UPDATES

ഇന്ന് ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏഴ് ലക്ഷം കോടി രൂപ

അഴിമുഖം പ്രതിനിധി

ബോംബേ സ്റ്റോക് എക്‌സ്‌ചേഞ്ച് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 25,741.56 പോയിന്റില്‍. കഴിഞ്ഞ ദിവസത്തേക്കാള്‍ 1,624.51 പോയിന്റിന്റെ ഇടിവിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. അതായത് നിക്ഷേപകരുടെ നഷ്ടം കണക്കാക്കുകയാണെങ്കില്‍ ഏകദേശം ഏഴ് ലക്ഷം കോടി രൂപ. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ 10 കമ്പനികളുടെ നിക്ഷേപരുടെ നഷ്ടം മാത്രം രണ്ട് ലക്ഷം കോടി രൂപ വരും. 2008 ജനുവരി 21-നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ന് സെന്‍സെക്‌സ് നേരിട്ടത്. അന്ന് 2,062.2 പോയിന്റാണ് ഇടിഞ്ഞിരുന്നത്. റിയല്‍റ്റി, പവര്‍, എണ്ണ, വാതകം, ബാങ്ക്, ഓട്ടോ, ലോഹം, ഐടി എന്നിങ്ങനെ എല്ലാ മേഖകളിലെ ഓഹരികളിലും ഇന്ന് കനത്ത വില്‍പനയാണ് ഉണ്ടായത്. ഓഹരി വിപണിയിലെ കൂട്ടരക്തച്ചൊരിച്ചിലിനിടയില്‍ ഡോളറിന് എതിരായ രൂപയുടെ മൂല്യവും രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തലത്തിലെത്തി. ഇന്ന് രൂപയുടെ മൂല്യം 66 പൈസ കുറഞ്ഞ് 66.49 ആയി. വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ അത്തരമൊരു ഇടിവ് രണ്ടു വര്‍ഷത്തിനുശേഷമാണ് ഉണ്ടാകുന്നത്.

മറ്റു സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടേത് മികച്ച നിലയിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാംരാജന്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ സമ്പദ്ഘടകങ്ങളും നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം വിപണിക്ക് ഉറപ്പ് നല്‍കി. ഇന്ത്യയുടെ വിദേശ നാണ്യശേഖരം 380 ബില്ല്യണ്‍ ഡോളറാണ്. ചൈനയുടെ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും ചൈനീസ് നാണയമായ യുവാന്റെ മൂല്യം കുറച്ചതും ആണ് ആഗോള വിപണിയെ പിടിച്ചുലച്ചത്. ആഗോള തലത്തില്‍ സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തിലാകുന്നതും യൂറോപിലെ പ്രശ്‌നങ്ങളും ചൈനയ്ക്ക് ഒപ്പം വിപണിയെ ആശങ്കയിലാക്കുന്നുണ്ട്. യുഎസ് കരകയറുന്നുവെന്ന വാര്‍ത്തകള്‍ക്കും വിപണിയിലെ രക്തച്ചൊരിച്ചിലിനെ തടയാന്‍ ആയില്ല. അത്തരം ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണി ഇപ്പോഴും പ്രതീക്ഷയുള്ള ഇടമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇന്ത്യയില്‍ ഉല്‍പന്നങ്ങളുടെ വില കുറഞ്ഞ് നില്‍ക്കുന്നത് നല്ലതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍