UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീപീഡനത്തിന്റെ സ്വന്തം നാടോ കേരളം?

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ലൈംഗികപീഡനങ്ങള്‍; റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ എണ്ണവും കൂടി

സമീപ ദിവസങ്ങളില്‍ പത്രങ്ങളിലും ചാനലുകളിലും ഓണ്‍ലൈന്‍ മീഡിയകളിലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകളില്‍ കൂടുതല്‍ സ്ത്രീപീഡനമോ പീഡോഫീലിയയുമായോ ബന്ധപ്പെട്ടവയായിരുന്നു. മാനന്തവാടിയില്‍ പതിനാറുകാരി വൈദികന്റെ പീഡനത്തിനിരയായി ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്ത വാര്‍ത്ത വന്നപ്പോള്‍ മൂക്കത്ത് വിരല്‍ വച്ച മലയാളികള്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വാളയാറില്‍ കൊച്ചുകുട്ടികളായ സഹോദരിമാര്‍ മരിച്ചത് പീഡിപ്പിക്കപ്പെട്ട ശേഷമായിരുന്നുവെന്ന് അറിഞ്ഞതോടെ ശരിക്കും ഞെട്ടി.

വാളയാറില്‍ നിന്നും കേരള സമൂഹത്തിന്റെ ശ്രദ്ധ മാറുന്നതിന് മുമ്പാണ് മലയിന്‍കീഴില്‍ ഒമ്പതുവയസ്സുകാരനായ സഹോദരനും അഞ്ചുവയസ്സുകാരനായ സഹോദരിയും പീഡിപ്പിക്കപ്പെട്ടതിന്റെ വാര്‍ത്ത വരുന്നത്. ഇത്തരത്തില്‍ ഓരോ ദിവസവും പീഡന വാര്‍ത്തകളാല്‍ നിറയുകയാണ് നമ്മുടെ വര്‍ത്തമാന പത്രങ്ങള്‍. എന്നാല്‍ ഈ പീഡനങ്ങളെല്ലാം ഇന്നത്തെ കാലത്തിന്റെ മാത്രം പ്രത്യേകതയല്ല. എല്ലാ കാലഘട്ടത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പലതും പുറത്തുവരാറില്ലെന്ന് മാത്രം. ഒന്നുകില്‍ ഇരകളെ സ്വാധീനിച്ച് പ്രതികള്‍ കേസ് ഒതുക്കും അല്ലെങ്കില്‍ സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടും മറ്റ് പ്രശ്‌നങ്ങളും കണക്കിലെടുത്ത് പലരും പുറത്തു പറയാതിരിക്കും.

എന്നാല്‍ ഇത്തവണ അടുപ്പിച്ച് കുറെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സമൂഹം പുലര്‍ത്തിയ ജാഗ്രതയാണ് ഇത്തരത്തിലുള്ള കൂടുതല്‍ സംഭവങ്ങള്‍ വെളിപ്പെടാന്‍ കാരണമായത്. കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയതിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തു വന്നതാണ് സമൂഹമാധ്യമത്തില്‍ മുഹമ്മദ് ഫര്‍ഹാദ് പീഡോഫീലിയയെ ന്യായീകരിച്ച് നടത്തിയ ഫേസ്ബുക്ക് ഇത്രമാത്രം വിമര്‍ശിക്കപ്പെടാന്‍ കാരണം. മറ്റൊരു കാലഘട്ടത്തിലായിരുന്നു ഇതെങ്കില്‍ സമൂഹമാധ്യമങ്ങള്‍ ഇതിനെതിരെ ഇത്രത്തോളം വിമര്‍ശനം ഉയര്‍ത്തുകയും അയാള്‍ക്കെതിരെ കേസുമായി രംഗത്തെത്താന്‍ ആരെങ്കിലും തയാറാകുമായിരുന്നു എന്നോ തോന്നുന്നില്ല. എന്തായാലും ഫര്‍ഹാദിന്റെ ന്യായീകരണത്തെ കുറ്റകൃത്യമായി മാത്രമാണ് കണക്കാക്കാന്‍ സാധിക്കൂ. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനോടുള്ള ഇത്തരം ന്യായീകരണങ്ങള്‍ സമൂഹത്തില്‍ കുറ്റകൃത്യം വളരാനാണ് സഹായിക്കുക.

ലൈംഗിക പീഡനങ്ങള്‍ പുറത്തുവരുന്നത് വര്‍ദ്ധിച്ചതിന്റെ ഏറ്റവും നല്ല തെളിവാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പ്രമുഖ പത്രത്തിന്റെ പേജ്. ഒരു പേജ് മുഴുവനായി അവര്‍ പീഡന വാര്‍ത്തകള്‍ക്കായി നീക്കി വച്ചിരിക്കുകയാണ്. മുമ്പൊക്കെ പത്രത്തിന്റെ ഏതെങ്കിലുമൊരു പേജില്‍ ഒന്നോ രണ്ടോ കോളത്തില്‍ ഒതുങ്ങിയിരുന്ന ഒരു പീഡന വാര്‍ത്തയാണ് കാണാമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെള്ളിയാഴ്ചത്തെ ഒരു പേജ് മുഴുവന്‍ അവര്‍ നീക്കിവച്ചിരിക്കുകയായിരുന്നു. കാരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം അത്രമാത്രം വര്‍ദ്ധിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം ഒരു പേജ് നിറയെ പ്രസിദ്ധീകരിച്ച വാര്‍ത്തകളിലൂടെ പോകാം. തിരുവനന്തപുരം ചിറയിന്‍കീഴില്‍ അറുപത്തെട്ടുകാരിയെ അര്‍ദ്ധരാത്രി വീട് ചവിട്ടി തുറന്ന് പീഡിപ്പിച്ചെന്നതാണ് ഇതില്‍ പ്രധാനവാര്‍ത്ത. വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കാമുകനെയും സുഹൃത്തിനെയും പോലീസ് അന്വേഷിക്കുന്നുവെന്നതാണ് മറ്റൊരു വാര്‍ത്ത. മൂവാറ്റുപുഴയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അറുപതുകാരിക്കും പതിനഞ്ചുകാരിക്കും നേരെ നടന്ന പീഡന ശ്രമമാണ്. കഴക്കൂട്ടത്ത് മകളെ പീഡിപ്പിച്ചതിന് അച്ഛന്‍ അറസ്റ്റിലായപ്പോള്‍ മൂകയുവതിയെ പീഡിപ്പിച്ച 18കാരനെ തൃശൂരില്‍ നിന്നും ആണ് അറസ്റ്റ് ചെയ്തത്. ബാലികയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍, ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം പിതാവ് അറസ്റ്റില്‍, പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം യുവാവ് അറസ്റ്റില്‍ എന്നിവയാണ് മറ്റ് വാര്‍ത്തകള്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ എട്ട് മാസം കൊണ്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ത്രീ പീഡനക്കേസുകളില്‍ ഇരട്ടിയോളം വര്‍ദ്ധനവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ എട്ട് മാസക്കാലത്തെ കണക്കുകളുമായി താരതമ്യം ചെയ്തപ്പോഴായിരുന്നു ഇത്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ രണ്ട് കാലഘട്ടത്തിലും ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ലൈംഗിക പീഡനക്കേസുകളാണ്. യുഡിഎഫ് അധികാരമേറ്റ 2011 മെയ് 18 മുതല്‍ 2012 ജനുവരി 25 വരെ 2537 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് 25 മുതല്‍ 2017 ജനുവരി 31 വരെയുള്ള കാലഘട്ടത്തിലാകട്ടെ 2686 സ്ത്രീപീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലെ കേസുകളില്‍ 2493 എണ്ണം ആ കാലഘട്ടത്തിനുള്ളില്‍ തന്നെ തെളിയിക്കപ്പെടുകയും 2953 പ്രതികളില്‍ 2865 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രസ്തുത കാലഘട്ടത്തിലാകട്ടെ 2545 കേസുകളും തെളിയിക്കപ്പെട്ടു. 2979 പ്രതികളുണ്ടായിരുന്നതില്‍ 2401 പേര്‍ അറസ്റ്റിലായി.

ബലാത്സംഗക്കേസുകളില്‍ അമ്പത് ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 773 ബലാത്സംഗ കേസുകളില്‍ 742 എണ്ണം തെളിയിക്കപ്പെട്ടു. 852 പ്രതികളില്‍ 812 പേരും അറസ്റ്റിലായി. ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലാകട്ടെ 1181 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1103 കേസുകള്‍ തെളിയിക്കപ്പെടുകയും 1180 പ്രതികളില്‍ 1096 പേരും അറസ്റ്റിലാകുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ബലാത്സംഗക്കേസിലാണ് വന്‍തോതില്‍ വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 309 കേസുകളായിരുന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് 644 ആയി. ഇതില്‍ 617 എണ്ണം തെളിയിക്കപ്പെട്ടു. 680 പ്രതികളില്‍ 643 പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുതിര്‍ന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത കണക്കുകളില്‍ രണ്ട് സര്‍ക്കാരിന്റെ കാലഘട്ടവും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. 464 കേസുകള്‍ വീതമാണ് രണ്ട് കാലഘട്ടത്തിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ ഈ സര്‍ക്കാര്‍ 459 എണ്ണം തെളിയിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ 441 എണ്ണം മാത്രമാണ് തെളിയിച്ചത്. അതേസമയം സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്ന കേസുകളില്‍ കുറവാണ് സംഭവിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകളെ തട്ടിക്കൊണ്ട് പോയ 145 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 114 ആയി. ഇതില്‍ 108 എണ്ണവും തെളിയിക്കപ്പെടുകയും 147 പ്രതികളില്‍ 130 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ത്രീകള്‍ക്കെതിരെ ആകെ 3163 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2897 എണ്ണം തെളിയിക്കപ്പെട്ടു. ഈ കേസുകളില്‍ നിന്നായി 3609 പ്രതികളാണ് ഉള്ളത്. ഇതില്‍ 3086 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റ 2011 മെയ് 18 മുതല്‍ 2012 ജനുവരി 25 വരെയുള്ള കാലഘട്ടത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 1193 കേസുകളാണ്. ഇതില്‍ 1115 എണ്ണം തെളിയിക്കപ്പെട്ടു. ആകെയുണ്ടായിരുവന്ന 1649 പ്രതികളില്‍ 1451 പേരെയും അറസ്റ്റ് ചെയ്യാനും സാധിച്ചു.

അതേസമയം ഈ കണക്കുകള്‍ ചൂണ്ടി പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയല്ല പകരം സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഇത്രയെങ്കിലും പുറത്തുവന്നതിനെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. പണ്ടൊക്കെ രഹസ്യമാക്കി വച്ചിരുന്ന പല കേസുകളും ഇപ്പോള്‍ തുറന്നുപറയാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പലരും തയ്യാറാകുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ആരും അറിയില്ലെന്ന് ഉറപ്പിച്ച് അല്ലെങ്കില്‍ മാനക്കേട് ഓര്‍ത്ത് ഇരകളും ബന്ധുക്കളും പുറത്ത് പറയില്ലെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മുതിരുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍