UPDATES

ഇത്രയും മൂടിവച്ചിട്ട് ഇങ്ങനെയോരോന്ന് പുറത്തുചാടുന്നുണ്ടെങ്കില്‍ എത്രയേറെ അകത്ത് നടക്കുന്നുണ്ട്? – സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു

സഭ അധോലോകം, വിശ്വാസികള്‍ അടിമകളും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികുട്ടിയെ ബലാത്സംഗം ചെയ്ത ക്രിസ്ത്യന്‍ പുരോഹിതന്‍ കുറ്റക്കാരനാണെന്ന കോടതി വിധിയുണ്ടായത് കഴിഞ്ഞ ദിവസമാണ്. ക്രിസ്ത്യന്‍ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ ഒറ്റപ്പെട്ട ഒന്നല്ല എന്നതിന്റെ വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സഭയില്‍ നിലനില്‍ക്കുന്ന ദുഷ്പ്രവണതകളെ കുറിച്ചും അനീതികളെ കുറിച്ചും സഭകളുടെ സാമൂഹ്യ വിരുദ്ധ നിലപാടുകളെ കുറിച്ചും സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു. 

ബൈബിളില്‍ പറയുന്നുണ്ട് മാമണിനേയും ദൈവത്തേയും ഒന്നിച്ച് സേവിക്കാന്‍ കഴിയില്ലെന്ന്. മാമണ്‍ സമ്പത്തിന്റെ ദൈവമാണ്. സമ്പത്തിനെയാണ് ഇപ്പോള്‍ സഭ ദൈവമായി പ്രതിഷ്ഠിച്ചിരിക്കുന്നത്. അങ്ങനെവരുമ്പോള്‍ ദൈവം പോലും ഇറങ്ങിപ്പോവുകയാണ്. പിന്നെയെന്ത് സന്യാസം? സമ്പത്തിനെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോള്‍ തന്നെ സന്യാസം ഇല്ലാതായി. എന്നാല്‍ ഇതില്‍ മനസ്സ് നീറ്റുന്ന കുറേ അച്ചന്‍മാരും കന്യാസ്ത്രീകളുമുണ്ട്. അവര്‍ യഥാര്‍ഥ ദൈവവിളി കിട്ടി സന്യാസം ആഗ്രഹിച്ച് വന്നവരാണ്. ദൈവവിളി ലഭിച്ച് സന്യാസം സ്വീകരിച്ചവര്‍ ഒരു ശതമാനം മാത്രമാണെന്നാണ് എന്റെ വിശ്വാസം.

സഭയ്ക്ക് കൂടുതല്‍ അംഗങ്ങളെയാണ് ആവശ്യം. എണ്ണം കൂട്ടുമ്പോള്‍ സഭ ക്വാളിറ്റി നോക്കുന്നില്ല. ഇപ്പോള്‍ കണ്ണൂര് നടന്ന സംഭവം പോലെ ധാരാളം സംഭവങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ഇതൊക്കെ സംഭവിച്ചാലും കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും അവരെ പറഞ്ഞുവിടാതിരിക്കുകയും ചെയ്യുന്നത് എണ്ണത്തില്‍ വരുന്ന കുറവിനെക്കുറിച്ചോര്‍ത്തിട്ട് മാത്രമാണ്. വോട്ട് ബാങ്കാവാനും ജാഥ നയിക്കുമ്പോള്‍ സഭയുടെ കരുത്ത് തെളിയിക്കാനും സഭയ്ക്ക് കൂടുതല്‍ ആളുകളെ വേണം. എണ്ണം കൂട്ടാനായി എല്ലാ കള്ളന്‍മാരേയും ഇതിനുള്ളില്‍ തന്നെ നിര്‍ത്തുകയാണ്. കള്ളന്‍മാരാണെന്നറിഞ്ഞിട്ടും സന്യാസിമാര്‍ക്ക് ശിക്ഷ നല്‍കുന്നില്ല. മറ്റുള്ളവര്‍ അറിയുമ്പോള്‍ മാത്രമല്ല ഒരു പാപം പാപമാവുന്നത്. കണ്ണൂരിലെ സംഭവം തന്നെ, ഇപ്പോള്‍ മറ്റുള്ളവര്‍ അറിഞ്ഞപ്പോള്‍ ആ വൈദികനെ മാറ്റി നിര്‍ത്തിയിരിക്കുന്നു എന്നായി സഭ. എന്നിട്ടും പരമാവധി ആ വൈദികനെ രക്ഷപെടുത്താന്‍ സഭ ശ്രമിച്ചു എന്നത് യാഥാര്‍ഥ്യമാണ്.

കാന്‍സര്‍ ബാധിച്ച ഭാഗം മൂടിവെച്ച് കൂടുതല്‍ പഴുപ്പിക്കുകയാണിവര്‍. വൈദികരോ കന്യാസ്ത്രീകളോ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ അവരെ പറഞ്ഞ് വിടുകയാണ് ചെയ്യേണ്ടത്. അങ്ങനെയായാല്‍ മാത്രം സഭ ശുദ്ധമാവും. മുമ്പ് ഞാന്‍ കന്യാസ്ത്രീയായിരുന്നപ്പോള്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവരോട്, കേട് വന്ന ഭാഗം പോയല്ലോ, ഇനി അകത്തുള്ളത് കേടില്ലാത്തതല്ലേ എന്ന മറുപടി നല്‍കുമായിരുന്നു. പക്ഷെ ഇപ്പോള്‍ അന്നത്തെ ന്യായവാദങ്ങളെല്ലാം പൊളിയുകയാണ്. സഭയ്ക്കുള്ളില്‍ മാത്രമല്ല എല്ലാ മതങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. അമൃതാനന്ദമയിക്കെതിരെ പുസ്തകമെഴുതിയ ഗെയില്‍ ട്രെഡ്‌വെല്‍ പുസ്തകത്തിനിട്ട തലക്കെട്ട് ഏറ്റവും അനുയോജ്യമാണ്. ആ തലക്കെട്ടിന് വലിയ അര്‍ഥങ്ങളുണ്ട്. കാരണം കടക്കുമ്പോള്‍ വിശുദ്ധമാണ്. അകത്ത് നരകമാണ്. മറ്റുള്ളവരുടെ മുന്നില്‍ വെള്ള വസ്ത്രമിട്ട് പരിശുദ്ധമാണെന്ന് പറഞ്ഞ് നടക്കുമ്പോള്‍ അകത്ത് സംഭവിക്കുന്നത് മറ്റുചിലതാണ്.

കണ്ണൂരില്‍ 16 കാരിയെ ഗര്‍ഭവതിയാക്കിയ അച്ചന്‍ എത്ര കുര്‍ബാനകളും ചൊല്ലിഉപദേശങ്ങളും നടത്തിയിട്ടുണ്ടാവും. എനിക്ക് സങ്കടമുള്ളത് അല്‍മായ വിശ്വാസികളോടാണ്. അച്ചന്‍ എന്ന് പറഞ്ഞാല്‍ ദൈവം എന്നുള്ളത് പോലെ കൈകൂപ്പി നിന്നിട്ട് പെണ്‍കുട്ടികളേയും കുഞ്ഞുങ്ങളേയും അടുത്തേക്ക് വിടും. ഈ അച്ചന്‍മാര്‍ ഈ കുഞ്ഞുങ്ങളെ മുറിയില്‍ കൊണ്ടുപോയി എന്ത് ചെയ്യുന്നുവെന്നത് ഇവര്‍ അറിയുന്നില്ല. കണ്ണൂരിലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കരുത്തോടെ നിന്നതുകൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും ഇത് പുറത്തറിഞ്ഞത്. മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതുകൊണ്ടുംകൂടി ഇത്തരക്കാര്‍ക്ക് രക്ഷപെടാന്‍ പറ്റുന്നില്ല. അല്ലെങ്കില്‍ ഒതുക്കിത്തീര്‍ക്കും. സ്വന്തം അച്ഛനെ ഗര്‍ഭത്തിന്റെ ഉത്തരവാദിയാണെന്ന് പറയാന്‍ അവര്‍ പഠിപ്പിച്ചുകൊടുത്തു എന്ന് പറയുന്നതാണ് വലിയ ക്രൂരത. അത് പറഞ്ഞ് കേട്ടപ്പോള്‍ ആ അച്ഛന്റെ നെഞ്ച് നീറിയ വേദന ഒന്നാലോചിച്ച് നോക്കൂ.

ഇത് ഒറ്റപ്പെട്ട സംഭവം എന്നാണ് സഭയുടെ ന്യായം. ഓരോ സംഭവങ്ങള്‍ വരുമ്പോഴും ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞാണ് സഭ ഒഴിയുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലല്ലോ. എണ്ണി വരുമ്പോള്‍ കുറേയായില്ലേ. ഇത്രയും മൂടിവച്ചിട്ട് ഇങ്ങനെയോരോന്ന് പുറത്തുചാടുന്നുണ്ടെങ്കില്‍ എത്രയേറെ അകത്ത് നടക്കുന്നുണ്ടാവും? വൈദികരും കന്യാസ്ത്രീകളും ഇതെല്ലാം മറയ്ക്കാന്‍ നോക്കുന്നതാണ് സങ്കടകരം. എന്തെങ്കിലുമൊന്ന് സംഭവിച്ചാലുടനെ പത്രമാധ്യമങ്ങളെ വിളിച്ച് വാര്‍ത്ത പുറത്തുവിടാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

അച്ചന്‍മാരാണ്, ചിലപ്പോള്‍ തെറ്റ് സംഭവിച്ചേക്കാം എന്ന് പറയുന്നവരുണ്ട്. ബലഹീനതകള്‍ ഉള്ള അച്ചന്‍മാര്‍ പിന്നെ എന്തിനാണ് വൈദികരായി തുടരുന്നത്. കല്യാണം കഴിച്ചോളാന്‍ മാര്‍പ്പാപ്പ പറഞ്ഞാല്‍ പോലും ഇവരാരും അത് ചെയ്യാന്‍ പോവുന്നില്ല. വിവാഹം കഴിച്ചാല്‍ ഇവരുടെ സുഖലോലുപത പോവില്ലേ? ഉത്തരവാദിത്തങ്ങളാവില്ലേ? ഒരു ഭാര്യയുണ്ടായാല്‍ പിന്നെ മറ്റ് പെണ്‍കുട്ടികളെ തേടി പോവാന്‍ പറ്റുമോ? ഇപ്പോഴത്തെ ജീവിതത്തില്‍ അവര്‍ സുഖലോലുപത കണ്ടെത്തിയിരിക്കുകയാണ്. സന്യാസത്തില്‍ സുഖലോലുപത കടന്നതാണ് പ്രധാന പ്രശ്‌നം.

വിശ്വാസികള്‍ പലരും അടിമകളാണ്. സഭയെന്ന് പറഞ്ഞാല്‍ ഒരു അധോലോകമാണ്. വിശ്വാസികള്‍ പേടിച്ചിട്ടും കൂടിയാണ് ഒന്നും മിണ്ടാതെ നില്‍ക്കുന്നത്. കണ്ണൂരിലെ സംഭവത്തില്‍ കുറ്റക്കാരനായ അച്ചനെ പിടിക്കുമ്പോഴും അച്ചന്‍ ചെയ്ത അതേ പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ വൈദികര്‍ ഇപ്പോഴും കാണും. അവര്‍ക്ക് പേടിയില്ല. കാരണം സഭയുടെ പിന്തുണ അവര്‍ക്കുണ്ട്. സ്ത്രീവിഷയങ്ങളില്‍ ആരോപിതരായ എത്രയോ വൈദികരെ സഭ ഇതിനോടകം പിന്തുണച്ചിരിക്കുന്നു. എത്രയോ പേരെ രക്ഷപെടുത്താനായി വിദേശത്തേയ്ക്കയച്ചിരിക്കുന്നു. എണ്ണം കൂട്ടാനായി മാത്രം ഇത്തരക്കാരെ പിന്തുണച്ച് സഭാധികാരികള്‍ തന്നെ ഇപ്പോള്‍ ലജ്ജിതരാവുകയാണ്.

അരമന കോടതിയുണ്ട്. പാവം വൈദികരാണ് അവിടേയും ശിക്ഷിക്കപ്പെടുന്നത്. കയ്യൂക്കുള്ളവന്‍ അവിടെയും കാര്യക്കാരനാവും. കഴിഞ്ഞ ദിവസം ഒരു വൈദികന്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് ആണുങ്ങള്‍ക്ക് പ്രകോപനമുണ്ടാക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയാണോ ഒരു വൈദികന്‍ പറഞ്ഞുകൊടുക്കേണ്ടത്. പുരുഷന്‍മാര്‍ക്ക് ആത്മനിയന്ത്രണം വേണമെന്നല്ലേ പറയേണ്ടത്. ഇതെല്ലാം പറഞ്ഞിട്ട് പഴയ നിയമത്തിലെ വചനങ്ങളും ഉദാഹരണമായി നിരത്തും. ഇപ്പോഴും പഴയ നിയമം തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇവര്‍ ആശ്രയിക്കുന്നത്.

ഒരിക്കല്‍ ധ്യാനകേന്ദ്രത്തില്‍ പോയ എന്റെ സഹോദരിയെ ഒരു വൈദികന്‍ കടന്നുപിടിച്ചു. അവള്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. പ്രതികരണമുണ്ടായതുകൊണ്ട് മാത്രം ആ വൈദികനെ സ്ഥലം മാറ്റിയെന്നാണറിവ്. ഇത് പള്‍സര്‍ സുനിയുടെ കാര്യം പറയുന്നത് പോലെയാണ്. സിനിമാ നടി പ്രതികരിക്കാന്‍ തയ്യാറായതുകൊണ്ട് മാത്രം പള്‍സര്‍ സുനിയെ പിടിക്കാനായി. ഇതിന് മുമ്പും എത്രയോ പേരെ ഈ രീതിയില്‍ അയാള്‍ ഉപദ്രവിച്ചിട്ടുണ്ടാവും. ഇനി പള്‍സര്‍ സുനി വലിയ കാലതാമസമില്ലാതെ രക്ഷപെട്ടേക്കും. അയാള്‍ക്കും അയാളെപ്പോലുള്ളവര്‍ക്കും അത് വളമായിരിക്കും. മുഖം നോക്കാതെ ശിക്ഷ നല്‍കുന്ന കര്‍ശനമായ നിയമം നമുക്കില്ല എന്നതാണ് വലിയ പ്രശ്‌നം.

ഇത്രയൊക്കെ പ്രശ്‌നം നടന്നാലും ‘പാവം അച്ചന്‍. അച്ചന്‍ ഒന്നും അറിഞ്ഞിരിക്കില്ല. ഇത്രയൊക്കെയുണ്ടായിട്ടും അച്ചന്‍ ക്ഷമയോടെ അതെല്ലാം കേട്ടു നില്‍ക്കുകയാണ്. അച്ചനെ എല്ലാവരും ചേര്‍ന്ന് കുരിശില്‍ തറച്ചു’ എന്നൊക്കെ പറയുന്ന കന്യാസ്ത്രീകളായിരിക്കും സഭയ്ക്കുള്ളില്‍ ഭൂരിഭാഗവും. അവര്‍ വേറൊരു ലോകത്താണ്. പത്രം വായിക്കില്ല, ടിവി കാണില്ല. ആകെ ശാലോം ടിവി മാത്രം കണ്ടുകൊണ്ടിരിക്കും. അച്ചന്‍മാരോ കന്യാസ്ത്രീകളോ ഏതെങ്കിലും കേസുകളില്‍ പെട്ടാല്‍ ഉടനെ ഇത് പുറത്തുപറയരുതെന്നും നമ്മള്‍ ഇതൊന്നും ചര്‍ച്ച ചെയ്യേണ്ടവരല്ലെന്നുമുള്ള ഉപദേശങ്ങളാവും മദറില്‍ നിന്നുണ്ടാവുക. ഈ മൂടിവയ്ക്കലുകള്‍ കൊണ്ട് എല്ലാം തീര്‍ന്നുവെന്നാണ് അവരുടെ ധാരണ.

സഭയുടെ സ്ത്രീവിരുദ്ധത ബൈബിളില്‍ തന്നെയുള്ളതാണ്. സ്ത്രീകള്‍ പൊതുയോഗങ്ങളില്‍ സംസാരിക്കരുത്, മുടി പിന്നിയിടരുത്, തങ്ങളുടെ അഭിപ്രായം പറയരുത് തുടങ്ങിയ കാര്യങ്ങള്‍ പഴയ നിയമത്തിലുണ്ട്. പക്ഷെ അതെല്ലാം ആ കാലഘട്ടത്തിന്റെ ആവശ്യകതയില്‍ നിന്നുണ്ടായതായിരിക്കാം. പക്ഷെ ഇപ്പോള്‍ സഭ ഇതെല്ലാം ബൈബിള്‍ വചനമായി ഉദ്ധരിക്കുകയാണ്. വിശ്വാസികളുടെ അജ്ഞതകൂടി മുതലെടുക്കുകയാണ് സഭാധികാരികള്‍. സഭയെ നവീകരിക്കാന്‍ ഇനി മാധ്യമങ്ങള്‍ക്കേ പറ്റൂ. സഭയ്ക്കുള്ളില്‍ നടക്കുന്ന കൊള്ളരുതായ്കകള്‍ പുറത്തുകൊണ്ടുവന്ന് സഭയെ ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കുക വഴിയേ ഇനിയൊരു നവീകരണത്തിന് സാധ്യതയുള്ളൂ.

(തയ്യാറാക്കിയത് കെ ആര്‍ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍