UPDATES

സര്‍ക്കാരെ, നിങ്ങളുടെ ദുര്‍വാശിക്ക് ചെലവാക്കാനുള്ളതല്ല പൊതുജനത്തിന്റെ പണം

ഒരാനുകൂല്യവും സര്‍ക്കാര്‍ കോടതിയില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണു നിയമവിദഗ്ദര്‍ ഉറപ്പിച്ചു പറയുന്നത്

സര്‍ക്കാരിന്റെ അനാവശ്യ വാശി പൊതുഖജനാവിന് 25,000 രൂപ നഷ്ടമാക്കിയിരിക്കുകയാണ്. ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രിം കോടതി ഉത്തരവില്‍ വ്യക്തതയും പുനഃപരിശോധനയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതി കയറും മുന്നേ സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ മനസിലാകുമായിരുന്നു എന്തായിരിക്കും അന്തരഫലമെന്ന്. അവിടെയാണു സര്‍ക്കാര്‍ അനാവശ്യ വാശി കാണിച്ചത്. അതിന്റെ തിരിച്ചടി കിട്ടുകയും ചെയ്തു. ഇതിപ്പോള്‍ വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജിയെ തള്ളിയിട്ടുള്ളൂ. അടുത്ത ചൊവ്വാഴ്ച സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രിം കോടതി പരിഗണിക്കുകയാണ്. അവിടെയും സര്‍ക്കാരിനെ കാത്തിരിക്കുന്നത് മറിച്ചൊരു വിധിയായിരിക്കില്ലെന്നു നിയമവൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നു. അതിനുമുമ്പ് സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച് മാനം രക്ഷിക്കാന്‍ ശ്രമിക്കാം. അതല്ലെങ്കില്‍ ചീഫ് സെക്രട്ടറി സുപ്രിം കോടതി കയറേണ്ടി വരും. ഇന്നു കോടതിയതിനു തയ്യാറായില്ലെങ്കിലും സെന്‍കുമാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വാശി തുടരുകയാണെങ്കില്‍ നളിനി നെറ്റോ ഡല്‍ഹിയില്‍ പോകേണ്ടതായി തന്നെ വരും. തിരിച്ചു തിരുവനന്തപുരത്തു വന്നതിനു പിന്നാലെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു രാജിവയ്‌ക്കേണ്ടിയും വരും. ഒരുപക്ഷേ തടവ് ശിക്ഷവരെ കോടതി ചീഫ് സെക്രട്ടറിക്കു വിധിച്ചെന്നും വരാം.

തനിക്ക് അനുകൂലമായി വിധി പറഞ്ഞ ജസ്റ്റീസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചില്‍ തന്നെയായിരുന്നു സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയത്. മേയ് ഒന്നാം തീയതി ഇതേ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെടാത്തതിനെ തുടര്‍ന്നു കോടതി പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഈ നീക്കം സെന്‍കുമാര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നുവെന്ന തരത്തില്‍ ചില കേന്ദ്രങ്ങളും വ്യാഖ്യാനിച്ചിരുന്നു. അതായിരുന്നില്ല കാരണം. ഒന്നാം തീയതി അങ്ങനെയൊരു ഹര്‍ജി കോടതി പരിഗണിച്ചിരുന്നെങ്കില്‍ സെന്‍കുമാറിന് അനുകൂലമായി പരാമര്‍ശം ഉണ്ടാകാന്‍ സാധ്യതയില്ലായിരുന്നു. ഏപ്രില്‍ 24നു വന്ന വിധി മേയ് ഒന്നിനു മുമ്പ് നടത്തിയില്ലെന്നു പരാതിപ്പെട്ടാല്‍ കുറഞ്ഞതു 10 ദിവസമെങ്കിലും തങ്ങള്‍ക്കു വേണമെന്നു സര്‍ക്കാര്‍ തിരിച്ചു വാദിക്കാനും കോടതി അത് അംഗീകരിക്കാനും സാധ്യതയുണ്ടായിരുന്നു. ധൃതി പിടിക്കരുതെന്നു സെന്‍കുമാറിനെ ഉപദേശിക്കാനും ഇടയുണ്ടായിരുന്നു. ഇതു തനിക്കെതിരെയുള്ള പ്രചാരണമാക്കി സര്‍ക്കാര്‍ മാറ്റുമെന്നും ഹര്‍ജിക്കാരനായ സെന്‍കുമാറിനു ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാകാം അന്നത്തെ പിന്മാറ്റം നടന്നത്. സ്വാഭാവികമായ സമയത്തില്‍ പരിഗണിക്കട്ടെ എന്നു കരുതി. ഇന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നതും അങ്ങനെയാണ്. സെന്‍കുമാര്‍ ആഗ്രഹിച്ചതുപോലെ നടക്കുകയും ചെയ്തു.

സെന്‍കുമാര്‍ വിധിക്കെതിരെയുള്ള റിവിഷന്‍ ഹര്‍ജിയും വിധിയില്‍ വ്യക്തതയാവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജിയും സര്‍ക്കാരിനു കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാക്കാനെ ഉപകരിക്കൂ എന്നു സാമാന്യതത്വമനുസരിച്ചു നിയമവിദഗ്ദര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ സാമാന്യതത്വം സര്‍ക്കാരിന്റെ നിയമോപദേശകര്‍ക്കു മനസിലായില്ലേ എന്നാണു ഇന്നത്തെ കോടതി പരാമര്‍ശങ്ങള്‍ക്കു ശേഷം ഉണ്ടാകുന്ന ചോദ്യം. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നുമാറ്റാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് അവ തള്ളിയാണ് കോടതി സെന്‍കുമാറിന് അനുകൂലമായി വിധി പറഞ്ഞത്. ആ സാഹചര്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ കോടതിയില്‍ നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടിവരുമെന്നതില്‍ സംശയമേയില്ലായിരുന്നു. രണ്ടാമതായുള്ള സര്‍ക്കാര്‍ വാദം സെന്‍കുമാര്‍ പൊലീസ് മേധാവി ആയിരുന്നില്ല എന്നാണ്. സംസ്ഥാന പൊലീസ് മേധാവിയായി അല്ല യുഡിഎഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ നിയമിച്ചതെന്നും പൊലീസിന്റെ ചുമതലയുള്ള ഡിജിപി ആയാണ് നിയമിച്ചതെന്നും സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിക്കാം. പൊലീസ് മേധാവി അല്ലാതിരുന്ന ആളെ എങ്ങനെ ആ സ്ഥാനത്ത് വീണ്ടും നിയമിക്കും എന്നും കോടതിയെ ബോധിപ്പിക്കാമെന്നായിരുന്നു സര്‍ക്കാര്‍ കണക്കു കൂട്ടല്‍. എന്നാല്‍ ഈ വാദങ്ങളൊന്നും കേള്‍ക്കാന്‍പോലും കോടതി തയ്യാറായില്ല.

സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം സര്‍ക്കാരിനു തിരിച്ചടി കിട്ടാനായിരിക്കും ഉപകരിക്കുക എന്നു പൊലീസിലെയും നിയമരംഗത്തുമുള്ളവരും മുന്‍കൂട്ടി പറഞ്ഞിരുന്നതാണ്. സെന്‍കുമാര്‍ കേസില്‍ നല്‍കിയിരിക്കുന്ന വിധി വ്യക്തമല്ലേ എന്നും അദ്ദേഹത്തെ പുനര്‍നിയമിക്കാന്‍ പറയുന്നതില്‍ എന്ത് അവ്യക്തതയാണുള്ളതെന്നും കോടതി ചോദിച്ചാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് പ്രസക്തമല്ലാതാകും. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിയമിക്കുക എന്നതാണു കോടതി ഉത്തരവ് മറ്റ് നിയമനങ്ങളും മാറ്റങ്ങളുമായി ഈ വിധിയെ ബന്ധിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യം വന്നാല്‍ ഹരീഷ് സാല്‍വെയ്ക്കും ഉത്തരം മുട്ടും.

പൊലീസ് ചീഫ് ആയിരുന്ന ഒരാള്‍ അകാരണമായി തന്നെ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇരുഭാഗത്തിന്റെയും വാദങ്ങളും വിശദീകരണങ്ങളും പരിശോധിച്ചശേഷം നല്‍കിയ ഉത്തരവില്‍ പ്രസ്തുത വ്യക്തിയെ അദ്ദേഹം വഹിച്ചിരുന്ന പദവിയില്‍ വീണ്ടും നിയമിക്കുക എന്നല്ലേ വിധിയില്‍ പറഞ്ഞിരിക്കുന്നതെന്നും കോടതി ചോദിച്ചാലും ഉത്തരമുണ്ടാകില്ല.

സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ സംസ്ഥാന പൊലീസ് ചീഫ് എന്നു രേഖപ്പെടുത്തിയിട്ടില്ലെന്ന വാദം ബാലിശമാണ്.2012 ലെ കേരള പൊലീസ് അക്ട് പ്രകാരം നിയമിച്ച ഡിജിപി പൊലീസ് ചീഫ് അല്ലെന്നു വാദിച്ചാല്‍ കോടതി അംഗീകരിക്കുമെന്ന ബോധ്യം ആര്‍ക്കാണുണ്ടായത്.

ഒരുവര്‍ഷത്തോളം പൊലീസ് ചീഫ് എന്ന നിലയില്‍ തന്നെ ജോലി ചെയ്ത് ഒപ്പിട്ടുകൊണ്ടിരുന്ന ഒരാളാണ് സെന്‍കുമാര്‍ എന്നതും മറന്നാണോ സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകനെ സുപ്രിം കോടതിയിലേക്ക് അയച്ചത്?സെന്‍കുമാര്‍ പൊലീസ് ചീഫ് ആയിരുന്നില്ലെങ്കില്‍ പകരം ആരായിരുന്നു പൊലീസ് ചീഫ് സ്ഥാനം വഹിച്ചിരുന്നതെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്.

ഈ കാരണങ്ങളൊക്കെ ഏതൊരു സാധാരണക്കാരനും മുന്‍കൂട്ടി കണ്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഇതൊന്നും മനസിലാക്കിയില്ല എന്നത് അത്ഭുതമാണ്. അതിനുള്ള ഫലം അടുത്ത ചൊവ്വാഴ്ചയായിരിക്കും ഉണ്ടാവുക. വിധിയില്‍ പുനഃപരിശോധന വേണമെന്ന ആവശ്യത്തോട് കോടതി ഒട്ടും മയമില്ലാതെ തന്നെ പെരുമാറും എന്നു നിയമവിദഗ്ദര്‍ ഉറപ്പിക്കുകയാണ്. സെന്‍കുമാറിനു നിയമനം നല്‍കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യം സര്‍ക്കാര്‍ നേരിടേണ്ടിവരും.

മേയ് ഒമ്പതിനു കോടതി അവധിക്കു പിരിയുന്നതിനു മുമ്പ് ഏതങ്കിലും തരത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി തീരുമാനമുണ്ടാക്കി പരമാവധി സമയം സെന്‍കുമാറിനു നഷ്ടപ്പെടുത്താം എന്നായിരുന്നു സര്‍ക്കാര്‍ ബുദ്ധി. ആ ബുദ്ധി അതിബുദ്ധിയായിപ്പോയെന്നും വലിയ മണ്ടത്തരമായെന്നും ഇപ്പോള്‍ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടായിരിക്കും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍