UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റിനെ കുറിച്ച് അറിയപ്പെടാത്ത ഏഴു വസ്തുതകള്‍

Avatar

അഴിമുഖം പ്രതിനിധി

1) സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്ര വിദഗ്ധനും രാഷ്ട്രീയ നേതാവുമായ ജെയിംസ് വില്‍സണ്‍ ആണ് ഇന്ത്യയുടെ പ്രഥമ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യാ കൗണ്‍സിലിലെ ഫിനാന്‍സ് മെംബറായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പുതിയൊരു നികുതി ഘടന സ്ഥാപിക്കുക, പുതിയ പേപ്പര്‍ കറന്‍സി അവതരിപ്പിക്കുക എന്നിവയായിരുന്നു ബജറ്റിലൂടെ അദ്ദേഹത്തിന്റെ ചുമതല. ഇന്ന് പത്തു ലക്ഷത്തിലേറെ വരിക്കാരുള്ള ദി ഇക്കണോമിസ്റ്റ് വാരിക സ്ഥാപിച്ചതും ഇദ്ദേഹമാണ്. ഒരു പത്രമായാണ് ജെയിംസ് വില്‍സണ്‍ ഇതു തുടങ്ങിയത്. ബജറ്റ് അവതരണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം അദ്ദേഹം ഇന്ത്യയില്‍ വച്ചു തന്നെ മരിക്കുകയും ചെയ്തു. 1860 ഓഗസ്റ്റ് 11-ന് കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം.

2) 2000 വരെ ഇന്ത്യയില്‍ ബജറ്റ് അവതരണം ഫെബ്രുവരിയിലെ അവസാന പ്രവര്‍ത്തി ദിവസം വൈകുന്നേരം അഞ്ചു മണിക്കായിരുന്നു. 2001-ല്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ഈ പതിവ് അവസാനിപ്പിച്ച് ബജറ്റ് അവതരണം രാവിലെ 11 മണി മുതലാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റിനു സൗകര്യപ്രദമായ സമയം ആയതിനാലാണ് അഞ്ച് മണിക്ക് ബജറ്റ് അവരണം നടത്തിയിരുന്നത്.

3) ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് 2014-ല്‍ അരുണ്‍ ജെയ്റ്റ്‌ലിയാണ്. അഞ്ചു മിനിറ്റ് ഇടവേള ഉള്‍പ്പെടെ ഈ ബജറ്റ് അവതരണം രണ്ടര മണിക്കൂര്‍ നീണ്ടു.

4) ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച മന്ത്രി മൊറാര്‍ജി ദേശായി ആണ്. 1959 മുതല്‍ 1963 വരെയും 1967 മുതല്‍ 1969 വരേയും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അദ്ദേഹം ബജറ്റ് അവതരണം നടത്തി. കൂടാതെ 1962-63, 1967-68 വര്‍ഷങ്ങളിലെ ഇടക്കാല ബജറ്റുകളും അദ്ദേഹം അവതരിപ്പിച്ചു.

5) ഇതുവരെ ഒരേ ഒരു വനിത മാത്രമാണ് ബജറ്റ് അവതരണം നടത്തിയിട്ടുള്ളത്. 1970-70-ല്‍ ഇന്ദിരാ ഗാന്ധി.

6) തയാറാക്കിയ ബജറ്റ് അച്ചടിക്കുന്നതിന് തൊട്ടു മുമ്പായി (ഫെബ്രുവരി അവസാന നാളുകളില്‍) ധനകാര്യ മന്ത്രാലയത്തില്‍ ഹല്‍വ വിതരണം എന്നൊരു ചടങ്ങുണ്ട്. മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കിടയില്‍ ഹല്‍വ വിതരണം ചെയ്യുന്നതാണ് ഈ പരിപാടി. ഈ ചടങ്ങിനു ശേഷമാണ് അതീവ രഹസ്യമായ ബജറ്റ് അച്ചടി ജോലികള്‍ തുടങ്ങുന്നത്.

7) എല്ലാ ബജറ്റുകളും വളരെ പ്രാധാന്യമുള്ളതാണ്. എങ്കിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 1991-ല്‍ അവതരിപ്പിച്ച ബജറ്റ് ആധുനിക ഇന്ത്യാ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരുന്നു. ഈ ബജറ്റോടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉദാരവല്‍ക്കരിക്കപ്പെട്ടത്. ബജറ്റിന്റെ 25-ാം വാര്‍ഷികമാണ് 2016-ലേത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍