UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്നത്തെ വില്പനച്ചരക്ക് സെന്‍കുമാറാണ്; അതിനിടയില്‍ മനോരമയുടെ പുട്ടുകച്ചവടവും

ഇതൊരു dangerous cocktail  ആണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അഡ്വക്കറ്റ് ജനറലുമൊക്കെ ജനങ്ങളോട് കള്ളം പറയുന്നു എന്നും അപരാധികള്‍ക്ക് കുടപിടിയ്ക്കുന്നു എന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ സര്‍വ്വസാധാരണമായിരിക്കുന്ന കേരളത്തിലാണ് പുതിയ ഡി ജി പി അസാധാരണമായ വേഷപ്പകര്‍ച്ചയോടെ ജനപക്ഷത്തുനിന്ന് സംസാരിക്കുന്നത്. ഇതു സൂക്ഷിക്കണം; അതിലേറെ സുക്ഷിക്കണം, സന്ദര്‍ഭത്തിനനുസരിച്ച് കഥ മാറ്റിപ്പറയുന്ന വില്ലനെ നായകനായും നായകനെ വില്ലനാക്കിയും മാറ്റി മാറ്റി പ്രതിഷ്ഠിയ്ക്കുന്ന മലയാള മനോരമയുടെ ജേര്‍ണലിസ്റ്റിക് എത്തിക്സിനെ. 2015 മേയ് 30-ന് ‘കാര്‍ക്കശ്യത്തിന്റെ കാക്കി’ എന്നു പറഞ്ഞാണ് പോലീസ് മേധാവിയായി ചുമതലയേല്ക്കുന്ന ടി പി സെന്‍കുമാറിനെ ‘മലയാളമനോരമ’ അവതരിപ്പിക്കുന്നത്. ആദ്യ ചോദ്യംതന്നെ ഐ ജി യായിരിക്കെ, 2005ല്‍, ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് പരസ്യമായി ശകാരിച്ചതിനേയും സസ്‌പെന്റു ചെയ്തതിനേയും കുറിച്ചാണ്.

“അന്നത്തെ നടപടിയില്‍ ഒരുതെറ്റും ഇല്ല. പോലീസുകാരന്‍ അവിടെ ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. നിരപരാധികളായ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി അടിയ്ക്കരുതെന്നു പറഞ്ഞിട്ടും അയാള്‍ തുടര്‍ന്നു”. ഇതാണു മറുപടി.

അതായത്, സെന്‍കുമാര്‍ താന്‍ ചെയ്തത് ശരിയാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നു. അത് പരസ്യമായി പറയുകയും ചെയ്യുന്നു. മാത്രമല്ല, താന്‍ ചെയ്തത് നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനാണെന്നും പറഞ്ഞ് സ്വന്തം നടപടിയെ ജനപക്ഷത്തു നിര്‍ത്തുകയും ചെയ്യുന്നു. തെറ്റു ചെയ്ത പോലീസുകാരനെ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കാന്‍ (ആ പോലീസുകാരനും യൂണിഫോമിലായിരുന്നു) ഐ ജിയ്ക്ക് ആരാണ് അധികാരം തന്നിട്ടുള്ളത്? കോണ്‍സറ്റബിളിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചത്, നിരപരാധിയായിട്ടും പോലീസിന്റെ അടി ഏല്‌ക്കേണ്ടിവന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നെങ്കില്‍ പോലീസുകാര്‍ ആ പയ്യനെ വളഞ്ഞിട്ട് തല്ലുമായിരുന്നില്ലേ? പോലീസുകാരുടെ മേല്‍ കൈവയ്ക്കാന്‍ സാധാരണക്കാരനല്ല, ഒരു ഡി.ജി.പി.യ്ക്കും അധികാരമില്ല. പോലീസുകാരന്റെയല്ല, ഒരുത്തന്റേയും മേല്‍ കൈവയ്ക്കാന്‍ ഒരുത്തനും അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് ക്രിമിനല്‍ കുറ്റമാണ്. അത്തരം ക്രിമിനല്‍ കുറ്റം ചെയ്യുന്നത് പോലീസുകാരനാണെങ്കില്‍ (ഐ ജി ആണെങ്കിലും) അത് മനുഷ്യാവകാശലംഘനമാണ്. ക്രിമിനല്‍ കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ നല്കാനാണ് ഐ പി സിയും സി ആര്‍ പി സിയും കോടതികളും. അതിലൊരിടത്തും കുറ്റം ചെയ്തവനെ കൈയ്യേറ്റം ചെയ്യാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെന്നു പറയുന്നില്ല. പിന്നെ, എവിടെ നിന്നാണ് സെന്‍കുമാര്‍ നിങ്ങള്‍ക്ക് ആ അധികാരം കിട്ടിയത്? പോലീസുകാരന്റെ നെഞ്ചില്‍ കുത്തിപ്പിടിച്ച ഐ ജി യെ പോലീസുകാര്‍ വളഞ്ഞിട്ട് അടിയ്ക്കാതിരുന്നത്, ഒരുപക്ഷെ, അവര്‍ ഐ ജിയെ പേടിച്ചതുകൊണ്ടുമാത്രമായിരിക്കില്ല. ഐ ജിയെക്കാള്‍ വകതിരിവ് അവര്‍ക്ക് ഉള്ളതുകൊണ്ടുമാകാം.

അഭിമുഖത്തിന്റെ അവസാനഭാഗത്ത് മലയാളമനോരമയുടെ ലേഖകന്‍ ജി വിനോദ് ഇങ്ങനെ എഴുതുന്നു. ‘ക്രമസമാധാനപാലനത്തില്‍ മാത്രമല്ല, കുറ്റാന്വേഷണത്തിലും സെന്‍കുമാര്‍ മികവ് തെളിയിച്ചിട്ടുണ്ട്. ആട്, തേക്ക് മാഞ്ചിയം തട്ടിപ്പ്, ഫ്രഞ്ച് ചാരക്കേസ്, ഐ എസ് ആര്‍ ഒ ചാരക്കേസ് എന്നിങ്ങനെ പലതും.” 

ഒരുകാര്യം വ്യക്തമാക്കട്ടെ. ഐ എസ് ആര്‍ ഒ ചാരക്കേസില്‍ സെന്‍കുമാര്‍ ഒരന്വേഷണവും നടത്തിയിട്ടില്ല. കേസന്വേഷിച്ച സിബി മാത്യുസിന്റെ നേതൃത്വത്തിലുള്ള എസ് ഐ റ്റിയില്‍ സെന്‍കുമാര്‍ ഇല്ലായിരുന്നു. സെന്‍കുമാറിന് അന്വേഷണചുമതല കിട്ടുന്നത് ചാരക്കേസിന്റെ തുടര്‍ അന്വേഷണ ഘട്ടത്തിലായിരുന്നു. പക്ഷെ, തുടര്‍ അന്വേഷണം നടന്നിട്ടില്ല. തുടര്‍ അന്വേഷണമന്നത് നിരപരാധികളെ പ്രതികളാകാനുള്ള കേരള സര്‍ക്കാരിന്റേയും പോലീസിന്റെയും ദുരുദ്ദേശപരമായ നീക്കം (malafide intention) എന്ന് പറഞ്ഞ് സുപ്രീംകോടതി തള്ളിയതാണ്. ഇനി അന്വേഷണം നടത്തി എന്നാണ് ‘മലയാളമനോരമ’ കണ്ടെത്തിയതെങ്കില്‍ സെന്‍കുമാര്‍ പ്രവര്‍ത്തിച്ചത് സുപ്രീംകോടതി വിധിയ്‌ക്കെതിരായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തില്‍ സെന്‍കുമാര്‍ തന്റെ വിശദീകരണം അടുത്ത ദിവസങ്ങളില്‍ നല്കുമെന്നു കരുതിയവര്‍ക്ക് തെറ്റി. ഏതു നിയമവരുദ്ധ നടപടിയും തന്റെ പൊന്‍തൂവലാണെന്നുകരുതുന്ന ചില ഏമാന്മാര്‍ എക്കാലത്തും പോലീസ് സേനയില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അവര്‍ സേനയുടെ തലപ്പത്തെത്തുമ്പോള്‍ പ്രശ്‌നം ഗുരുതരമാകുന്നു.

ഇനി ചാരക്കേസുമായി സെന്‍കുമാറിനുള്ള ബന്ധം എന്താണെന്നു നോക്കാം. 1996ജൂലായ് 3-ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ മൈത്രേയനും ഞാനും ചേര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഒരു പരാതി അയച്ചു. ഐ എസ് ആര്‍ ഒ ചാരക്കേസ് ‘കള്ളവും അടിസ്ഥാനരഹിതവും’ (false and baseless) എന്ന് പറഞ്ഞ് സി ബി ഐ കോടതി തള്ളിയശേഷവും തുടര്‍ അന്വേഷണത്തിന് കേരള സര്‍ക്കാര്‍, നിയമവിരുദ്ധമായി, ഉത്തരവിറക്കിയതിനെതിരായായിരുന്നു ഞങ്ങളുടെ പരാതി. ഇതുകൂടാതെ, പോലീസ് പീഢിപ്പിച്ചതിനെതിരായി മാലിദ്വീപിലെ രണ്ടു വനിതകളായ മറിയം റഷീദയും ഫൗസിയ ഹസ്സനും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.

ഞങ്ങളുടെ പരാതിയില്‍ നാലാം എതിര്‍കക്ഷിയായി കാണിച്ചിരുന്നത് അന്നത്തെ പോലീസ് ഡി ജി പിയെയായിരുന്നു എങ്കിലും ദേശീയ മനുഷ്യാവകാശകമ്മീഷന്‍ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടത് അതേ ഡി ജി പിയോടുതന്നെയായിരുന്നു. അതായത് അന്ന് ഡി ജി പി ആയിരുന്ന ടി പി സെന്‍കുമാറിനോട് തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി നല്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സെന്‍കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് മൈത്രേയനും ഞാന്‍ തൈക്കാട് ഗസ്റ്റ്ഹൗസിലെത്തി സെന്‍കുമാറിന് ഞങ്ങളുടെ മൊഴിയും അനുബന്ധരേഖകളും നല്കി. എന്നാല്‍ രണ്ടുദിവസം കഴിയുന്നതിനുമുമ്പ് ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പുനര്‍ അന്വേഷണച്ചുമതല ഇതേ സെന്‍കുമാറിന് നല്കിക്കൊണ്ട് കേരള സര്‍ക്കാരിന്റെ ഉത്തരവുവന്നു.

സംഗതിയുടെ കാതല്‍ ഇതാണ്. ചാരക്കേസിലെ പ്രതികളുടെ നേര്‍ക്ക് കേരള പോലീസ് നടത്തിയ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷിച്ച അതേ സെന്‍കുമാര്‍ തന്നെയാണ് രണ്ടു ദിവസം കഴിയുമ്പോള്‍ നിരപരാധികളെന്ന് കോടതി വിധിച്ച പ്രതികള്‍ക്കെതിരെ തുടര്‍ അന്വേഷണമെന്നപേരില്‍ തുടര്‍ന്നും പീഢനം നടത്താനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇന്നത്തെപ്പോലെതന്നെ അന്നും സെന്‍കുമാറിന് അതിലൊരു അധാര്‍മ്മികത ഉള്ളതായിത്തോന്നിയില്ല.

മാത്രമല്ല, സെന്‍കുമാര്‍ ഒരുപടികൂടെ മുന്നോട്ടുപോയി. തുടര്‍ അന്വേഷണത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച കേസില്‍ (Criminal Appeal No. 491/97) അന്വേഷണ ചുമതലയുള്ള സെന്‍കുമാര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ സി ബി ഐയുടെ നിഗമനങ്ങള്‍ തെറ്റായിരുന്നു എന്നും സംസ്ഥാന പോലീസിന്റെ തുടര്‍ അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുകൊണ്ടു വരാന്‍ കഴിയുമെന്നും പറയുന്നുണ്ട്. അങ്ങനെയാണ് സെന്‍കുമാറിന്റെ അഭിപ്രായമെങ്കില്‍, സംസ്ഥാന സര്‍ക്കാര്‍ ആ കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ഔദ്യോഗിക രഹസ്യ നിയമത്തിന്റെ 13-ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിന് പരാതി നല്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുകയുമാണ് വേണ്ടതെന്ന് രേഖപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതി സെന്‍കുമാറിന്റെ വാദങ്ങള്‍ തള്ളുകയും തുടര്‍ അന്വേഷണത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവ് റദ്ദുചെയ്യുകയും ചെയ്തു. (സുപ്രീംകോടതി, ക്രിമിനല്‍ അപ്പീല്‍ നമ്പര്‍: 489/1997 ഏപ്രില്‍ 29,1998)

സംശയത്തിന് ഇടയില്ലാത്തവിധം സുപ്രീംകോടതി വ്യക്തമാക്കിയ കാര്യം ഇതാണ്. ഔദ്യോഗിക രഹസ്യ നിയമമനുസരിച്ച്, ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ കാര്യത്തില്‍, കേസെടുക്കാന്വേഷിക്കാനോ അതിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.

ഇത്രയും മിടുക്കനായ സെന്‍കുമാര്‍ ആ നിയമം ഒരാവര്‍ത്തിയെങ്കിലും വായിച്ചിരുന്നോ? വായിച്ചിരുന്നെങ്കില്‍, ഇത്തരമൊരു എതിര്‍ സത്യവാങ്മൂലം നല്കുമായിരുന്നോ? സെന്‍കുമാര്‍ നിയമം വായിച്ചു മനസ്സിലാക്കിയ ശേഷം തന്നെയായിരുന്നു നിയമത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സത്യവാങ്മൂലം നല്കിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. (അതിനുകാരണങ്ങള്‍ ഉണ്ട്, അത് പിന്നീടുപറയാം.) ഒപ്പം സെന്‍കുമാര്‍ മറ്റുചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടിയിരുന്നില്ലേ? ഒരു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ അടിസ്ഥാനം ക്രൈം അല്ലെ? ക്രൈം നടക്കാതെ എങ്ങനെയാണ് അതിന്മേല്‍ അന്വേഷണവും തുടര്‍ അന്വേഷണവും നടത്താന്‍ കഴിയുക? ചാരക്കേസില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ രണ്ടാണ്. ഒന്ന്, ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാന് ചാരപ്പണി നടത്തി വിറ്റു. രണ്ട്, വികാസ് എഞ്ചിന്റെ സാങ്കേതിക വിദ്യ റഷ്യയ്ക്ക ചാരപ്പണി നടത്തിവിറ്റു.

ഇത് നിങ്ങള്‍ വായിക്കുന്ന ഈ നിമിഷത്തിലും റോക്കറ്റില്‍ ഉപയോഗിക്കാന്‍ പരുവത്തിലുള്ള ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടില്ല. 2015-ല്‍ പോലും സ്വായത്തമാക്കാന്‍ കഴിയാത്ത സാങ്കേതികവിദ്യ 1994-ല്‍ എങ്ങനെയാണ് പാകിസ്ഥാന് വില്ക്കാന്‍ കഴിയുക?

വികാസ് എഞ്ചിന്റെ സാങ്കേതികവിദ്യ ഇന്ത്യയുടേതാണ്. ഇതാകട്ടെ 30-35വര്‍ഷം മുമ്പ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ സാങ്കേതിക വിദ്യയുടെ തദ്ദേശീയ രൂപമാണ്. ഇതില്‍ ദ്രവ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഫ്രാന്‍സ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചതിന് എത്രയോവര്‍ഷം മുമ്പുതന്നെ റഷ്യയ്ക്ക് അവരുടേതായ ദ്രവ ഇന്ധന സാങ്കേതികവിദ്യ ഉണ്ട്. അതാകട്ടെ, ഫ്രാന്‍സിന്റേതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടതാണു താനും. അപ്പോള്‍ പിന്നെ ഗുണനിലവാരംകുറഞ്ഞ സാങ്കേതികവിദ്യ എന്തിനാണ് ഏറ്റവും നല്ല ഗുണനിലവാരമുള്ള സാങ്കേതികവിദ്യ വളരെ പണ്ടുതന്നെ സ്വായത്തമാക്കിയ റഷ്യയ്ക്ക് നമ്പിനാരായണനും കൂട്ടരും ചേര്‍ന്ന് ചാരപ്പണി നടത്തി വില്ക്കുന്നത്?

സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയാന്‍ ഒരു പോലീസ് കോണ്‍സറ്റബിളിനു കഴിയണമെന്നില്ല. പക്ഷെ, ഒരു ഐ.ജിയ്‌ക്കോ? പിന്നെ എന്തിനായിരുന്നു തുടര്‍ അന്വേഷണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ട് സെന്‍കുമാര്‍ എതിര്‍ സത്യവാങ്മൂലം നല്കിയത്?

ചാരക്കേസ് കള്ളവും അടിസ്ഥാനരഹിതവും എന്ന് കണ്ടെത്തിയ സി ബി ഐ 1996 ജൂണ്‍ 3-ാം തീയതി സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള കേരള പോലീസ് അംഗങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ നിരത്തിക്കൊണ്ട് അവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിച്ചു (ലെറ്റര്‍ നമ്പ: 2783/3/11(s)94  SIU V/SIC – III). ഒരുപാട് തലകള്‍ ഉരുളുമെന്ന് പോലീസ് സേന തിരിച്ചറിഞ്ഞു. തുടര്‍ അന്വേഷണത്തിലൂടെ സി ബി ഐ യുടെ കണ്ടെത്തല്‍ തെറ്റായിരുന്നുവെന്നും കേരള പോലീസിന്റെ നിഗമനങ്ങള്‍ ശരിയായിരുന്നുവെന്നും ഒരു റിപ്പോര്‍ട്ടുണ്ടാക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുക എന്നതുമാത്രമായിരുന്നു തുടര്‍ അന്വേഷണത്തിന്റെ ലക്ഷ്യം. ആ ഉദ്ദേശ്യം സെന്‍കുമാര്‍ നല്കിയ എതിര്‍ സത്യവാങ്മൂലത്തിന്റെയും മറ്റു രേഖകളുടെയും സഹായത്തോടെ സുപ്രീംകോടതി മനസ്സിലാക്കി. ഉത്തരവിന്റെ അവസാനഭാഗത്ത് കോടതി ഇങ്ങനെ രേഖപ്പെടുത്തി. “If before taking up further investigation an opinion has already been formed regarding the guilt of accussed and, that too, at a stage when the commission of the offence itself is get to be proved, it is obvious that the investigation cannot and will not be fair-and its outcome appears to be a forgone conclusion”.

അതായത് കുറ്റം കൃത്യം തന്നെ നടന്നതായിട്ട് തെളിയിക്കാതിരുന്നിട്ടുപോലും നിരപരാധികളായ മനുഷ്യരെ അറസ്റ്റുചെയ്യാനും ചോദ്യം ചെയ്യാനും അവകാശം കിട്ടിയാല്‍ അവരെകൊണ്ട് നടക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത കുറ്റകൃത്യം നടത്തിയതായി തെളിയിച്ചുതരാമെന്നാണ് സെന്‍കുമാര്‍ കൊടുത്ത എതിര്‍ സത്യവാങ്മൂലത്തിന്റെയും സര്‍ക്കാരിന്റെ നിലപാടിന്റെയും രത്‌നചുരുക്കം.

ഓര്‍ക്കുക, ഇതേ കേസിലെ നിരപരാധികളായ മനുഷ്യര്‍ക്കെതിരെ നടന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ അന്വേഷണം നടത്തിയ അതേ സെന്‍കുമാര്‍ തന്നെയാണ് നിരപരാധികളെ അപരാധികളാക്കി മാറ്റിത്തരാമെന്ന് സുപ്രീംകോടതി മുമ്പാകെ യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞത്.

കുറ്റം ആരോപിക്കപ്പെട്ട പ്രതികള്‍ക്ക് കോടതി ചിലവിനായി ഒരു ലക്ഷം രൂപ വീതം നല്കാന്‍ വിധിച്ച സുപ്രീം കോടതി വിധിന്യായം നിര്‍ത്തുന്നത് ഇങ്ങനെയാണ്.

“from the above facts and circumstances we are constrained to say that the issuance of the impagned notification (order of further investigation) does not comport with the known pattern of a responsible government bound by rule of law. This is undoubledly a matter of concern and consternation. We say no more”.

അടിമുടി നുണയായിരുന്ന ചാരക്കേസ് നിയമവിരുദ്ധമായി തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ട് അതിന്മേല്‍ സുപ്രീം കോടതിയുടെ അതിരൂക്ഷമായ വിമര്‍ശനം കേരള സര്‍ക്കാര്‍ എന്തിനു ക്ഷണിച്ചുവരുത്തി? പോലീസ് ഉദ്യോഗസ്ഥരെ ഏതു വിധേനയും രക്ഷിക്കാന്‍ പോലീസുകാര്‍തന്നെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ ബ്ലാക് മെയില്‍ ചെയ്യുകയായിരുന്നു എന്ന് അന്ന് കേട്ടിരുന്നു.

വിതുര പെണ്‍വാണിഭകേസില്‍ നായനാരുടെ മകനും ഉണ്ടായിരുന്നു എന്നൊക്കെയായിരുന്നു അന്ന്‍ വാര്‍ത്തകള്‍. എന്നാല്‍, സാധാരണ മന്ത്രിമാരുടേയും മന്ത്രിപുത്രന്മാരുടെയുമൊക്കെ പേരുകള്‍ പിന്നീടുള്ള അന്വേഷണത്തില്‍ മാഞ്ഞുപോകുന്നതുപോലെ, നായനാരുടെ മകന്റെ പേരും മാഞ്ഞുപോയതാകാം എന്ന് കരുതുന്നവരുണ്ട്. ആ പ്രശ്‌നം മുന്നിലെടുത്തിട്ട് നായനാരെക്കൊണ്ട് നിയമവിരുദ്ധമായ further investigation  ഉത്തരവ് പോലീസുകാര്‍ നേടിയെടുക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

further investigation ന് വേണ്ടി പോലീസ് കണ്ടെടുത്ത ടി പി സെന്‍കുമാര്‍ തന്നെയായിരുന്നു വിതുര പെണ്‍വാണിഭം അന്വേഷിച്ചതെന്നത് തീര്‍ത്തും സാന്ദര്‍ഭികമായിരിക്കാം.

‘മലയാളമനോരമ’യുടെ അഭിമുഖത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇല്ല. സെന്‍കുമാര്‍ കുറ്റാന്വേഷകന്റെ മികവ് കാണിച്ച കേസായിട്ടാണ് ഐ എസ് ആര്‍ ഒ ചാരക്കേസ് മനോരമ എടുത്തുപറയുന്നത്. അതൊരു സുഖിപ്പിക്കലാണ്. പുതിയ ഡി ജി പിയേയും മനോരമയുടെ തന്നെ ഭൂതകാല വിക്രിയയേയും.

ചാരക്കേസില്‍ ഏറ്റവും കൂടുതല്‍ നുണകള്‍ ഏറ്റവും കൂടുതല്‍ നാള്‍ തുടര്‍ച്ചയായി എഴുതിയ പത്രമാണ് ‘മലയാള മനോരമ’. ചാരക്കേസ് കള്ളമാണെന്ന്‌കോടതി പറഞ്ഞപ്പോള്‍ നമ്പി നാരായണനെ പ്രകീര്‍ത്തിച്ചുകൊണ്ട് ആദ്യമായി സണ്‍ഡേ സപ്ലിമെന്റില്‍ സ്‌പെഷ്യല്‍ ഫീച്ചര്‍ തയ്യാറാക്കിയതും ‘മലയാളമനോരമ’ തന്നെ. പിന്നീട്, പത്രത്തിലൂടെയും ചാനലിലൂടെയും നമ്പി നാരായണനെ വാനോളം പുകഴ്ത്തിയതും ഇതേ മനോരമതന്നെ. അന്നന്നു വില്ക്കാന്‍ സാധ്യതയുള്ളത് വിറ്റ് കാശുണ്ടാക്കുക എന്നതാണ് ‘മലയാള മനോരമ’യുടെ എക്കാലത്തേയും പത്രധര്‍മ്മം. എങ്കിലും അവരുടെ ഉള്ളില്‍ അവര്‍ എഴുതിവിട്ട ‘മറിയം തുറന്നുവിട്ട ഭൂതം’ പോലുള്ള ലേഖനപരമ്പരകള്‍ സുഖം നല്കുന്ന ഓര്‍മ്മകളായി നിലനില്ക്കുന്നു. സെന്‍കുമാറിന്റെ സുഖിപ്പിയ്ക്കുന്നതിലൂടെ തങ്ങള്‍ പണ്ട് എഴുതിയതൊക്കെ മഹാകാര്യങ്ങളായിരുന്നു എന്ന ഒരു സ്വയം സുഖിപ്പിയ്ക്കല്‍ കുടിയുള്ള മനോരമയുടെ വരികളില്‍. 

ഇന്നത്തെ വില്പനചരക്ക് സെന്‍കുമാറാണ്. അതിന്റെ ഇടയില്‍ സ്വന്തം പുട്ടുകച്ചവടം കൂടി നടക്കട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍