UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് സ്‌റ്റേഷനുകളിലെ പെയിന്റടി വിവാദം: ബെഹ്‌റയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് സെന്‍കുമാര്‍

നിറം കൃത്യമായി മനസിലാക്കാന്‍ വേണ്ടിയാണ് ഡ്യൂലക്‌സ് കമ്പനിയുടെ പേര് ബെഹ്‌റ എടുത്ത് പറഞ്ഞതെന്നും സെന്‍കുമാര്‍

വിവാദമായ പെയിന്റടി ഉത്തരവില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിച്ച് ഡിജിപി ടി പി സെന്‍കുമാര്‍. നിയമങ്ങള്‍ക്ക് വിധേയമായാണ് ബെഹ്‌റ ഉത്തരവിറക്കിയതെന്നാണ് സെന്‍കുമാറിന്റെ ഇപ്പോഴത്തെ വിശദീകരണം.

ഉദ്ദേശിച്ച നിറം കൃത്യമായി മനസിലാക്കാന്‍ വേണ്ടിയാണ് ഡ്യൂലക്‌സ് കമ്പനിയുടെ പേര് ബെഹ്‌റ എടുത്ത് പറഞ്ഞതെന്നും സെന്‍കുമാര്‍ ന്യായീകരിച്ചു. കമ്പനിയുടെ പേര് പരാമര്‍ശിച്ചതാണ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും സെന്‍കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി 15ന് നടന്ന കണ്‍സ്ട്രക്ഷന്‍ റിവ്യൂ യോഗത്തിലാണ് സ്‌റ്റേഷനുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ ബെഹ്‌റ തീരുമാനിച്ചത്. അനുയോജ്യമായ നിറം നിര്‍ദ്ദേശിക്കാന്‍ പോലീസ് ഹൗസിംഗ് സൊസൈറ്റി എംഡിയെയാണ് ചുമതലപ്പെടുത്തിയത്. എംഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഏപ്രില്‍ 26ന് ഉത്തരവിറക്കിയത്. പുതുതായി പെയിന്റടിച്ച പോലീസ് സ്‌റ്റേഷനുകളില്‍ ഡ്യൂലക്‌സ് കൂടാതെ ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ഗര്‍ എന്നിവയുടെ പെയിന്റുകളും ഉപയോഗിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പരാതിക്കാരന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

പെയിന്റടി ഉത്തരവ് വിവാദമായതിന് പിന്നാലെ ഒടിയുന്ന ലാത്തികള്‍ വാങ്ങിയെന്ന ആരോപണവും ബെഹ്‌റയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ബെഹ്‌റ ഡിജിപിയായിരിക്കെ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്ത പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ സമരക്കാരെ നേരിടുമ്പോള്‍ ഒടിയുന്നുവെന്നാണ് ആരോപണം. ഒടിയുന്ന ലാത്തികള്‍ സമരക്കാരുടെ ദേഹത്ത് കുത്തിക്കയറുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നുണ്ട്. ഇതോടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ലാത്തികള്‍ പോലീസ് ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം കേരളത്തിലെ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിരവധി ഉപകരണങ്ങള്‍ ബഹ്‌റയുടെ കാലത്ത് വാങ്ങിക്കൂട്ടിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന സംരക്ഷണ വസ്ത്രങ്ങള്‍ ചൂടത്ത് ഉപയോഗിക്കാനാകില്ലെന്ന് പോലീസുകാര്‍ തറപ്പിച്ച് പറഞ്ഞതോടെ ഇവ പോലീസ് ക്യാമ്പുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇത്തരത്തില്‍ ഉപയോഗിക്കാനാകാത്ത നിരവധി സാധനങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരള പോലീസില്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്.

തിരുവനന്തപുരത്തെ സമരക്കാരെ നേരിടാന്‍ ഇത്തരം ഉപകരണങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞാണ് ഇവയൊക്കെ വാങ്ങിക്കൂട്ടിയത്. അതേസമയം ഈ പര്‍ച്ചെയ്‌സുകളൊന്നും പോലീസിന്റെ പര്‍ച്ചെയ്‌സ് കമ്മിറ്റി അറിഞ്ഞിട്ടില്ലെന്നും പോലീസ് നവീകരണത്തിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടില്‍ പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍