UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകള്‍ക്കെതിരെ ലൈംഗിക പീഡനം; ഒരമ്മ കടന്നുപോയ വഴികള്‍

Avatar

അഴിമുഖം പ്രതിനിധി

ഇതൊരു അമ്മയുടെ അനുഭവമാണ്. തന്റെ അഞ്ചു വയസ്സുകാരിയായ മകള്‍ ലൈംഗിക പീഡനത്തിനിരയായതിനെ തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരെ പരാതി നല്‍കാന്‍  പോലീസിനെ സമീപിച്ച പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരിലെ ഒരു അമ്മയ്ക്ക് പിന്നീടുണ്ടായ അനുഭവങ്ങള്‍. ഇന്ത്യയിലെവിടേയും അമ്മമാര്‍ക്ക് ഈ അനുഭവം ഉണ്ടായേക്കാം എന്നതുകൊണ്ടാണ് ഇവിടെ ഇതു പ്രസിദ്ധീകരിക്കുന്നത്.

തന്റെ മൂത്ത മകള്‍ക്കുണ്ടായ ദുരനുഭവത്തിന്റെ ഞെട്ടലുമായാണ് രണ്ടു മാസം പ്രായമുള്ള ഇളയ കുഞ്ഞിനെയുമെടുത്ത് ഈ അമ്മ വെറും ബിസ്‌ക്കറ്റ് മാത്രം കഴിച്ച് ബംഗാളിലെ പൊലീസ്, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ചുവപ്പുനാടക്കുരുക്കുകളില്‍ മണിക്കൂറുകളോളം കുരുങ്ങിക്കിടന്നത്.

ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഉദാസീനത മാത്രമായിരുന്നില്ല ഇവര്‍ക്ക് പ്രശ്‌നമായത്. എന്നാല്‍ സംഭവങ്ങളുടെ നാള്‍വഴി എടുത്തുനോക്കിയാല്‍ വ്യക്തമാകുന്ന കാര്യം സംവിധാനങ്ങളിലെ പാകപ്പിഴകളാണ്. ദി ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ആ അമ്മയുടെ ദുരനുഭവങ്ങളുടെ വിശദമായ നാള്‍വഴികള്‍ താഴെ വായിക്കാം.

ബുധനാഴ്ച, വൈകുന്നേരം 3:30-  അഞ്ചു വയസ്സുകാരി മകള്‍ തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിള്‍ വേദനയുള്ളതായി അറിയിക്കുന്നു. അമ്മ പരിശോധന നടത്തിയപ്പോള്‍ ലൈംഗികാതിക്രമം നടന്നായി സംശയം ബലപ്പെട്ടു.

7: 30 – പെണ്‍കുട്ടിയുമായി അമ്മ തംലൂക് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നു. രണ്ടു മാസം പ്രായമുള്ള മകനെയും കൂടെ എടുത്തിട്ടുണ്ട്. സുഖമില്ലാത്തതിനാല്‍ കര്‍ഷകനായ അച്ഛന് സ്റ്റേഷനിലേക്ക് ഇവരോടൊപ്പം വരാന്‍ കഴിഞ്ഞില്ല.

8:00- അമ്മയെയും കുട്ടികളേയും പൊലീസ് ബ്ലോക്ക് ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടു പോയി. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ 10 കിലോമീറ്റര്‍ അകലെയുള്ള തംലുക്ക് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

9:00- ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടുത്ത ദിവസം രാവിലെ വരാനാണ് പറഞ്ഞതെന്ന് ഈ അമ്മ പറയുന്നു. ഇവിടെ ആറു ഗൈനക്കോളജിസ്റ്റുമാരുണ്ട്. എന്നാല്‍ രാത്രി ആയതിനാല്‍ അവര്‍ ആശുപത്രിയില്‍ തന്നെ ഉണ്ടായിരിക്കണമെന്നില്ല. ഇവരുടെ താമസവും ആശുപത്രിക്ക് അടുത്തു തന്നെയാണെങ്കിലും അടിയന്തര സാഹചര്യത്തില്‍ ആരേയും വിളിച്ചു വരുത്തുകയും ചെയ്തില്ല.

(വൈദ്യ പരിശോധന ഒരു അടിയന്തര ആവശ്യമല്ലായിരുന്നെന്നും അടുത്ത ദിവസം രാവിലെ ചെയ്താല്‍ മതിയെന്നുമാണ് ആശുപത്രി സുപ്രണ്ട് ഗോപാല്‍ ദാസ് പറഞ്ഞത്. ഇത്തരം പരിശോധനകള്‍ ഗൈനക്കോളജിസ്റ്റുമാര്‍ ഡ്യൂട്ടിയിലുള്ള പകല്‍ സമയത്താണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൊലീസ് പറയുന്നത് നിര്‍ബന്ധ പരിശോധനകള്‍ കഴിയുന്നത്ര നേരത്തെ ചെയ്യുന്നതാണ് ഉത്തമമെന്നാണ്. ഗൈനക്കോളജിസ്റ്റുമാരില്‍ ഒരാളെ പോലും വിവരമറിയിച്ചില്ല എന്നറിഞ്ഞ ഒരു ഗൈനക്കോളജിസ്റ്റ് ആശ്ചര്യപ്പെട്ടു. വിളിച്ചാല്‍ ആരെങ്കിലും ഒരാള്‍ വരുമായിരുന്നെന്നും അവര്‍ പറഞ്ഞു.)

രാത്രി 10.30- അമ്മയെയും കുട്ടികളേയും പൊലീസ് വീട്ടില്‍ കൊണ്ടു വിട്ടു.

വ്യാഴാഴ്ച രാവിലെ 7.30- പൊലീസ് വീട്ടിലെത്തി അമ്മയേയും കുട്ടികളേയും കൂട്ടി പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് തിരിച്ചു.

8.00- ആശുപത്രിയിലെത്തിയതോടെ അമ്മയുടെ ദൈര്‍ഘ്യമേറിയ ദുരനുഭവങ്ങള്‍ക്ക് തുടക്കമായി.

ആദ്യം എത്തിയത് എമര്‍ജന്‍സി വാര്‍ഡില്‍. അവിടെ നിന്ന് ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് റഫര്‍ ചെയ്തു. ആശുപത്രി സുപ്രണ്ടില്‍ നിന്ന് രേഖാമൂലമുള്ള നിര്‍ദേശം വേണമെന്ന് ഡോക്ടര്‍ പൊലീസിനോട്. അന്ന് സുപ്രണ്ട് അവധിയില്‍. ആക്ടിംഗ് സുപ്രണ്ട് ടി ബാനര്‍ജി സീറ്റില്‍ ഇല്ല. അമ്മയും മക്കളും കാത്തിരുന്നു.

ഫോണ്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ബാനര്‍ജി കൈ മുറിഞ്ഞ് വീട്ടില്‍ വിശ്രമത്തിലാണ്. എങ്കിലും 11.30 ആയപ്പോഴേക്കും അദ്ദേഹം എത്തി രേഖാമൂലമുള്ള അറിയിപ്പ് എഴുതിക്കൊടുത്തു. എന്നാല്‍ അപ്പോഴേക്കും ഗൈനക്കോളജിസ്റ്റ് സ്ഥലം വിട്ടിരുന്നു. തിരിച്ചു വിളിച്ചു. 12.15-ഓടെ തിരിച്ചെത്തി. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി 1.15-ഓടെ പെണ്‍കുട്ടിയേയും അമ്മയേയും പറഞ്ഞയച്ചു.

(ഒരു മണിക്കൂര്‍ മാത്രം സമയമെടുക്കുന്ന ഒരു പരിശോധനയ്ക്ക് ഈ അമ്മയ്ക്കും മക്കള്‍ക്കും ആശുപത്രിയില്‍ ചെലവിടേണ്ടി വന്നത് 16 മണിക്കൂറുകള്‍!)

ആക്ടിംഗ് സുപ്രണ്ടിന് ഫോണിലൂടെ നിര്‍ദേശം കൊടുത്താല്‍ മതിയായിരുന്നെന്നും രേഖാമൂലമുള്ള നിര്‍ദേശം പിന്നീട് നല്‍കിയാല്‍ മതിയായിരുന്നെന്നും ആശുപത്രിയുമായി ബന്ധമില്ലാത്ത മറ്റൊരു ഗൈനക്കോളജിസ്റ്റ് പറയുന്നു.

ഉച്ചയ്ക്ക് 1.45- മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നതിന് പൊലീസ് അമ്മയേയും കുട്ടികളേയും തംലുക്ക് കോടതിയില്‍ എത്തിച്ചു. അപേക്ഷ സമര്‍പ്പിച്ച ശേഷം കാത്തിരിപ്പിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നു.

വൈകുന്നേരം ആറ് മണിയോടടുത്ത സമയം- ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു.

7.00- പെണ്‍കുട്ടിയും രണ്ടു മാസം പ്രായമുള്ള അനിയനും അമ്മയും അപ്പോഴേക്കും കോടതിയിലെത്തിയ രണ്ടു ബന്ധുക്കളും വീട്ടിലേക്ക് തിരിച്ചു.

8.00- വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടിരുന്നു.

ഈ സമയത്തിനിടെ ഞങ്ങള്‍ക്ക് ആശുപത്രിക്കു മുമ്പിലെ ഒരു കടയില്‍ നിന്നും വാങ്ങിയ ബിസ്‌ക്കറ്റ് അല്ലാതെ മറ്റൊന്നും തിന്നാന്‍ കഴിഞ്ഞില്ലെന്ന് അമ്മ പറയുന്നു.

(പരാതിക്കാര്‍ക്കോ അവരുടെ കൂടെയുള്ളവര്‍ക്കോ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ വകുപ്പില്ലായിരുന്നെന്ന് പൊലീസ്)

‘ഇത്രത്തോളം കഷ്ടപ്പെടണമെന്ന് അറിയുമായിരുന്നെങ്കില്‍ പരാതി നല്‍കാന്‍ മുതിരുമായിരുന്നില്ല,’ അമ്മ പറഞ്ഞു.

(സാധരണഗതിയില്‍ കാലത്ത് 10 മണിയോടെയാണ് ഇത്തരം വിവരങ്ങള്‍ കോടതിയെ അറിയിക്കേണ്ടത്. ഈ പെണ്‍കുട്ടിയുടെ കേസില്‍ ഇത് ഉച്ച കഴിഞ്ഞ് രണ്ടു മണിക്കു ശേഷമാണ്. അതായിരിക്കാം ഇത്ര കാലതാമസം വന്നതെന്ന് ഒരു സര്‍ക്കാര്‍ അഭിഭാഷകന്‍)

ഇക്കാര്യം തങ്ങള്‍ക്കറിയാമായിരുന്നെന്നും അതുകൊണ്ടാണ് തൊട്ടടുത്ത ദിവസം വളരെ നേരത്തെ തന്നെ കുടുംബത്തെ പരിശോധനയ്ക്കായി കൊണ്ടു പോയതെന്നും എന്നാല്‍ ആശുപത്രിയിലുണ്ടായ കാലതാമസം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചെന്നും പോലീസ് പറഞ്ഞു.

എന്നാല്‍ അഭിഭാഷകന്‍ പറഞ്ഞത് ഇങ്ങനെ: ‘ഇന്നു തന്നെ മൊഴി രേഖപ്പെടുത്തണമെന്ന് പൊലീസ് നിര്‍ബന്ധം പിടിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കാര്യം കോടതിയെ അറിയിച്ച ശേഷം നാളെ രാവിലെ വന്ന് മൊഴി രേഖപ്പെടുത്തിയാല്‍ മതിയായിരുന്നു. കേസില്‍ ഏറ്റവും പ്രധാനമായ വൈദ്യപരിശോധന കഴിഞ്ഞപക്ഷം ഒരു ദിവസം കൂടി വൈകി എന്നതുകൊണ്ട് അത് നല്‍കുന്ന മൊഴിയെ സ്വാധീനിക്കില്ല. വളരെ ഏറെ സമയം കാത്തിരുന്നത് ഒഴിവാക്കാവുന്നത് തന്നെയായിരുന്നു.’

ജില്ലാ മജിസ്‌ട്രേറ്റ് അന്തരാ ആചാര്യയുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി: ‘ആ പെണ്‍കുട്ടിക്കും അമ്മയ്ക്കുമുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണ്. ആശുപത്രിയിലുണ്ടായ കാലതാമസം സംബന്ധിച്ച് ഞാന്‍ അന്വേഷിക്കും.’

രാത്രി 8 മണി- കുറ്റക്കാരനെന്നു സംശയിക്കപ്പെടുന്ന ഒരു തൊഴിലാളിയെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍