UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫുട്‌ബോളിനെ വിറ്റു കാശാക്കിയപ്പോള്‍ സംഭവിച്ചത്

Avatar

അഴിമുഖം പ്രതിനിധി

ലോകത്തിലെ ഏറ്റവും ശക്തമായ കായിക സംഘടനയായ ഫിഫയും സംഘടനയെ 17 വര്‍ഷത്തോളമായി നയിച്ചു കൊണ്ടിരിക്കുന്ന ജോസഫ് സെപ് ബ്ലാറ്ററും അഴിമതി ആരോപണങ്ങളുടെ ചളിക്കുണ്ടില്‍ വീണ് കിടക്കുന്നു. കായിക ലോകത്തെ അധികാരമേറെയുള്ള വ്യക്തിയാണ് ബ്ലാറ്റര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഫിഫയില്‍ നടന്ന അഴിമതികളുടെ ഭണ്ഡാരം കഴിഞ്ഞ ദിവസം സംഘടനയുടെ ഉന്നതരായ ഏഴുപേരുടെ അറസ്റ്റോടെ തുറക്കപ്പെട്ടത് അഞ്ചാമതും ഫിഫ പ്രസിഡന്റാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ബ്ലാറ്റര്‍ക്ക് തിരിച്ചടിയാകുകയാണ്.

അദ്ദേഹം പ്രസിഡന്റായതു മുതല്‍ വര്‍ഷങ്ങളായി ലോക ഫുട്‌ബോള്‍ രംഗത്ത് ഈ അഴിമതി ഭണ്ഡാരം ദുര്‍ഗന്ധം വമിപ്പിച്ചു കൊണ്ടിരുന്നുവെങ്കിലും അതിനെയെല്ലാം അധികാരവും പണവും കൊണ്ട് ഒതുക്കാന്‍ ബ്ലാറ്റര്‍ക്കും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നു. ആ പ്രതിരോധമാണ് എഫ്ബിഐയും സ്വിസ് അന്വേഷണ സംഘവും തകര്‍ത്തത്.

എഴുപത്തിയൊമ്പതുകാരനായ സ്വിറ്റ്‌സര്‍ലന്റ് സ്വദേശിയായ ബ്ലാറ്റര്‍ 1998 ജൂണ്‍ എട്ടിന് ഹാവലഞ്ചിന് പിന്‍ഗാമിയായി ഫിഫയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് 1975 മുതല്‍ ഫിഫയില്‍ ടെക്‌നിക്കല്‍ ഡയറക്ടറായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. യുഇഎഫ്എ (യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) പ്രസിഡന്റായിരുന്ന ലെന്നാര്‍ട്ട് ജോഹന്‍സ്സനെ മറികടന്നാണ് ബ്ലാറ്റര്‍ പ്രസിഡന്റാകുന്നത്. അദ്ദേഹത്തിന്റെ വിജയം അഴിമതി ആരോപണത്തില്‍ നിറം മങ്ങിപ്പോയി.

ബ്ലാറ്റര്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനുവേണ്ടി ലോക ഫുട്‌ബോളിലെ പ്രമുഖരായ 20 പേര്‍ക്ക് ഒരു മില്ല്യണ്‍ ഡോളര്‍ കൈക്കൂലിയായി ലഭിച്ചിരുന്നുവെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. ഓരോരുത്തര്‍ക്കും 50,000 ഡോളര്‍ ലഭിച്ചു. ആ തെരഞ്ഞെടുപ്പില്‍ ജോഹന്‍സ്സന്‍ ജയിക്കുമെന്ന് ഫുട്‌ബോള്‍ ലോകം കരുതിയിരിക്കവേയാണ് ബ്ലാറ്ററുടെ അട്ടിമറി വിജയം ഉണ്ടായത്. കൈക്കൂലി വാങ്ങിയെന്ന് ആരോപണ വിധേയരായവര്‍ അപ്രതീക്ഷിതമായി ബ്ലാറ്ററുടെ ക്യാമ്പിലേക്ക് കൂറുമാറിയെത്തിയവരാണ്.

ഈ തെരഞ്ഞെടുപ്പിലെ പിന്നാമ്പുറ സംഭവങ്ങളും ഫിഫയില്‍ നടക്കുന്ന അഴിമതികളും ഒക്കെ വിവരിച്ച് ബ്രിട്ടീഷ് എഴുത്തുകാരനായ ഡേവിഡ് യെല്ലോപ് എഴുതിയ ഹൗ ദേ സ്റ്റോള്‍ ദ ഗെയിം എന്ന പുസ്തകം പുറത്തു വരാതിരിക്കാന്‍ ബ്ലാറ്റര്‍ പതിനെട്ടടവും പയറ്റിയിരുന്നു. എന്നാല്‍ ഒരു ഡച്ച് കോടതി ബ്ലാറ്ററുടെ നീക്കങ്ങള്‍ക്ക് തടയിടുകയും യെല്ലോപ്പിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

ആരോപണങ്ങളെ കുറിച്ച് ഫിഫ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും ബ്ലാറ്റര്‍ അതിന് തയ്യാറായില്ല. 1998-ലെ തെരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു ലക്ഷം ഡോളര്‍ വാഗ്ദാനം ഉണ്ടായിരുന്നുവെന്ന് 2002-ല്‍ അദ്ദേഹം വീണ്ടും മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ വൈസ് പ്രസിഡന്റായിരുന്ന ഫറാ അദോ വെളിപ്പെടുത്തിയിരുന്നു.

വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ബ്ലാറ്ററുടെ ഭരണം. 2018, 2022 ലോകകപ്പുകള്‍ അനുവദിക്കുന്നതിന് മറവില്‍ അഴിമതികള്‍ നടന്നുവെന്നതിന്റെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍ നടന്നിട്ടുള്ളത്. ഫുട്‌ബോളിന്റെ ഭാവി വനിതകളിലാണെന്ന് 1995ല്‍ അദ്ദേഹം പ്രസ്താവിച്ചു. 2004-ല്‍ അദ്ദേഹം മറ്റൊരു പ്രസ്താവന കൂടെ നടത്തി. വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ആണുങ്ങളായ ആരാധകരെ ആകര്‍ഷിക്കുന്നതിനായി ഇറുക്കം കൂടിയ ഷോര്‍ട്ടുകളും ലോ കട്ട് ഷര്‍ട്ടുകളും ധരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഫിഫയില്‍ അഴിമതി ജീവിത രീതിയെന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ പറയാന്‍ ഇടയാക്കിയത് ലോക ഫുട്‌ബോളിന്റെ രക്ഷിതാക്കളായ ഈ സംഘടനയുടെ തൂണിലും തുരുമ്പിലും നിലനിന്നിരുന്ന അഴിമതിയാണ്. നിയമവിരുദ്ധമായ പണമിടപാടുകള്‍, കൈക്കൂലി വാങ്ങല്‍, അഴിമതി എന്നിവ ഇവിടെ പതിവ് കാഴ്ചകള്‍ ആയിരുന്നു. രാജ്യാന്തര ടൂര്‍ണമെന്റുകളുടെ വേദി അനുവദിക്കല്‍, സംപ്രേഷണ-മാര്‍ക്കറ്റിങ് അവകാശം വില്‍ക്കുന്നത് എന്നിവയാണ് ഫിഫയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഈ വരുമാന മാര്‍ഗങ്ങളെ ഫുട്‌ബോള്‍ മേലാളന്‍മാരും തങ്ങളുടെ വരുമാന മാര്‍ഗമാക്കി മാറ്റിയെന്ന് വ്യക്തം.

അഞ്ചാമതും ഫിഫ പ്രസിഡന്റാകാനുള്ള ബ്ലാറ്ററുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ് ഇപ്പോഴത്തെ അറസ്റ്റും വെളിപ്പെടുത്തലുകളും. നാലാം തവണ അദ്ദേഹം മത്സരിച്ചപ്പോള്‍ ഇനി ഒരു മത്സരത്തിന് താനുണ്ടാകില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആ വാഗ്ദാനത്തെ മറന്നു കൊണ്ടാണ് അദ്ദേഹം വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നത്. നാളെ ഫിഫയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവേ അദ്ദേഹത്തിന് എതിരെ ലോകമെമ്പാടും രോഷം കൊടുമ്പിരി കൊള്ളുകയാണ്. ഫുട്‌ബോള്‍ ആരാധകരും മുന്‍ കളിക്കാരും ഫിഫയുടെ വിവിധ സ്‌പോണ്‍സര്‍മാരുമെല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു കഴിഞ്ഞു. ഫുട്‌ബോള്‍ ലോകത്തേക്ക് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ നിക്ഷേപിച്ചു കൊണ്ടിരിക്കുന്ന കൊക്കക്കോളയും അഡിഡാസും മക്‌ഡൊണാള്‍ഡ്‌സും വിസയും ഒക്കെ ഫിഫയുടെ ശുദ്ധീകരണത്തിനായി സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് പുനപരിശോധിക്കുമെന്ന് വിസ ഫിഫയെ അറിയിച്ചും കഴിഞ്ഞു.

ഫുട്‌ബോളിനെ കച്ചവടവല്‍ക്കരിക്കുന്നതിന്റെ എല്ലാ ദോഷങ്ങളും ഫിഫയെ ബാധിച്ചിരുന്നു. പ്രൊഫഷണലൈസ് ചെയ്യുന്നതിന്റെ മറവില്‍ കായിക മേലധികാരികള്‍ കോടികള്‍ സമ്പാദിക്കുന്നതിനും ക്രോണി ക്യാപിറ്റലിസത്തില്‍ പങ്കാളികള്‍ ആകുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. ഇന്ത്യയില്‍ ക്രിക്കറ്റ് രംഗത്ത് ബിസിസിഐയുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്നത് നമ്മള്‍ കണ്ടതാണ്. കായിക രംഗം പ്രൊഫഷണലൈസ് ചെയ്യാത്തതു കൊണ്ടാണ് ഇന്ത്യ വളരാത്തത് എന്ന് പറയുന്നവരെ എതിര്‍ക്കുന്നവര്‍ക്കുള്ള വടികളാണ് ഫിഫയില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഫുട്‌ബോളിനെ വളര്‍ത്താന്‍ വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഫിഫ ചെലവഴിച്ചിട്ടും ഫലം കാണാത്തത് എന്തുകൊണ്ടാണെന്ന് ഈ അഴിമതിക്കഥകളുടെ വെളിച്ചത്തില്‍ ചിന്തിക്കുന്നത് നന്നാകും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍