UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികതയുടെ മരിജുവാന വഴികള്‍; മദ്യം പാടില്ല

Avatar

ക്രിസ്റ്റഫര്‍ ഇന്‍ഗ്രഹാം
(വാഷിങ്ടണ്‍ പോസ്റ്റ്) 

അമേരിക്കയില്‍ മരിജുവാന മുഖ്യധാരയിലേക്കു വരികയാണ്. ഈ മയക്കുമരുന്നിനോടുള്ള മനോഭാവം മാറുന്നു. ഇതിന്റെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ മാറുന്നു. കൂടുതല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇതിനെ നിയമപരമാക്കാന്‍ വോട്ട് ചെയ്യുന്നു.

സ്വീകാര്യത വിപുലമാകുംതോറും ഉപയോഗവും കൂടും. പൊതുജനാരോഗ്യ ഗവേഷകരില്‍ ഇത് പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. എങ്ങനെയാകും നിയമത്തിനുകീഴിലുള്ള മരിജുവാന നമ്മുടെ കുട്ടികളെ ബാധിക്കുക? നമ്മുടെ തൊഴിലുകളെ? ബന്ധങ്ങളെ? അതല്ലെങ്കില്‍ ലൈംഗിക ജീവിതത്തെ?

അവസാനത്തെ ചോദ്യം ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ജോസഫ് പലാമറിനെയും സഹപ്രവര്‍ത്തകരെയും ഒരു പ്രോജക്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു. 

‘സാഹചര്യം മാറുന്നതിനാലും മരിജുവാന ജനപ്രീതിയില്‍ മുന്നേറുന്നതിനാലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളെ കൂടുതല്‍ അപകടകരമാക്കും വിധം അതിനുണ്ടാകാവുന്ന സ്വാധീനത്തെപ്പറ്റി പഠനം ആവശ്യമാണ്’, ജൂലൈയിലെ ‘ ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍’ ജേണലില്‍ അവര്‍ എഴുതി.

ഇതിനുള്ള ഗവേഷണത്തിനായി 24 പേരെയാണ് പലാമറും സഹപ്രവര്‍ത്തകരും തിരഞ്ഞെടുത്തത്. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലായിരുന്നപ്പോള്‍ നടന്ന ലൈംഗികബന്ധങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കുകയായിരുന്നു ഇവര്‍ ചെയ്യേണ്ടിയിരുന്നത്. ഇത് ദേശീയ സാംപിളായിരുന്നില്ല. അങ്ങനെയാകണമെന്ന് ഉദ്ദേശിച്ചിരുന്നുമില്ല. മദ്യവും മയക്കുമരുന്നും ആളുകളുടെ ലൈംഗിക പെരുമാറ്റത്തെ എങ്ങനെ ബാധിക്കുന്നു എന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഫലം അനുസരിച്ച് കൂടുതല്‍ വ്യാപകമായി ഗവേഷണം നടത്തുകയും.

കൂടിക്കാഴ്ചകളില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയ ചില വിവരങ്ങള്‍ ഇവയാണ്:

1. ‘ബീര്‍ ഗോഗിള്‍സ്’ വസ്തുതയാണ്
തെറ്റായ ലൈംഗിക പങ്കാളികളെ തിരഞ്ഞെടുക്കുന്നതില്‍ മദ്യത്തിനും മയക്കുമരുന്നിനുമുള്ള പങ്ക് ഗവേഷണത്തില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു. ഇതില്‍ സ്ത്രീ, പുരുഷ വ്യത്യാസമില്ല. കാഴ്ചയിലും സ്വഭാവത്തിലും എങ്ങനെയുള്ളവരാകണം പങ്കാളികള്‍ എന്ന അഭിപ്രായത്തെ താഴ്ന്ന നിലവാരത്തിലേക്കു കൊണ്ടുപോകാന്‍ മദ്യത്തിനും മയക്കുമരുന്നിനുമാകും. മരിജുവാനയുടെ കാര്യത്തില്‍ ഇത് വലിയ പ്രശ്‌നമായില്ലെന്നു പറഞ്ഞവരുമുണ്ട്. ‘ ലഹരിമരുന്ന് സ്വാധീനിക്കുമ്പോഴും ആര്‍ക്കൊപ്പമാണു പോകുന്നതെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ മദ്യത്തിന്റെ കാര്യം അതല്ല. മദ്യപിച്ചുതുടങ്ങിയാല്‍ എല്ലാവരും സുന്ദരന്മാരെന്നു തോന്നും,’ ഒരു മുപ്പത്തിനാലുകാരി പറഞ്ഞു.

മരിജുവാന ഉപയോഗിക്കുന്നവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് പരിചിതരായ ആളുകളുമായാണ്. ബോയ്ഫ്രണ്ട്‌സ്, ഗേള്‍ ഫ്രണ്ട്‌സ് എന്നിങ്ങനെ. എന്നാല്‍ മദ്യപിച്ചവരില്‍ അപരിചിതരും ഈ ഗണത്തിലേക്കു വന്നു.

2. മദ്യലഹരിയിലെ ലൈംഗിക ബന്ധം ഖേദിക്കാന്‍ ഇട വരുത്തുന്നു. മരിജുവാന അങ്ങനെയല്ല
മദ്യലഹരിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഭൂരിപക്ഷവും ലഹരി വിട്ടപ്പോള്‍ അതേപ്പറ്റി ഖേദിക്കുന്നതായി പഠനം കണ്ടു. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അവരുടെ പെരുമാറ്റത്തില്‍ ഖേദവും നാണക്കേടും തോന്നിയതായി സമ്മതിച്ചു. ഇങ്ങനെയൊന്ന് മരിജുവാനയുടെ കാര്യത്തില്‍ ആരും പറഞ്ഞില്ല. നെഗറ്റീവ് വികാരങ്ങളുടെ കാരണങ്ങളിലൊന്ന് പങ്കാളികള്‍ അപരിചിതരാണ് എന്നതാകാമെന്ന് പഠനം കരുതുന്നു.

3. മദ്യലഹരിയിലെ ലൈംഗികബന്ധം നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. മയക്കുമരുന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നു.
ഓക്കാനം, തലചുറ്റല്‍, അസ്വസ്ഥത, ഛര്‍ദ്ദില്‍, ബോധമില്ലായ്ക ഇവയെല്ലാം മദ്യത്തോടനുബന്ധിച്ചുണ്ടാകുന്നതായി കണ്ടു. ലൈംഗികബന്ധത്തിനിടെ ഉറങ്ങിപ്പോയതായി ഒരു പുരുഷന്‍ പറഞ്ഞപ്പോള്‍ ഛര്‍ദിക്കാനായി ഇറങ്ങിപ്പോകേണ്ടിവന്നതാണ് മറ്റൊരാള്‍ക്കു പറയാനുണ്ടായിരുന്നത്.

മരിജുവാനയുടെ പാര്‍ശ്വഫലങ്ങള്‍ മാനസികമായിരുന്നു. മയക്കുമരുന്നിന്റെ ലഹരി ലൈംഗികബന്ധത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതായാണ് പലരും പറഞ്ഞത്. ‘മയക്കുമരുന്നിന്റെ ലഹരിയിലായിരിക്കുമ്പോള്‍ ലൈംഗികതയെപ്പറ്റി വിചിത്രം എന്നാണു തോന്നുക.’

4. മരിജുവാന കൂടുതല്‍ ആനന്ദിപ്പിക്കുന്നു.
 ‘മദ്യം എല്ലാ വികാരങ്ങളെയും മരവിപ്പിക്കുന്നു. മരിജുവാന അവയെ തീവ്രമാക്കുന്നു’ എന്നാണ് പഠനത്തില്‍ പങ്കെടുത്ത ഒരു പുരുഷന്‍ പറഞ്ഞത്. മദ്യത്തിന്റെ സ്വാധീനത്തില്‍ ലൈംഗികബന്ധം ദീര്‍ഘമാകുന്നു. എന്നാല്‍ മരിജുവാനയുടെ സ്വാധീനത്തില്‍ അത് ഹ്രസ്വവും തീവ്രവുമാകുന്നു. മരിജുവാന ഉപയോഗിച്ചവര്‍ രതിമൂര്‍ച്ഛ കൂടുതല്‍ തീവ്രമാണെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ സ്ത്രീപുരുഷ വ്യത്യാസമുണ്ടായില്ല. അഞ്ചിരട്ടിയോളം എന്നായിരുന്നു ഒരാളുടെ അഭിപ്രായം. 

കൂടുതല്‍ മൃദുലവും സാവധാനമുള്ളതും ഇന്ദ്രിയസുഖം തരുന്നതുമായ ലൈംഗികബന്ധം സാധിക്കുന്നത് മരിജുവാനയ്ക്കാണ് എന്നായിരുന്നു പഠനത്തോട് സഹകരിച്ചവരുടെ അഭിപ്രായം.

5. മദ്യലഹരിയിലെ ലൈംഗികബന്ധം അപകടകരമാണ്.
പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും കരുതുന്നത് ലൈംഗികതയെ സംബന്ധിച്ചിടത്തോളം മദ്യം മരിജുവാനയെക്കാള്‍ അപകടകരമാണെന്നാണെന്നു പലാമറും സഹപ്രവര്‍ത്തകരും കണ്ടെത്തി. വിവേചനബുദ്ധിയെ കൂടുതല്‍ ബാധിക്കുന്നത് മദ്യമാണെന്നും ബോധമില്ലാതാക്കുന്നതും ആരാണ് ഒപ്പമുള്ളതെന്ന അറിവ് ഇല്ലാതാക്കുന്നതും ഇതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇത്തരം പെരുമാറ്റം മരിജുവാനയുടെ സ്വാധീനത്തില്‍ ഉണ്ടായതായി ആരും തന്നെ പറഞ്ഞില്ല. മദ്യത്തെക്കാള്‍ മരിജുവാനയില്‍ സ്വയം നിയന്ത്രണം നിലനില്‍ക്കുന്നതായും പങ്കെടുത്തവര്‍ പറഞ്ഞു. മയക്കുമരുന്ന് ലഹരിയിലാകുമ്പോള്‍ മറ്റുള്ളവരുടെ സ്വാധീനത്തില്‍പ്പെടാതിരിക്കാന്‍ മാത്രം മതിഭ്രമത്തിലാകുമെന്നാണ് ഒരാള്‍ പറഞ്ഞത്.

പൊതുജനാരോഗ്യസംബന്ധിയായി നോക്കുമ്പോള്‍ പഠനം വെളിവാക്കുന്ന ചില കാര്യങ്ങളുണ്ട്. മദ്യത്തിന്റെ ഉപയോഗം അപകടകരമായ ലൈംഗികതയ്ക്കു പ്രോല്‍സാഹനമാകുന്നു എന്നതാണ് ഒന്ന്. മുന്‍പുള്ള മറ്റ് അനവധി പഠനങ്ങള്‍ തെളിയിച്ച ഇക്കാര്യം ഈ പഠനവും ശരിവയ്ക്കുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അതുമൂലമുള്ള ലൈംഗികരോഗങ്ങളുടെ വ്യാപനം, അപ്രതീക്ഷിത ഗര്‍ഭധാരണം എന്നിവയ്ക്കു പുറമെ മറ്റൊരു പ്രശ്‌നവും മദ്യലഹരിയിലുള്ള ലൈംഗികതയ്ക്കുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ലൈംഗിക അതിക്രമങ്ങള്‍. പലാമറുടെ പഠനത്തിനെത്തിയവരുടെ എണ്ണം വളരെ കുറവായിട്ടും അവരിലും ഇത്തരം പെരുമാറ്റത്തിനിരയായവരുണ്ടായിരുന്നു. പങ്കെടുത്ത 12 സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ ആക്രമിക്കപ്പെട്ടതായി അറിയിച്ചു.

ഇത്തരം പാര്‍ശ്വഫലങ്ങള്‍ മരിജുവാന ഉപയോഗിച്ചവരില്‍ കുറവായിരുന്നു. മരിജുവാന ഉപയോഗിക്കുന്ന ദമ്പതികളില്‍ ഗാര്‍ഹിക അക്രമങ്ങള്‍ കുറവാണെന്നു ഗവേഷകര്‍ കണ്ടെത്തിയത് ഉദാഹരണം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍