UPDATES

കുഞ്ഞു വിപിനു വേണ്ടി ദൈവത്തോട് കരുണ യാചിച്ച് പ്രവാസലോകം

Avatar

അഴിമുഖം പ്രതിനിധി

ഏഴുമാസം പ്രായമുള്ളൊരു കുഞ്ഞാണ് ഇപ്പോള്‍ അബുദാബിയിലെ അല്‍ ഐനില്‍ ഉള്ള ഇന്ത്യാക്കരുടെ നെഞ്ചിലെ നൊമ്പരം. ഇന്ത്യക്കാരുടെ മാത്രമല്ല, ദേശവ്യത്യാസമില്ലാതെ തന്നെ ആ കുഞ്ഞിനെയോര്‍ത്ത് മനസ് പിടയ്ക്കുന്നുണ്ട് എല്ലാവരുടെയും. കാരണം; ഈ ലോകത്ത് അവന് ഇപ്പോള്‍ അമ്മയുമില്ല അച്ഛനുമില്ല.  അവന്റെ മാതാപിതാക്കളെ തിരികെ വിളിച്ചത് ദൈവമാണെങ്കില്‍ അതേ ദൈവത്തോട് ഇവിടെയുള്ളവര്‍ യാചിക്കുന്നത് ഈ കുഞ്ഞിന് നല്ലൊരു ഭാവി കൊടുക്കണേയെന്നാണ്.

വിപിന്‍ രാജ് എന്ന പൈതലിനു വേണ്ടിയാണ് ഈ പ്രാര്‍ത്ഥന. വിപിന്റെ മാതാപിതാക്കളായ പൃഥ്വിരാജനും അമ്മ വിനീഷയും വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. മരിക്കുമ്പോള്‍ വിനീഷയുടെ വയറ്റില്‍ മറ്റൊരു ജീവന്‍ കൂടി നാമ്പെടുത്തിരുന്നു.

കഴിഞ്ഞ മാസം 29 നാണ് ദുബായ്‌യിലെ അല്‍ ഐന്‍ റോഡില്‍ പ്രൃഥി രാജനും വിനീഷയും ഉള്‍പ്പെടെ ഒരു സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം ഉണ്ടാകുന്നത്. അപകടത്തില്‍ പൃഥ്വി രാജനും ഭാര്യയും ഇവരുടെ ഒരു കുടുംബസുഹൃത്തും കൊല്ലപ്പെട്ടു. കുഞ്ഞ് വിപിനുള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരിക്കേറ്റൂ. വിപിന്റെ ഒരു കാല് ഒടിയുകയായിരുന്നു. ഫുജൈറയിലും ഖോര്‍ ഫക്കാനിലും നടന്ന ഈദ് അവധി ആഘോഷത്തിനുശേഷം മടങ്ങിവരും വഴിയായിരുന്നു അപകടം സംഭവിച്ചത്. അല്‍ ഐനിലുള്ള അല്‍ സനാബാര്‍ സ്‌കൂളിലെ ഐ ടി ടെക്‌നീഷ്യനായി ജോലി നോക്കുകയായിരുന്നു തമിഴ്‌നാട് സ്വദേശിയായ പൃഥ്വി രാജന്‍.

അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച അല്‍ ഐനിലെ തവാം ഹോസ്പിറ്റലിലാണ് കുഞ്ഞ് വിപിനും ഇപ്പോള്‍ ഉള്ളത്. കാലിന്റെ ഒടിവിനു ഓപ്പറേഷന്‍ നടത്തി. ഇപ്പോള്‍ അവന്‍ സുഖം പ്രാപിച്ചു വരുന്നു. തനിക്കുണ്ടായ ദുരന്തത്തിന്റെ കഥയൊന്നും അറിയാതെ അവന്‍ ചിരിക്കുന്നു. 

ഒക്ടോബര്‍ 3 നായിരുന്നു പൃഥ്വിരാജന്റെയും വിനീഷയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയത്. അല്‍ ഐന്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറയില്‍ നിന്ന് ഇരുവരുടെയും ശരീരങ്ങള്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഇരുവരുടെയും സുഹൃത്തുകളും പരിചയക്കാരുമെല്ലാം വന്നിരുന്നു. അന്ത്യ പ്രാര്‍ത്ഥനകള്‍ നടത്തിയാണ് മൃതദേഹം കൊണ്ടുപോയത്. ഈ സമയത്ത് കുഞ്ഞ് ആശുപത്രിയില്‍ തന്നെയായിരുന്നു. നാട്ടില്‍ നിന്ന് കുഞ്ഞ് വിപിനെ നോക്കാനായി കൊണ്ടുവന്ന പ്രഥ്വിരാജന്റെ അയല്‍ക്കാരി കൂടിയായ ഒരു സ്ത്രീയും പൃഥ്വിരാജന്റെ ഒരു കസിനുമാണ് മൃതദേഹങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് പോയിരിക്കുന്നത്. 

ഇവരും കൂടി നാട്ടിലേക്ക പോയതോടെ കുഞ്ഞ് വിപിന്‍ ഈ രാജ്യത്ത് തീര്‍ത്തും അനാഥനായിരിക്കുകയാണ്. കുഞ്ഞിനെ ഏറ്റെടുക്കണമെങ്കില്‍ ഇവരില്‍ ആരങ്കിലും വന്നേപറ്റൂ. എന്നാല്‍ ആശുപത്രിയില്‍ ഈ കുഞ്ഞിനു ചുറ്റും സ്‌നേഹം നിറഞ്ഞ് ഒരുപാട് പേരുണ്ട്. അവരെല്ലം ആശങ്കപ്പെടുന്നത് ഇവന്റെ ഭാവിയോര്‍ത്താണ്. ഇതിനിടയില്‍ ചിലര്‍ ഈ കുഞ്ഞിനെ ദത്ത് എടുക്കാന്‍ ആഗ്രഹിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ ഒരു അന്തിമതീരുമാനം വരണമെങ്കില്‍ നാട്ടിലുള്ള പൃഥ്വി രാജന്റെ അച്ഛന്റെ നിലപാട് എന്താണെന്ന് അറിയണം. പൃഥിരാജന്റെ വിയോഗ വാര്‍ത്ത അറിഞ്ഞയുടനെ അയാളുടെ അമ്മൂമ്മയും മരിച്ചു. അതിനാല്‍ തന്നെ ആ കുടുംബത്തിന്റെ മാനസിക നില എങ്ങനെയായിരിക്കുമെന്ന് ഇവിടെയുള്ളവര്‍ക്ക് ഊഹിക്കാനും കഴിയുന്നില്ല. കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് ഇവിടെയുള്ള തമിഴ് സമൂഹവും വിവിധ സംഘടനകളുമെല്ലാം ആഗ്രഹിക്കുന്നത്. പൃഥ്വി രാജന്‍ ജോലി ചെയ്തിരുന്ന സ്‌കൂള്‍ അധികൃതര്‍ അയാളുടെ മരണത്തിലുള്ള നഷ്ടപരിഹാരവും കുട്ടിയുടെ കാര്യത്തിനായി മറ്റൊരു തുകയും ഏല്‍പ്പിച്ചിട്ടുണ്ട്. ഈ കുഞ്ഞിന് സുരക്ഷിതമായൊരു ഭാവി ഒരുക്കി കൊടുക്കുന്നൊരു കൈകളിലേക്ക് അവന്‍ എത്തിച്ചേരണമെന്നു മാത്രമാണ് പൃഥ്വി രാജന്റെ സുഹൃത്തുക്കള്‍ അടക്കമുള്ളവരുടെ പ്രര്‍ത്ഥന. ദൈവം ആ കുഞ്ഞിനോടെങ്കിലും കരുണ കാണിക്കുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം…

(കടപ്പാട് ഖലീജ് ടൈംസ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍