UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൂറനാട് ലൈംഗിക പീഡന കേസ്; പെണ്‍കുട്ടിയുടെ തിരോധാനം ദുരൂഹം

Avatar

അഴിമുഖം പ്രതിനിധി

ദുരൂഹതകള്‍ നിലനിര്‍ത്തി നൂറനാട് ലൈംഗിക പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ കാണാതായിരിക്കുന്നു. ഇന്നലെയാണ് (ഫെബ്രുവരി 26) കാര്യവട്ടത്തുള്ള നവജീവന്‍ ഹോമില്‍ നിന്നും പെണ്‍കുട്ടി കാണാതാവുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പൊലീസില്‍ നവജീവനിലെ സിസ്റ്റര്‍ രാജി പരാതി നല്‍കിയിട്ടുണ്ട്. പരാതിയിന്മേല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കാണാതായി ഒരു ദിവസം പിന്നിടുമ്പോഴും കുട്ടിയെക്കുറിച്ച് പൊലീസിന് വിവരമൊന്നും തന്നെ കിട്ടിയിട്ടില്ല. പെണ്‍കുട്ടി സ്വന്തം വീട്ടിലുമെത്തിയിട്ടില്ല. നൂറനാട് പീഡനക്കേസ് ബാലാവകാശ കമ്മിഷന്റെ മേല്‍നോട്ടത്തില്‍ വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്ന സമയത്താണ് കുട്ടിയുടെ തിരോധനം എന്നതാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്.

2012 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയാകുന്നത്. എന്നാല്‍ കുട്ടിയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തി ഇപ്പോഴും നിയമത്തിന്റെ പിടിയിലായിട്ടില്ല. പോളിഗ്രാഫ് ടെസ്റ്റ് സഹിതം നടത്തി പ്രതിയെന്നു ചൂണ്ടിക്കാണിക്കപ്പെട്ട വ്യക്തിയെ കുറ്റവിമുക്തനാക്കാനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന ആരോപണം അന്നു മുതല്‍ നിലനില്‍ക്കുന്നുണ്ട്. മറ്റാരോ ആണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കുട്ടിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അവള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞുവെങ്കിലും അതിനുത്തരവാദി ആരെന്നു പറയാതെ ഒളിച്ചുകളിക്കുകയായിരുന്നു പൊലീസ്. പീഡനത്തിരയായശേഷം കുട്ടിയെ നിര്‍ഭയയുടെ സംരക്ഷണയിലേക്ക് മാറ്റുകയായിരുന്നു. വെഞ്ഞാറുംമൂടിലുള്ള നിര്‍ഭയ കേന്ദ്രത്തില്‍ താമസിച്ചുവന്ന കുട്ടി പ്രദേശത്തു തന്നെയുള്ള ഐ ടി ഐയില്‍ വിദ്യാര്‍ത്ഥിയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്നു തങ്ങള്‍ മനസിലാക്കിയതെന്ന് സിസ്റ്റര്‍ രാജി അഴിമുഖത്തോട് പറഞ്ഞു. കുട്ടി നിര്‍ഭയയില്‍ നിന്നും ഇവിടെയെത്തിയിട്ട് ഇന്നലെ ഒരാഴ്ച്ച തികയുന്ന ദിവസമാണ്. വന്നതു മുതല്‍ കുട്ടി തീര്‍ത്തും നിശബ്ദയും മറ്റുള്ളവരുമായി ഇടപഴകാന്‍ വിമുഖത കാണിക്കുകയുമായിരുന്നുവെന്ന് സിസ്റ്റര്‍ രാജി പറയുന്നു. കുട്ടിയെ കാണാനില്ലെന്നു മനസിലായ ഉടന്‍ തന്നെ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയെന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായാണ് അറിയിപ്പ് കിട്ടിയതെന്നും രാജി പറയുന്നു. ഇന്നലെ പെണ്‍കുട്ടി മിസിംഗ് ആയതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചുവെന്നും ഇതിന്മേല്‍ അന്വേഷണം തുടങ്ങിയതായും ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കഴക്കൂട്ടം പൊലീസും അഴിമുഖത്തോട് പറഞ്ഞു.

നിര്‍ഭയയില്‍ നിന്നും നവജീവനിലേക്ക് എന്തുകൊണ്ട് പെണ്‍കുട്ടിയെ മാറ്റി?
പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യമുയരുന്ന സംശയം ഇതാണ്. സര്‍ക്കാര്‍ സ്ഥാപനമായ നിര്‍ഭയയില്‍ നിന്നും സ്വകാര്യസ്ഥാപനമായ നവജീവനിലേക്ക് പെണ്‍കുട്ടിയെ മാറ്റിയത് എന്തിനാണ്? ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ഇത്തരമൊരു മാറ്റം ഉണ്ടായിട്ടുള്ളത്. ഓരോ ജില്ലയിലും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളക്കുറിച്ച് അന്വേഷിക്കാനും അവയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിടാനും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനുമൊക്കെ ചുമതലപ്പെട്ട കമ്മിറ്റിയാണ് സിഡബ്ല്യുസി. എന്നാല്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ സംരക്ഷണയില്‍ നിന്നും നവജീവന്‍പോലുള്ള സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ പറഞ്ഞയക്കാന്‍ തീരുമാനിക്കുന്നത് ഏതു നിയമത്തിന്റെ പുറത്താണെന്നാണ് ചിലകോണുകളില്‍ നിന്നും ചോദ്യമുയരുന്നത്. നിയമപരമായി തന്നെ സിഡബ്ല്യുസിയുടെ നടപടിയ തെറ്റാണെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു. അതേസമയം ഈ വിഷയത്തില്‍ സിഡബ്ല്യുസിക്കു പറയാനുള്ളത് ശ്രദ്ധിക്കുക; 

നിര്‍ഭയയില്‍ നിന്നും നവജീവനിലേക്ക് മാറ്റാനുള്ള തീരുമാനം പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു. ഒപ്പം താമസിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയുമായി ഒത്തുപോകാന്‍ തീരെ വയ്യാത്ത സാഹചര്യത്തില്‍ താന്‍ ഇനിയങ്ങോട്ട് ഇല്ലെന്നു ഉറപ്പിച്ചു പറഞ്ഞ പെണ്‍കുട്ടി, ആത്മഹത്യ പ്രവണതകൂടി കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നത്. നിര്‍ഭയയില്‍ മാനസികമായി ഇത്തരത്തില്‍ അസ്വസ്ഥരായ മറ്റുകുട്ടികളുമുണ്ട്. ഈ പ്രശ്‌നങ്ങളൊന്നും മണിക്കൂറുകള്‍ കൊണ്ടോ ദിവസങ്ങള്‍ കൊണ്ടോ പരിഹരിക്കാന്‍ കഴിയുന്നതല്ല. നീണ്ട പ്രോസസിംഗ് തന്നെ ആവശ്യമാണ്. ഇത്തരമൊരു ഘട്ടത്തില്‍ കുട്ടിയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നവജീവനിലേക്ക് മാറ്റുന്ന തീരുമാനം എടുക്കുന്നത്. മാത്രമല്ല കുട്ടിക്ക് പഠിക്കാന്‍ പോകുന്നതിന് കൂടുതല്‍ സൗകര്യം നവജീവനില്‍ നിന്നാണെന്നും കമ്മിറ്റി മനസിലാക്കിയിരുന്നു. നവജീവനെ വെറുമൊരു സ്വകാര്യകേന്ദ്രമായി പറയുന്നതും ശരിയല്ല. ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ട പല കുട്ടികളും അവിടെ പാര്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടിയെ ഏതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റിയെന്ന ആരോപണത്തില്‍ കഴമ്പില്ല.

വെറും മൂന്നു ദിവസത്തേക്കു മാത്രമാണ് പെണ്‍കുട്ടിയെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനം എടുത്തത്. ഇത്തരത്തില്‍ കുട്ടിയെ മാറ്റിയപ്പോള്‍ പോലും നിര്‍ഭയയയുടെ സോഷ്യല്‍ വര്‍ക്കര്‍മാരുടെ മേല്‍നോട്ടം കുട്ടിക്ക് ഉറപ്പാക്കിയിരുന്നു. കുട്ടി പുറത്തു പോകുമ്പോഴും പഠിക്കാന്‍ പോകുമ്പോഴും മേല്‍പ്പറഞ്ഞ സോഷ്യല്‍ വര്‍ക്കര്‍മാരുടെ തുണയുണ്ടായിരുന്നു. രണ്ടു ദിവസം കുട്ടി പഠിക്കാന്‍ പോയതും ഇവര്‍ക്കൊപ്പമാണ്. ഇന്നലെ രാവിലെ കുട്ടിയെ തിരികെ വിളിക്കാന്‍ ചെല്ലുമ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്.

സിഡബ്ല്യുസി അംഗം വ്യക്തമാക്കുന്നതനുസരിച്ച് നിര്‍ഭയയില്‍ നിന്നും മാറ്റി പാര്‍പ്പിച്ചെങ്കിലും പെണ്‍കുട്ടി അവരുടെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നുവെന്നാണ്. നവജീവനില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അകലമേ നിര്‍ഭയയുടെ മുഖ്യ കേന്ദ്രമായ മഹിള സമക്യയിലേക്ക് ഉള്ളുവെന്നും പറയുന്നുണ്ട്. അതായത് പെണ്‍കുട്ടി നിര്‍ഭയക്കാരുടെ കണ്‍വെട്ടത്തു തന്നെയായിരുന്നുവെന്ന്. അങ്ങനെയാണെങ്കില്‍ പെണ്‍കുട്ടിയെ കാണാതാവുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്വം നിര്‍ഭയയുടെ ചുമലില്‍ ഉണ്ടെന്നല്ലേ? എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.

വെറും മൂന്നു ദിവസത്തേക്കാണ് കുട്ടിയെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നതെന്ന് സിഡബ്ല്യുസി അംഗം പറയുന്നു. എന്നാല്‍ നിര്‍ഭയയില്‍ നിന്ന് അവര്‍ രേഖാമൂലം തന്നെ വ്യക്തമാക്കുന്നതു കുട്ടിയെ ആറുമാസത്തേക്കാണ് നവജീവനിലേക്ക് മാറ്റുന്നതെന്നാണ്. സിസ്റ്റര്‍ രാജിയും പറയുന്നുണ്ട്, കുട്ടി ഇവിടെ വന്നിട്ട് ഇന്നലെ ഒരാഴ്ച്ച തികഞ്ഞൂവെന്ന്. അപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയംഗം തറപ്പിച്ചു പറയുന്ന മൂന്നുദിവസത്തെ കണക്ക് ശരിയാകുന്നതെങ്ങനെ? മഹിള സമക്യയുടെ കണ്‍വെട്ടത്തു തന്നെയാണ് നവജീവന്‍ എന്നു പറയുമ്പോഴും കാര്യവട്ടത്തു നിന്നും വെഞ്ഞാറുമൂടിലേക്ക് ഒന്നരകിലോമീറ്റര്‍ താഴെയല്ല ദൂരമെന്ന് എല്ലാവര്‍ക്കും അറിയാം.

നിര്‍ഭയ പറയുന്നത്
ഈ വിഷയവുമായി ബന്ധപ്പെട്ട് നിര്‍ഭയ ജീവനക്കാരുമായി അഴിമുഖം സംസാരിച്ചിരുന്നു. പെണ്‍കുട്ടിയെ കാണാതായതിന്റെ ധാര്‍മിക ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന തരത്തിലുള്ള സംസാരം സംശയാസ്പദമാണെന്ന് ഇവര്‍ പറയുന്നു. നൂറനാട് പീഡനക്കേസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടി കാണാതായിരിക്കുന്നത്. സിഡബ്ല്യുസിയില്‍ നടന്ന ഹിയറിംഗില്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷനും സിഡബ്ല്യുസിയും പെണ്‍കുട്ടിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുത്തിരുന്നതാണെന്നും അവര്‍ വ്യക്തമാക്കുന്നു. ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയുമായി കലഹിച്ചാണ് ആ കുട്ടി മാറി താമസിക്കാന്‍ തീരുമാനിച്ചതെന്ന വാദവും അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നല്ല, പക്ഷേ ഇവര്‍ പറയുന്ന തരത്തില്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്ന തരത്തില്‍ ആരുമാരും തമ്മില്‍ പൊരുത്തക്കേടുകളോ ശത്രുതകളോ ഇല്ല. ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ തന്നെ ഞങ്ങള്‍ പ്രത്യേക താത്പര്യമെടുത്താണ് അവളെ പഠിക്കാന്‍ ചേര്‍ക്കുന്നതുപോലും. ഇനിയെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ഒരു സ്വകാര്യകേന്ദ്രത്തിലേക്ക് മാറ്റിയാണോ പരിഹാരം കാണേണ്ടതെന്നും നിര്‍ഭയയിലെ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.

സിഡബ്ല്യുസിയുടെ ഏറ്റവും ബാലിശമായ വാദം പെണ്‍കുട്ടിയുടെ മേല്‍നോട്ടത്തിന് നിര്‍ഭയയുടെ സോഷ്യല്‍വര്‍ക്കര്‍മാരെ നിയോഗിച്ചിരുന്നുവെന്നാണ്. നിര്‍ഭയയുടെയോ മഹിള സമക്യയുടെയോ അറിവില്‍ അത്തരത്തില്‍ ആരെയും തന്നെ നിയോഗിച്ചിട്ടില്ല. ഇവിടെ തന്നെ 32 ഓളം പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്. അവരുടെ കാര്യങ്ങള്‍ നോക്കാന്‍ തന്നെ ആളു കുറവാണ്. അങ്ങനെയുള്ളപ്പോള്‍ ഒരു സ്വകാര്യസ്ഥാപനത്തിലേക്ക് ഒരു പെണ്‍കുട്ടിയുടെ മാത്രം കാര്യങ്ങള്‍ നോക്കാന്‍ ആളെ നിയോഗിക്കുന്നൂവെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ നവജീവന്‍ പോലൊരു കേന്ദ്രം അനുവദിക്കുകയുമില്ല. എന്നിരിക്കെ ഇപ്പോള്‍ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം തന്നെ തെറ്റിദ്ധാരണാജനകവും സംശയാസ്പദവുമാണെന്നും നിര്‍ഭയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ പറയുന്നു.

വാദങ്ങള്‍ ഇങ്ങനെ രണ്ടുരൂപത്തില്‍ ഉയരുമ്പോഴും പെണ്‍കുട്ടി എവിടെ എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തമായി നിലനില്‍ക്കുന്നത്. ഏറെ വിവാദം സൃഷ്ടിച്ചൊരു കേസിലെ ഇരയായ പെണ്‍കുട്ടിയെ ഏതു ന്യായത്തിന്റെ പുറത്താണ് സര്‍ക്കാര്‍ സ്ഥാപനത്തിലെ സംരക്ഷണയില്‍ നിന്നും സ്വകാര്യകേന്ദ്രത്തിലേക്ക് മാറ്റിയെതെന്ന ചോദ്യവും പ്രസക്തമാണ്. പെണ്‍കുട്ടി കാണാതായ സാഹചര്യത്തില്‍ ആരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്? 

ലൈംഗിക ചൂഷണത്തിനു വിധേയരാവുകയും പിന്നീട് സര്‍ക്കാരിന്റെയുള്‍പ്പെടെയുള്ള സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ കാണാതാവുന്നതും പ്രതിക്കനുകൂലമായി മൊഴി നല്‍കുന്നതിലേക്ക് പ്രേരിപ്പിക്കപ്പെടുന്നതും സാധാരണ സംഭവമായിരിക്കുന്നു. ഇരകളായ പെണ്‍കുട്ടികള്‍ക്ക് പുറത്തു നിന്നുള്ളവര്‍ ഫോണ്‍ കൈമാറുന്നതും ഈ പെണ്‍കുട്ടികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതുമൊക്കെ ഇതിനുമുമ്പ് വാര്‍ത്തകളായിട്ടുള്ളതാണ്. ചൂഷണം ചെയ്യപ്പെട്ട കുട്ടികള്‍ പിന്നീട് വേട്ടക്കാരുടെ തന്നെ പ്രലോഭനങ്ങള്‍ക്കു വിധേയരാകുന്ന ദയനീയാവസ്ഥയും നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും മാധ്യമങ്ങളിലേക്ക് ഇതൊന്നും എത്താതെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുതന്നെ മൂടിവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

നൂറനാട് പെണ്‍കുട്ടിയുടെ കാര്യത്തില്‍, ആ കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയനാക്കിയ വ്യക്തി ഇപ്പോഴും സ്വതന്ത്രനായി വിഹരിക്കുകയാണ്. അധികാരത്തിന്റെ സഹായം അയാള്‍ക്ക് നിര്‍ലോഭം കിട്ടുന്നുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലാതെയില്ല. ഇപ്പോള്‍ പ്രസ്തുത കേസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യത്തില്‍ അതിനെ ആരങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അവരുടെ ഭയത്തിന് പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധം സംശയിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ ആ കുട്ടിയെ വേഗം കണ്ടെത്തേണ്ടത് പോലീസിന്റെ അടിയന്തിര ഉത്തരവാദിത്തമാണ്. അതിനിടയിലെ ഒളിച്ചുകളിക്കാരെയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍