍ കഥയില്‍ ഉദ്വേഗജനകമായ ഒരു ഗതിമാറ്റം സംഭവിച്ചിരിക്കുന്നു. ചോര്‍ത്തലിന് പിന്നിലെ വ്യക്തിയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഉത്തരേന്ത്യയിലെങ്ങും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിലെ ഗുമസ്തന്മാരുടെ തസ്തികയിലേക്ക് ബിഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ബിഎസ്എസ്‌സി) നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷയ്ക്കായി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ബിഎസ്എസ്‌സി ചെയര്‍മാന്‍ സുധീര്‍ കുമാറിനെയും അദ്ദേഹത്തിന്റെ അഞ്ച് ബന്ധുക്കളെയും അറസ്റ്റ് ചെയ്തതോടെയാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ബോംബ് വീണത്. ബിഹാര്‍ കേഡറില്‍ നിന്നുള്ള 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സുധീര്‍ കുമാര്‍. സുധീര്‍, അദ്ദേഹത്തിന്റെ സഹോദരനും പാട്‌ന വിമണ്‍സ് കോളേജിലെ ജ്യോഗ്രഫി അദ്ധ്യാപകനുമായ അവധേഷ്, സുധീറിന്റെ സഹോദര ഭാര്യ മഞ്ചു ദേവി, മരുമക്കളായ ആശിഷ്, അരുണ്‍, മറ്റൊരു ബന്ധു രാജന്‍ എന്നിവരെ പാട്‌നയില്‍ നിന്നും വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തതായി ചോദ്യ പേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനും പാട്‌ന സീനിയര്‍ പോലീസ് സുപ്രണ്ടുമായ മനു മഹാരാജ് വെളിപ്പെടുത്തി.

അദ്ദേഹത്തിന്റെ ബന്ധുക്കളും ക്ലറിക്കല്‍ ഇന്റര്‍മീഡിയേറ്റ് ഗ്രേഡ് പരീക്ഷയില്‍ പങ്കെടുക്കുന്നവരുമായ മഞ്ചു, ആശിഷ്, അരുണ്‍, രാജന്‍ മറ്റൊരു ബന്ധുവായ ഹരി ഓം എന്നിവര്‍ക്ക് സുധീര്‍ ചോദ്യപ്പേപ്പറും ഉത്തരസൂചികകളും ചോര്‍ത്തി നല്‍കിയതായി പോലീസ് ആരോപിക്കുന്നു.

തന്റെ പുത്രനെ ബലിയാടാക്കുകയായിരുന്നവെന്ന് സുധീറിന്റെ പിതാവും 1990ല്‍ ഏകീകൃത ബിഹാറിന്റെ ജോയിന്റ് സെക്രട്ടറി പോസ്റ്റില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനുമായ രാധെ മോഹന്‍ പ്രസാദ് മത്വാരി മൊഹല്ലയിലെ വീട്ടില്‍ വച്ച് പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി സുധീറിനുള്ള ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഉണ്ടെന്ന് എസ്എസ്പി മഹാരാജ് പറഞ്ഞു. ‘തന്റെ സഹോദരന്‍ അവധേഷിനാണ് ചെയര്‍മാന്‍ ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും ചോര്‍ത്തിക്കൊടുത്തത്. തുടര്‍ന്ന് അദ്ദേഹം അത് തന്റെ ഭാര്യ മഞ്ചു ദേവിക്കും മറ്റ് നാലു ബന്ധുക്കള്‍ക്കും കൈമാറുകയായിരുന്നു.’

സുധീറിന്റെന്റെ മരുമകന്‍ ആശിഷിന് ജനുവരി 23നാണ് ചോദ്യങ്ങളും ഉത്തര സൂചികകളും കിട്ടിയത്. ഹസാരിബാഗില്‍ വച്ച് ഒരു ബന്ധുവാണ് തനിക്ക് ചോദ്യപ്പേപ്പറുകളും ഉത്തരസൂചികകളും കൈമാറിയതെന്ന് ആശിഷ് സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബെഉറിലുള്ള ഒരു പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായ രാമേശ്വറിന് ചോദ്യപ്പേപ്പറുകളും ഉത്തരസൂചികകളും ആശിഷ് കൈമാറിയെന്നും അയാള്‍ അത് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ വിറ്റു എന്നുമാണ് പോലീസ് പറയുന്നത്.

‘ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യ പേപ്പറിന് ആറ് ലക്ഷം രൂപ വീതം നല്‍കുകയും ഇതില്‍ അമ്പത് ശതമാനം ആശിഷ് കൈപ്പറ്റുകയുമായിരുന്നു,’ എന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗവും എഎസ്പിയുമായ രാകേഷ് ദുബെ പറയുന്നു.

തന്റെ ബന്ധുക്കള്‍ക്ക് ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും ചോര്‍ത്തി നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല സുധീര്‍ കുമാറിന്റെ പങ്കെന്നാണ് ദുബെ അവകാശപ്പെടുന്നത്. ബിഎസ്എസ്‌സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ചോദ്യ പേപ്പര്‍ അച്ചടിക്കുന്ന പ്രസ്സുമായും ഉത്തരസൂചികകള്‍ തയ്യാറാക്കുന്ന വിഷയ വിദഗ്ധരുമായും ചെയര്‍മാന്‍ നേരിട്ടു ബന്ധപ്പെട്ടിരുന്നതായും ദുബെ പറഞ്ഞു.

ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള ബിഎസ്എസ്‌സി സെക്രട്ടറി രാമേശ്വര്‍ റാമുമായും വിഷയ വിദഗ്ധര്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. റാമും മറ്റ് ബിഎസ്എസ്‌സി ഉദ്യോഗസ്ഥരും വാട്ട്‌സ്ആപ്പ് വഴിയാണ് വിഷയ വിദഗ്ധരുമായി ബന്ധപ്പെട്ടിരുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 32 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉത്തരങ്ങള്‍ തയ്യാറാക്കിയ വിഷയ വിദഗ്ധന്റെ പേര് അന്വേഷണ സംഘം സുധീറിനോട് ആരാഞ്ഞതായി ചില വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹം ഒരു ഐഐടി പ്രൊഫസറുടെ പേരു പറഞ്ഞു. എന്നാല്‍ ഉത്തരസൂചിക തയ്യാറാക്കിയതുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന വാര്‍ത്ത പ്രൊഫസര്‍ നിഷേധിച്ചു.

സുധീറിന്റെ അറസ്റ്റ് ഭരണതലത്തില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. കേസ് സിബിഐയ്ക്ക് വിടണമെന്ന് ബിഹാര്‍ ഐഎഎസ് അസോസിയേഷന്‍ അവശ്യപ്പെട്ടു. ഏറ്റവും മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് സുധീറെന്നും അദ്ദേഹത്തിന്റെ വിശ്വാസ്യതയോടൊപ്പം നിലകൊള്ളുമെന്നും അസോസിയേഷന്‍ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. അന്വേഷണവുമായി സൂധീര്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടായിരുന്നവെന്നും അതിനാല്‍ അറസ്റ്റിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട തങ്ങളുടെ വിയോജിപ്പ് അറിയിക്കുന്നതിനായി അസോസിയേഷന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രി നിതേഷ് കുമാറിനെ കണ്ടു.

ചോദ്യ പേപ്പര്‍ ചോര്‍ത്തലുമായി എന്തെങ്കിലും രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെന്നുള്ള വാര്‍ത്ത എസ്എസ്‌സി മഹാരാജ് നിഷേധിച്ചെങ്കിലും അറസ്റ്റ് സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളിലും ചലനങ്ങള്‍ ഉണ്ടാക്കി. സുധീര്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് എന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും എന്നാല്‍, ‘പോലീസ് അന്വേഷണം പൂര്‍ത്തിയാക്കട്ടെ,’ എന്നാണ് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്.

‘നിതീഷ് കുമാര്‍ സര്‍ക്കാര്‍ ദളിത് ഉദ്യോഗസ്ഥരെ വേട്ടയാടുകയാണ്. ആദ്യം ബിഎസ്എസ്‌സി സെക്രട്ടറി പരമേശ്വര്‍ റാമിനെ അറസ്റ്റ് ചെയ്ത അവര്‍ പിന്നീട് മറ്റൊരു ദളിത് ഐഎഎസ് ഉദ്യോഗസ്ഥനായ സുധീര്‍ കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നു,’ എന്ന് മുന്‍ മുഖ്യമന്ത്രി ജിതിന്‍ കുമാര്‍ മാഞ്ചി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍