UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടുംബ ജീവിതത്തില്‍ പങ്കാളിയുടെ ലൈംഗിക ഭൂതകാലം അത്ര വലിയ പ്രശ്നമാണോ?

Avatar

ടോണിലിന്‍ ഹോര്‍നങ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

“നീ എത്ര പേരുമായി കിടക്ക പങ്കിട്ടിട്ടുണ്ട്?” അയാള്‍ ചോദിച്ചു.

ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് ആറു മാസമായിരുന്നു. പെട്ടന്നാണ് എന്‍റെ ബോയ് ഫ്രണ്ടിന് ഞങ്ങള്‍ കണ്ടു മുട്ടുന്നതിന് മുന്‍പുള്ള എന്‍റെ ജീവിതത്തെ കുറിച്ച് എല്ലാമറിയാനുള്ള അടക്കാനാകാത്ത ആകാംക്ഷയുണ്ടായത്. നിസ്സാര ചോദ്യങ്ങളിലൂടെയായിരുന്നു തുടക്കം: ആദ്യചുംബനം എത്ര വയസ്സിലായിരുന്നു? പിന്നെ പൊതുസ്ഥലത്തു വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നൊക്കെയായി.

അതിനൊക്കെയുള്ള ഉത്തരങ്ങള്‍ കേട്ട് ഞാന്‍ അത്ര പരിശുദ്ധയല്ല എന്നു തോന്നിയപ്പോള്‍ എന്‍റെ കാമുകന്‍ വഴക്കുകള്‍ ആരംഭിച്ചു. കൌതുകത്തിനു പകരം അയാള്‍ക്ക് അപമാനമാണ് തോന്നിയത്. ഓരോ ചോദ്യങ്ങള്‍ കഴിഞ്ഞപ്പോഴും ഞാന്‍ ഒരു വൃത്തികെട്ടവള്‍ ആണെന്ന് അയാള്‍ക്കും തികച്ചും നോര്‍മലായ ഒരു സ്ത്രീയാണെന്ന് എനിക്കും വ്യക്തമായി.

അന്നെനിക്ക് 29 വയസ്സായിരുന്നു. അയാള്‍ എന്‍റെ ആദ്യകാമുകനായിരുന്നില്ല. അതയാള്‍ക്കും അറിവുള്ളതാണ്. വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ ആ സമയത്ത് മറ്റു പലരേയും ഡേറ്റ് ചെയ്യുകയും അവരുമായി ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ പരസ്പരം കമ്മിറ്റഡ് ആയിരുന്നു. എന്നെ സ്നേഹിക്കുന്നു എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു. ഒരുമിച്ച് ജീവിക്കണം എന്നു പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചു. ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ അയാളെ എനിക്കു മനസിലാക്കാനേ ആവുന്നില്ല എന്നു തോന്നിപ്പോയി.

ആദ്യം ഞാന്‍ കരുതിയത് ഞങ്ങളുടെ ലൈംഗിക ജീവിതത്തില്‍ എനിക്ക് സംതൃപ്തി കിട്ടുന്നില്ല എന്നോര്‍ത്തുള്ള അയാളുടെ ഉത്കണ്ഠയാകും എന്നാണ്. അതുകൊണ്ട് എനിക്ക് അയാളുടെ കൂടെ മാത്രം ജീവിക്കണം എന്നാണ് ആഗ്രഹമെന്ന് ഞാന്‍ തുറന്നു പറഞ്ഞു. (ഇല്ല, ഞാന്‍ മറ്റ് പുരുഷന്മാരെ ആഗ്രഹിച്ചിരുന്നില്ല. ഒന്നിനു പകരം രണ്ടു പങ്കാളികള്‍ ആയാലോ എന്ന രീതിയിലുള്ള ഭാവനകളും ഇല്ലായിരുന്നു.) ഇതൊക്കെ സ്നേഹപൂര്‍വ്വം ഞാന്‍ പറയുമ്പോള്‍ കുറച്ചു നേരം സമാധാനം ഉണ്ടാകും. പിന്നെയും കുത്തിക്കുത്തിയുള്ള എന്തെങ്കിലും ചോദ്യം വരും.

“നീ എത്ര പേരുമായി കിടക്ക പങ്കിട്ടിട്ടുണ്ട്?” അയാള്‍ വീണ്ടും ചോദിച്ചു.

കള്ളം പറയണമെന്നുണ്ടായിരുന്നു; പക്ഷേ അതെനിക്ക് വശമില്ലാത്ത ഒരു കാര്യമാണ്. എങ്ങനെയെങ്കിലും പറഞ്ഞൊപ്പിച്ചാലും എന്‍റെ മുഖം കണ്ടാല്‍ കാര്യം മനസിലാവും. ആ ചോദ്യത്തിനുത്തരം അന്വേഷിക്കേണ്ട കാര്യം അയാള്‍ക്കില്ലെന്നും എനിക്കറിയാം. ഞാന്‍ എത്ര പേരുടെ കൂടെ കിടന്നു എന്നുള്ളതിന് എന്തു പ്രസക്തിയാണുള്ളത്?

നേരിട്ട് ഉത്തരം പറയുന്നതിനു പകരം ഞാന്‍ മറ്റൊരു വഴി പരീക്ഷിച്ചു: “നിങ്ങള്‍ എത്ര പേരുടെ കൂടെ ഉറങ്ങിയിട്ടുണ്ട്?” ഞാന്‍ തിരിച്ചു ചോദിച്ചു.

ചുമല്‍ കുലുക്കിക്കൊണ്ട് അലസമായി “എനിക്കറിയില്ല, ഞാന്‍ എണ്ണം സൂക്ഷിക്കാറില്ല” എന്ന മറുപടിയാണ് കിട്ടിയത്.

എനിക്കു വല്ലാതെ ദേഷ്യം വന്നു. എന്തൊരു കാപട്യം! ഈ ബന്ധത്തില്‍ സ്ത്രീയെന്ന നിലയില്‍ ഞാന്‍ മഞ്ഞുതുള്ളി പോലെ പരിശുദ്ധയാകണം. അയാള്‍ക്ക് എത്ര പേരുടെ കൂടെ വേണമെങ്കിലും കിടക്കാം; അത് ഞാന്‍ മിണ്ടാതെ സഹിക്കണം.

സത്യത്തില്‍ അയാള്‍ ആരുടെയൊക്കെ ഒപ്പം കിടന്നു എന്നത് എനിക്കു പ്രശ്നമല്ലായിരുന്നു. എന്നാല്‍ എന്‍റെ കാര്യത്തില്‍ അയാള്‍ക്കത് പ്രശ്നമാണ്. മതിയായി. മാത്രവുമല്ല, ഞാന്‍ എന്തൊക്കെ ഉത്തരങ്ങള്‍ പറഞ്ഞാലും അയാള്‍ തൃപ്തനുമല്ലായിരുന്നു.

ആ ചോദ്യം തന്നെ ഒരു തന്ത്രമായിരുന്നു. എനിക്കങ്ങനെ ഒരുപാട് പേരുകള്‍ ഉള്ള ഭൂതകാലമല്ല ഉണ്ടായിരുന്നത്. പക്ഷേ ഇവിടെ അതായിരുന്നില്ല വിഷയം. ഒന്നില്‍ കൂടുതല്‍ ഉള്ള ഏതും അയാളെ സംബന്ധിച്ച് അസഹനീയമായിരുന്നു. അവസാനം ഞാന്‍ ഉത്തരം കൊടുത്തു. അയാള്‍ മുറിയില്‍ നിന്നിറങ്ങിപ്പോയി.

ഏത് ബന്ധമായാലും ഞാന്‍ എങ്ങനെയോ അങ്ങനെ തന്നെ സ്വീകരിക്കപ്പെടണമെന്നാണ് എന്‍റെ ആഗ്രഹം. അയാള്‍ക്ക് ഞാന്‍ അനുയോജ്യയാണെന്നുള്ളതിന് തെളിവുകള്‍ കൊടുക്കാനൊന്നും എനിക്കാകില്ല. പണ്ട് ചെയ്ത ഒന്നും തന്നെ മാറ്റാനുമാവില്ല. ഇനിയതിന് സാധിച്ചാല്‍ തന്നെ എന്തിനു വേണ്ടി? എനിക്കൊരു നാണക്കേടും ഉണ്ടായിരുന്നില്ല. എന്നെ ഞാനാക്കിയത് എന്‍റെ അനുഭവങ്ങളാണ്. പക്ഷേ ലൈംഗികതയ്ക്കുള്ള എന്‍റെ അവകാശം നീതീകരിക്കേണ്ട ഒരു ബന്ധത്തിലാണ് ഞാനിപ്പോള്‍. അതും ഇയാളെ കണ്ടുമുട്ടുന്നതിന് മുന്‍പുണ്ടായ കാര്യങ്ങള്‍ കൊണ്ട്. വൈകാരികമായി തളര്‍ത്തുന്ന അവസ്ഥയായിരുന്നു അത്.

ഞാന്‍ കൊതിച്ചിരുന്ന വിശ്വാസമോ പരസ്പരം മനസിലാക്കുന്നതിന്‍റെ സുഖമോ ഈ ബന്ധത്തില്‍ നിന്നു കിട്ടാന്‍ പോകുന്നില്ല എന്നത് വ്യക്തമായിരുന്നു. അയാള്‍ക്ക് വേണ്ടിയിരുന്നത് മറ്റാരെയോ പോലെയുള്ള ഒരു പങ്കാളിയെ ആണെന്നതും ഉറപ്പായിരുന്നു. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ഒത്തുപോകാനുള്ള പരിശ്രമത്തിനും ശേഷം ഞങ്ങള്‍ പിരിഞ്ഞു.

സ്നേഹത്തിന്‍റെ നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവിശ്വാസത്തിന്‍റെ നിഴല്‍ എപ്പോഴും പിന്തുടര്‍ന്നിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഈ മനുഷ്യന്‍ എന്നെ സ്നേഹിക്കണമെന്നും മനസിലാക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. അതിനു പകരം എന്നെ ചെറുതാക്കാനും കുറ്റം കണ്ടുപിടിക്കാനും ഉള്ള ശ്രമമാണ് ഉണ്ടായത്. എന്‍റെ അടുത്ത ബന്ധം വ്യത്യസ്ഥമായിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു.

മറ്റൊരാളെ ഡേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാനാ ചോദ്യങ്ങള്‍ക്കായി കാത്തു. ഈ പുരുഷന്‍റെ പ്രതികരണങ്ങള്‍ എങ്ങനെയാകും എന്നറിയാന്‍ ആഗ്രഹിച്ചു; എങ്കിലും അത്തരം ചോദ്യങ്ങള്‍ വന്നതേയില്ല. എന്‍റെ ഭൂതകാലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ പങ്കു വച്ചപ്പോഴും അത് അയാളെ ബാധിക്കുന്നതായിരുന്നില്ല. എന്നെ ഞാനായി സ്വീകരിക്കുന്നു എന്ന സത്യം മനസിലാക്കി ഞാനും ശാന്തയായി. പരസ്പരം മനസിലാക്കുന്നതിന്‍റെയും വിശ്വസിക്കുന്നതിന്‍റെയും ദൃഢത ഞങ്ങളുടെ ബന്ധത്തിലുണ്ടായി, അതെന്നെ ആഹ്ളാദവതിയാക്കി. എന്നെ സ്നേഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അത് സത്യമാണെന്ന് എനിക്കു മനസിലായി. അദ്ദേഹത്തെ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ എന്‍റെ ഉത്തരം “ഉവ്വ്” എന്നായിരുന്നു.

ഞാന്‍ കൂടെ ജീവിക്കാന്‍ തുടങ്ങിയ മനുഷ്യന് എന്‍റെ കഴിഞ്ഞ കാലം ഒരു പ്രശ്നമായിരുന്നില്ല. ഞാന്‍ കൂടെയുണ്ട് എന്നുള്ളതു മാത്രം മതിയായിരുന്നു അദ്ദേഹത്തിന്.

(ഹൌ ടു റെയിസ് ഹസ്ബന്‍ഡ് എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖിക)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍