UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു കൊടും വരള്‍ച്ചയ്ക്ക് വേണ്ടി വോട്ടിടുന്ന നമ്മളെന്ന പ്രബുദ്ധ പൌരര്‍

കുടിവെള്ളം കിട്ടാത്തിടത്ത് സർക്കാർ ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കുന്നത് നമ്മുടെ നാട്ടിൽ സർവസാധാരണമാണ്. എന്നാൽ കുടിവെള്ള ക്ഷാമം മൂലം പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷം നേരിടാൻ 144 പ്രഖ്യാപിക്കേണ്ട അവസ്ഥ രാജ്യത്ത് അപൂർവമാണ്. മഹാരാഷ്ട്രയിലെ ലാത്തുർ രാജ്യശ്രദ്ധ ആകർഷിച്ചത് ഇങ്ങനെയാണ്.

മഹാരാഷ്ട്രയില്‍ പ്രത്യേകിച്ചും മറാത്ത് വാഡാ മേഖലയിൽ വരള്ച്ചയും കുടിവെള്ള ക്ഷാമവും പുതുമയല്ല. എന്നാൽ ഇപ്രാവശ്യം എല്ലാ പരിധികളും മറികടന്നുകൊണ്ട് രൂക്ഷമായ കുടിവെള്ള പ്രതിസന്ധി അനുഭവിക്കുകയാണ് ഈ പ്രദേശം. തീവണ്ടിയിൽ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയിലേക്ക് പ്രതിസന്ധി എത്തികഴിഞ്ഞു. ദിനപ്രതി 9 കർഷകർ ഈ മേഖലയിൽ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്.

വരള്ച്ചയും കുടിവെള്ളപ്രശ്നവും വികസന പ്രശ്നത്തിന്റെ പരിധിയിൽ കൊണ്ടുവരാന്‍ മഹാരാഷ്ട്ര സർക്കാർ  തയ്യാറായിട്ടില്ല. ഇത് വികസന പ്രശ്നം ആക്കാൻ മഹാരാഷ്ട്രയിലെ ഒരു രാഷ്ട്രീയ പാർട്ടികളും തയ്യാറാകില്ല. കാരണം മഹാരാഷ്ട്ര രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പഞ്ചസാരമില്ലുകൾ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകൂടിയാണ് ഇത്. മഹാരാഷ്ട്രയിലെ 74 ശതമാനം ഭുഗര്ഭജലവും ഉപയോഗിക്കുന്നത് 4 ശതമാനം വരുന്ന കരിമ്പ് കൃഷിക്കാണ്.  വരള്‍ച്ച ബാധിത മേഖലകളിലാണ് ഈ കരിമ്പ് കൃഷി എല്ലാം തന്നെ. ഇത്തരം രാഷ്ട്രീയം നിലനിൽക്കുന്നത് കൊണ്ടാണ് രൂക്ഷമായ കുടിവെള്ള പ്രശ്നവും കര്ഷക ആത്മഹത്യയും ഉണ്ടായിട്ടും സർക്കാർ സുഗമമായി ഭരണം നടത്തുന്നത്.

പ്രദേശത്തെ എല്ലാ രാഷ്ട്രീയ നേതാക്കൻമാര്ക്കും കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറി വ്യവസായമുണ്ട്, കോൺഗ്രസ്സും, ശിവസേനയും, ബി ജെ പി യും എല്ലാ അടങ്ങുന്ന ഒരു ലോബിയാണ് ടാങ്കർ ലോറി വിതരണത്തിന്റെ പിന്നിൽ ഉള്ളത്. ഏകദേശം 100 കോടി രൂപയുടെ കുടിവെള്ള കച്ചവടം നടക്കുന്നു എന്നാണ് കണക്ക്.  ദിവസം അഞ്ചു ലിറ്റർ വെള്ളം കൊണ്ട് വേണം ഒരു കുടുബം കഴിയേണ്ടത്.

വരൾച്ച അഭയാർഥികളായി നിരാലംബരായ കർഷകർ അടങ്ങുന്ന ജനങ്ങൾ ഇന്ന് മുംബെയിലേയും താനെയിലേയും നഗരത്തിന്റെ അരികിൽ സർക്കാർ നൽകുന്ന നാമമാത്രമായ സഹായം സ്വീകരിച്ചുകൊണ്ട് ജീവിക്കുന്നുണ്ട്. ഇതിൽ കൃഷിഭൂമി ഉടമകളും കർഷക തൊഴിലാളികളും മറ്റ് തൊഴിൽ ചെയ്ത് ജീവിക്കുന്നവരും ഉണ്ട്. അഭയാർഥി ആകുന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുന്നു. ക്രമേണ അവർ കൃഷിയിൽനിന്നും അകലുന്നു. അവർ വീണ്ടും വീണ്ടും ദരിദ്രർ ആയി മാറുന്നു.

രാജ്യത്തെ 33 കോടി ജനങ്ങൾ ഇന്ന് വരള്ച്ചയുടെ കെടുതികൾ അനുഭവിക്കുന്നു എന്ന് കണക്കാക്കുമ്പോൾ, നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന വികസന നയം തിരുത്തേണ്ടതാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ വഴിയില്ല. എന്നാൽ രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോ പ്രതിപക്ഷ പാർട്ടികൾക്കോ ഇക്കാര്യത്തിൽ ഒരു തുറന്ന സമീപനം ഇല്ല എന്നതാണ് വസ്തുത. വികസനം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. എന്നാൽ നമ്മുടെ രാജ്യത്തെ വികസന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് മൂലധനത്തിന്റെ സംരക്ഷണ രാഷ്ട്രീയമാണ്. അത്തരം രാഷ്ട്രീയം രൂപപ്പെട്ടതോടെ വികസനത്തിൽ നിന്നും ജനപക്ഷ രാഷ്ട്രീയം പിൻവലിഞ്ഞു.  

കേരളത്തിൽ ഒരുപക്ഷെ ഇത്രയും രൂക്ഷമായ കുടിവെള്ള പ്രശ്നം ഇല്ലായിരിക്കാം. എന്നാൽ അത്തരം ഒരു അവസ്ഥയിലേക്കാണ് സംസ്ഥാനം പോകുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധത ഒരിക്കലും പരിസ്ഥിതി സംരക്ഷണത്തിൽ പ്രതിഫലിച്ച് കണ്ടിട്ടില്ല. ഇവിടത്തേത് പതിയെ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ ആണ്. വേനൽക്കാലം ആകുമ്പോൾ മാത്രം പരിസ്ഥിതിയെ കുറിച്ച് ആശങ്കപ്പെടുന്ന മലയാളി-വേനൽ കാലത്ത് മാത്രമാണ് കേരളത്തിലെ പത്രങ്ങളിൽ ഇത്തരം വാർത്തകൾ കൂടുതലായി കാണാറുള്ളൂ- മഴക്കാലം ആകുന്നതോടെ ഇതെല്ലാം മറക്കാറാണ്‍ പതിവ്. ഇത്തരം വൈരുധ്യങ്ങൾ ആണ് മലയാളിയുടെ പരിസ്ഥിതിബോധത്തെ നയിക്കുന്നത്. 

ഇവിടത്തെ പാർലമെന്ററി രാഷ്ട്രീയ പാർട്ടികള്‍ ആരും തന്നെ mooലധ വളര്ച്ചക്ക് എതിരല്ല. പ്രകൃതിവിഭവങ്ങൾ മൂലധന താല്പര്യത്തിന് അനുസരിച് ചൂഷണം ചെയ്യണം എന്ന വിഷയത്തിൽ രണ്ടഭിപ്രായം ഉള്ളവരല്ല.  കൃഷിഭൂമി കയ്യേറുന്നവരെ മതത്തിന്റെ പേരിൽ സംരക്ഷിക്കുന്ന, ജലാശയങ്ങൾ നികത്തി വികസനം നടപ്പിലാക്കുന്ന, നാണ്യവിളകള്‍ക്ക് വേണ്ടി പ്രകൃതി തന്നെ നശിപ്പിക്കുന്ന കേരളം നാളെ മറ്റൊരു വരൾച്ച ബാധിത സംസ്ഥാനമായി മാറില്ല എന്ന് ആര്ക്കും ഉറപ്പ് പറയാൻ കഴിയില്ല. അപ്പോഴും മലയാളികൾ എന്ന പ്രബുദ്ധ മനുഷ്യർ അച്ചടക്കത്തോടെ വൊട്ട് ചെയ്യുകയും അനുസരണയോടെ പാർട്ടികള്‍ക്ക് കീഴ്പെട്ട് ജീവിക്കുകയും ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍