UPDATES

സെന്‍കുമാര്‍ ഭരണം തുടങ്ങി; ആദ്യപ്രഹരം ബെഹ്‌റയ്ക്ക്; പോലീസ് ആസ്ഥാനത്ത് മുറുമുറുപ്പ്

ബെഹ്‌റയുടെ ഉത്തരവുകള്‍ റദ്ദാക്കി; കൂട്ടത്തില്‍ വിവാദ പരിഷ്‌കാരങ്ങളും

പോലീസ് മേധാവിയായിരിക്കെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ചില ഉത്തരവുകള്‍ പുതിയ മേധാവി ടിപി സെന്‍കുമാര്‍ റദ്ദാക്കി. എല്ലാ പോലീസ് സ്‌റ്റേഷനിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റടിക്കണമെന്ന വിവാദ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പോലീസ് ആസ്ഥാനത്തെ അതീവരഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റിനിയമിക്കാനുള്ള തീരുമാനം വിവാദമായിട്ടുണ്ട്. ടി ബ്രാഞ്ചിലെ സ്ഥാനചലനത്തിനെതിരെ പോലീസ് ആസ്ഥാനത്ത് തന്നെയാണ് പൊട്ടലും ചീറ്റലും. മലയാള മനോരമയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച എഐജി മുതല്‍ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കിയാണ് പുതിയ ഡിജിപിയുടെ നീക്കങ്ങള്‍. സെന്‍കുമാര്‍ ഡിജിപിയാകുമെന്ന് ഉറപ്പായപ്പോഴാണ് എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ബ്രൗണ്‍ പെയിന്റടിക്കാന്‍ ബഹ്‌റ ഉത്തരവിട്ടത്. ഒരു പ്രത്യേക കമ്പനിയുടെ പ്രത്യേക ബ്രാന്‍ഡും നിര്‍ദ്ദേശിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ എഐജി ഹരിശങ്കറിനെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ ടി ബ്രാഞ്ച് മേധാവിയായ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മാറ്റിയതാണ് വിവാദമായത്. പ്രതിഷേധത്തെ തുടര്‍ന് രണ്ട് മണിക്കൂറിനിടെ ഇത് സംബന്ധിച്ച് രണ്ട് ഉത്തരവാണ് ഇറക്കിയത്. ഇവിടെയുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം പോലും ലഭ്യമല്ല. സെന്‍കുമാര്‍ സേനയ്ക്ക് പുറത്ത് നില്‍ക്കുമ്പോള്‍ പുറ്റിങ്ങല്‍, ജിഷ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആരോ ചോദിച്ചിരുന്നെന്നും എന്നാല്‍ നിയമം അനുവദിക്കാത്തതിനാല്‍ അത് നല്‍കിയിരുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. സെന്‍കുമാറിന് വേണ്ടിയാണ് ആരോ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതെന്നും എന്നാല്‍ മറുപടി നല്‍കാത്തതിന്റെ പ്രതികാരമെന്നോണമാണ് നടപടിയെന്നുമാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

കുമാരി ബീനയെ അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്. എന്‍ ബ്രാഞ്ചിലെ സിഎസ് സജീവ് ചന്ദ്രനെ ടി ബ്രാഞ്ചിലേക്ക് നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കിയെങ്കിലും അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ചു.

എട്ട് മാസം മുമ്പ് ഐജി സുരേഷ് രാജ് പുരോഹിത് പോലീസ് ആസ്ഥാനത്തു നിന്നും എസ്എപിയിലേക്ക് സ്ഥാനം മാറ്റിയ ഉദ്യോഗസ്ഥനാണ് സുരേഷ് രാജ്. ചില രഹസ്യഫയലുകളുടെ പകര്‍പ്പെടുത്തതിനാണ് നടപടിയെടുത്തതെന്ന് സൂചനയുണ്ടെന്നും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തനംതിട്ടയിലെ ഒരു ജൂനിയര്‍ സൂപ്രണ്ടിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും സെന്‍കുമാര്‍ ഉത്തരവിട്ടു. ഇയാള്‍ ഓഡിറ്റിംഗില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ബഹ്‌റ വെറും അന്വേഷണമാണ് ഉത്തരവിട്ടിരുന്നത്. ഭരണകക്ഷി എംഎല്‍എയെ അസഭ്യം പറഞ്ഞെന്ന് ആരോപണമുയര്‍ന്ന ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം നടത്താനും ഉത്തരവായിട്ടുണ്ട്. മാസങ്ങളായി പോലീസ് ആസ്ഥാനത്ത് തീരുമാനമാകാതെയിരുന്ന ഫയല്‍ ആണിത്.

അതേസമയം 14 വര്‍ഷമായി സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന ഒരു കോണ്‍സ്റ്റബിളിനെ ബഹ്‌റ അടുത്തിടെ മാറ്റിയ ഉത്തരവും സെന്‍കുമാര്‍ റദ്ദാക്കി. നിയമസഭയില്‍ പോലീസ് ലെയ്‌സണ്‍ ജോലി ചെയ്തിരുന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ മാറ്റിയ ബഹ്‌റയുടെ നടപടിയും റദ്ദാക്കി.

അതേസമയം തന്നെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഐജി മുതല്‍ എഡിജിപി വരെയുള്ളവരെ നോക്കികുത്തികളാക്കിയാണ് സെന്‍കുമാറിന്റെ നീക്കം. സാധാരണഗതിയില്‍ പോലീസ് മേധാവി ഒരു ഫയലില്‍ ഉത്തരവിട്ടാല്‍ എഐജിയാണ് ഉത്തരവിറക്കുന്നത്. സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എഐജി, ഡിഐജി, ഐജി, എഡിജിപി സ്ഥാനങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ സെന്‍കുമാറിന്റെ ഉത്തരവ് പുറത്തിറങ്ങിയ ശേഷമാണ് ഇവരെല്ലാം അത് കണ്ടത്. പതിവിന് വിപരീതമായി അദ്ദേഹം നേരിട്ട് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. നിയമപോരാട്ടത്തിലൂടെ കിട്ടിയ അധികാരം പരമാവധി ഉപയോഗിക്കാനാണ് സെന്‍കുമാറിന്റെ തീരുമാനമെന്ന് ഇതില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍