UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്‌സ് അശ്ലീല പദമല്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതെങ്കിലും മനസിലാക്കണം

Avatar

അഴിമുഖം പ്രതിനിധി

ലൈംഗികവിദ്യാഭ്യാസത്തിലും സെക്‌സിനെക്കുറിച്ചുള്ള നമ്മുടെ സംസാരത്തിലും നിറഞ്ഞു നില്‍ക്കുന്നത് കപട നാട്യങ്ങളും ചിന്തിക്കാന്‍ പോലുമാകാത്ത വിവരക്കേടുകളുമാണ്.

‘ലൈംഗിക വിദ്യാഭ്യാസ’ത്തില്‍ നിന്ന് ലൈംഗികതയെ മാറ്റി നോക്കൂ, നമ്മുടെ രാജ്യത്തെ സ്‌കൂളുകള്‍ ആകെ പഠിപ്പിക്കുന്നത് പ്രത്യുത്പാദനത്തെക്കുറിച്ചും ജനസംഖ്യ നിയന്ത്രണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളാണ്. ലൈംഗികതയെക്കുറിച്ചുള്ള സംഭാഷണത്തില്‍ (the birds and the bees talk) ഇന്ത്യക്കാര്‍ കാണിക്കുന്ന ഞെട്ടലും നിഷ്‌കളങ്കത അഭിനയിക്കലുമൊക്കെ ഒരു തരത്തില്‍ പരിഹാസ്യമാണ്. അതിനേക്കാള്‍ അപകടകരവും നിരാശാജനകവുമാണ് ഈ മനോഭാവത്തിന്റെ അനന്തരഫലങ്ങള്‍. കൗമാരക്കാര്‍ക്കുള്ള പാഠ്യപദ്ധതിയില്‍ ഒരു വിദഗ്ദ്ധ സംഘം നല്‍കിയ ശുപാര്‍ശകള്‍ ഒറ്റ വാചകമായി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര മനുഷ്യ വിഭവശേഷി വികസന മന്ത്രാലയം അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. സെക്‌സും സമാനാര്‍ത്ഥമുള്ള മറ്റു വാക്കുകളും ഒഴിവാക്കാനാണിതെന്ന് പറയപ്പെടുന്നു.

 

ഭാഷയില്‍ കാണിക്കുന്ന ഈ സങ്കുചിതത്വം മനുഷ്യബന്ധങ്ങളിലെ സ്വാഭാവികതയെയും വാസ്തവത്തെയും അംഗീകരിക്കുന്നതിലുള്ള അസ്വസ്ഥതയാണ് കാണിക്കുന്നത്. ഇത് വിദ്യാഭ്യാസ നയങ്ങളെ മാത്രമല്ല, ഒരു ആധുനിക ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യത്തെയും മാനസിക പക്വതയെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. രാജ്യത്തെ മറ്റ് ജനങ്ങളെയും യുവാക്കളെയും എന്തു ‘മോശമായി ബാധിക്കും’ എന്ന് സ്‌റ്റേറ്റ് സ്വന്തം അധികാരമുപയോഗിച്ച് ആലോചനയില്ലാതെ തീരുമാനിക്കുന്ന അവസ്ഥ എല്ലാ മേഖലകളിലേയ്കും വ്യാപിച്ച് ജനങ്ങളുടെ നിത്യജീവിതത്തെ വരെ ബാധിക്കുന്ന തരത്തിലായിരിക്കുന്നു. നിയന്ത്രിക്കാനും സെന്‍സര്‍ ചെയ്യാനുമുള്ള ഇത്തരം ഉദ്യമങ്ങള്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ലൈംഗിക കാര്യങ്ങള്‍ അടിച്ചമര്‍ത്തുകയും ഇതുപോലെ അധികാരപ്രയോഗം നടത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളിലെ അദ്ധ്യാപകരെയും കുട്ടികളെയും മാത്രമല്ല, സമൂഹത്തിലെ എല്ലാ അംഗങ്ങളെയും അറിവില്ലാത്തവരെ പോലെ കാണുന്നതിലാണ് അവസാനിക്കുക. മനുഷ്യരുടെ ലൈംഗികതയെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ തായ്യാറാകാത്തത്, കുട്ടികളെ അത്തരം വികല ചിന്തകളുടെ ഭാഗമാക്കുന്നത് ഒക്കെ ദൂരവ്യാപക ഫലങ്ങളുളവാക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ വലിയൊരു പങ്കും ലൈംഗിക അതിക്രമങ്ങളാണ്. അതുപോലെ തന്നെ ലൈംഗിക ബന്ധത്തില്‍ കൂടിയും പകരുന്ന, എച്‌ഐവി / എയ്ഡ്‌സ് അടക്കമുള്ള രോഗങ്ങളും വൈറസ്സുകളും കൗമാരക്കാരില്‍ കൂടുതലാണ്. ഇവരില്‍ എല്ലാ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുള്ളവരുമുണ്ട്. സത്യത്തിനു നേരെ മുഖം തിരിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇക്കാര്യത്തിലുണ്ടാവില്ല.

 

മുതിര്‍ന്ന അദ്ധ്യാപകരും രാഷ്ട്രീയക്കാരും നയരൂപീകരണ വിദഗ്ദ്ധരും ലൈംഗികത എന്ന വിഷയത്തെ അഭിമുഖീകരിക്കുന്നത് ശാരീരിക ശുചിത്വം, രോഗങ്ങള്‍, കുറ്റവാസന, സന്താന നിയന്ത്രണം എന്നീ തലങ്ങളില്‍ നിന്നുകൊണ്ടു മാത്രമാണ്; എന്താണങ്ങനെ? ‘Life skills’ എന്ന് പൊതുവേ വിളിക്കപ്പെടുന്ന വിദ്യാഭ്യാസത്തിലെ പ്രധാന ആശയം വ്യക്തികള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിലൂടെയും സ്‌നേഹത്തിലൂടെയുമുണ്ടാകുന്ന സന്തോഷമാണ്. ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന പാഠങ്ങളില്‍ വൈകാരികതയും സെന്‍സറിംഗുമില്ലാതെയുള്ള ലൈംഗികത ഉള്‍പ്പെടുന്ന വിശാലമായ കാഴ്ചപ്പാടാണ് ഉണ്ടാവേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍