UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാദിയെ പ്രതിയാക്കുന്ന കേരളാ പോലീസ് മാജിക് തുടരുന്നു; നാദാപുരം പീഡനത്തില്‍ പോലീസിന്റെ ഒത്തുകളി

Avatar

കെ.പി.എസ്. കല്ലേരി

കേസ് ഒതുക്കി തീര്‍ക്കുന്നതിലും ഒത്തുതീര്‍പ്പാക്കുന്നതിലും പ്രതിയെ മാറ്റുന്നതിലും ആള്‍മാറാട്ടം നടത്തുന്നതിലും വാദിയെ പ്രതിയാക്കുന്നതിലുമെല്ലാം പണ്ടേ കേരള പോലീസ് മിടുക്കരാണ്. എന്നാലും ഇത്രയും തരംതാഴാമോ… ന്റെ പോലീസേ നിങ്ങള്‍ക്ക് നാണമാവില്ലേ….!

ഒരു പിഞ്ചുകുട്ടിയെ പിച്ചി ചീന്തിയൊരു കേസ് ഒതുക്കിത്തീര്‍ക്കുമ്പോള്‍ നിങ്ങളാരും സ്വന്തം കുഞ്ഞുങ്ങളുടെ മുഖം ഓര്‍ത്തില്ലേ. കഷ്ടമുണ്ട്. ഇത്തരമൊരു കേസിലെങ്കിലും കട്ടവനെ പിടിക്കുന്നില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന രീതി നിങ്ങള്‍ക്ക് ഒഴിവാക്കാമായിരുന്നില്ലേ..!

കേരളം നിരവധി പീഡനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ നിന്ന് നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവം വേറിട്ട് നില്‍ക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാന്‍ പോലീസ് കാണിച്ച നാണംകെട്ട കളി പുറത്തായപ്പോഴാണ്. ഒടുക്കം ജനകീയ പ്രക്ഷോഭത്തിനു മുമ്പില്‍ മുട്ടുമടക്കേണ്ടിവരുമെന്ന ഘട്ടമുണ്ടായപ്പോള്‍ ആരെയൊക്കെ സംരക്ഷിക്കാനാണോ പോലീസ് സേന ഒന്നടങ്കം അവഹേളിക്കപ്പെട്ടത്, അതില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജറാക്കുന്നിടത്ത് കാര്യങ്ങളെത്തിയിരിക്കുന്നു. എന്തിനായിരുന്നു ഇത്രയും പൊറാട്ട് നാടകങ്ങള്‍…!

ഒക്ടോബര്‍ 30നാണ് സ്‌കൂളിലെ നാലരവയസുകാരി ഹോസ്റ്റലിലെ കുളിമുറിയില്‍ പീഡിപ്പിക്കപ്പെട്ടത്. സ്ഥാപനത്തോടു ചേര്‍ന്ന ഹോസ്റ്റലിന്റെ ബാത്ത്‌റൂമില്‍വച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പനിക്കു ചികിത്സ നല്‍കി. എാല്‍, അസുഖം ഭേദമാകാത്തതിനെ തുടര്‍ന്നു നടത്തിയ മൂത്രപരിശോധനയിലാണ് കുട്ടി ക്രൂരമായി  പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. സംഭവശേഷം സ്‌കൂള്‍ അധികൃതരോട് രക്ഷിതാക്കള്‍ പലവട്ടം പരാതിപ്പെട്ടിട്ടും അന്വേഷണമോ നടപടികളോ ഉണ്ടാകാത്ത സാഹചര്യത്തില്‍ നംവംബര്‍ ഒമ്പതിന് രക്ഷിതാവ് വളയം പോലീസില്‍ പരാതി നല്‍കുന്നു. അതോടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി സ്‌കൂളിലേക്ക് തിരിച്ചു. മാര്‍ച്ചും സമരമുറകളുമായി കാര്യങ്ങള്‍ വിവാദത്തിലായപ്പോള്‍ പോലീസ് അന്വേഷണം തുടങ്ങി. ഐസ്‌ക്രീം ഗൂഢാലോചനക്കേസടക്കം അന്വേഷിച്ച് തുമ്പുംവാലുമില്ലാതാക്കിയ ഡിവൈഎസ്പി ജെയ്സണ്‍. കെ അബ്രഹാമിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ ഡിവൈഎസ്പി എത്തുന്നതിനു മുമ്പുതന്നെ ലോക്കല്‍ പോലീസ് പ്രതികളെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത പള്ളി ദര്‍സിലെ നാല് വിദ്യാര്‍ഥികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുകയും കുട്ടി അവരെ തിരിച്ചറിഞ്ഞതോടെ അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്തു. ഇവരടക്കം 18 പേരെ പെണ്‍കുട്ടിക്ക് മുമ്പാകെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തപ്പോള്‍ തന്നെ ഉപദ്രവിച്ച നാലുപേരേയും പിഞ്ചുകുട്ടി തിരിച്ചറിയുകയായിരുന്നു. അതോടെ കുട്ടികളുടെ പ്രായപരിശോധനയും മറ്റുമായി കാര്യങ്ങള്‍ പുരോഗമിക്കുകയും പ്രതിഷേധക്കാര്‍ തണുക്കുകയും ചെയ്തപ്പോഴാണ് ജെയ്‌സണ്‍. കെ എബ്രഹാം അന്വേഷണത്തിനെത്തുന്നത്. രാജ്യവ്യാപകമായി സ്ഥാവര  ജംഗമ വസ്തുക്കളും സുന്നി സാമ്രാജ്യവും കെട്ടിപ്പടുക്കുകയും വിവാദ മുടി പള്ളിക്കായി കോപ്പുകൂട്ടിത്തുടങ്ങുകയും ചെയ്ത കാന്തപുരം എ പി.അബൂബക്കര്‍ മുസല്യാരുടെ സിറാജുല്‍ ഹുദാ എഡുക്കേഷന്‍ കോംപ്ലക്‌സിന്റെ കീഴിലാണ് സ്‌കൂള്‍. അപ്പോള്‍ പലമറിമായങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് തുടക്കം മുതല്‍ ജനം കരുതിയിരുന്നതുപോലെയായിരുന്നു പിന്നീടുള്ള അന്വേഷണങ്ങള്‍.

ബെസ്റ്റ് ഓഫ് അഴിമുഖം 

നിങ്ങളാണോ ആർട്ടിസ്റ്റുകൾ? എങ്കിൽ ചെകിട് അടിച്ചു തകർക്കാനാളുണ്ടിവിടെ
‘ആത്മവീര്യം’ കൂടിയ കേരള പോലീസിന്റെ നാട്ടിലെ ഭയപ്പെടുത്തുന്ന ‘നിര്‍ഭയ’ കണക്കുകള്‍- ഭാഗം 4
തല്ലി കുറ്റവാളിയാക്കുന്ന കേരളാ പോലീസ്; ചേരാനെല്ലൂരിലെ ലീബയുടെ ലോക്കപ്പനുഭവം
സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളക്കേസില്‍-സല്‍മാന്‍ ജസ്റ്റിസ് ഫോറം
പോലീസുകാരന്‍റെ കണ്ണിലെ ‘ഫിഗറ്’ പെണ്‍കുട്ടിയും കുരുത്തം കെട്ട ചെക്കനും

 സംഭവത്തില്‍ പിടിയിലായ നാല് പ്രതികളും നേരം ഇരുട്ടി വെളുത്തപ്പോഴേക്കും പ്രതികളല്ലാതായി. പുതിയ പ്രതിയെയും പോലീസ് ഹാജരാക്കി. അന്വേഷണത്തിന് താല്‍ക്കാലിക ചുമതല നല്‍കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികളെ മാറ്റി പുതിയ പ്രതിയെ അവതരിപ്പിച്ച് കേസന്വേഷണ ചുമതലയില്‍ നിന്ന് മാറുകയും ചെയ്തു.  സ്‌കൂള്‍ ബസിലെ ക്ലീനര്‍ പാറമ്മേല്‍ സ്വദേശി മുനീറാണ് (18) പുതിയ പ്രതിയായി അവതരിച്ചത്. മുനീര്‍ എല്ലാ കുറ്റവും സമ്മതിച്ചതായാണ് പോലീസ് വിശദീകരിച്ചത്. പക്ഷെ ജനം വെറുതെയിരുന്നില്ല. ലീഗും കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും എല്ലാം പിഞ്ചുകുട്ടിയുടെ നീതിക്കും പ്രതിയാക്കപ്പെട്ട മുനീറിനും വേണ്ടി രംഗത്തെത്തി. നിരപരാധിയെ  പ്രതിയായി ചിത്രീകരിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം അണപൊട്ടി. അത് നാദാപുരം പോലീസ് സ്റ്റേഷന്‍ പരിസരത്ത് വന്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതോടെ  പ്രതിയെന്നു മുദ്രകുത്തി കസ്റ്റഡിയില്‍ വച്ച മുനീറിനെ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പോലീസിന് വെറുതെ വിടേണ്ടിവന്നു. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത മുനീറിനെ വെള്ളിയാഴ്ച രാത്രിയോടെയാണ് പൊലീസ് വിട്ടയച്ചത്. അതും സമ്മര്‍ദ്ദത്തിന് വഴങ്ങി. എന്നാല്‍ അത്രയും സമയം ഇയാളെ കസ്റ്റഡിയിലെടുത്ത വിവരം മുനീറിന്റെ വീട്ടില്‍ അറിയിക്കാനുള്ള മര്യാദ പോലീസ് കാണിച്ചില്ലെന്നതും ശ്രദ്ധേയം.

 

സാധാരണ രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന മുനീര്‍ വൈകുന്നേരം സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ വീട്ടിലെത്തുന്നതാണ്. പ്രത്യേകിച്ച് സൗഹൃദങ്ങളൊന്നുമില്ലാത്ത മുനീറിന് ചെറിയരീതിയില്‍ ബുദ്ധിസ്ഥരിതക്കുറവുമുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രാത്രിയായിട്ടും മുനീര്‍ വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് പരിഭ്രാന്തരായി വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ്  മുനീര്‍ സ്റ്റേഷനിലുണ്ടെന്ന് വെള്ളിയാഴ്ച രാവിലെ   അറിയുന്നത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ മാതാപിതാക്കളെ മുനീറിനെ കാണാന്‍ പോലും അനുവദിച്ചില്ല. ഇതോടെ മുനീറിന്റെ സഹോദരിയും മാതാവും അലറിക്കരയാന്‍ തുടങ്ങി. ഇതിനിടയിലാണ് മുനീറിനെ കേസില്‍ അറസ്റ്റ് ചെയ്തതായി വാര്‍ത്ത വന്നത്. ഇതോടെ നിരപരാധിയെ അറസ്റ്റ് ചെയ്തതായി ആരോപിച്ച് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളം വെച്ചു. വിവരമറിഞ്ഞ് കെ.കെ.ലതിക എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. വൈകാതെ സ്റ്റേഷന്‍ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ഡി.വൈ.എസ്.പി ഓഫീസിന് മുമ്പില്‍ കുത്തിയിരുന്നു  നാട്ടുകാര്‍ മുദ്രാവാക്യം വിളി തുടങ്ങി. സ്ഥിതി വഷളാകുമെന്നായതോടെ കനത്ത പോലീസും നിലയുറപ്പിച്ചു. ഇടക്കിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും ജനപ്രതിനിധികളും നേതാക്കളും ഇടപെട്ട് ശാന്തരാക്കി. രണ്ടു വട്ടം പോലീസ് അധികൃതരുമായി ജനപ്രതിനിധികളും നേതാക്കളും ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. മുനീറിനെ വിട്ടയച്ചില്ലെങ്കില്‍ പിരിഞ്ഞു പോകില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും നേതാക്കള്‍ പോലീസിനെ അറിയിച്ചു. ഇതിനിടെ ജനം സംസ്ഥാന പാതയും  ഉപരോധിച്ചു. സ്ഥിതി വഷളാവുമെന്നുറപ്പായതോടെ  മൂന്നാംവട്ട ചര്‍ച്ചയ്ക്ക് പോലീസ് തയ്യാറായി. അന്വേഷണം സുതാര്യവും നിഷ്പക്ഷവുമായി തന്നെ നടത്തുമെന്ന് പറഞ്ഞ് ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലാണ് മുനീറിനെ ഗത്യന്തരമില്ലാതെ വിട്ടയച്ചത്. കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്ന ഘട്ടത്തിലാണ് തുടക്കത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേരെ ഇന്നു രാവിലെ (ശനി) സിഐ. എ.എസ് സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. തലശ്ശേരി ചുങ്കം എരഞ്ഞോളി പവിത്രത്തില്‍ ഷംസുദ്ദീന്‍ (18) നാദാപുരം കാക്കവയല്‍ പാറാട് കുണ്ടാഞ്ചേരി മുബഷീര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സ്‌കൂളിനോട് ചേര്‍ന്ന മതപഠന വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ്. ഇതില്‍ മുബഷീറിന്റെ പിതാവ് സിറാജുല്‍ ഹുദാ എഡുക്കേഷന്‍കോംപ്ലക്‌സിന്റെ കുറ്റ്യാടി മാനേജറും കാന്തപുരത്തിന്റെ പ്രദേശത്തെ സംഘടന നേതാവും പ്രാസംഗികനുമാണ്. ഇവര്‍ പിടിക്കപ്പെടുമെന്ന വേവലാതിയില്‍ ഉന്നതതലത്തില്‍ സ്വാധീനം ചെലുത്തിയപ്പോഴാണ് പാവപ്പെട്ടൊരു ബസ്  ക്ലീനര്‍ പ്രതിയാകുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ പോയത്. വിഷയത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടികളുമെല്ലാം  കൂട്ടായ പ്രക്ഷോഭം നയിച്ചില്ലായിരുന്നെങ്കില്‍ പോലീസ് ആടിനെ പട്ടിയാക്കി മുനീറിന് ശിക്ഷവാങ്ങിക്കൊടുക്കുമായിരുന്നു.

ഇന്നലെ പുറത്തിറങ്ങിയ മുനീര്‍,  തന്നെ പ്രാകൃതമായ രീതിയില്‍ പോലീസ് പീഡിപ്പിച്ച് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തി.  അറസ്റ്റിലായവര്‍ പാവപ്പെട്ട രണ്ട് അനാഥാലയം വിദ്യാര്‍ഥികളാണെന്നും അവര്‍ കുറ്റം ചെയ്യില്ലെന്നും യാതൊരു നാണവുമില്ലാതെ കോഴിക്കോട്ട് വാര്‍ത്ത സമ്മേളനം നടത്തിയ കാന്തപുരത്തിന്റെ സംഘടനയുടെ  കേരളത്തിലെ സമുന്നതനായ നേതാവിന്, സ്‌കൂള്‍ ബസ് ക്ലീനറും ബുദ്ധിസ്ഥിരതയില്ലാത്തവനുമായി യുവാവിനെ പ്രതിയാക്കാന്‍ ശ്രമിച്ചതിലും നാലര വയസുകാരിയായ പിഞ്ച് കുഞ്ഞ് പീഡിപ്പിക്കപ്പെട്ടതിലും ആശങ്കയില്ലാത്തതിനെ ഏതു ഭാഷ ഉപയോഗിച്ചാണ് അപലപിക്കേണ്ടത്. വിഷയത്തില്‍ സജീവമായി ഇടപെട്ട ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജ് മെന്റിനെ സഹായിക്കാനും കുറ്റവാളികളെ രക്ഷിക്കാനുമായി മലപ്പുറത്തുനിന്നുള്ളൊരു കോണ്‍ഗ്രസ് മന്ത്രി സജീവമായി ഇടപെടുന്നുണ്ടെന്ന്ആരോപിക്കുകയുണ്ടായി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍