UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

സന്താനോത്പാദനം മാത്രമാണോ ലൈംഗികത? എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

കാലങ്ങളായി പലരും പലയിടത്തും പറഞ്ഞും എഴുതിയും നിറഞ്ഞു നിൽക്കുന്ന ഒന്നാണെങ്കിലും പുതുമ നഷ്ടപ്പെടാത്ത ഒരു വിഷയമാണ് ലൈംഗികത. ഏതെങ്കിലും ആനുകാലികങ്ങൾക്കു സർക്കുലേഷൻ കുറയുമ്പോൾ ഒരു ലൈംഗികത സ്‌പെഷ്യൽ പതിപ്പ് ഇറക്കുമെന്ന സുഹൃത്തിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് ഓര്‍മ്മ വരുന്നു. എന്നാൽ ലൈംഗികത എന്ന വിഷയം അർഹിക്കുന്ന പ്രാധാന്യത്തോടെ ശാസ്ത്രീയമായ രീതിയില്‍ പകർന്നു നൽകാൻ ഈ പതിപ്പുകൾക്കൊക്കെ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ജീവരാശിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഷയത്തെ ഒന്നുകിൽ ഇക്കിളിപ്പെടുത്തുന്ന ഒരു വിഷയമായി അല്ലെങ്കിൽ അശ്ലീലമായി ഇരുധ്രുവങ്ങളിൽ നിർത്തി ചിന്തിക്കുന്നു എന്നത് തന്നെ വിഷമകരമായ വസ്തുതയാണ്. 

വിവാഹത്തിന് ഒരുങ്ങുന്ന വലിയൊരു വിഭാഗത്തിനും ലൈംഗിക കാര്യത്തിൽ വേണ്ടത്ര അവബോധമില്ല. കൂട്ടുകാരിൽ നിന്നും കിട്ടുന്ന അതിഭാവുകത്വം നിറഞ്ഞ കഥകളും പോൺ വീഡിയോകൾ നൽകുന്ന വികലമായ ധാരണകളുമായി പുരുഷന്മാർ വിവാഹ ജീവിതം തുടങ്ങുമ്പോൾ വിവാഹിതരായ കൂട്ടുകാരികളുടെ അനുഭവങ്ങളും വേദനിപ്പിക്കുന്ന കഥകളും അവിടെ നിന്നും ഇവിടെ നിന്നും കിട്ടുന്ന കൂട്ടിവായിക്കാനാകാത്ത നുറുങ്ങുകളുമായാണ് സ്ത്രീകളിലെ വലിയൊരു വിഭാഗം വിവാഹ ജീവിതം തുടങ്ങുന്നത്. ചിലരൊക്കെ ജീവിതം വഴി കാണിക്കുന്നതുപോലെ സഞ്ചരിക്കാൻ ശ്രമിക്കുമെങ്കിലും ചിലർക്കെങ്കിലും ലൈംഗികത ഒരു ബാലികേറാമലയാവുന്നു. 

ബുദ്ധിയിലും അറിവിലും കഴിവുകളിലും ഉന്നതങ്ങളിൽ എത്തുന്ന പലരും ജീവിതത്തിൽ തകർന്നു പോകുന്നത് ക്ലിനിക്കുകളിൽ പതിവ് കാഴ്ചകളാണ്. ഡ്രൈവിങ്ങും കമ്പ്യൂട്ടറും സ്വായത്തമാക്കാനുള്ള വ്യഗ്രത ലൈംഗികതകാര്യത്തിൽ പലരും മറന്നു പോകുന്നു.

എന്താണ് ലൈംഗിക സാക്ഷരത? എവിടെ തുടങ്ങണം
ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ചുള്ള അവബോധം, ചൂഷണങ്ങളിൽ നിന്നും രക്ഷനേടാൻ സ്വീകരിക്കേണ്ട മുൻകരുതൽ, ലൈംഗികതയിലെ അബദ്ധ ധാരണകളെക്കുറിച്ചുള്ള ബോധ്യം എന്നിവയുടെ അടിസ്ഥാന അറിവ് വിവിധ പ്രായത്തിലുള്ളവർക്ക്‌ ലഭ്യമാക്കുക എന്നതാണ് ലൈംഗിക സാക്ഷരതയുടെ പ്രാഥമിക പടി. ആർത്തവത്തെപ്പറ്റി പെൺമക്കൾക്ക് പറഞ്ഞു കൊടുക്കുന്ന കരുതൽ ലൈംഗികതയെക്കുറിച്ച് ആണ്മക്കൾക്കു പറഞ്ഞു കൊടുക്കാൻ നാം കാണിക്കുന്നില്ല.

സ്പര്‍ശനത്തിന്റെ അതിര്‍ വരമ്പുകളെപ്പറ്റി ചെറിയ ക്ലാസുകള്‍ മുതല്‍ തുടങ്ങുന്ന അവബോധം അതിക്രമങ്ങൾ തടയാൻ സഹായിക്കുന്നത് പോലെത്തന്നെ വിവാഹ പൂർവ കൗൺസിലിംഗ് ക്ളാസുകളിൽ ശരീര ശാസ്ത്രത്തെപ്പറ്റിയും അഡ്ജെസ്റ്റ്മെന്റുകളെപ്പറ്റിയും ഒതുങ്ങിപ്പോകുന്ന അറിവുകൾക്കപ്പുറം ലൈംഗികതയെ പ്രതിപാദിക്കുന്ന വിദഗ്ദർ നടത്തുന്ന ക്ളാസുകൾ കൂടി ഉൾപ്പെടുത്തേണ്ടതാണ്. 

ലൈംഗിക പ്രശ്നങ്ങൾ ചികിത്സ തേടേണ്ടതുണ്ടോ?
വന്ധ്യതാ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്ന ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ലൈംഗിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ക്ലിനിക് സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ അദ്‌ഭുതകരമായ വസ്തുത കുട്ടികളുണ്ടാവുന്നതിനുള്ള ആധുനിക ചികിത്സ തേടിയാണ് ലൈംഗിക പ്രശ്നങ്ങൾ ഉള്ള വലിയൊരു വിഭാഗം ആളുകൾ എത്തിയിരുന്നത്. വിവാഹം കഴിഞ്ഞു നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞും ചില്ലറ ലൈംഗിക പ്രശ്നങ്ങൾ കാരണം ബന്ധപ്പെടാത്ത ദമ്പതികൾ ‘കുട്ടികളായില്ലേ’ എന്ന ചോദ്യത്തിൽ മനം മടുത്തു കൃത്രിമ ഗർഭധാരണ മാര്‍ഗ്ഗങ്ങള്‍ തേടി എത്തിയിരുന്നത് സ്ഥിരം കാഴ്ചയായിരുന്നു. കൗൺസിലിംഗ് വഴിയും സൈക്കോ തെറാപ്പി വഴിയും പരിഹാരിക്കാവുന്ന പ്രശ്നങ്ങളായിരുന്നു ഇവ. അത്തരത്തിൽ നിരവധി കേസുകൾ പരിഹരിക്കപ്പെടുകയും ചെയ്തു. വിവാഹത്തിന് ശേഷം ദിവസങ്ങൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ കണ്ടെത്താവുന്ന ഇത്തരം പ്രശ്നങ്ങൾക്കു വേണ്ടി ജീവിതത്തിന്റെ വിലപ്പെട്ട വർഷങ്ങൾ കളയുക എന്നത് ദൗർഭാഗ്യകരമായ വസ്തുതയല്ലേ?

ഇതുപോലെ തന്നെയാണ് ഉദ്ധാരണ കുറവ്, ശീഘ്ര സ്ഖലനം തുടങ്ങിയ പരാതികളുമായി എത്തുന്നവരിൽ വലിയൊരു വിഭാഗവും. പോൺ സൈറ്റുകൾ വഴിയും മറ്റും കിട്ടുന്ന വികലമായ തെറ്റിദ്ധാരണകളിൽ കുടുങ്ങി സ്വയം രോഗനിർണയം നടത്തുന്നവർ. പെർഫോമൻസ് ആങ്സൈറ്റി (Performance anxiety ) എന്ന് പറയാവുന്ന പ്രശ്നത്തെ സ്വയം ഊതി വീർപ്പിച്ച് അവർ മാരകമാക്കും. ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നതിനു മുൻപ് വിപണിയിൽ കിട്ടാവുന്ന സകല മരുന്നുകളും വാങ്ങിക്കഴിക്കും, പല പരസ്യങ്ങളിലും കൊണ്ടുചെന്ന് തലവെക്കും. പത്രത്തിൽ സാധാരണ കാണുന്ന രഹസ്യ മരുന്നുകൾ കത്തെഴുതി വരുത്തിക്കും. ഒടുവിൽ ചികിത്സക്ക് എത്തുമ്പോഴേക്കും ലൈംഗിക പ്രശ്നങ്ങൾക്കപ്പുറം അപകർഷതയും വിഷാദവും ഉത്കണ്ഠയും കൂടി ചേർന്ന്  വല്ലാതെ തളർന്നിട്ടുണ്ടാവും. ഇത് ചികിത്സാ ദൈർഘ്യം കൂട്ടാൻ കാരണമാവുകയും ചെയ്യും.

വിവാഹജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ കണ്ടെത്താവുന്ന പ്രശ്നങ്ങൾ പരസ്പരം പഴി ചാരിയും വീട്ടുകാരെ ഇടപെടുത്തിയും വഷളാക്കുന്നതിനു പകരം ദമ്പതികൾ മന:ശാസ്ത്ര സഹായം ആരാഞ്ഞാൽ എളുപ്പം പരിഹരിക്കാവുന്നതേ ഉള്ളൂ.

സന്താനോത്പാദനമാർഗ്ഗം എന്ന നിലയിൽ  മാത്രം ലൈംഗികതയെ ഫ്രെയിം ചെയ്തെടുക്കുന്നതിൽ നമ്മുടെ നാട്ടിലെ ജാതി, മത വിശ്വാസങ്ങൾക്ക് വലിയ പങ്കുണ്ട്. അതോടൊപ്പം ജീവശാസ്ത്ര ക്ളാസുകളിൽ ലൈംഗികതയെപ്പറ്റി പഠിപ്പിക്കാൻ പല അധ്യാപകർക്കും മടിയുമാണ്. ഇത്തരം കാര്യങ്ങൾ പലരിലും പാപബോധവും ലൈംഗിക വിരക്തിയും സൃഷ്ടിക്കുന്നുണ്ട് എന്നത്  വസ്തുതയാണ്. ഈ പാപബോധവും സാമൂഹിക നിയന്ത്രണവുമാണ് സദാചാരത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്നത് എന്ന് വാദിക്കുന്നവരുണ്ടാവാം. പക്ഷെ അത്തരം ചിന്തകളിലും വിലക്കുകളിലും പെട്ട് നശിക്കുന്ന നിരവധി ജീവിതങ്ങളുണ്ട് എന്ന കാര്യം നാം അറിയേണ്ടതുണ്ട്. 

ജീവശാസ്ത്രപരമായി അറിയേണ്ട പലതും നാം സദാചാരത്തിന്റെ മതില്‍ക്കെട്ടിനുള്ളിൽ ഒളിപ്പിച്ചു വെക്കുന്നത് അബദ്ധമാണ്. കുറ്റബോധവും പാപബോധവും ഒക്കെക്കൊണ്ട് ജീവിതത്തെ പ്രണയിക്കാൻ മറന്നു പോയ ചിലരെങ്കിലും നാമറിയാതെ നമ്മുടെയൊക്കെ ഇടയിൽ കണ്ടേക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍