അഴിമുഖം പ്രതിനിധി
ജോലി സ്ഥലത്തെ ലൈംഗിക പീഡനത്തിനെതിരെ പരാതി കൊടുത്തിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വനിതാ ജീവനക്കാര്‍ക്ക് മൂന്ന് മാസം വരെ പെയ്ഡ് ലീവ് അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതുവരെ കൊടുത്തിട്ടുള്ള ലീവുകള്‍ക്ക് പുറമേ ആയിരിക്കും ഇത്. കുറ്റം ആരോപിക്കപ്പെട്ട പ്രതികള്‍ പീഡനത്തിന് ഇരയായവരെ ഭീഷണിപ്പെടുത്തുന്നതും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും ആയി ബന്ധപ്പെട്ടു കിട്ടിയ അനേകം പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് ഇത്തരം ഒരു തീരുമാനം.
അന്വേഷണ കാലയളവായി പരിഗണിച്ചാണ് 90 ദിവസം വരെ പീഡിപ്പിക്കപ്പെട്ട വനിതാ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചിരിക്കുന്നത് എന്ന് പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് (ഡി.ഓ.പി.ടി.) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇത് നിലവില്‍ അനുവദിക്കപ്പെട്ട ലീവുകളില്‍ നിന്ന് കുറയ്ക്കുകയില്ല എന്നും പറയുന്നു.
ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക പീഡന നിരോധന നിയമം 2003 പ്രകാരം ആണ് അവധി നല്‍കുന്നത്. അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കുന്ന സര്‍വീസ് ബുക്കിലെ ചട്ടങ്ങളില്‍ ഈ നിയമം ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാല്‍ ഡി.ഓ.പി.ടി. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (ലീവ്) റൂള്‍സ് 1972ല്‍ ഈ പുതിയ നിയമം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലൈംഗിക പീഡനം എന്നതില്‍ ശാരീരികമായ സ്പര്‍ശനങ്ങള്‍, അത്തരത്തില്‍ ഉള്ള മുന്നേറ്റങ്ങള്‍, ലൈംഗിക ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള അഭ്യര്‍ത്ഥന, ലൈംഗിക ചുവയുള്ള സംസാരങ്ങള്‍, അശ്ലീലസാഹിത്യ പ്രദര്‍ശനം, ലൈംഗികമായ അര്‍ത്ഥം നല്‍കുന്ന മറ്റേത് വിധേനയും ശാരീരികമായോ വാക്കാലോ അല്ലാതെയോ ഉള്ള പെരുമാറ്റങ്ങള്‍ എല്ലാം ഉള്‍പ്പെടും.
ഇത് കൂടാതെ ജോലിയില്‍ മുന്‍ഗണനയോ കോട്ടമോ വരുത്തുമെന്ന് വ്യക്തമായോ അവ്യക്തമായോ ഉള്ള വാഗ്ദാനം, ഇപ്പോഴത്തെയോ ഭാവിയിലെയോ ജോലിയുടെ അവസ്ഥയെ പറ്റി വ്യക്തമായോ അവ്യക്തമായോ ഉള്ള ഭീഷണി, ജോലിയില്‍ തടസ്സം സൃഷ്ടിക്കല്‍, അനിഷ്ടകരമായതോ ഭയപ്പെടുത്തുന്നതോ ആയ ജോലി സാഹചര്യം സൃഷ്ടിക്കല്‍, ആരോഗ്യത്തെയോ സുരക്ഷയേയോ ബാധിക്കാവുന്ന തരത്തില്‍ അപമാനിക്കാനുള്ള ശ്രമം, ഇവയൊക്കെ ജോലി സ്ഥലത്തെ ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണ്.