UPDATES

ട്രെന്‍ഡിങ്ങ്

ലൈംഗിക ചൂഷണ കേന്ദ്രങ്ങളാകുന്ന മതസ്ഥാപനങ്ങള്‍; കര്‍ശന നിരീക്ഷണം അനിവാര്യം

തിരുവനന്തപുരം പേട്ടയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല

തിരുവനന്തപുരം പേട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത മതസ്ഥാനപനങ്ങള്‍ ലൈംഗിക ചൂഷണത്തിന്റെ കേന്ദ്രമാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുന്ന ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ലിംഗം യുവതി സഹികെട്ട് മുറിച്ചുമാറ്റിയപ്പോള്‍ പുരോഹിതന്മാരും സന്യാസിമാരും തങ്ങളുടെ ആ വിധത്തിലെ അധികാരവും പ്രഭാവവും സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിന് ഏത് വിധത്തില്‍ ഉപയോഗിക്കുന്നുവെന്നത് പൊതുസമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

മതനേതാക്കളും പുരോഹിതന്മാരും തങ്ങളുടെ പദവി കുട്ടികളെയും സ്ത്രീകളെയും ലൈംഗിക ചൂഷണത്തിന് വിധേയരാക്കാന്‍ ഉപയോഗിച്ച നിരവധി സംഭവങ്ങളാണ് സമീപകാലത്ത് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയായ ഫാ. റോബിന്‍ വടക്കുംചേരി(48) ലൈംഗിക പീഡനക്കേസിന് അറസ്റ്റിലായത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയും അവര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പള്ളി നടത്തുന്ന കമ്പ്യൂട്ടര്‍ ക്ലാസിന്റെ മറവിലാണ് അച്ചന്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത് പോലീസും വ്യക്തമാക്കി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡന വിരുദ്ധ നിയമം(പോസ്‌കോ) പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സമാനമായ മറ്റൊരു കേസില്‍ മദ്രസ അധ്യാപകനാണ് അറസ്റ്റിലായത്. കണ്ണൂര്‍ മുഴക്കുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് വിധേയരാക്കിയത്. വയനാട് തരുവണ സ്വദേശി മുഹമ്മദ് റാഫി(27) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ക്കെതിരെയും പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തത്.

ഏതാനും വര്‍ഷം മുമ്പ് ഗായത്രി എന്നറിയപ്പെടുന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തില്‍ താന്‍ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ‘വിശുദ്ധ നരകം: വിശ്വാസത്തിന്റെ ഓര്‍മ്മക്കുറിപ്പ്, ഭക്തിയും ശുദ്ധമായ ഭ്രാന്തും’ എന്ന പുസ്തകത്തിലൂടെയാണ് ട്രെഡ്‌വെല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആശ്രമത്തിലെ മുതിര്‍ന്ന അന്തേവാസികള്‍ തമ്മില്‍ ലൈംഗിക ബന്ധം പതിവാണെന്നും ഇവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.

മതസ്ഥാപനങ്ങളെയും ബിംബങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാക്കുന്നതാണ് പേട്ടയിലെ സംഭവം.

പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഗൗരവമായി എടുക്കുന്നുവെങ്കില്‍ ഇത്തരം മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നിര്‍ബന്ധ പരിശോധനകള്‍ നടത്തേണ്ടിയിരിക്കുന്നു. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളോടും കുട്ടികളോടും പോലീസ് ശിശുക്ഷേമ സമിതികളുടെയും വനിത കമ്മിഷന്റെയും സഹായത്തോടെ ആശയവിനിമയം നടത്തേണ്ടതും അനിവാര്യമാണ്. ആള്‍ദൈവങ്ങളും സന്യാസിമാരും മതപുരോഹിതന്മാരുമെല്ലാം കര്‍ശന നിരീക്ഷണത്തിലായിരിക്കണമെന്നാണ് സമീപകാല അനുഭവങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍