UPDATES

ട്രെന്‍ഡിങ്ങ്

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം: ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത, പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണം പാടില്ലെന്ന് ഡി വൈ ചന്ദ്രചൂഡ്

അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തെക്കുറിച്ചുള്ള
അന്വേഷണം സംബന്ധിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കിടയില്‍ ഭിന്നതയെന്ന സൂചന. പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ അന്വേഷണ പാനലിനോട് ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, രോഹിഗ്ടണ്‍ നരിമാന്‍ എന്നിവര്‍ ഈ ആവശ്യം ഉന്നയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ദു മല്‍ഹോത്ര ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങുന്ന പാനലിനെ ഇവര്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവര്‍ അന്വേഷണ പാനലിനെ കണ്ടത്. അന്വേഷണത്തില്‍ ഇവര്‍ ആശങ്ക രേഖപ്പെടുത്തിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കൊളീജിയം അംഗം കൂടിയാണ് ജസ്റ്റിസ് നരിമാന്‍. സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ചന്ദ്രചൂഡ് 2022 മുതല്‍ രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് ആകേണ്ടതാണ്.

പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചന്ദ്രചൂഡ് ഈ മാസം രണ്ടാം തീയതി പാനലിന് കത്തു നല്‍കിയിരുന്നു.

അന്വേഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. ഒരു അഭിഭാഷകയെ അനുവദിക്കുകയോ അല്ലെങ്കില്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കുകയോ വേണമെന്ന പരാതിക്കാരിയുടെ ആവശ്യത്തെ അംഗീകരിക്കണമെന്നാണ് ഇവരുടെ നിലപാട്. ഇതൊരു സാധാരണ പരാതിയല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണമാണെന്നും അതുകൊണ്ട് തന്നെ അതിന്റെ ഗൗരവത്തില്‍ കണ്ട് ഒരു അഭിഭാഷകയെ ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം.

പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് കോടതി ഒരു അഭ്യന്തര സമിതിയെ നിയോഗിച്ചത്. കമ്മിറ്റിയില്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് എന്‍വി രമണ പിന്നീട് സമിതിയില്‍നിന്ന് ഒഴിവാകുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഗൊഗോയിയുമായി തനിക്ക് കുടുംബ സമാനമായ ബന്ധമാണ് ഉള്ളതെന്ന് പറഞ്ഞാണ് അദ്ദേഹം അന്വേഷണ സമിതിയില്‍നിന്ന് പിന്‍വാങ്ങിയത്. ഇതിന് ശേഷമാണ് ഇന്ദു മല്‍ഹോത്ര സമിതിയില്‍ എത്തുന്നത്.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്നതിന് പുറപ്പെടുവിച്ച വൈശാഖ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കമ്മിറ്റി രൂപികരിച്ചതെന്നും പരാതിക്കാരി ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതനുസരിച്ച് ഒരു സ്ത്രീ അന്വേഷണ സമിതിയുടെ അധ്യക്ഷയായിരിക്കണം ഇതിനുപുറമെ പുറത്തുനിന്നുളള ഒരാള്‍കൂടി സമിതിയുടെ ഭാഗമായിരിക്കുകയും വേണം.

സമിതിയുടെ രണ്ട് സിറ്റിംങ് കഴിഞ്ഞതിന് ശേഷമാണ് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്. അന്വേഷണ സമിതിയുടെ സമീപനത്തിനെതിരെയും ഇവര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. അന്വേഷണ കമ്മിഷന്റെ ഇടപെടല്‍ മാനസികമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാവില്ലെന്നായിരുന്നു താന്‍ കരുതിയതെന്നാണ് അവര്‍ പറഞ്ഞത്.

പരാതിക്കാരിയില്ലാതെ അന്വേഷണവുമായി മുന്നോട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നായിരുന്നു സമിതിയുടെ നിലപാട്. കഴിഞ്ഞ ബുധനാഴ്ച ജസ്റ്റിസ് ഗൊഗോയ് അന്വേഷണ സമിതിയുടെ മുന്നിലെത്തി മൊഴി നല്‍കിയിരുന്നു.

ഒക്ടോബര്‍ 10 നും 11 നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വസതിയിലെ ഓഫീസില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 28 പേജിലാണ് അവര്‍ പരാതി നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു ഇവര്‍. ലൈംഗികാതിക്രമത്തെ ചെറുത്തതിനെ തുടര്‍ന്ന് അവരെ പുറത്താക്കിയെന്നും ആക്ഷേപിച്ചിരുന്നു. ഡല്‍ഹി പൊലിസില്‍ ആയിരുന്ന ഭര്‍ത്താവിനെയും ബന്ധുവിനെയും ഇതേ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തുവെന്നുമായിരുന്നു പരാതി.

ഗൂഢാലോചനയാണെന്നായിരുന്നു പരാതി ഉയര്‍ന്ന ഉടന്‍ ചീഫ് ജസ്റ്റിസും രണ്ട് ജഡ്ജിമാരും നിലപാട് സ്വീകരിച്ചത്. അഭിഭാഷകനായ ഉത്സവ് ബൈന്‍സ്, ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് മുന്‍ ജഡ്ജി എ കെ പട്‌നായിക്കിനെ ഗൂഢാലോചന അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍