UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ലൈംഗിക തൊഴിലാളി പറഞ്ഞു തന്ന ജീവിതം

Avatar

അനു ചന്ദ്ര

പതിനേഴാം വയസ്സിലാണ് ആദ്യമായി നളിനി ജമീലയുടെ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’ വായിക്കാനിട വരുന്നത്. കണ്ടുപരിചയിച്ച കച്ചവട സിനിമകളിലെ ലൈംഗികത്തൊഴിലാളികള്‍ക്കെല്ലാം ഒരേ ഭാവമായിരുന്നതിനാലാകാം വായിക്കുന്നതിന് മുമ്പേ ചുവപ്പിച്ച ചുണ്ട് കടിച്ചു പിടിച്ച്, മുല്ലപ്പൂ ചൂടി, വശ്യതയാര്‍ന്ന നോട്ടവുമായി തെരുവോരത്ത് പുരുഷന്മാരെ കൈമാടി വിളിക്കുന്ന അനേകായിരം സ്ത്രീകളിലൊരുവളുടെ രതിയെഴുത്ത് മാത്രമായി ആ പുസ്തകത്തെ സമീപിച്ചത്. വീട്ടിലെ ലൈബ്രറി കളക്ഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതായിട്ട് പോലും അത് രഹസ്യമായി വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണെന്ന മനോഭാവം സത്യത്തില്‍ ലൈംഗികതയോടും, ലൈംഗികത്തൊഴിലാളികളോടുമുളള സമൂഹത്തിന്റെ നിലപാടുകളുടെ ബാക്കിപത്രം മാത്രമായിരുന്നു. എവിടെ വെച്ച് വായിക്കുമെന്ന ചോദ്യം മനസ്സിനെ അലട്ടിത്തുടങ്ങി. സ്വസ്ഥമായി, രഹസ്യമായി വായിക്കാനൊരിടമില്ലാത്തതിന്റെ അരക്ഷിതത്വത്തില്‍ നില്‍ക്കുമ്പോണ് ഭാഗ്യദേവത കടാക്ഷിച്ചത് പോലെ ഉപരിപഠനത്തിനായി സ്‌കൂള്‍ വിദ്യാഭ്യാസത്തോട് വിട പറയുന്നതും ഹോസ്‌ററല്‍ മുറിയിലോട്ടുളള താമസമാറ്റവും. ആരുമറിയാതെ പുസ്തകവും കൈയിലെടുത്തു. ഹോസ്‌ററല്‍ മുറിയിലെ നാല് ഭിത്തികള്‍ക്കുളളിലിരുന്ന് ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു. പ്രതീക്ഷയ്ക്ക് വിരുദ്ധമായ വായനാനുഭവമായിരുന്നെങ്കിലും നിരാശ തോന്നിയില്ല. എഴുത്തുകാരിയുടെ നിലപാടുകളോടെല്ലാം യോജിക്കാന്‍ സാധിച്ചില്ലെങ്കിലും കച്ചവട സിനിമകളില്‍ ഞാന്‍ കണ്ടു പരിചയിച്ച, സമൂഹ നിലപാടുകളിലൂടെ ഞാനറിഞ്ഞ ലൈംഗികത്തൊഴിലാളികളില്‍ നിന്നും, പുസ്തകത്തിലെ യാഥാര്‍ത്ഥ്യം സ്ഫുരിക്കുന്ന ലൈംഗികത്തൊഴിലാളികള്‍ക്കുളള അകലം ഏറെയായിരുന്നു.

കോഴിക്കോട് നിന്ന് തിരൂരിലേക്കുളള ഒരു യാത്ര. കെ.എസ്.ആര്‍.ടി.സി ബസ് കയറ്റി വിടുമ്പോള്‍ അമ്മ പ്രത്യേകം ഓര്‍മ്മിപ്പിച്ചു; ‘ഹോസ്‌ററലിലെത്തിയാലുടന്‍ വിളിക്കണം’. കൂടെ പോക്കറ്റു മണിയായി കുറച്ച് തുക ഏല്‍പ്പിക്കുകയുമുണ്ടായി. മുമ്പത്തെ തുകയും, ഇപ്പോള്‍ അമ്മ തന്നതുമെല്ലാം ചേര്‍ത്ത് നല്ലൊരു സംഖ്യയായതിന്റെ സന്തോഷവും അത് ചെലവഴിക്കേണ്ട മാര്‍ഗങ്ങള്‍ തല പുകഞ്ഞാലോചിക്കുന്നതിന്റെ നേരംപോക്കുകളുമെല്ലാം ആയപ്പോഴേക്കും ഡ്രൈ വര്‍ ബസ്സെടുത്തു. ബസ് പോകാന്‍ പുറപ്പെടുമ്പോഴാണ് ഒരു സ്ത്രീ (കാഴ്ചയില്‍ 45 -നോടടുത്ത പ്രായം) ബസ്സിലേക്കോടി കയറുന്നത്. ഏതാണ്ട് സീററുകളെല്ലാം നിറഞ്ഞ ബസില്‍ എന്റെ അടുത്ത് അവര്‍ ഇരിപ്പിടം കണ്ടെത്തി. അവര്‍ക്ക് മനംപിരട്ടല്‍ അനുഭവപ്പെടുന്നുണ്ടെന്നും അരികിലേക്കിരിക്കണമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. ബസ് യാത്ര തുടങ്ങി.

ബസ്സില്‍ തിരക്ക് കൂടിക്കൊണ്ടിരുന്നു. വാഗണ്‍ ട്രാജഡിയെ അനുസ്മരിപ്പിക്കുന്ന നിമിഷങ്ങള്‍. സീറ്റിനോട് ചാരി നില്‍ക്കുന്ന മദ്ധ്യവയസ്‌ക്കന്റെ ക്രൂരവിനോദങ്ങള്‍ (ലൈംഗിക വൈകല്യങ്ങള്‍)ക്ക് ഇരയാക്കപ്പെടാന്‍ പോകുന്നെന്ന് തിരിച്ചറിഞ്ഞ ഞാന്‍ നിസ്സഹായതയോടെ, അണപ്പൊട്ടിയൊഴുകാന്‍ പോകുന്ന കരച്ചിലിനെ കടിച്ചമര്‍ത്തുകയും, അസ്വസ്ഥത സൃഷ്ടിക്കുന്ന മനംപിരട്ടലിനെ അടക്കിപ്പിടിക്കുകയും ചെയ്ത നിമിഷങ്ങള്‍. പതിനേഴ് വയസുകാരിയുടെ ദയനീയത നിറഞ്ഞ നിമിഷങ്ങള്‍. പെട്ടന്നാണയാള്‍ക്ക് നേരെ ആക്രോശിച്ച് കൊണ്ട് തൊട്ടരികിലിരിക്കുന്ന സ്ത്രീ ചാടി വീണത്. എന്റെ സംരക്ഷണത്തിനായവര്‍ വഴക്കിട്ട് കൊണ്ടേയിരുന്നു. ഒടുവില്‍ ബസിലെ എല്ലാവരും ആ സ്ത്രീയെ പിന്താങ്ങിക്കൊണ്ട് അയാളെ പാതി വഴിയിലിറക്കി വിട്ടു. ആ സ്ത്രീ എന്നോട് അരികിലെ സീറ്റില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. അവരുടെ മനംപിരട്ടലിനെ അവഗണിച്ചു കൊണ്ടവര്‍ എന്നെ നിര്‍ബന്ധിതമായി അരികിലേക്കിരുത്തി. ഒരു പരിധി വരെ സുരക്ഷിതത്വം തന്നു ആ അരികിലെ ഇരിപ്പിടം.

കൃതാര്‍ത്ഥതയോടെ ഞാന്‍ ചോദിച്ചു. പേരെന്താ?

‘ജെസി’

എന്ത് ചെയ്യുന്നു?

അവര്‍ മറുപടി പറയുന്നതിന് മുമ്പേ കണ്ടക്ടര്‍ വന്ന് കാശ് ആവശ്യപ്പെടുകയും ബാഗിനുളളില്‍ നിന്ന് അതെടുക്കാന്‍ തുനിഞ്ഞപ്പോള്‍ പെട്ടെന്ന് നളിനി ജമീലയുടെ ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകം നിലത്തേക്ക് വീഴുകയുമുണ്ടായി. അത് കുനിഞ്ഞെടുത്തത് ജെസിയായിരുന്നു. കാശ് കൊടുത്ത് കണ്ടക്ടര്‍ പോയപ്പോള്‍ ആ പുസ്തകത്തെപ്പററി ജെസി വാചാലയായി. .ഞാന്‍ പക്വതയെത്തിയ ഒരു സ്ത്രീയെ പ്പോലെ അവര്‍ പറഞ്ഞതെല്ലാം സസൂക്ഷ്മം ശ്രദ്ധിച്ചു. അവരുടെ കണ്ടെത്തലുകളോടൊന്നും യോജിക്കാനാവാത്തത് കൊണ്ടവരുടെ നിലപാടുകളോടും, കാഴ്ച്ചപ്പാടുകളോടും ശക്തമായി വാദിച്ചു, എതിര്‍ത്തു.

ശരീരം വിറ്റു നടക്കുന്ന ജന്മങ്ങളെല്ലാം പാഴ്ജന്മങ്ങളാണ്, ജീവിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ എന്തിന് അങ്ങനൊരു മാര്‍ഗം തെരഞ്ഞെടുക്കുന്നെന്ന് ഞാന്‍. ശരീരം വിറ്റു നടക്കുന്ന സ്ത്രീകളുളളത് കൊണ്ടാണ് അനേകായിരം സ്ത്രീകളിവിടെ സുരക്ഷിതരാവുന്നത്, സാഹചര്യങ്ങളാണ് ലൈംഗികത്തൊഴിലിലേക്ക് ആളുകളെയെത്തിക്കുന്നത് എന്ന് ജെസ്സി. എത്ര ചര്‍ച്ച ചെയ്തിട്ടും പരസ്പരം ഒത്തു പോകാവുന്ന നിലപാടുകളൊന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ പറ്റിയില്ല. എന്നിട്ടും ദീര്‍ഘനേരം ഞങ്ങള്‍ ചര്‍ച്ച തുടര്‍ന്നു. ബസ് തിരൂര്‍ സ്റ്റാന്‍ഡിലെത്തി. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമിറങ്ങേണ്ടയിടം ഒന്നായത് കൊണ്ട് ഞങ്ങള്‍ തിരൂരിറങ്ങി. ബ്രിഡ്ജ് വഴി ഞങ്ങള്‍ നടന്നു. സംസാരിച്ചതത്രയും പുസ്തകത്തെക്കുറിച്ചായിരുന്നു. വഴിയോരത്തിരിക്കുന്ന വൃദ്ധയായ സ്ഥിരബോധം നഷ്ടപ്പെട്ട യാചകയ്ക്ക് തൊട്ടടുത്ത ഹോട്ടലില്‍ നിന്ന് ജെസി ഭക്ഷണം വാങ്ങിക്കൊടുത്തു. യാചക നന്ദിസൂചകമായൊന്ന് ചിരിക്കുക പോലും ചെയ്യാതെ ഭക്ഷണത്തോട് മല്‍പ്പിടുത്തം നടത്തിത്തുടങ്ങി. ഒടുക്കം ഞാനും ജെസിയും രണ്ടിടങ്ങളിലായി പിരിഞ്ഞു. ഞാന്‍ ഹോസ്‌ററലിലേക്കും, വയനാടുകാരി ജെസി തന്റെ തിരൂരിലെ ബന്ധുവീട്ടിലേക്കും.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി പോകുമ്പോള്‍ സമീപത്തെ പോലീസ് സ്‌റ്റേഷന്‍ മുമ്പില്‍ ജെസിയെ അവിചാരിതമായി കണ്ടുമുട്ടിയത്. പൊതുവേ പോലീസ് സ്‌റ്റേഷനോടുളള അകാരണമായ ഭയം കാരണം ജെസിയോട് സംസാരിക്കാനോ, കാരണമാരായാനോ സാധിക്കാത്തതിന്റെ നൈരാശ്യം തീര്‍ക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു അന്വേഷിക്കാന്‍. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് വിവരം കണ്ടെത്തുന്നത്. അവരൊരു ലൈംഗികത്തൊഴിലാളിയാണെന്നും, പോലീസ് റെയ്ഡില്‍ പിടിച്ചതാണെന്നുമെല്ലാം. അവരോടൊപ്പം ഒരുമിച്ചു നടന്നതിന്, സംസാരിച്ചതിനെല്ലാം സുഹൃത്തെന്നെ ശകാരിച്ച് കൊണ്ടെയിരുന്നപ്പോള്‍ ഞാന്‍ ചിന്തിച്ചത് മുഴുവന്‍ ലൈംഗികത്തൊഴിലാളികളെപ്പററിയായിരുന്നു. നികൃഷ്ടമായ ജന്മങ്ങള്‍, കാമം തീര്‍ക്കാനായി ജനിച്ചവര്‍, മനുഷ്യനായി ജനിച്ചിട്ടും മാനുഷിക പരിഗണന ലഭിക്കാത്തവര്‍, അഭിസാരിക, വേശ്യ, പിഴച്ചവള്‍, ചീത്ത സ്ത്രീ, സമൂഹം ചാര്‍ത്തിക്കൊടുത്ത പേരുകള്‍ അനവധി, പക്ഷെ ഞാന്‍ പുസ്തകത്തില്‍ നളിനിയിലൂടെ അറിഞ്ഞ ലൈംഗികത്തൊഴിലാളി ഒരു സാധു സ്ത്രീ; ജെസിയിലൂടെ അറിഞ്ഞത് അമ്പത്തഞ്ചുകാരന്റെ ആക്രമണത്തില്‍ നിന്നെ രക്ഷിച്ച, വിശക്കുന്നവന് ഒരു നേരത്തെ അന്നം വാങ്ങിച്ച് കൊടുക്കാന്‍ തയ്യാറായ നല്ല മനസ്സുളള സ്ത്രീ. 

പിന്നീട് ഞാന്‍ ജെസ്സിയെ എങ്ങും കണ്ടിട്ടില്ല.

ഇന്നലെ ഹോസ്പിററലില്‍ ചികിത്സാസംബന്ധമായ ആവശ്യങ്ങളുമായി പോയപ്പോഴാണ് അവിചാരിതമായി പെയ്ന്‍ ആന്റ് പാലിയേററീവിന്റെ ബില്‍ഡിംഗില്‍ നിന്നിറങ്ങി വരുന്ന ജെസിയെ വീണ്ടും കാണുന്നത്. ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുളള കൂടിക്കാഴ്ചയായിരുന്നു അത്. എന്റെ രൂപമാറ്റം കാരണം ജെസിയെ വീണ്ടും ഞാനാരാണെന്ന കാര്യം ഓര്‍മ്മപ്പെടുത്തേണ്ടി വന്നു. ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു. അവര്‍ ലൈംഗികവൃത്തി സ്വീകരിക്കാനിട വന്ന സാഹചര്യത്തെപ്പററി പറഞ്ഞു. രോഗിയായ ഭര്‍ത്താവിന്റെ അതിജീവനത്തിനായി, 3 മക്കളുടെ വിദ്യാഭ്യാസം, കുടുംബ ചെലവ്. അങ്ങനെ നീളുന്ന നിര. കഴിഞ്ഞ വര്‍ഷം അവരുടെ ഭര്‍ത്താവ് മരിച്ചു. ഞാനവരോട് ചോദിച്ചു. ‘ചെയ്യുന്നത് തെറ്റല്ലേ? മറ്റനേകം പുരുഷന്മാരുമായുളള ശാരിരിക ബന്ധം, അത് ശരിയാണോ?’ അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു എന്റെ കര്‍മ്മം മക്കളെയും, സുഖമില്ലാത്ത ഭര്‍ത്താവിനേയും നോക്കുകയെന്നതാണ്. എനിക്ക് വിദ്യാഭ്യാസം കുറവാണ്. അതുകൊണ്ട് കൂലിപ്പണി ചെയ്ത് വലിയ ചിലവ് വഹിക്കുക എന്നത് അസാധ്യമാണ്. വിദ്യയും, കവിതയും, ആത്മീയതയും, ആതുരചികിത്സയുമെല്ലാം കാശ് വാങ്ങി വില്‍ക്കുന്നു. അത് പോലെ ഞാനിവിടെ രതിയും വില്‍ക്കുന്നു. ആത്യന്തികമായി എല്ലാം ജീവിക്കാനാണ്. അത് കൊണ്ടിവിടെ എന്റെ മനസിന്റെ പരിശുദ്ധി ഒരിക്കലും നശിക്കുന്നില്ല. നശിക്കുകയുമില്ല. എന്റെ കര്‍ത്തവ്യത്തിന് വേണ്ടി ഞാനീ മാര്‍ഗം സ്വീകരിച്ചു. അവരുടെ മറുപടിക്ക് മുമ്പില്‍ ഉത്തരമില്ലാതെ ഞാനിരുന്നു. അവര്‍ പോകാനെണീററപ്പോള്‍ ഞാന്‍ ചോദിച്ചു ‘ന്തിനാ ഇവിടെ വന്നേ?’ അവര്‍ പറഞ്ഞു ‘പാലിയേററീവിനകത്ത് ഒരു രോഗിയെക്കാണാന്‍’. കൂടുതലൊന്നും പറയാതെ അവര്‍ യാത്ര പറഞ്ഞു പോയി.

പാലിയേററീവ് പ്രവര്‍ത്തകനായ മുനീര്‍ എനിക്കരികിലേക്ക് വന്നു. അകലെയെത്തിയ ജെസിയെ നോക്കിക്കൊണ്ടയാള്‍ പറഞ്ഞു. ‘ഇവ്ട്ത്തുകാരിയല്ല. പറഞ്ഞിട്ടെന്താ കാര്യം, അഞ്ചു ചാക്ക് അരിയാ പാവപ്പെട്ടവര്‍ക്ക് കൊടുക്കാനായി ഇവ്‌ടെ ഏല്‍പ്പിച്ചെ’. ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്നു. പിന്നെ പതുക്കെ ആ തിരിച്ചറിവില്‍ പൂര്‍ണമായും ഉറച്ച് നിന്നു. കച്ചവട സിനിമയും, സമൂഹവും പഠിപ്പിച്ച ആ നികൃഷ്ട വിഭാഗമല്ല ലൈംഗികത്തൊഴിലാളികള്‍. നമ്മളെക്കാള്‍ വലിയ മനസ്സുളള ഒരു വിഭാഗവുമുണ്ടവരില്‍. അവര്‍ നമ്മളെ അല്ല, നമ്മളവരെ കണ്ടാണ് പഠിക്കേണ്ടത്…

(ചലചിത്ര സഹസംവിധായികയും എഴുത്തുകാരിയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍