UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍കുമാര്‍ എന്ന നീതിമാന്‍ എഫ് ബി പോസ്റ്റിലൂടെ ജേക്കബ് തോമസിനെ പഠിപ്പിക്കുന്നത്

സംസ്ഥാന പൊലീസ് മേധാവിയും ഡി.ജി.പിയുമായ ടി.പി.സെന്‍കുമാര്‍ 2015 നവംബര്‍ അഞ്ചിന് വൈകുന്നേരം ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ ഇങ്ങനെ പറയുന്നു: ‘തികഞ്ഞ നട്ടെല്ലോടെ അഴിമതിക്കെതിരെയും മറ്റ് തെറ്റായ നടപടികള്‍ക്കെതിരെയും അനുവദനീയമായ രീതിയില്‍ പ്രതികരിക്കുകയും നടപടികള്‍ എടുക്കുകയും ചെയ്യുക എന്നുള്ളതാണ് ഉദ്യോഗസ്ഥ ധര്‍മ്മം. അതിലും കൂടുതല്‍ ധാര്‍മ്മികരോഷം വരുമ്പോള്‍ കേജ്രിവാളിനെപ്പോലെയോ വൈ.പി.സിംഗിനെപ്പോലെയോ അജിത്‌ ജോയിയെപ്പോലെയോ സര്‍വീസില്‍നിന്ന് പുറത്തുവരണം’

ഒരു കോടതിവിധി വരുന്നു. അത് മുമ്പ് താന്‍ കൂടി ഉള്‍പ്പെട്ട സംഘം അന്വേഷിച്ച കേസാണ്. ആ കേസിന്റെ വിധിയെ ഐ.പി.എസ്സുകാരന്‍ സ്വാഗതം ചെയ്യുന്നു. കൂട്ടത്തില്‍ ഒന്നുകൂടി അദ്ദേഹം പറഞ്ഞു:’സത്യമേവ ജയതേ’. അതെ, ഇതിലെ ‘അദ്ദേഹം’ സത്യം പറഞ്ഞതിന്റെ പേരില്‍ ഈ സര്‍ക്കാര്‍ ഒതുക്കല്‍ തസ്തികകളില്‍ തട്ടിക്കളിക്കുന്ന ഡോ.ജേക്കബ് തോമസ്തന്നെ. 

‘സത്യമേവ ജയതേ’ എന്നുപറയുന്നത് ‘അല്‍ ഉമ്മ’ എന്നതുപോലുള്ള ഭീകരവാക്ക് വല്ലതും ആണോ എന്ന് ഇപ്പോള്‍ സാധാരണക്കാര്‍ സംശയിച്ചു തുടങ്ങിയിട്ടുണ്ട്. ‘സത്യം’ എന്നു പേരിട്ട ഒരു കമ്പ്യൂട്ടര്‍ ശൃംഖല സഹസ്രകോടികള്‍ തട്ടിപ്പു നടത്തി വിഹരിച്ചത് നമ്മുടെ രാജ്യത്താണ്. മഹാത്മാഗാന്ധിക്ക് നോട്ടിലെ തലയുടെ മാത്രം വിലയുള്ള നാട്ടില്‍ ‘സത്യം ജയിക്കും ‘ എന്നുപറയുന്നത് തീര്‍ച്ചയായും അപരാധമാണ്!

ബഹുമാനപ്പെട്ട ഡി.ജി.പി, പറഞ്ഞിട്ടെന്തുകാര്യം? ഇതൊന്നും ഇപ്പോഴത്തെ നമ്മുടെ ‘ബ്രോ’സിന് മനസ്സിലാവില്ല.’പ്രേമ’ത്തിലെ കാലിക പ്രണയത്തെയും ‘എന്ന് നിന്റെ മൊയ്തീനി’ലെ അലൗകികാനുരാഗത്തേയും ഒന്നുപോലെ നെഞ്ചേറ്റുന്ന തലമുറയാണിത്. ‘ചങ്ങമ്പുഴ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ആ പഹയനെ ഞാന്‍ പ്രേമിച്ചേനെ’യെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത യുവസുന്ദരികളുള്‍പ്പെടുന്ന തലമുറയാണ്. അവിടേക്ക് ഇതുപോലെ ‘ഞഞ്ഞാമുഞ്ഞാ’ പോസ്റ്റുകളുമായെത്തിയാല്‍ ഇന്നത്തെ തലമുറ കേറി പൊങ്കാല ഇടും എന്ന് ഒരിക്കല്‍ അനുഭവിച്ചിട്ടും ബോദ്ധ്യമായില്ലേ?

ഡി.ജി.പി സര്‍ക്കാരുദ്യോഗസ്ഥരുടെ ‘പെരുമാറ്റച്ചട്ട’ത്തെപ്പറ്റിയുള്ള കുറേ ‘വാറോല’ നവംബര്‍ നാലിന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. അതുവരെ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ഡി.ജി.പിക്ക് താന്‍ സമൂഹമനസ്സില്‍ വില്ലന്‍ വേഷത്തിലാണെന്ന് മനസ്സിലാക്കിപ്പിക്കുന്ന പ്രതികരണങ്ങളായിരുന്നു കാണേണ്ടിവന്നത്. അതില്‍നിന്ന് തലയൂരാന്‍ അടുത്ത പോസ്റ്റുമായി പിറ്റേന്ന് രംഗത്തെത്തി.

‘ഒരു ഫയര്‍ഫോഴ്‌സ് മേധാവിയുടെ ചുമതല ബഹുനില കെട്ടിടങ്ങളില്‍ ആവശ്യമായ അഗ്നി പ്രതിരോധസംവിധാനങ്ങള്‍ ഉണ്ടോ എന്ന് നോക്കുകയാണ്. അല്ലാതെ, കാശുവാങ്ങി തെമ്മാടിത്തരം നടത്തുന്നതിന് കൂട്ടുനില്‍ക്കലല്ല.ധാര്‍മ്മികരോഷം അത്ര അറപ്പോടെ പറയേണ്ട കാര്യമല്ല, മിസ്റ്റര്‍ ഡി.ജി.പി’ എന്ന് പ്രതികരിച്ചത് അഖിലേഷ് പുരുഷോത്തമന്‍.

സുഹാലി അബ്ദുള്ള കരിപ്പുള്ളില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ: ‘സാര്‍, അങ്ങ് പറഞ്ഞ നട്ടെല്ലുള്ള ഉദ്യോഗസ്ഥര്‍ കണ്‍മുന്നില്‍ കാണുന്ന അനീതിക്കെതിരെ പ്രതികരിക്കുമ്പോള്‍ ഇരിക്കുന്ന കസേരയെക്കാള്‍ അവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് രാജ്യതാല്പര്യത്തിനും പൊതുജനനന്മയ്ക്കും ആണ്.സാര്‍ പറഞ്ഞ അതേ പുസ്തകം വായിച്ചു പ്രതിജ്ഞ എടുത്തവര്‍ അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ നടപടി എടുക്കാം. അല്ലാതെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കരുത്.’ 

ഇതൊക്കെ വെറും സാമ്പിള്‍. രണ്ടു പോസ്റ്റിനുമുള്ള പ്രതികരണങ്ങളില്‍ സെന്‍കുമാര്‍ എന്ന നീതിമാനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേവലം അധികാരസ്ഥാനത്തുള്ളവരുടെ ഏറാന്‍മൂളി ആയിപ്പോവുന്നതിന്റെ സങ്കടവും നടുക്കവും അമര്‍ഷവുമൊക്കെയാണ്  പങ്കുവയ്ക്കപ്പെടുന്നത്.

ഏറ്റവും ഒടുവിലത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പൊലീസ് മേധാവി എഴുതുന്നു: ‘ഭരണഘടനയെയും അനുസരിച്ച് ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളെയും ആസ്പദമാക്കി പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞചെയ്ത് വരുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചും ഐ.പി.എസ് ഉദ്യോഗസ്ഥര്‍.’

എങ്കില്‍, ഒന്നു ചോദിച്ചോട്ടെ? സംസ്ഥാന പൊലീസ് മേധാവിയുടെ ഫെയ്‌സ്ബുക്ക് പേജ് ഔദ്യോഗികമാണോ? അതില്‍ അങ്ങ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് നിയമപരമാണോ? ഇതിന് അങ്ങ് മേലധികാരിയുടെ അനുവാദം വാങ്ങിയിട്ടുണ്ടോ?

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ്‌സെക്രട്ടറി, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുടെയൊക്കെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാദ്ധ്യമങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ഫെയ്‌സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുവാദം വാങ്ങണം. സെക്രട്ടേറിയറ്റില്‍ അന്വേഷിച്ചപ്പോള്‍ ഡി.ജി.പി ഇത്തരം ഒരനുവാദവും വാങ്ങിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ ഡി.ജി.പിപോലും നിയമം വിട്ടാണ് കളിക്കുന്നത് എന്നുവരുന്നു. സാമൂഹികമാദ്ധ്യമങ്ങള്‍ നിര്‍ണായമായ ഇക്കാലത്ത് അതുപയോഗിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണമെന്നുതന്നെയാണ് എന്റെയും അഭിപ്രായം.പക്ഷെ, ഇപ്പോള്‍ അതിന് നിയമം അനുവദിക്കുന്നില്ല. അപ്പോള്‍ ചെയ്യാനാവുക, കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റാന്‍ പരിശ്രമിക്കുകയാണ്.

മറ്റൊന്ന് – ഡി.ജി.പി ഉള്‍പ്പെടെയുള്ള ഐ.പി.എസുകാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഐ.എ.എസ്സുകാരും ഒദ്യോഗിക കാറുകളില്‍ കറുത്ത കൊടി പാറിക്കുന്നുണ്ടല്ലോ? ഇത് ആരുടെ അനുമതിയോടെയാണ്? സര്‍ക്കാര്‍ വാഹനങ്ങളില്‍ പതാക പറപ്പിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നല്ലേ നിയമം? എന്നിട്ട് ആ നിയമം ലംഘിക്കുന്ന നിങ്ങള്‍ക്കെതിരെ എന്തു നടപടി എടുത്തു? വലിയവന്റെ നിയമ ലംഘനങ്ങള്‍ തടയാന്‍ തന്റേടമുള്ള ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ആരുടെയും അനുമതി ഇല്ലാതെ നിങ്ങള്‍ പതാക പാറിപ്പറപ്പിച്ച് പോവുന്നു. മോട്ടോര്‍ വാഹന വകുപ്പിലോ പൊലീസിലോ ചങ്കൂറ്റവും നട്ടെല്ലുമുള്ള ഒരാള്‍ വിചാരിച്ചാല്‍ നാളെ ഇതെല്ലാം അഴിച്ചുമാറ്റാന്‍ കഴിയുന്നതേയുള്ളൂ. നിയമപരമായി അത്തരം ശരികള്‍ ചെയ്യാനുള്ളവരെ മുളയിലേ നുള്ളാന്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങുമ്പോള്‍ നമ്മുടെ നാട് കൂടുതല്‍ ഇരുട്ടിലേക്ക് പോവുന്നു.

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്‍ എം പോള്‍ സത്യസന്ധനായ ഓഫീസറായിരുന്നു. നാളെ ടി.പി.സെന്‍കുമാറിനെപ്പറ്റിയും ഖേദപൂര്‍വ്വം അങ്ങനെ പറയേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നല്‍കുന്ന സൂചന. അന്വേഷണോദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ക്ക് മുകളില്‍ തന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്ന വിവിധ കോടതിവിധികള്‍ മറന്ന് പെരുമാറിയതിനാണ് വിന്‍സെന്‍ എം പോളിന് അപഹാസ്യമായ ഇറങ്ങിപ്പോക്ക് വേണ്ടിവന്നത്. ബാര്‍ കോഴക്കേസില്‍ എസ്.പി ആര്‍.സുകേശന്റെ കണ്ടെത്തലുകള്‍ ശരിയല്ല എന്ന അഭിപ്രായമുണ്ടെങ്കില്‍ അത് സ്വീകരിക്കാതിരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ട്. അത് തള്ളുംമുമ്പ് മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിച്ച് പുനരന്വേഷണം നടത്തുകയായിരുന്നു വേണ്ടത്.

ബാര്‍ കോഴക്കേസില്‍എന്തുകൊണ്ട് അത് സാദ്ധ്യമായില്ല? ഈ കേസ് വരുമ്പോള്‍ ജേക്കബ് തോമസ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരുന്നല്ലോ. സര്‍ക്കാര്‍ ഉത്തരവുപ്രകാരം ജേക്കബ്‌തോമസിന് അന്വേഷണച്ചുമതല ഇല്ല. പക്ഷെ, അദ്ദേഹം ഈ കേസ് നന്നായി പഠിച്ച് ക്വിക് വെരിഫിക്കേഷന്‍ എഫ്.ഐ.ആര്‍ തയ്യാറാക്കി. അതില്‍ അന്വേഷിക്കേണ്ട കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടുണ്ടായിരുന്നു. അത് ഏതെങ്കിലും ഒരാളിന് പുതിയതായി ചുമതല നല്‍കി പുനരന്വേഷണം നടത്തിയാലും അട്ടിമറിക്കാന്‍ കഴിയുന്നതായിരുന്നില്ല. ബാര്‍ ഹോട്ടലുടമകള്‍ ബാങ്കുകളില്‍നിന്നെടുത്ത പണം ഉള്‍പ്പെടെ എന്തുചെയ്തു എന്നതിന് വ്യക്തമായ മറുതെളിവുകള്‍ കണ്ടെത്താന്‍ എളുപ്പമല്ലെന്ന് നിയമമന്ത്രി ഉള്‍പ്പെടെയുള്ളവരെ മറ്റാരെങ്കിലും പഠിപ്പിക്കണോ?അതാണ് ജേക്കബ് തോമസിനോട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അവരുടെ ‘ആശ്രിതരായ അടിമവംശ’ ഉദ്യോഗസ്ഥര്‍ക്കും തീര്‍ത്താല്‍ തീരാത്ത കലിക്ക് കാരണം. ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍, രാഷ്ട്രീയാധികാരികള്‍ക്ക് ആശ്രയിക്കാവുന്ന മറ്റൊരു മാഫിയയായി ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ മാറി. ആ വരുമാന സ്രോതസ്സിനെ ഫയര്‍ഫോഴ്‌സിലേക്ക് മാറ്റപ്പെട്ട ജേക്കബ്‌തോമസ് തടഞ്ഞാല്‍ സര്‍ക്കാരിന് പൊറുക്കാനാവുമോ? ബഹുനില മന്ദിരങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷയെക്കാള്‍ ‘സ്വന്തം’ സാമ്പത്തിക സുരക്ഷയാണ് പ്രധാനമെന്ന് ഭരണരാഷ്ട്രീയ നേതൃത്വം തീരുമാനിച്ചു!

ഫയര്‍ഫോഴ്‌സില്‍നിന്ന് ജേക്കബ്‌തോമസിനെ മാറ്റി പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ എം.ഡിയായി നിയമിക്കുമ്പോള്‍ സംസ്ഥാന പൊലീസ് മേധാവി കാശിക്ക് പോയിരിക്കുകയായിരുന്നോ? പുതിയതായി നിയമിതനായ ആളെക്കാള്‍ ജൂനിയറായ ഐ.പി.എസ്സുകാരന് ചെയര്‍മാന്‍ സ്ഥാനം കൂടി നല്‍കിയിരുന്നല്ലോ. ജേക്കബ് തോമസിന് അത് നല്‍കാതെ അപമാനിക്കാന്‍ നോക്കിയപ്പോള്‍ ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി ആ പിഴവ് തിരുത്തേണ്ടത് ആരായിരുന്നു?

എന്തുകൊണ്ട് താന്‍ മാസാമാസം സ്ഥലംമാറ്റപ്പെടുന്നു എന്ന് വിശദീകരിക്കാന്‍ ഒരുദ്യോഗസ്ഥന്‍ തയ്യാറായി.അതിന് വിശദീകരണം ചോദിച്ചതാരാ? ചീഫ്‌സെക്രട്ടറി ജിജിതോംസണ്‍. നേരേചൊവ്വേ ആണെങ്കില്‍ ചീഫ്‌സെക്രട്ടറി ആകാന്‍ കഴിയാത്ത ആള്‍. പാമോയില്‍ അഴിമതി കേസില്‍ പ്രതി. ‘വഴിവിട്ട’ സഹായം കിട്ടുമ്പോള്‍ അത്തരം ‘സേവനം’ തിരിച്ചും നല്‍കാന്‍ ‘വിധേയനായ’ ആള്‍. ദേശീയ ഗെയിംസ് സമയത്ത് മന്ത്രി തിരുവഞ്ചൂരിനെ അഴിമതിക്കാരനാക്കി വാര്‍ത്താസമ്മേളനം നടത്തിയതിന് മന്ത്രിസഭായോഗത്തില്‍ മാപ്പുപറയേണ്ടിവന്ന ഉദ്യോഗസ്ഥന്‍! ഇരുകാലിലും മന്തുള്ളവന്‍ ഒറ്റക്കാലില്‍ മന്തുള്ളവനെ പരിഹസിക്കുന്ന ഉപമ ഇവിടെ ചെറുതായിപ്പോവും!

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരണം ചോദിച്ച കേസില്‍ അതിനെ സ്വാധീനിക്കത്തക്കവിധത്തില്‍ പൊലീസ് മേധാവി അഭിപ്രായം പറയുന്നത് ഏത് നിയമമനുസരിച്ചാണ്? വിശദീകരണത്തിനുശേഷമുള്ള നടപടികള്‍ ‘ക്വാസിജുഡീഷ്യല്‍’ സ്വഭാവമുള്ളതാണെന്ന് വിവിധ കോടതികള്‍ വിധിച്ചിട്ടുണ്ട്. അച്ചടക്ക നടപടിക്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ പൊലീസ് മേധാവിയുടെ പദവിയിലിരിക്കുന്ന ആള്‍ നടപടിയുടെ മെരിറ്റിനെ സംബന്ധിച്ച് ആധികാരിക മുന്‍വിധിയോടെ അഭിപ്രായം പറഞ്ഞത് അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവത്തെ അട്ടിമറിക്കാനല്ലേ?

ഐ.പി.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഡി.ജി.പിയുടെയും സര്‍ക്കാരിന്റെയും ‘ഓച്ഛാനിപ്പ് കുട്ടപ്പന്‍’മാരാണെന്ന് തെളിയിച്ചു. നീതിക്കു വേണ്ടി ഇരയോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണെന്ന് ആ സംഘടന വ്യക്തമാക്കിയിരിക്കുന്നു. അല്ലെങ്കിലും പൊലീസ് കുറേ നാളായി നീതിയുടെ പക്ഷത്തേ അല്ലല്ലോ. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവരെ എല്ലാ മാനദണ്ഡങ്ങളും മറികടന്ന് തെക്കുവടക്ക് സ്ഥലം മാറ്റുന്നതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ സത്യസന്ധരായ എത്ര ഉദ്യോഗസ്ഥര്‍ കേസ് കൊടുത്ത് കാത്തുനില്‍ക്കുന്നു. ഈ സംഘടനയും പൊലീസ് മേധാവിയും അക്കാര്യത്തില്‍ ഒന്നും മിണ്ടിയില്ലല്ലോ.പൊലീസ് ട്രെയ്‌നിംഗ് കോളേജില്‍ എസ്.പിയുടെ കഴുത്തിന് കുത്തിപ്പിടിച്ച ഭരണകക്ഷി സംഘടനാ നേതാവായ പൊലീസുകാരനെ ഡി.ജി.പി എന്തുചെയ്തു? അതുകൊണ്ടല്ലേ പൊലീസ് സംഘടനയുടെ ജില്ലാ നേതാക്കള്‍പോലും വനിതാ ഐ.പി.എസ്സുകാരെവരെ മോശക്കാരാക്കി ഫെയ്‌സ്ബുക്കില്‍ കമന്റിടുന്ന അവസ്ഥ വന്നത്?

അന്വേഷണോദ്യോഗസ്ഥന്റെ അഭിപ്രായം മറികടന്ന് സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് ഉപദേശം സ്വീകരിച്ച് ബാര്‍കോഴക്കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നാണല്ലോ വിന്‍സന്‍ എം പോള്‍ തീരുമാനിച്ചത്. ഇതിനായുള്ള ഉപദേശം വാങ്ങിനല്‍കിയത് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സലാണെന്ന് വിജിലന്‍സ് ഡയറക്ടറുടെ സ്‌ക്രൂട്ട്നി റിപ്പോര്‍ട്ടിലുണ്ടെന്ന് ജഡ്ജി ജോര്‍ജ് ഇല്ലിക്കാടന്‍ വിധിന്യായത്തിലെ മൂന്നാം പേജില്‍ പറയുന്നു.അതായത്, ബാര്‍ കോഴക്കേസിലെ ഒന്നാം പ്രതി കെ.എം.മാണിയെ കുറ്റവിമുക്തനാക്കാനുള്ള ‘നിയമോപദേശം ‘ വാങ്ങി നല്‍കിയത് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍! അപ്പോള്‍, വിന്‍സെന്‍ എം പോളിനെ ന്യായീകരിച്ച ചീഫ്‌സെക്രട്ടറിയും ഐ.പി.എസ് അസോസിയേഷനും ഡി.ജി.പിയും അല്ലേ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചത്? അങ്ങനെ വരുമ്പോള്‍, ‘സത്യമേവ ജയതേ’ എന്നു പറയുന്നത് ‘ഭീകര കുറ്റ’മായി മാറും! അതിനാണ് ഐ.പി.എസ് അസോസിയേഷനും ഡി.ജി.പിയും ചീഫ്‌സെക്രട്ടറിയും ഒത്തുപിടിക്കുന്നത്! സെന്‍കുമാറിനെക്കാള്‍ രണ്ടുവര്‍ഷത്തിനുശേഷം ഐ.പി.എസ്സില്‍ വന്ന ജേക്കബ്‌തോമസ് ഇപ്പോഴത്തെ മേധാവി പിരിഞ്ഞശേഷം മൂന്നുവര്‍ഷംകൂടി  സര്‍വീസിലുണ്ടാവും. ഒരു പക്ഷെ, പൊലീസ് മേധാവിയും ആയേക്കാം. അതെന്തായാലും, സത്യം തിരിച്ചറിയാവുന്ന ജനങ്ങള്‍ ഇവിടെ ഉണ്ടെന്ന് ഫെയ്‌സ്ബുക്കിലെ പ്രതികരണങ്ങളില്‍നിന്ന് ടി.പി.സെന്‍കുമാര്‍ എന്ന (പഴയ) സത്യസന്ധനായ ഓഫീസര്‍ മനസ്സിലാക്കിയാല്‍ അദ്ദേഹത്തിന് നന്ന്. എത്രനാള്‍ ഒരു കസേരയില്‍ ഇരുന്നു എന്നല്ല, എങ്ങനെ ഇരുന്നു എന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്.

പിന്‍കുറിപ്പ്: ‘റൈറ്റ് ക്‌ളിക്’ എന്ന് ഈ പംക്തി തുടരാനാവുമോ ആവോ?പൊലീസ് മേധാവിയാണ് ഇതില്‍ പരാമര്‍ശിക്കപ്പെട്ടവരില്‍ ഒരാള്‍. മാവോയിസ്‌റ്റോ തീവ്രവാദിയോ ആയി അകത്തായില്ലെങ്കില്‍ അധികം വൈകാതെ ഈ കോളത്തില്‍ വീണ്ടും കണ്ടുമുട്ടാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


               

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍