UPDATES

യൂറോപ്പിന്റെ റെഡ് കാര്‍ഡ്; സെപ് ബ്ലാറ്റര്‍ രാജിവച്ചു

അഴിമുഖം പ്രതിനിധി

അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നാലു ദിവസം കഴിയും മുമ്പേ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സെപ് ബ്ലാറ്റര്‍ രാജി വച്ചു. ഏറെ വിവാദങ്ങളും അഴിമതിയാരോപണങ്ങളും എതിരു നിന്നിട്ടും മികച്ച ഭരിപക്ഷത്തോടെയായിരുന്നു ബ്ലാറ്റര്‍ ഫിഫയുടെ തലപ്പത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ബ്ലാറ്ററുടെ തെരഞ്ഞെടുപ്പ് ഫുട്‌ബോള്‍ ലോകത്ത് ശക്തമായ ധ്രുവീകരണത്തിനു വഴിവയ്ക്കാന്‍ തുടങ്ങുന്നതോടെയാണ് ബ്ലാറ്റര്‍ സ്ഥാനമൊഴിയുന്നത്. യുവേഫ ഒരുതരത്തിലും അദ്ദേഹവുമായി ഒത്തുപോകില്ലെന്ന നിലപാടിലെത്തിയതും ഒരു ബദല്‍ ലോകകപ്പ് തന്നെ പരിഗണനയില്‍ കൊണ്ടുവരികയും ചെയ്ത സാഹചര്യത്തിലാണ് ബ്ലാറ്ററുടെ അപ്രതീക്ഷിത നീക്കം. 

പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പായി സൂറിച്ചിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഏഴ് ഫിഫ അംഗങ്ങളെ എഫ്ബിഐ അറസ്റ്റു ചെയ്യുന്നതോടെയാണ് നാടകീയമായ സംഭവ വികാസങ്ങള്‍ തുടങ്ങുന്നത്. ഫിഫ സെക്രട്ടറിയായ ജനറല്‍ ജെറോം വാല്‍ക്കൈ 2008ല്‍ ഏകദേശം 63 കോടി രൂപ കൈക്കൂലി നല്‍കി എന്ന വാര്‍ത്ത പുറത്തുവന്നതോടെ ബ്ലാറ്ററുടെമേലും കരിനിഴല്‍ വീഴ്ത്തി. ജെറോ വാല്‍ക്കെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബ്ലാറ്ററോട് ഫുട്‌ബോള്‍ ലോകത്തെ പലരും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി ഫിഫ പ്രിസഡന്റ് തെരഞ്ഞെടുപ്പ് രംഗത്തു നിന്നു പിന്മാറാന്‍ ബ്ലാറ്ററോട് നേരിട്ട് ആവശ്യപ്പെടുകവരെ ചെയ്തു. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് ബ്ലാറ്റര്‍ അഞ്ചാം തവണയും ഫിഫയുടെ തലപ്പത്ത് എത്തുകയായിരുന്നു. ഇതോടെ യുവേഫയുടെ എതിര്‍പ്പ് ശക്തമായവുകയും യുറോപ്യന്‍ രാജ്യങ്ങള്‍ ഒന്നടങ്കവും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ പിന്തുണയോടെ ഫിഫയ്ക്ക് ബദല്‍ രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.

ഫിഫ സ്‌പോണ്‍സര്‍മാരായ വിസ, കോക്ക്, മക്‌ഡൊണാള്‍ഡസ് എന്നീ ബഹുരാഷ്ട്ര കമ്പനികള്‍ ബ്ലാറ്ററുടെ രാജീ തീരുമാനത്തെ സ്വാഗതം ചെയ്തു. ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയി ഫിഫയുടെ ഔദ്യോഗിക വലയത്തില്‍ കാല്‍ വച്ച ബ്ലാറ്റര്‍ 1998ല്‍ ആണ് ആദ്യമായി ഫിഫ പ്രസിഡന്റ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഫിഫയിലെ ജൈത്രയാത്ര പതിനേഴു വര്‍ഷത്തോളം തുടര്‍ന്ന സെപ് ബ്ലാറ്ററുടെ ഔദ്യോഗിക ജീവിതത്തിന് ഈ രാജി ഫൈനല്‍ വിസില്‍ മുഴക്കുമെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍