UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വന്തം പതാക; കശ്മീരിനു പിന്നാലെ കര്‍ണാടകയും

ജമ്മു കശ്മീര്‍ മാത്രമാണ് ഇപ്പോള്‍ സ്വന്തമായി പതാകയുള്ള സംസ്ഥാനം

സംസ്ഥാനത്തിന് സ്വന്തമായി ഒരു പതാക രൂപ കല്‍പ്പന ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമനടപടികള്‍ പരിശോധിക്കുന്നതിനും കര്‍ണാടക സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്‌സണായി ഒരു ഒമ്പതംഗ സമിതിക്ക് രൂപം നല്‍കി. ഇപ്പോള്‍ കര്‍ണാടക ഉപയോഗിക്കുന്ന ചുവപ്പും മഞ്ഞയും കൂടിയ അതേ മാതൃകയില്‍ തന്നെ തങ്ങളുടെ സ്വതന്ത്രമായ പതാക രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കുമോയെന്നു പരിശോധിക്കാനും സമതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ വിജയിക്കുകയാണെങ്കില്‍ സ്വന്തം പതാക ഉപയോഗിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനമായി കര്‍ണാടക മാറും. ആര്‍ട്ടിക്കിള്‍ 370 വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് സ്വന്തമായി പതാകയുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി വന്നിരിക്കുന്നത്. ബിജെപി അധികാരത്തില്‍ തിരിച്ചുവരാതിരിക്കാനുള്ള തന്ത്രംകൂടി ഇതിനു പിന്നിലുണ്ടെന്നു കരുതുന്നു.

എന്നാല്‍ സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചു രംഗത്തു വന്നിരിക്കുകയാണ് ബിജെപി. സംസ്ഥാനത്തിന് ഔദ്യോഗികമായി മറ്റൊരു പതാക ഉണ്ടാവുന്നത് ഇന്ത്യയുടെ ഐക്യത്തിനും സമത്വത്തിനും എതിരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്ര മന്ത്രിയുമായ ഡി സദാനന്ദഗൗഡ രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇന്ത്യ ഒരൊറ്റ രാഷ്ട്രമാണ്. ഒരു രാജ്യത്ത് രണ്ടു പതാകകള്‍ പാടില്ല; ഗൗഡ പറഞ്ഞു.

ജൂണ്‍ ആറിനാണ് പതാക രൂപകല്‍പ്പനയുമായി ബന്ധപ്പെട്ടുള്ള കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഗവര്‍ണര്‍ ഒപ്പുവച്ച ഈ ഉത്തരവില്‍ പറയുന്നത് ഈ കമ്മിറ്റി സംസ്ഥാനത്തിന്റെതായ ഒരു പതാക രൂപകല്‍പ്പന ചെയ്യുമെന്നും അതിനൊപ്പം ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുമെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍