UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമ പ്രവര്‍ത്തനം സ്തുതിപാടലല്ല; ഒരു ജെ എന്‍ യു ഉദാഹരണം

Avatar

അഴിമുഖം പ്രതിനിധി

സഹിഷ്ണുത വശമില്ലാത്തവരാണെന്നറിയാം. എങ്കിലും പറയാതിരിക്കാന്‍ വയ്യ. രാജ്യദ്രോഹമാരോപിച്ചു മിണ്ടാട്ടമില്ലാതെയാക്കുന്ന സ്ഥിരം കലാപരിപാടിയുടെ കാലഘട്ടം കഴിഞ്ഞിരിക്കുന്നു സംഘപരിവാര്‍ വിശ്വാസികളേ. അതിന്‍റെ ഏറ്റവും വലിയ തെളിവാണ് ദേശവിരുദ്ധന്‍ എന്ന് നിങ്ങള്‍ പരിവേഷം നല്‍കിയ കനയ്യ കുമാര്‍ ജാമ്യം നേടിയത്. കാലാകാലങ്ങളായി നിങ്ങള്‍ പിന്തുടര്‍ന്നു പോന്ന കപട ദേശീയതയെന്ന മുഖംമൂടിയ്ക്ക് പിന്നിലുള്ള കുടിലതയുടെ മുഖം ജനം തിരിച്ചറിഞ്ഞിരിക്കുന്നു. നിങ്ങളുടെ ‘ദേശസ്നേഹ’ പ്രകടനങ്ങള്‍ കാരണം  നഷ്ടമായത് അനേകം സമൂഹസ്നേഹികളെയാണ്. എന്നാല്‍ പൊള്ളത്തരം തുറന്നുകാട്ടിയ കല്‍ബുര്‍ഗിയെയും ദബോല്‍ക്കറെയും പന്‍സാരെയെയും അതിനു പുറമേ രോഹിത് വെമുലയെന്ന ദളിത്‌ വിദ്യാര്‍ഥിയെയും ഇല്ലാതാക്കിയപ്പോള്‍ അവര്‍ ഉയര്‍ത്തിയ ചിന്താധാരകളെയും അതോടൊപ്പം ദഹിപ്പിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റുപറ്റി. അവര്‍ ഉയര്‍ത്തിവിട്ട പ്രക്ഷോഭത്തിന്റെ അലകളാണ് ഇന്ന് ഇന്ത്യയാകെ. സ്വാതന്ത്ര്യം വേണ്ടത് രാജ്യത്തിനകത്താണ് എന്ന കനയ്യയുടെ ഒറ്റ പരാമര്‍ശത്തിന് കിട്ടിയ സ്വീകാര്യത മതി അതിനു തെളിവായി

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നടത്തിയത് എന്തെന്ന് നിങ്ങളാരും മറന്നിരിക്കാനിടയില്ലല്ലോ. അന്ന് ജയിലില്‍ കിടന്ന നിങ്ങളുടെ പൂര്‍വ്വികര്‍ തെളിച്ച പാതയിലൂടെ വന്നവര്‍, ബ്രിട്ടീഷുകാര്‍ സമരമുഖത്തുള്ളവരെ അടിച്ചമര്‍ത്താന്‍ നടപ്പിലാക്കിയ അതേ നിയമങ്ങള്‍ ഇന്നത്തെ തലമുറയില്‍ അടിച്ചേല്‍പ്പിക്കുന്നതിലെ വിരോധാഭാസം എത്രത്തോളം അപഹാസ്യമാണ് എന്നത് നിങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ നടപ്പിലാക്കിയ കപടനാടകങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ ഇന്ന് ലോകത്തിനറിയാം. 

എതിരെ ശബ്ദിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വിലയ്ക്കെടുക്കുകയാണ് നിങ്ങളുടെ പതിവ്. അതിലൊതുങ്ങാത്തവരെ എന്നെന്നേക്കുമായി നിശബ്ദരാക്കുകയും. നിങ്ങള്‍ക്കു കുടപിടിക്കുന്ന അനേകര്‍ കൂടെയുണ്ടെന്നും ജനങ്ങള്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ തലസ്ഥാനത്ത് ബര്‍ഖാ ദത്തിനെയും ഓപ്പണ്‍ മാഗസിന്‍ ഉല്ലേഖ് എന്‍പിയെയും ഇങ്ങു തെക്ക് കേരളത്തില്‍ സിന്ധു സൂര്യകുമാറിനെയും നിശബ്ദരാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടതിനും ജനം സാക്ഷിയായി. ജാമ്യം നേടിയ ശേഷം കനയ്യയുടെ വാക്കുകള്‍ ലോകത്തെ അറിയിച്ച  മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ ബര്‍ഖാ ദത്തിനെ നിങ്ങള്‍ ദേശദ്രോഹിയാക്കി. നിങ്ങള്‍ ചെയ്ത കൊള്ളരുതായ്മകളെ സമൂഹത്തിനു മുന്നില്‍ വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് അവര്‍ മുന്‍പും നിങ്ങളെ എതിര്‍ത്തത്. അതിനെ നിങ്ങള്‍ നേരിട്ടതോ തികച്ചും അധാര്‍മ്മികമായ സ്ഥിരം വായടപ്പിക്കല്‍ തന്ത്രവുമായി.

കനയ്യ എന്ന വ്യക്തിക്കു വേണ്ടി ആശയപരമായ വ്യത്യാസങ്ങളെ മറികടന്ന് ഒരു രാജ്യം മുഴുവന്‍ പ്രതിഷേധിച്ചു, അതിനെയും രാജ്യവിരുദ്ധ പ്രക്ഷോഭമായി വിലയിരുത്തിയതിലും നിങ്ങള്‍ക്ക് തെറ്റുപറ്റി. ജനാധിപത്യത്തിനും നീതിക്കും തെറ്റെന്ത് ശരിയെന്ത് എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശത്തിനും വേണ്ടിയാണ് അവര്‍ തെരുവിലിറങ്ങിയത്. ഇതൊക്കെ ലോകത്തെ അറിയിച്ച് മാധ്യമപ്രവര്‍ത്തനം എന്തെന്ന് കാണിച്ചതാണോ രാജ്യ ദ്രോഹം?

നിങ്ങള്‍ക്ക് സ്തുതി പാടുന്ന ചില മാധ്യമങ്ങളെപ്പോലെ സത്യത്തെ വളച്ചൊടിച്ചു കാണിക്കാഞ്ഞതാണോ അവര്‍ ചെയ്ത തെറ്റ്? എങ്കില്‍ അവര്‍ ഇനിയും അതു തുടരുമെന്ന കാര്യം നിങ്ങള്‍ അറിയേണ്ടിയിരിക്കുന്നു. ബര്‍ഖാ ദത്തിനെയും സിന്ധു സൂര്യകുമാറിനെയും ഫോണില്‍ വിളിച്ചും നവമാധ്യമങ്ങളില്‍ കൂടിയും ഭീഷണിപ്പെടുത്തുന്നതിലൂടെ എല്ലാത്തിനും അവസാനമുണ്ടാക്കാം എന്ന ധാരണ നിങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നു.

കനയ്യയെ കണ്ടശേഷം ബര്‍ഖാ ദത്ത് എഴുതിയ ലേഖനമാണ് ഇപ്പോള്‍ നിങ്ങളുടെ വാലിനു തീകൊടുത്തത് എന്നറിയാം. അതിലെഴുതിയതും മുന്‍പ് പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തും സത്യം വരച്ചുകാട്ടുന്നതായതിനാല്‍ എങ്ങനെയും കാവിയില്‍ പറ്റിയ കളങ്കത്തിനുമുകളില്‍ ദേശീയപതാക ഉയര്‍ത്തിക്കാട്ടി വഴിതിരിച്ചു വിടാനുള്ള ശ്രമം നിങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുമെന്നും അറിയാം.        

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നതാണ് ഇപ്പോള്‍ നിങ്ങളുടെ അവസ്ഥ എന്ന് തുറന്നു പറയട്ടെ. അഭിപ്രായസ്വാതന്ത്ര്യം അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ള നാടാണിത്. ശരിയോ തെറ്റോ എന്നുള്ളത് തീരുമാനിക്കാന്‍ വ്യക്തിയെ ഭരണഘടന അനുവദിച്ചിട്ടുള്ള നാട്. കനയ്യ അഭിമുഖത്തില്‍ പറഞ്ഞതു പോലെ ദേശീയതയുടെ പേറ്റന്റ് എടുക്കാന്‍ സംഘപരിവാറിന് അനുവാദം ആരുമിവിടെ നല്‍കിയിട്ടില്ല. ദേശീയതയും ദേശഭക്തിയും തമ്മിലുള്ള വ്യത്യാസവും നിങ്ങള്‍ക്കു മനസ്സിലായിട്ടില്ല. ശരിയായ മാധ്യമപ്രവര്‍ത്തനം എന്തെന്നും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍