UPDATES

സര്‍വകക്ഷി സംഘത്തെ കാണാന്‍ വിഘടനവാദി നേതാക്കള്‍ വിസമ്മതിച്ചു

അഴിമുഖം പ്രതിനിധി

ഇതുവരെ 74 പേരുടെ മരണത്തിനടയാക്കിയ കശ്മീര്‍ താഴ്‌വരയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമാധന ചര്‍ച്ചയ്ക്കായി ഇവിടെ എത്തിയ സര്‍വകക്ഷി സംഘത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സര്‍വകക്ഷി നേതാക്കളെ കാണാന്‍ വിഘടനവാദി നേതാക്കള്‍ വിസമ്മതിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ 28 അംഗങ്ങളാണ് സര്‍വകക്ഷിസംഘത്തില്‍ ഉള്ളത്.

സംഘത്തിലുള്ള സിപി ഐ നേതാവ് ഡി രാജ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡിയുടെ ജയ്പ്രകാശ് നാരായണ്‍ യാദവ്, ജെഡിയുവിന്റെ ശരദ് യാദവ് എന്നിവര്‍ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയെ കാണാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടുതടങ്കലില്‍ കഴിയുന്ന ഗീലാനി ഈ കൂടിക്കാഴ്ച്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ചില്ല. 

യാസിന്‍ മാലിക്കിനെ സന്ദര്‍ശിച്ചു സംസാരിക്കാനും ഈ സംഘം ശ്രമം നടത്തിയെങ്കിലും മാലിക്കിന്റെ ഭാഗത്തു നിന്നും പ്രതികൂലമറുപടിയാണ് കിട്ടിയത്. അതേസമയം സര്‍വകക്ഷി സംഘത്തില്‍പ്പെട്ട എ ഐ എം ഐ എം നേതാവ് അസറുദ്ദീന്‍ ഒവൈസി മറ്റൊരു വിഘടനവാദി നേതാവ് മിര്‍വൈസിനെ ജയില്‍ ചെന്നു കാണാന്‍ ശ്രമിച്ചെങ്കിലും താതപര്യപ്പെടുന്നില്ലെന്ന മറുപടിയാണ് ഒവൈസിക്കും മിര്‍വൈസില്‍ നിന്നും കിട്ടിയത്. ഗീലാനിയെയും മാലിക്കിനെയും കാണാനും ഒവൈസി ശ്രമിച്ചിരുന്നു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വയംനിര്‍ണയാവകാശത്തെ കുറിച്ച് സുതാര്യമായ രീതിയില്‍ ചര്‍ച്ചകള്‍ അടിസ്ഥാനമാക്കിയുള്ള സത്യസന്ധമായ അജണ്ടയല്ല ഇന്ത്യന്‍ സംഘത്തിനുള്ളതെന്നാണു പ്രമുഖവിഘടനവാദി നേതാക്കള്‍ രണ്ടുദിവസത്തെ സര്‍വകക്ഷി സംഘത്തിന്റെ വരവിനു മുന്നേ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിനു മുമ്പ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും വിഘടനവാദി നേതാക്കളെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നെങ്കിലും നേതാക്കള്‍ ആ ക്ഷണവും നിരസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍