UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രകൃതിവിരുദ്ധ പീഡനം; വൈദികന് ഒളിത്താവളമൊരുക്കി സഭാസ്ഥാപനം

കുട്ടികളില്‍ നിന്നു പരാതി വ്യാജമെന്ന് എഴുതി വാങ്ങി; വീഴ്ച വരുത്തിയ പൂവാര്‍ സി ഐക്ക് സസ്പെന്‍ഷന്‍

മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികന്‍ തോമസ് പാറേക്കളം പിടിയിലായത് മധുരയിലെ ഒരു സെമിനാരിയില്‍ വെച്ച്. ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരോഹിതര്‍ക്ക് സഭ ഒളിത്താവളം ഒരുക്കുന്നു എന്നതിന് തെളിവായി മാറുകയാണ് പുതിയ കേസും. നേരത്തെ കൊട്ടിയൂര്‍ പീഡന കേസില്‍ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിലിനെ സഭയുടെയും ഗവണ്‍മെന്റിന്റെയും സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് ഒരു പുരോഹിതനും ചില കന്യാസ്ത്രീകളും ചേര്‍ന്നായിരുന്നു.

ഫാദര്‍ തോമസ് പാറേക്കളത്തെ ഉസ്ലാംപെട്ടിയിലെ ഒരു സെമിനാരിയില്‍ നിന്നു ഷാഡോ പോലീസാണ് ഇന്നലെ പിടികൂടിയത്.  ചെന്നൈ ആസ്ഥാനമായുള്ള എസ് ഡി എം സന്യാസി സമൂഹത്തിലെ അംഗമായ ഇദ്ദേഹം തേവലപ്പുറം ഹോളി ക്രോസ്സ് സെമിനാരിയിലെ അദ്ധ്യാപകനും വെണ്ടാര്‍ മൂഴിക്കോട് സേതു തോമസ് പള്ളിയിലെ വികാരിയുമാണ്.

നേരത്തെ പീഡനത്തിന് ഇരയായവരില്‍ നിന്നു പരാതി വ്യാജമാണെന്ന് വൈദികന്‍ എഴുതിവാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. നേരത്തെ രണ്ടു വിദ്യാര്‍ത്ഥികളെയാണ് വൈദികന്‍ പീഡിപ്പിച്ചത്. ഇവര്‍ വീട്ടില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിക്കാന്‍ എത്തിയപ്പോഴാണ് പരാതി വ്യാജമാണെന്ന പ്രസ്താവന നിര്‍ബന്ധിച്ച് ഒപ്പിട്ടു വാങ്ങിയത്.

അതേസമയം വികാരിക്ക് മുങ്ങാനുള്ള അവസരം ഒരുക്കി കൊടുത്തു എന്നു ആരോപണ വിധേയനായ പൂവാര്‍ സിഐ റിയാസിനെ സസ്പെന്‍ഡ് ചെയ്തു. ചൈല്‍ഡ് ലൈനില്‍ നിന്നുള്ള പരാതി അനുസരിച്ചാണ് പൂവാര്‍ സിഐ കേസെടുത്തത്. പരാതിക്കാരനായ വിദ്യാര്‍ത്ഥിയില്‍ നിന്നു മൊഴി എടുത്തു പൂവാര്‍ സിഐ കൊട്ടാരക്കര സിഐക്ക് എത്തിച്ചെങ്കിലും മഹസര്‍ ഇല്ലാത്തതിനാല്‍ കൊട്ടാരക്കര പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പിറ്റേന്നു മഹസര്‍ തയ്യാറാക്കാന്‍ കൊട്ടാരക്കരയില്‍ പൂവാര്‍ പോലീസ് എത്തിയപ്പോഴേക്കും പ്രതി കടന്നു കളയുകയും ചെയ്തു. പോലീസിന്റെ പിടിപ്പുകേടാണ് പ്രതി കടന്നു കളയാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.

തിരുവനന്തപുരം പുതിയതുറ സ്വദേശിയായ വൈദിക വിദ്യാര്‍ത്ഥിയെയും എറണാകുളം സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളെയുമാണ് വൈദികന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.  കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗിക പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍