UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

വായന/സംസ്കാരം

പ്രണയം തുറന്നിടുന്ന ശരീരം; വിലാപ്പുറങ്ങള്‍ ഭാഗം- രണ്ട്

വിലാപ്പുറങ്ങള്‍ (നോവല്‍)
ലിസി
മാതൃഭൂമി ബുക്സ്, 2014

ആദ്യ ഭാഗം ഇവിടെ വായിക്കാംഉടലുത്സവത്തിന്റെ പ്രണയപ്പൂരക്കൊടിയേറ്റം- ഭാഗം ഒന്ന്

നോവലെന്നത് ദേശങ്ങളുടെ വൈവിധ്യമാര്‍ന്ന ജീവിതത്തെ വിവര്‍ത്തനം ചെയ്യുന്ന, ഭാവനചെയ്യുന്ന നുണപറച്ചിലോ വെടിവട്ടമോ ഒക്കെയാണ്. ഏകശിലാത്മകതയെ തകര്‍ത്തുകൊണ്ട് വൈവിധ്യത്തെ തുറന്നുവയ്ക്കുന്ന ചിതറിക്കലാണത്. മലയാള നോവലില്‍ അപൂര്‍വമായി കാണാന്‍ കഴിയുന്ന ആ വൈവിധ്യത്തിന്റെ രാഷ്ട്രീയം വ്യക്തമായും ഇവിടെ കാണാം. ദേശങ്ങളുടെ കഥപറയുമ്പോഴും ചില നായകരില്‍ കേന്ദ്രീകൃതമാകുന്നതാണ് നമ്മുടെ പല നോവല്‍ ഭാവനകളും. ദേശത്തിന്റെ വിവിധ്യം മുഴുവന്‍ ഒരു ശരീരത്തിലൂടെ അങ്ങനെ പരിമിതപ്പെടുന്നുത് കാണേണ്ടിവരുന്നു. ബഷീറിലാണ് ഇതിന്റെ നിഷേധം വ്യക്തമായി കാണാന്‍ കഴിയുന്നത്. കഥപറച്ചിലിന്റെ അനന്തമായ വൈവിധ്യത്തെ ഭാഷയുടെ അനന്തസാധ്യതകളായി തുറന്നിടുന്നത് ബഷീറാണ്. ജാതി-വര്‍ഗ-ലിംഗ അതിരുകളും പലതരം കോയ്മകളും തറവാടിത്തങ്ങളും കഥപറച്ചിലിന്റെ പരപ്പുകൊണ്ട് എറിഞ്ഞുടയ്ക്കുന്നത് ഇവിടെ കാണാം. തൃശൂരിന്റെ സാമൂഹിക വൈവിധ്യത്തെ അതേ നിലയില്‍ വൈവിധ്യവല്കരിക്കുന്നതിലൂടെയാണ് അത് നോവലിസ്റ്റ് സാധ്യമാക്കുന്നത്. പൂരത്തിന്റെയും പുലിക്കളിയുടെയുമൊക്കെ ബഹുവചനാത്മകതയിലൂടെയാണ് നോവലത് സാധ്യമാക്കുന്നത്. ഒരര്‍ഥത്തില്‍ ഈ കഥാപ്രളയത്തില്‍ മറിയ ഒരു കണ്ണിമാത്രമാണ്. നൂറുകണക്കിന് ചിതറിയ ചിത്രങ്ങളെ സാധ്യമാക്കുന്ന പൂരപ്പറമ്പുപോലെയാണ് ആഖ്യാനം പ്രവര്‍ത്തിക്കുന്നത്. വെടിക്കെട്ടുകളുടെ പൂത്തിരികളുടെ വര്‍ണവൈവിധ്യമായി അത് നമ്മെ ആഹ്ലാദിപ്പിക്കുന്നു. വായനക്കാര്‍ക്ക് ഈ ചിതറിയ ചിത്രങ്ങള്‍ കട്ടിവച്ച് കാഴ്ചയെ പൊലിപ്പിക്കാം.

നോവലിന്റെ ആഖ്യാനഘടനയില്‍ നിരന്തരം ആവര്‍ത്തിക്കുന്ന ബിംബമായി ഉത്സവവും വെടിക്കെട്ടും അതിന്റെ അര്‍മാദിക്കലും കടന്നുവരുന്നത് ശ്രദ്ധേയമാകുന്നു. പൂരവും പുലിക്കളിയും മാത്രമല്ല തൃശൂരിലെ കൊരട്ടി, റപ്പായി മാലാഖ, അയ്യന്‍ ക്ഷേത്രം തുടങ്ങിയ പള്ളികളിലെയും ക്ഷേത്രങ്ങളിലെയും നിരവധി ഉത്സവങ്ങള്‍ ആരവത്തോടെ ഇതിലൂടെ ഡങ്കട… ഡങ്കടക്ക… ഡങ്കം… എന്നു ചെണ്ടകൊട്ടി തിമിര്‍ത്ത് കടന്നുപോകുന്നു. ഈ ഉത്സവത്തിന്റെ പറമ്പിലൂടെ ആഹ്ലാദിച്ചും സങ്കടം പറഞ്ഞും കടന്നുപോകുന്നവരാണ് ഓരോ കഥാപാത്രങ്ങളും. മറിയ അക്കൂട്ടത്തിലൊരാളാണ്. ഉത്സവങ്ങള്‍ ഒരാവശ്യം തന്നെ. ഉള്ളിലെ സങ്കടങ്ങള്‍ പുറത്തേക്കൊഴുക്കാന്‍ ഈ ഘോഷങ്ങള്‍ക്കു കഴിയുമോ? (212) എന്ന ചോദ്യം ചോദിച്ചുകൊണ്ട് ഇല്ലെന്നുള്ള ഉത്തരം അറിഞ്ഞുകൊണ്ട് ഉത്സവത്തിന്റെ അര്‍മാദിക്കലിലേക്ക് മനസിനെയും ശരീരത്തെയും വിട്ടുകൊടുക്കുകയാണ് എല്ലാവരും. അതാണ് ഉത്സവം. നോവലിലെ വലിയ ഉത്സവം നടക്കുന്നത് ഈസ്റേറണ്‍ കഫേ എന്ന ഹോട്ടലിലാണെന്നു പറയാം. അവിടുത്തെ തിരക്കും ഭക്ഷണപ്പെരുക്കവും ഉത്സവഛായയിലാണ് വര്‍ണിക്കുന്നത്. മറിയയുടെ ജീവിതം തന്നെ വലിയൊരു ഉത്സവമായാണ് വിവരണം. അമ്പിട്ടന്‍ ഗോപാലനാണത് പറയുന്നത്- ഏറ്റോം മുന്നില് അമ്പലക്കാവടി. അതിന്റേം മുന്നില് പൂക്കാവടി. പൂക്കാവടിക്കും മുന്നില് പാല്‍ക്കാവടി. മറിയ അങ്ങനൊരു കാവടിയാണെന്ന് അമ്പട്ടന്‍ ഗോപാലനറിഞ്ഞു ( പു.190). അവസാനം വിജനമായ പൂരപ്പറമ്പു പോലെയാകുന്നു മറിയയുടെ മനസ്സെന്ന് കുറിക്കുന്നിടത്ത് എല്ലാം വ്യക്തം. ഉത്സവത്തിന്റെ ഒരുക്കം, അതിന്റെ മേളപ്പെരുക്കവും കൊടിയേറ്റവും പിന്നെ ആര്‍ത്തട്ടഹസിക്കുന്ന ആഘോഷവും. ആഘോഷത്തിന്റെ കെട്ടുവിട്ടു പതുക്കെ വിജനമാകുന്ന ഉത്സവപ്പറമ്പ്. ഇതുപോലെയാണ് മറിയയുടെ ജീവിതവും. പ്രണയോത്സവത്തിന്റെ ഉന്മാദമായിരുന്നു മറിയയുടെ ആഘോഷം. അതിന്റെ അടയാളമായിരുന്നു അവളുടെ ശരീരം. ഒടുവില്‍, അവള്‍ക്കുള്ളിലെ ഉത്സവങ്ങളെ അവള്‍ക്കെന്നാവും കണ്ടെത്താനാവുക? അതിനെ തട്ടിയുണര്‍ത്താനാകുക?(പു. 263) എന്നവള്‍ സ്വയം ചോദിക്കുന്നുമുണ്ട്.

 

ഉത്സവത്തിന്റെ വര്‍ണപ്പോലിമായര്‍ന്ന ആഘോഷങ്ങള്‍ പോലെയാണ് ആഖ്യാനം പൊട്ടിത്തറിക്കുന്നത്. മറിയ എന്ന കേന്ദ്രത്തിനു ചുറ്റും കറങ്ങുകയല്ല നോവല്‍, മറിച്ച് കേന്ദ്രമെന്ന ഘടനയെ തന്നെ അപ്രസക്തമാക്കി അരികുകളിലേക്കു നിരന്തരം സഞ്ചരിക്കുകയാണ് നോവല്‍. തൃശൂരിന്റെ (?) സാമുഹിക ജീവിതത്തിന്റെ സൂക്ഷ്മചലനങ്ങളെല്ലാം ആര്‍ത്തലച്ച് ഇതിലേക്കു കടന്നുവരുന്നു. ലീഡര്‍ കരുണാകരന്റെ ജീവിതവും രാഷ്ട്രീയവും വലിയൊരു ആഖ്യാനമായി നോവലിന്റെ ഇടയിലൂടെ ഒഴുകുന്നു. കൊരട്ടി മുത്തി, പുലിക്കളി, അയ്യന്‍ക്ഷേത്രം, തീറ്ററപ്പായി, ഐക്യകേരളം, തെരഞ്ഞെടുപ്പുകള്‍, കമ്യൂണിസം, ഒല്ലൂര്‍ മാലാഖ, വിമോചന സമരം, മുണ്ടശേരിയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളും, മലമ്പുഴ യക്ഷി, നവാബ് രാജേന്ദ്രന്‍, അഴീക്കോടന്‍ രാഘവന്‍, നക്സലിസം തുടങ്ങി കേരളീയ ജീവിതത്തെ നിര്‍ണയിച്ച സംഭവങ്ങളെ പാഠാന്തരങ്ങളാക്കിക്കൊണ്ട് കഥപറയുകയാണ് നോവല്‍. ഈ സംഭവങ്ങളിലൂടെ വലിയൊരു ജനതയാണ് ഒഴുകിപ്പോകന്നത്. ഏതെങ്കിലും സംഭവത്തിന്റെ ആധിപത്യം ഇവിടെ കാണുകയില്ല. മറിച്ച് ഓരോ സംഭവവും അതിന്റെ ഇടത്തെ ചലനാത്മകമാക്കി വൈവിധ്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്. സമ്പന്നര്‍- ദരിദ്രര്‍, കീഴാളര്‍- മേലാളര്‍, സ്ത്രീ- പുരുഷന്‍ എന്നിങ്ങനെയുള്ള വിഭജിതത്വങ്ങള്‍ ഇടകലരുന്നു. പരന്നതും വൈവിധ്യമാര്‍ന്നതുമായ നാട്ടുജീവിതപ്പരപ്പിലൂടെയാണ് വാക്കുകള്‍ കടന്നുപോവുക. നഗരത്തിന്റെയും തെരുവിന്റെയും അടരുകളായാണ് ആഖ്യാനം വാര്‍ന്നവീഴുന്നത്. ഇറച്ചിക്കടയും അത് നില്‍ക്കുന്ന തെരുവുമാണ് കഥയുടെ നല്ല പങ്കും. മറിയയുടെ ജീവിതം ദയാലുവിലൂടെയും കാട്ടാളനിലൂടെയും ജോസിലൂടെയും വിടരുന്നത് ഇവിടെയാണ്. തറവാടുകളുടെ പൊലിമയിലല്ല നോവല്‍ സഞ്ചരിക്കുന്നത്, അതിലുപരി തെരുവിന്റെ ഓരങ്ങളിലാണ്. ചാരായക്കടയിലും ഇറച്ചിക്കടയിലും പൂരപ്പറമ്പിലും ഈസ്റ്റേണ്‍ കഫേയിലും തോട്ടികളുടെ ചേരിയിലും കയറുന്നത്ര മറിയയുടെ വീടിനകത്ത് ആഖ്യാനം നില്‍ക്കുന്നില്ല.

 

 

നുണകളുടെ കലക്കം
ഈ ബഹുവചനാത്മകത ഓരോന്നിന്റെയും അര്‍ഥത്തെ കൂടി നിരന്തരം റദ്ദാക്കുന്നതായും കാണാം. ഓരോ സംഭവവും പൊതുവേ ഉയര്‍ത്തിപ്പിടിക്കുന്ന വിവക്ഷകളെ അതിലൊരു അന്തര്‍ധാര സൃഷ്ടിച്ചെടുത്തുകൊണ്ട് നോവല്‍ തകര്‍ക്കുന്നു. മതവിശ്വാസം നോവലിന്റെ സജീവമായ ധാരയാണ്. പ്രത്യേകിച്ച് ക്രൈസ്തവരുടേത്. വിശ്വാസത്തിന്റെ അടിത്തറയെത്തന്നെ മാന്തുകയാണ് സലോമിക്ക് മാതാവ് പ്രത്യക്ഷപ്പെട്ട കഥയിലൂടെ. കാമുകനൊപ്പം സെമിത്തേരിയില്‍ ഇരുന്ന് പ്രേമസൊള്ളല്‍ നടത്തിയ സലോമി തന്റെ കള്ളത്തരം പിടിക്കപ്പെടാതിരിക്കാനായി നാട്ടുകാരു വന്നപ്പോള്‍ മാതാവ് പ്രത്യക്ഷപ്പെട്ടന്നു പറഞ്ഞ് പ്രാര്‍ഥന നടത്തുകയും നാട്ടുകാര് മുഴുവന്‍ അവിടെ മാതാവിനെ കാണാന്‍ കൂടുകയും വലിയൊരു കപടവിശ്വാസനാടകമാവുകയും ചെയ്തു. ഇതൊക്കെ കഥകളും ഉപകഥകളുമായി നാട്ടുകാരാണ് സൃഷ്ടിക്കുന്നത്. യഥാര്‍ഥ സംഭവം അറിയാവുന്ന സലോമിയുടെ കൂട്ടുകാരി ഇത് പറഞ്ഞു പരത്താന്‍ ശ്രമിച്ചെങ്കിലും വിജയിക്കുന്നില്ല, മാത്രവുമല്ല ഒടുവില്‍ അവള്‍തന്നെ മാതാവിനെകാണുന്നതിനായി പോവുകയും ചെയ്യുന്നു. നാട്ടുകാരുടെ വ്യവഹാരങ്ങളാണ് ഇതിനെയെല്ലാം സാധ്യമാകുന്നത്. സത്യം- അസത്യം എന്ന വേര്‍തിരിവ് ഇവിടെ പ്രസക്തമല്ല. നോവലിസ്റ്റിന്റെ നിലപാടും.

തറവാടിത്തത്തെ നിര്‍വീര്യമാക്കുന്നതും ഇങ്ങനെയാണ്. സമ്പന്ന ക്രൈസ്തവരുടെ ജീവിതം കെട്ടിയുയര്‍ത്തപ്പെടുന്നതെങ്കില്‍ ആ തറവാടിത്തത്തെ നിരന്തരം കോമാളിത്തരമായി നിരന്തരം ആക്രമിക്കുകയും ചെയ്യുന്നതുകാണാം. തറവാട്ടില്‍ പിറന്ന മറിയയെ തെരുവിലെ വാടകവീട്ടിലെത്തിക്കുന്ന കഥ തറവാടിത്തത്തിന്റെ ലക്ഷ്മണരേഖയിലേയല്ല. വിമോചനസമരത്തിന്റെ രാഷ്ട്രീയത്തെ ഉപകഥകളിലൂടെ ചിതറിത്തെറിപ്പിക്കുന്നതു് ഇതുപോലെയാണ്. നാലോളം അധ്യായങ്ങളില്‍ പടര്‍ന്നുകിടക്കുന്ന, പൂമലക്കൂറ്റന്മാര്‍ എന്നൊരു വിഭാഗത്തെ അവതരിപ്പിക്കുന്ന വിമോചനസമരം പള്ളിയുടെ ഗുണ്ടായിസമായിട്ടാണ് നോവലിസ്റ്റ് ചമയ്ക്കുന്നത്. എല്ലാം കേട്ടുകേള്‍വിയെന്ന നിലയില്‍, പറച്ചിലെന്ന നിലയില്‍ ഒരു കാരിക്കേച്ചറുപോലെ ഒരു വലിയ സംഭവത്തെ നാനാവിധമാക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധിപത്യത്തെ ചെറുക്കാന്‍ വന്ന മല്ലന്മാരായ പൂമലക്കൂറ്റന്മാര്‍ നിയന്ത്രിക്കാനാവാത്ത ഗുണ്ടായിസമായി മാറുന്നു. എന്തുപറയാനാ.. പള്ളീപ്പറമ്പിക്കൂടെ നടക്കാന്‍ പറ്റാണ്ടായി. ഒക്കേറ്റിന്റെയും കുളീം വെളിക്കിരിക്കലും പല്ലുതേപ്പും പള്ളിപ്പറമ്പിലല്ലേ… കൊന്തേം വെന്തിങ്ങേം ഇട്ടിട്ടുണ്ടെങ്കിലും ഒറ്റത്തോര്‍ത്തുടുത്ത് മേനികാണിച്ചല്ലേ കുളി. ഇരുട്ടിവെളുക്കുന്നതിനുമുമ്പുള്ള പുലര്‍ച്ചക്കുര്‍ബാനയ്ക്കു പെണ്ണുങ്ങള്‍ ചെല്ലാതെയായി. പുമലച്ചേട്ടന്മാരുടെ കുന്തിച്ചിരിക്കലും ചിരിയും കാണേണ്ടിവരുമെന്നുള്ളതുകൊണ്ടുതന്നെ (237). വിമോചനസമരത്തിന്റെ കത്തിപ്പടര്‍ന്ന രാഷ്ട്രീയം ഇവിടെ അപ്രസക്തമാവുകയും പള്ളിയെത്തന്നെ വിചാരണ ചെയ്യുന്ന കേട്ടുകേള്‍വിയായി ആഖ്യാനം മാറുകയും ചെയ്യുന്നു. ഇങ്ങനെ യഥാര്‍ഥമെന്നു പറയുന്ന സംഭവങ്ങളെ കേട്ടുകേള്‍വിയുടെ അയുക്തികൊണ്ടും നിശ്ചയമില്ലായ്മകൊണ്ടും സവിശേഷ വ്യവഹാരമക്കി നോവല്‍ സന്ദിഗ്ധമാക്കുന്നു.

തെരുവിന്റെ നോട്ടങ്ങളും വാക്കുകളും
ഇത്തരത്തില്‍ കേട്ടുകേള്‍വികളെ നോവലിന്റെ ആഖ്യാനതന്ത്രമാക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. നോവലിലെ എല്ലാത്തരം ബഹുവചനാത്മകതയും സാധ്യമാക്കുന്നത് ഈ കേള്‍വികളാണ്. നാട്ടുവര്‍ത്തമാനത്തിലൂടെ പ്രചരിക്കുന്ന ഉഹോപോഹങ്ങളാണ് ഇതിന്റെ അടിത്തറ. ഇത് നോവലിസ്റ്റിന്റെ ആധിപത്യത്തെയും അര്‍ഥത്തിന്റെ സ്ഥിരതയെയും വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഉള്ളത് വിളിച്ചുപറയുകയല്ല ആളുകള്‍ ചയ്യുന്നത്. കഥകള്‍ മെനഞ്ഞുണ്ടാക്കകുയാണ്. കഥകളാണ് കാര്യം. അങ്ങനെ യാഥാര്‍ഥ്യം എന്നതുതന്നെ കഥകളാകുന്നു. പലരും ക്രൂരന്മാരാകുന്നതും പലരും പാവങ്ങളാകുനന്തും ഈ കഥകളുടെ ബലത്തിലാണ്. ‘ആളുകള്‍ കഥകള്‍ മെനഞ്ഞുനാക്കി’ നോവലില്‍ ഉടന്നീളം ആവര്‍ത്തിക്കുന്ന വാചകമാണ്. കഥമെനയലാണ് നോവലിസ്റ്റിന്റെ ഭാഷ്യം. ഒരു പെണ്ണിനെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ പോലുമറിയാത്ത കാട്ടാളന്‍ കഞ്ചാവടിയനും മഹാ ക്രൂരനുമാവുന്നത്, മറിയ പലിശമറിയമാകുന്നത്, ഒറ്റമൊലച്ചി സൃഷ്ടിക്കപ്പെടുന്നത്, മന്ത്രി ചരക്കിനെയും കൊണ്ട് കാറില്‍ പോയത്, പലവീടുകളിലെയും രഹസ്യങ്ങള്‍ പുറത്തുവരുന്നത് കൊടുങ്കാറ്റിനേക്കാള്‍ വേഗത്തില്‍ കഥകളിലൂടെയാണ്. വിമോചനസമരവും നക്സലിസവും ഒക്കെ ഇത്തരം കഥകളാണ്. കഥകള്‍ക്കപ്പുറം ‘യാഥാര്‍ഥ്യം’ ഇവിടെയില്ല. 

പെണ്ണിന്റെ അടിവയറ്റില്‍ ഊറിക്കൂടിയ ഗര്‍ഭത്തിന്റെ തുടിപ്പ് അടുക്കളകാരികള്‍ കണ്ടെത്തി അപ്പഴേ പാട്ടാക്കി (30).

-നാട്ടിലെ ആദ്യത്തെ ഹൃദയശസ്തക്രിയ ചെയ്യാന്‍ പോകുന്നവള്‍ അങ്ങനെ ചോത്തി മേറിയായി. അവളതറിയുമുമ്പ് നാടുമുഴുവന്‍ വാര്‍ത്തയറിഞ്ഞു. കേട്ടവര്‍ കേട്ടവര്‍ ചൂടാറുമുമ്പ് വാര്‍ത്ത കൈമാറി. (63). കാട്ടാളന്റെ പറച്ചിലുടെയാണ് രണ്ടുമുലകളുമുള്ള ചിരുതയെ ഒറ്റമൊലച്ചിയാകുന്നത്.

-വിശ്വസനീയതയ്ക്ക് ആക്കം കൂട്ടാന്‍ കാട്ടാളന്‍ ഒരു രഹസ്യംകൂടി പുറത്തുവിട്ടു. അവള്‍ടെ മൊഴച്ചുനില്ക്കണേല് ഒന്നേ ഒറിജനലുള്ളു. മറ്റേത് വെച്ചുകെട്ടാ… കേട്ടുനിന്നവര്‍ അന്തിച്ചുനിന്നു. അപ്പോ ഒറ്റ മൊലച്ചിയാ… ല്ലേ… ങും. വീണവാക്ക് കൊടുങ്കാറ്റിനെക്കാള്‍ വേഗത്തില്‍ പരന്നു (57). വാക്കുകളുടെ സവിശേഷമായൊരു ലീലയാണ് സാമൂഹിക ജീവിതം. നിരന്തരം തെന്നിമാറിക്കൊണ്ടിരിക്കുന്ന ഒന്ന്.

 

ഇങ്ങനെയാണ് മറിയ പലിശ മറിയാകുന്നതും പനങ്കേറിയാകുന്നതും. പൊള്ളാച്ചി യാത്രയ്ക്കിടയില്‍ കൊണ്ടുപോയ കള്ള് തീര്‍ന്നപ്പോള്‍ അവിടുത്തെ പനകള്‍ കാണിച്ചുകൊടുത്ത് കള്ളെടുപ്പിച്ചു. ഈ സംഭവം മറിയയൊക്കെ നാട്ടിലെത്തുന്നതിനുമുന്നേ തൃശൂര് പാട്ടായത് മറിയതന്നെ പനയില്‍ കയറി കള്ളെടുത്തെന്നും നാട്ടുകാരുവന്നെന്നും അടിയായെന്നുമൊക്കെയാണ്. അങ്ങനെയവള്‍ പനങ്കേറി മറിയയായി (151). കഥകളിലൂടെയാണ് സംഭവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം പറച്ചിലുകളിലൂടെ നോവല്‍ ദേശത്തെയും യാഥാര്‍ഥ്യങ്ങളയും കുഴച്ചുമറിക്കുന്നു. നോവല്‍ സൃഷ്ടിക്കുന്ന തൃശൂര്‍ അങ്ങാടിയും നിരവധി സംഭവങ്ങളും കഥപറച്ചിലിലൂടെ ഉണ്ടാക്കപ്പെടുന്ന ദേശമാണ്. അതിനുപുറത്ത് യാഥാര്‍ത്ഥ്യത്തിനു യാതൊരു നിലനില്പുമില്ല. വിമോചനസമരത്തിനും കരുണാകരനും നവാബ് രാജേന്ദ്രനുമൊക്കെ ഇങ്ങനെ തന്നെ. സംഭവങ്ങളുടെ പിന്നിലെ സത്യം അഥവാ യാഥാര്‍ഥ്യം വെളിച്ചത്തുകൊണ്ടുവരികയല്ല നോവല്‍ ചെയ്യുന്നത്, മറിച്ച് കൂടുതല്‍ കേട്ടുകേള്‍വികളെ സൃഷ്ടിക്കുകയാണ്. നാട്ടുകാരുടെ പറച്ചിലാണ് ഇവിടുത്തെ ഭാഷ. തെരുവിലെ, അങ്ങാടിഭാഷയിലെ തെറികളാണ് മിക്കപ്പോഴും ഭാഷയായി പുറത്തേക്കുവരുന്നത്. കുലീനമായ തറവാടിത്തത്തിന്റെയും പള്ളിഭക്തിജീവിതത്തിന്റെയും അച്ചടിഭാഷയല്ല തെരുവിന്റെ, കള്ളുഷാപ്പിന്റെ തെറിഭാഷ. അര്‍ഥത്തെ വല്ലാതെ കുരുക്കിയെറിയുന്ന അര്‍ഥങ്ങളുടെ പെരുങ്കടല്‍ സാധ്യമാക്കുന്ന ലഹരിയാണത്. നോവലിസ്റ്റ് നേരിട്ട് കഥ പറയുമ്പോഴും ഈ ഭാഷാ വഴക്കമാണ് കാണുക. യാഥാര്‍ഥ്യത്തെയും കൂടുതല്‍ നീട്ടിവയ്ക്കുകയാണ്. നോവല്‍ ജീവിതത്തിന്റെ ഉത്സവപരത വിവിരിക്കുന്നത് ഇങ്ങനെയാണ്.

 

ഉത്സവ പറമ്പിലെ ആള്‍ക്കൂട്ടം

നീണ്ടകാലത്തിലെ സംഭവങ്ങളെ കഥകളാക്കുന്ന വൈവിധ്യം ഇതിലെ കഥാപാത്രങ്ങള്‍ തന്നെ പറയും. പ്രാന്തന്‍ ചപ്ലി, ഔറാ മാപ്പിള, വഴുതനങ്ങ രമണി, ഊഡന്‍ ചട്ടമ്പി, കാരിച്ചി, ആപ്പാടന്‍, കല്യാണ മാത്തിരി, ചാക്കോരു, കേഡി രാജപ്പന്‍, ക്ലമന്റ് സിഐ, ഈനാശോട്ടന്‍, കുഞ്ഞിപ്പാലു, റപ്പായി, ആട്ട് മാഷ്, കാട്ടാളന്‍, ദയാലു… വൈവിധ്യമാര്‍ന്ന സാമൂഹികതയുടെ, കഥപറച്ചിലിന്റെ അടയാളങ്ങളായി നൂറിനടുത്ത് കഥാപാത്രങ്ങളാണ് നോവലിലേക്ക് കടന്നുവരുന്നത്. ഓരോ പേരുകളും ഓരോ കഥ അഥവാ പലവിധത്തിലുള്ള കഥകളാണ്.

 

ആഖ്യാനത്തിന്റെ ഉത്സവഛായയില്‍ അഭിരമിക്കുമ്പോഴും മറിയയുടെ പ്രണയത്തകര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും വ്യഥയിലേക്കു വലിച്ചിഴക്കുകയില്ലെങ്കിലും രണ്ട് പുരുഷന്മാരുടെ കഥ നമ്മെ വല്ലാതെ മഥിക്കും. മറിയ നെടുംതൂണായി നില്ക്കുന്നിടത്ത് അവളോടപ്പം നില്ക്കുന്ന പുരുഷന്മാര്‍ ഇവിടെ ഇല്ലെന്നു പറയാം. അവളുടെ കാമുകന്‍ പീറ്റുറുപോലും വല്ലാതെ നിറംമങ്ങിയാണ് നമുക്കനുഭവപ്പെടുക. കാര്യങ്ങളൊക്കെ മനസിലാക്കി മറിയയിലേക്കു തിരിച്ചുവരുമ്പോഴാണ് പീറ്ററെ നമുക്ക് കുറച്ചെങ്കിലും സ്വീകരിക്കാനാവുക. കരുണാകരനെപ്പോലെ കേരള രാഷ്ട്രീയരംഗത്ത് വിരാജിച്ചവരുടെ ആഖ്യാനങ്ങളുണ്ടെങ്കിലും അതെല്ലാം ജീവചരിത്രത്തിന്റെ യുക്തിക്കു പുറത്തുകടന്ന് വെറും കഥാപാത്രമായിട്ടേ വായനയില്‍ അനഭവപ്പെടുന്നുള്ളൂ. നിരനിരയായി കടന്നുപോകുന്ന ആണ്‍കഥാപാത്രങ്ങളില്‍ മറിയയുടെ വലങ്കൈയായിരുന്ന കാട്ടാളന്റെയും ദയാലുവിന്റയും ദുരന്തകഥ വല്ലാത്തൊരു ആഘാതമായിട്ടാണ് വന്നുവീഴുക. ആറടിയിലധികം പൊക്കവും അതിനൊത്ത ശരീരവുമുള്ള കാഴ്ചയില്‍ മഹാപരുക്കനായ കാട്ടാളന്‍ മറിയ വരുന്നതിനുമുന്നേ ഗ്രബ്രിയേലിന്റെ ഇറച്ചിക്കടയിലെ എല്ലാമാണ്. ഒരിക്കലും ഉണരാത്ത ലൈംഗികതയ്ക്കു മുന്നില്‍ തോറ്റ് ഭാര്യ മറ്റൊരാളുടെകൂടെ പോകുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന, തെരുവിലെ സുന്ദരി വേശ്യയെ ഒറ്റമുലച്ചിയാക്കുന്ന, പിന്നെ മറിയയുടെ പ്രിയങ്കരനാകുന്ന, ദയാലുവിനെ സഹായായി കൂട്ടുന്ന അമ്മയുടെ മരണമാര്‍ത്ത് കരയുന്ന, തെരവിലെ ഗണ്ടായിസത്തിനെല്ലാം കൂട്ടുനില്കുന്ന, ഒടുവില്‍ പ്രാന്തന്‍ ചപ്ലിയെ രക്ഷിക്കാനായി ശ്രമിക്കവേ, ട്രാന്‍സ്ഫോമറില്‍ നിന്ന കരണ്ടടിച്ച് മരണത്തിന് കീഴടങ്ങുന്ന കാട്ടാളന്‍ പൊറിഞ്ചു. അവന്റെ മരണത്തിലാണ് മറിയ ആഴത്തില്‍ ദുഃഖിക്കുന്നത്. സിനിമാമോഹവുമായി അമ്മയും മറ്റും കോടമ്പാക്കത്തേക്കു പോയതോടെ ഒറ്റയായ ദയാലു എന്തുചെയ്യണമെന്നറിയാതെ വണ്ടികേറി തൃശൂരെത്തുന്നു. ചായകുടിക്കവേ കരുത്തനായ കാട്ടാളനെ കാണുന്നു. അതോടെ കാട്ടളനെപ്പോലെ ഒരാണാകണം എന്നു നിശ്ചയിക്കുകയും അവനെ മുട്ടിക്കൂടി കാട്ടളന്റെ വലംകൈയാകുകയും ചെയ്യുന്നു. മറിയയുടെ പ്രിയപ്പെട്ടവനായും അവന്‍ മാറുന്നു. ദുഃഖങ്ങള്‍ക്കെല്ലാം അവധികൊടുത്ത് അവന്‍ തെരുവിലെ തല്ലിലും ഇടപാടുകളില്‍ കാട്ടാളന്റെ വലംകൈയാകുന്നു. പ്രമാണിമാര്‍ കേസുകളില്‍ അവനെ തേടിവരുന്നു. കത്തിക്കുത്തിനൊന്നും പോകാത്ത ദയാലു അഴീക്കോടന്‍ വധക്കേസില്‍ പെടുന്നു. മറിയയെ ബലാത്സംഗം ചെയ്ത പൂമലക്കൂറ്റന്മാരെ ഒരാളെ തട്ടുന്നതിനും നേതൃത്വം കൊടുത്തതോടെ സംഘര്‍ഷത്തിലേക്കു വഴുതുന്നു. ഒടുവില്‍ അവനെ എതിരാളികളുടെ കോലക്കത്തി തേടിവരുന്നു. മറിയയുടെ മകന്‍ ജോണ്‍സിനൊപ്പം അവന്റെ ജീവനും എടുക്കപ്പെടുന്നു. തെരുവിന്റെ ജീവിതം നിഗൂഢതകളുടെ വലിയ കോട്ടയാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് ഒരു നിലവിളിപോലെ കാട്ടാളനും ദയാലുവും വായനക്കാരുടെ മുന്നില്‍ നില്‍ക്കുന്നു. ഉത്സവം പോലെ പോകുന്ന തെരുവിലെ ജീവിതത്തിന്റെ ശോകത്തിന്റെ നിഴല്‍ച്ചിത്രങ്ങളായി അവരിരുവരും. നോവലിലാകെ നിറഞ്ഞുനില്കുക്കുന്ന, മറിയയുടെ അടുത്തു നില്ക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഇവരാണെന്നും പറയാം.

‘കൊച്ചുപുസ്തക’ങ്ങള്‍ വായിക്കുന്നവര്‍
ജീവിതത്തെ പോരാട്ടമായി കാണുന്ന പെണ്ണുങ്ങളുടെ കഥയാണ് ഇവിടെ നിറയെ. വേദനകളും കഷ്ടപ്പാടുകളും തകര്‍ച്ചകളും നിഷേധങ്ങളുമൊക്കെ ഉണ്ടെങ്കിലും മറ്റുള്ളവര്‍ക്കിടയില്‍ നിന്ന് ജീവിതോത്സ്വത്തില്‍ പങ്കെടുക്കാനുള്ള പോരാട്ടത്തിലാണ് ഇതിലെ സ്ത്രീകള്‍. മനസുതകര്‍ക്കുന്ന ചോദ്യം കേട്ട് ആത്മഹത്യചെയ്യുന്ന പ്രിയാനന്ദിനിയെപ്പോലെ അധികം പേരിവിടെ ഇല്ല. പലതും നഷ്ടപ്പെട്ടാലും പൊരുതി ജീവിക്കണമെന്നുള്ള വാശിയെ പലരിലും കാണുന്നുള്ളു. തറവാടിത്തത്തിലും കുലമഹിമയിലും ജീവിക്കുന്ന കുടുംബിനിമാര്‍ ഇവിടെ അധികമില്ല. അല്ലെങ്കില്‍ അവരുടെ കഥകള്‍ നോവലിസ്റ്റ് പറയുന്നില്ല. സമൂഹത്തിന്റെ അടിത്തട്ടിലെ ചിരുതമാരും രമണിമാരുമാണ് ഇവിടെ ഏറെയും. ആണുങ്ങളെപ്പോലെ എല്ലാ അഴുക്കിലും വീണു ചിരിക്കുകയും കരയുകയും ചെയ്യുന്നവരാണിവര്‍. കുലീനതയുടെ ഭാരവും പേറി അടങ്ങിയൊതുങ്ങി ‘നല്ല സ്ത്രീ’യായിരിക്കാനുള്ള വെമ്പലിവിടെ അധികം പേരില്‍ കാണുന്നില്ല. കുടംബിനിയായിരിക്കവേ തന്നെ മറിയയുടെ അനാശാസ്യ ജീവിതത്തിനോടു തങ്ങളുടെ ഭര്‍ത്താക്കന്മാരെച്ചൊല്ലി കയര്‍ക്കുന്ന അവരെല്ലാം പക്ഷേ മറിയയെ ഉള്ളില്‍ ആരാധിച്ചിരുന്നുവെന്നു വായിക്കുമ്പാഴാണ് സ്ത്രീ ജീവിതത്തിന്റെ ബഹുസ്വരത നാമറിയുന്നത്. മറിയ പൂമലക്കൂറ്റന്മാരാല്‍ ബലാത്കാരത്തിനിരയായി എന്നു കേട്ടപ്പോള്‍ അവള്‍ക്കതുവേണം എന്നു സ്ത്രീകള്‍ പറഞ്ഞുവെങ്കിലും അതില്‍ കഠിനമായി ദുഃഖിക്കുകയും ചെയ്തു. എങ്കിലും അവരുടെ ഉള്ളിലും വേണ്ടായിരുന്നു മറിയോടിത് വേണ്ടായിരുന്നു എന്ന തേങ്ങലങ്ങനെ ബാക്കിനില്ക്കുന്നു എന്നത് അവരെത്തന്നെ അത്ഭുതപ്പെടുത്തി. വാസ്തവത്തില്‍ മറിയ ഒരദ്ഭുവിളക്കാണ്…(248). കുലീന – കുലട എന്ന ദ്വന്ദത്തിന്റെ നിര്‍വചന മതിലുകള്‍ക്കുള്ളില്‍ കെട്ടപ്പെട്ട് ആരും ജീവിക്കുന്നില്ല. ആ ദ്വന്ദം പലയിടത്തും ഉലയുകയും ഇടകലരുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം നെടുംതൂണാണ് മറിയ. കുടുംബം, സമൂഹം, കുട്ടികള്‍, മതം എന്നിങ്ങനെ സങ്കീര്‍ണങ്ങളായ സ്ഥാപനങ്ങളെ വല്ലാതെ ഉലച്ചുകൊണ്ട് അവള്‍ ഒരു ദേശത്തിന്റെ നടുവില്‍ നിന്നു.

 

ചുറ്റും നടക്കുന്നതന്നുമറിയാതെ നഖത്തില്‍ നോക്കിമാത്രം വളരുന്ന പെണ്‍കുട്ടികളല്ലിവിടെ. അടക്കത്തിന്റെയും വിധേയത്വത്തിന്റെയും പാഠങ്ങളെ വല്ലാതെ പ്രശ്നവല്കരിച്ചുകൊണ്ട് ജീവിതത്തെ വല്ലാതെ തുറന്നിട്ടുകാണാന്‍ അവരാഗ്രഹിക്കന്നു. ആണ്‍പിള്ളേരുടെ കൊച്ചുപുസ്തകങ്ങള്‍ പതിവായി വായിച്ച് ആസ്വദിക്കുന്ന പെണ്‍കുട്ടികളുടെ ആഖ്യാനം ശ്രദ്ധേയമാണ്. തമാശ അതല്ല. പെണ്‍കുട്ടികളുടെ കണ്ണുവെട്ടിച്ച് വായിക്കുകയും ഒളിച്ചുവയക്കുകയും ചെയ്യുന്ന ഈ കൊച്ചുപുസ്തകങ്ങളുടെ ഒളിയിടം കണ്ടെത്തി അവരില്ലാത്തപ്പോള്‍ പെണ്‍കിടാങ്ങളും അത് വായിച്ച് അന്തം വിട്ടിരിക്കും. തൊഴുത്തിന്റെ തട്ടിന്‍പുറത്തിരുന്ന് ചില പദങ്ങളും സംശയങ്ങളും ആരോട് ചോദിക്കും എന്നറിയാതെ തൊട്ടടുത്ത വീടുകളിലെ കുമാരിയും ആഗ്നസും മുഖത്തോടുമുഖം നോക്കി. അതിലെ പ്രധാന സാങ്കേതികം ശീഘ്രസ്ഖലനമെന്ന പദമാണ്. അവ്ടെയാണ് അര്‍ഥമറിയാതെയുള്ള ഒരു വഴിമുട്ടല്‍…. ഈ കൊച്ചുപുസ്തകങ്ങള് കൊള്ളാമല്ലോ. നല്ല എരീം പുളീം (പു. 222). ജീവിതത്തിന്റെ വൈവിധ്യത്തെ ഏതെങ്കിലും ചില കാഴ്ചപ്പാടിലോ സദാചാരത്തിലോ കെട്ടിയിട്ട് ചില നല്ലതുമാത്രം ആസ്വദിക്കുന്നവരല്ല ഇതിലെ പെണ്‍കഥാപാത്രങ്ങള്‍. നല്ലത് -ചീത്ത എന്ന വേര്‍തിരിവനെ ഉലച്ചുകൊണ്ട് ജീവിതത്തെ തന്ത്രപരമായി ആഘോഷിക്കുകയാണവര്‍. അതുകൊണ്ടാണ് ഈ കൊച്ചുപുസ്തകങ്ങളുടെ കാര്യം പറഞ്ഞ് ആണ്‍പിള്ളേര്‍ക്ക് അടി വാങ്ങിച്ചുകൊടുക്കാന്‍ അവര്‍ ശ്രമിക്കാഞ്ഞത്. അവര്‍ക്കും വീണ്ടും വായിക്കാന്‍ വേണ്ടി. ആധിപത്യവ്യവസ്ഥയ്ക്കുള്ളില്‍ കഴിയുന്നവര്‍ ജീവിതത്തിന്റെ സാധ്യതകളെ തേടുന്നത് ആ വ്യവസ്ഥകളെ തന്ത്രപൂര്‍വം കലഹിച്ചുകൊണ്ടാകുമെന്ന് ഇതിലെ സ്ത്രീകള്‍ പറയുന്നു. ജീവിതാഘോഷത്തെ ആസ്വദിക്കുന്നരായി തങ്ങളെ ഒരുക്കിക്കൊണ്ടാണ് ഇവിടെ സ്ത്രീകള്‍ പോരുതുന്നത്. ഈ ജീവിതാഘോഷത്തിന്റെ വലിയ ചിഹ്നമായാണ് മറിയ നോവലില്‍ ഉയര്‍ന്നുനില്കുക്കന്നത്.

 

ഒരു കുപ്പി കിട്ടാന്‍ എത്രനേരമിരിക്കണം മൈരുകളേ….
എന്താണ് മറിയ? നോവല്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉടന്നീളം നമ്മുടെ വായനയിലേക്കു കടന്നുവരുന്ന സംശയമാണ്. മറിയയെ എങ്ങനെയാണ് വായിക്കേണ്ടത്? പിഴച്ചവള്‍, വേശ്യ, തെരുവുപെണ്ണ്, പൊട്ടിപ്പെണ്ണ്… ഇങ്ങനെ ഏറെ വാക്കുകള്‍ മാറിയയെ വിശേഷിപ്പിക്കുവനായി നാട്ടുകാരും അവളും സ്വയമായും ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെയാണോ മറിയ എന്ന സംശയം വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്നു. ഈ പദങ്ങളുടെ സാമ്പ്രദായികമായ വ്യാകരണത്തിലൊന്നും മറിയ പ്രാഥമികമായി വരുന്നില്ല എന്നതാണ് അടിസ്ഥാനപ്രശ്നം. നോവലിലെ പറച്ചിലുകളായി ഈ പദങ്ങള്‍ കാണുമെന്നല്ലാതെ ഒരിക്കലും നോവലിന്റെ ഘടനയിലേക്ക് ഈ വാക്കുകള്‍ കണ്ണിചേര്‍ക്കപ്പെടുന്നില്ല. മറിയ എന്ന പേരുമാത്രമാണ് അവളെക്കുറിക്കുന്നത്. അതിനാല്‍ മറിയ എന്താണെന്ന ചോദ്യത്തിന് ഉത്തരം മറിയ, മറിയ മാത്രമാണെന്നാണ്. ലൈംഗികതയെ സ്വന്തം തെരഞ്ഞെടുപ്പായി ഉപയോഗിക്കുന്നവളെ വിശേഷിപ്പിക്കുവാന്‍ പുരുഷ മലയാളത്തില്‍ ഒരു പദമില്ലാത്തതിനാലാകും അവള്‍ ഈ പേരുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം ശാരീരികമായി സ്വന്തയിഷ്ടപ്രകാരം നടക്കുന്നവളെ വിശേഷിക്കുവാന്‍ നിന്ദ്യമായ നിരവധി വാക്കുകളുണ്ട്. സ്വൈരിണി അതിലൊന്നാണ്. താന്തോന്നി, അഴിഞ്ഞാടിനടക്കുന്നവള്‍ മുതലായ വിശദീകരണത്തോടൊപ്പം ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വഗൃഹത്തില്‍ വച്ചോ അന്യ ഗൃഹത്തില്‍വച്ചോ പരപുരുഷ സംഗം ചെയ്യുന്ന വേശ്യയാണ് സ്വൈരിണി. ഇത്തരത്തില്‍ പുരുഷനെ വിശേഷിപ്പിക്കുവാന്‍ പദങ്ങളില്ല. ശാരീരികമായി നിയന്ത്രണങ്ങള്‍ക്കുള്ളിലോ അടിച്ചമര്‍ത്തപ്പെട്ടവനോ അല്ല പുരുഷനെന്നും പെണ്ണിന് ആ സ്വാതന്ത്ര്യം സ്വപ്നം കാണാന്‍ കൂടി അവകാശമില്ലന്നുള്ളതിന്റെയും പ്രഖ്യാപനമാണ് ഈ വാക്കുകള്‍. സ്വന്തയിഷ്ടപ്രകാരം ശരീരം ഉപയോഗിക്കുന്നവളെ വഴിപിഴച്ചവളാക്കുന്ന യുക്തി. ഇവിടെയാണ് മറിയ കലഹിക്കുന്നത്. മറിയ തന്റെ ശരീരത്തിന് ആവശ്യമുള്ളവരെ തെരഞ്ഞെടുക്കുകയായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്തവരെ, കാശിനാല്‍ തന്നെ വിലയ്ക്കെടുക്കാമെന്നു നിനച്ചവരെ അവള്‍ അകറ്റിനിര്‍ത്തി. തന്റെ ശരീരത്തിന്റെ അധികാരം പ്രഖ്യാപിച്ച ശരീരിണിയാണ് മറിയ.

ഇത്തരമൊരു ബോധ്യത്തിലേക്ക് മറിയ മെല്ലെമെല്ലെ വളരുകയായിരുന്നു. തെരുവിലെ പുരുഷനോട്ടങ്ങളെ നേരിടാന്‍ ഭയന്നവളാണ് പുരുഷന്മാരെ തന്റെ വരുതിയില്‍ നിര്‍ത്തുന്നവളായി മാറുന്നത്. പ്രണയത്തിനുവേണ്ടി ഒരു സാമ്പ്രദായിക പെണ്ണിനെപ്പോലെ അവള്‍ കാത്തിരുന്നു. എന്നാല്‍ ആ കാത്തിരിപ്പ് വ്യര്‍ഥമാണെന്നറിയുന്നതോടെ അവള്‍ പെണ്ണത്തത്തിന്റെ സാമ്പ്രദായികതയില്‍ നിന്ന് പുറത്തുകടന്നു. തന്റെ ശരീരത്തിന്റെ ആവശ്യങ്ങളെ അവള്‍ സമൂഹത്തിന്റെ പെണ്‍ നിയമാവലിക്കപ്പുറം തുറന്നുവിട്ടു.

 

അധികസമയം അവിടെ ഇരിക്കാനുള്ള മനസ്സാന്നിധ്യം മറിയയക്കുണ്ടായില്ല. അശരീരികളായാണ് കമന്റുകള്‍ വന്നു വീഴുന്നത്. രക്ഷയില്‍ തിരിച്ചു കേറുമ്പോള്‍ കാതുകളെ കൊട്ടിയടച്ചു…. ന്നിട്ടും ചില വരികള്‍ ഉള്ളില്‍ തറച്ചു. ചരക്ക് നല്ല പെടയ്ണ്താണല്ലടാ…
ന്റെ കമ്പിയായ് …ട്ടോ
മറിയ ഇത്രേം പ്രതീക്ഷിച്ചില്ല.
ഒരു മറയുമില്ലാതെ പച്ചയ്ക്കു തിന്നാനുള്ള ആര്‍ത്തിയോടെ മനുഷ്യരിങ്ങനെ തുറിച്ചുനോക്കുമോ? (111). ഇറച്ചിക്കടയിലെ ആണ്‍നോട്ടങ്ങളെ ഭയന്ന് ഓടുന്നവളായിരുന്ന മറിയ മെല്ലെമെല്ലെ അതിനെ നേരിടുന്നവളായി മാറുന്നു.

പാണ്ടിക്ക് കൊടുക്കാനുള്ള പണത്തിന്റെ ആവശ്യകതയോര്‍ത്തപ്പോള്‍ കടയില്‍ പോയിരിക്കാനുള്ള ജാള്യതപോയി. തുറിച്ചുനോട്ടക്കാരോട് എന്തേ…. ന്ന് ചോദിക്കാനുള്ള കരുത്തായി. തറപ്പിച്ച് തിരിച്ചുനോക്കുമ്പോള്‍ ചൂളിപ്പോകുന്നവരാണധികവും എന്നു കണ്ടു. പുറത്തേക്കിറങ്ങുമ്പോള്‍ ഒന്നുകില്‍ പൊറിഞ്ചേട്ടന്‍ അല്ലെങ്കില്‍ ദയാലു, ചിലപ്പോള്‍ രണ്ടുപേരും ഇടതും വലതും… തെരക്കില്‍ നിന്നുപോലും പണം വാങ്ങാന്‍ ആളെത്തി തുടങ്ങിയപ്പോഴാണറിഞ്ഞത് പലിശ മറിയ എന്നൊരു പേര് വീണെന്ന്. എന്തോ ചിരിച്ചു തള്ളി. (പു.122). ഇങ്ങനെ തെരുവിന്റെ പുരുഷാനുഭവങ്ങളെ നേരിട്ടു തുടങ്ങിയപ്പോഴാണ് മറിയ വളര്‍ന്നത്. ആ വളര്‍ച്ചയില്‍ അവളുടെ പ്രതീക്ഷ അവളുടെ പ്രണയമായിരുന്നു. അത് കാമുകനായ പീറ്റര്‍ തന്നെ കുത്തിക്കെടുത്തിയതോടെ അവള്‍ മറ്റൊരു പരിവര്‍ത്തനത്തിന് വിധേയമായി. അവളുടെ പ്രതീക്ഷകളെ അപ്പാടെ തല്ലിക്കെടുത്തിക്കൊണ്ട് അവന്‍ അവളെ നിഷേധിച്ചു. ആ നിഷേധമാണോ മറിയയെ മാറ്റിമറിച്ചത്? (പു.132). ഇവിടെ നിന്ന് ലോകത്തിലെ എല്ലാ പ്രണയങ്ങളും കള്ളമാണെന്ന തിരിച്ചറിവിലേക്കവള്‍ പോകുന്നു. അതോടെ തന്റെ പ്രണയത്തെ അവള്‍ കുത്തിക്കൊല്ലുന്നു.

മധുരക്കള്ളിന്റെയും ചാരായത്തിന്റയും തരിപ്പ് അവളുടെ ഉള്ളമാകെ പടര്‍ന്നു. ഇത് ആഘോഷിക്കണം. ഒരു പൊട്ടിപ്പെണ്ണ് ചത്തുതൊലഞ്ഞ ദിവസമാണിന്ന്. ഇനി കെട്ടുപാടുകളില്ല. കാത്തിരിപ്പില്ല. മറിയ സ്വതന്ത്രയാണ്. പ്രണയത്തില്‍ നിന്ന്…. എത്തിപ്പിടിക്കേണ്ട ഉയരങ്ങളില്‍ നിന്ന്… വീണ്ടെടുക്കേണ്ട ചില ബാധ്യതകളില്‍ നിന്ന്… അവളില്‍ നിന്നും… കുപ്പികള്‍ കാലിയാവുന്നതിനുസരിച്ച് അവളുടെ ചിരിയും കൂടിവന്നു (പു. 136). അതോടെയവള്‍ വേശ്യയോ അഴിഞ്ഞാട്ടക്കാരിയോ ആകുന്നു എന്ന് നാട്ടുഭാഷയില്‍ പറയാം. നിലവിലെ ആണ്‍സമൂഹം കല്പിച്ചു നല്കിയ പെണ്‍മയുടെ നിര്‍വചനത്തില്‍നിന്നും കുലീന, ഭാര്യ പോലുള്ള അലങ്കാരങ്ങളില്‍ നിന്നും മറിയ മോചിതയാകുന്നതും ഇവിടെയാണ്. പുറം സമൂഹത്തിന്റെ കണ്ണില്‍ വൃത്തികെട്ട സ്വഭാവമുള്ളവരും ഗുണ്ടകളുമൊക്കെയായ ചന്തയിലെ പുരുഷന്മാരൊടൊപ്പം അവരെ ഭരിച്ചുകൊണ്ട്, അവരെ സ്നേഹിച്ചുകൊണ്ട് കഴിയാന്‍ അവള്‍ക്കു കഴിയുന്നത് ശരീരത്തിന്റെ സ്വാതന്ത്ര്യത്തെ കണ്ടെടുക്കുന്നതോടെയാണ്. അതിരാവിലെ ഇറച്ചിക്കടയില്‍ വരികയും അവിടുത്തെകാര്യങ്ങള്‍ കൃത്യമായി നോക്കുകയും ഉച്ചയ്ക്കുമുമ്പായി ഷാപ്പില്‍ പോയി കൂട്ടാളികളൊത്ത് മിനുങ്ങുകയും പിന്നെ തന്റെ പ്രണയലീലകളില്‍ മുഴുകുകയും വൈകിട്ട് വീണ്ടും കടയില്‍ വരികയും ചെയ്ത് തന്റെ നിത്യജീവിതം ഭംഗിയായി ആഘോഷിച്ചിരുന്നു മറിയ. വീടിന്റെ ഉത്തരവാദിത്തം ഭാഗികമായി നിര്‍വഹിച്ചിരുന്നത് റോസാമുത്തിയായിരുന്നുവെങ്കിലും കച്ചവടവും വീടും നോക്കുന്നതില്‍ ഒരു വീഴ്ചയും അവള്‍ വരുത്തിയില്ല. ചുറ്റുവട്ടത്തുനടക്കുന്ന സാമുഹിക, രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നിലും ഇടപെട്ടില്ലെങ്കിലും തന്റെ പ്രണയത്തിന്റെ ആകുലതകളില്‍ അന്ധയായി ജീവിതത്തിന്റെ ഓരത്ത് വീണുപോകാനും അവള്‍ തയാറായില്ല. മറിച്ച് തന്റെ ജീവിതത്തെ സവിശേഷമായി നിര്‍മിച്ചെടുക്കുകയായിരുന്നു. അവള്‍. അവസാന ഗ്ലാസ് നിര്‍ത്താതെ മോന്തി ഡസ്കില്‍ ഊക്കോടെ ഇടിച്ചുവെച്ച് മറിയ ചിറി തോടച്ചു. എരിവുള്ള കറിയൊന്ന് നാവില്‍ തേച്ചു. അലറിച്ചിരിച്ചു. ചിരിച്ചോണ്ടു പറഞ്ഞു. കേട്ടകടിയന്മാര്‍ക്കുപോലും തരിപ്പുണ്ടാക്കി. ഏതു കമ്യൂണിസ്റ്റ് കു….കളായലും കോണ്‍ഗ്രസ് മ…കളായാലും എനിക്ക് ഒരുപോലെയാടാ…. മറിയേ ഭരിക്കാന്‍ മാത്രം ഒരുത്തനും വരണ്ട.

കൈകള്‍ പിന്നില്‍കെട്ടി തലയെടുപ്പോടെ നടന്നുനീങ്ങുന്ന ഇവള്‍ പുറംകാഴ്ചയില്‍ മാത്രമേ പെണ്ണ്. അകത്ത് ആണുങ്ങളേക്കാള്‍ കാമ്പുണ്ട് (200). ആണിന്റെ ഇടമായ ഷാപ്പിനെ തന്റെ ഇടമാക്കുന്ന, തന്നെ ഭരിക്കാന്‍ ഒരുത്തനും വരണ്ടെന്നു പ്രഖ്യാപിക്കുന്ന, തന്റെ മേല്‍ അധികാരത്തോടെ വയ്ക്കുന്ന കൈകളെ തട്ടിത്തെറിപ്പിക്കുന്ന മറിയ പെണ്‍മ- ആണ്‍മ എന്ന നിര്‍വചനങ്ങളെ ഉടച്ചെറിയുകയാണ്. അവളുടെ ശരികളാണ് അവളുടെ വഴികള്‍. അവളുടെ നിഘണ്ടുവില്‍ നിന്ന് തെറ്റ് എന്ന വാക്ക് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു (പു. 269) എന്നൊരിടത്ത് എഴുതുന്നുണ്ട്. തെറ്റ്- ശരി, ആണ്- പെണ്ണ് ദ്വന്ദ്വങ്ങളെല്ലാം ഉടയുകയാണിവിടെ. പെണ്ണിന് സാമൂഹികതയില്‍ പരിധികളൊന്നുമില്ലെന്ന് അവള്‍ക്കത് പിടിച്ചെടുക്കാനുള്ളതേയുള്ളുവെന്നും മറിയയുടെ ഇരിപ്പും നില്‍പ്പും കിടപ്പും നടപ്പും വ്യക്തമാക്കുന്നു. ഒരിക്കലും അത് ഇല്ലാതാക്കാന്‍ അവള്‍ അനുവദിക്കുന്നില്ല. ഒരു കുപ്പി കിട്ടാന്‍ എത്രനേരമിരിക്കണം മൈരുകളേ (പു. 269) എന്ന് ഷാപ്പില്‍ വച്ച് അവളുടെ ചോദ്യം സ്വച്ഛന്ദമായി ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ശരീരത്തിന്റെ വ്യവഹാരമാണ്.

ലൈംഗികതയെന്ന ദൈവികത
പുരുഷപ്രണയത്തില്‍ നിന്ന് പുറത്തുകടക്കുന്നതോടെയാണ് കാത്തിരിപ്പിന്റയും മറ്റ് വൈകാരികതകളുടെയും തടവറയില്‍ നിന്ന് മറിയ (സ്ത്രീയും) അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുന്നത്. ഒപ്പം കുലീനതയുടെയും തറവാടിത്തത്തിന്റെയും ഇടമായ തറവാട്ടില്‍ നിന്നവള്‍ എന്നെന്നേക്കുമായി പുറത്തും കടക്കുന്നു. ഇറച്ചിക്കടക്കാരിയായി തെരുവില്‍ ജീവിക്കുന്നു. നിലവിലെ പ്രണയവും കാമവും സ്ത്രീയുടെ ശരീരത്തെ അടക്കുന്നതിനും വരുതിയില്‍ നിര്‍ത്തുന്നതിനുമുള്ള അധികാരമാണ്. അതാണിവിടെ മറിയ ഉരിഞ്ഞെറിയുന്നത്. മറിയയുടെ ഓരോ നിമിഷത്തിലും കാണുന്ന ലഹരിയുടെ സാന്നിധ്യം അവള്‍ നേടിയ സ്വാതന്ത്ര്യലഹരിയുടെ കൂടെ അടയാളമാണ്. അതിന്റെ കൊടിപ്പട അവളുടെ ചിരിയാണ്. മറിയ ചിരിക്കും. കുലുങ്ങിക്കുലുങ്ങിചിരിക്കും. ആ ചിരിയില്‍ കൊടുങ്കാറ്റും മഹാമാരിയും നിശ്ചലമാകും. അഗ്നിപ്രളയം കെട്ടകനലുകളായി കാല്‍ക്കീഴില്‍ ചിതറിക്കിടക്കും. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവളുടെ ആത്മധൈര്യമാണത്. നിങ്ങളതിനെ ഒരുമ്പെട്ടവളെന്നോ തെറിച്ചവളെന്നോ തന്റേടിയെന്നോ പേരിട്ടു വിളിക്കുന്നു (152). വശീകരണത്തിന്റെ, പുരുഷനെ ഇക്കിളിപ്പെടുത്തുന്ന ചിരിയല്ല അവളുടേത്. മറിച്ച് തന്റെ അധികാരത്തിന്റെ പ്രഖ്യാപനമാണ്. കാലകത്തിവച്ച് മറിയ ചിരിച്ചു (പു. 199). പലനിലയില്‍ പുരുഷനെ അസ്വസ്ഥപ്പെടുത്തുന്ന അടയാളങ്ങളുടെ ശരീരമാണ് മറിയ.

ആ അധികാരത്തിന്റെ ഒരു പ്രകടനമാണ് അവളുടെ ലൈംഗികത. തഴക്കം വന്ന തുഴക്കാരനെപ്പോലെ അവളെ ഏറെ ദൂരം കൊണ്ടുപോകാന്‍ ചാക്കോരുവിനു കഴിഞ്ഞു. ആ തുഴച്ചില്‍ അവള്‍ ആസ്വദിക്കുകയും ചെയ്തു. ദൂരേക്ക്… ഒരുപാട് ദൂരേക്ക് ചുഴികളെയും മറികടന്ന് ആഞ്ഞുതുഴഞ്ഞെങ്കിലെന്ന് ആശിക്കുകയും ചെയ്തു…. പാറക്കെട്ടുകളും അടിയൊഴുക്കുകളും ചുഴികളും ഭേദിച്ച് അവളെ കുത്തനെയുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് എടുത്തെറിയാനാകുന്ന ആരുമില്ലേ എന്നവള്‍ തിരഞ്ഞു… കൊട്ടിഘോഷിക്കപ്പെടുന്ന കീഴടക്കലുകളും അതിക്രമങ്ങളും ഭാവനാ സൃഷ്ടികളാണെന്ന് സംശയിക്കുമാറ് അവളെ നിറവിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ ആരുമില്ലെന്നോ? (153). പുരുഷനില്‍ നിന്നു കിട്ടുന്ന കാമംകൊണ്ട് തൃപ്തിപ്പെടുകയല്ല, കാമത്തിന്റെ ആനന്ദത്തിലേക്ക് ശരീരത്തെ കെട്ടഴിച്ചുവിടുകയാണവള്‍. വിലക്കുകള്‍കൊണ്ടും അരുതായ്മകള്‍കൊണ്ടും അടിച്ചമര്‍ത്തുന്ന ശരീരം അതിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരു വഴിയിതാണ്. പുരുഷന്റെ ലൈംഗികത ഒരാളില്‍ കെട്ടിയിടാതെ പാഞ്ഞുനടക്കുന്നതുപോലെ പെണ്ണിന്റെ കാമവും ആനന്ദത്തെ അധികാരത്തോടെ ആവശ്യപ്പെടുന്നു. മലയാള നോവല്‍ ഭാവനയില്‍ ഇങ്ങനെ കാമം ആവശ്യപ്പെട്ട സ്ത്രീകള്‍ ഇല്ലെന്നു കാണാം. കാമം ആവശ്യപ്പെടുന്നവളെ അഴിഞ്ഞാട്ടക്കാരികളാക്കി മാറ്റി നിഗ്രഹിക്കുന്ന ഭാവനകളെയാണ് മറിയ ഹിംസിക്കുന്നത്. ഒരു കടലാക്രമണത്തിന്റെ പ്രതീതിയാണ് അത് ഇമ്മാനുവേലില്‍ ജനിപ്പിച്ചത്. ഇത്രയും കരുത്തനായ എസ്തപ്പാന്‍ എടുത്തെറിയപ്പെടുകയും കീഴ്മേല്‍ മറിയപ്പെടുകയും പിടഞ്ഞു വീഴപ്പെടുകയും ചെയ്തു. ….വന്യമായ മുരഴ്ചയില്‍ എസ്തപ്പാന്‍ കുടഞ്ഞെറിയപ്പെട്ടു….. ഈ കാഴ്ച ഇമ്മാനുവിനുള്ള ശിക്ഷ. ഇനിയെങ്കിലും വേട്ടക്കിറങ്ങാതിരിക്കുക. മറിയയോട് മുട്ടാനുള്ള കെല്പുണ്ടാകും വരെയെങ്കിലും (141). മറിയയ്ക്ക് പ്രണയവും കാമവും കീഴടങ്ങി നിന്നു കിട്ടുന്നത് ഭുജിക്കുന്നതല്ല. അധികാരത്തോടെ ആവശ്യപ്പെട്ട് നേടുന്നതാണ്. പ്രണയം എന്നവാക്ക് വല്ലാത്തൊരു മുഴക്കത്തോടെ നോവലില്‍ പ്രവര്‍ത്തിക്കുന്നതുകാണാം, നവോത്ഥാനത്തിന്റെ മാനസിക പ്രണയത്തെ പോറലേല്പിക്കുന്നതാണ് ഇവിടുത്തെ മറിയയുടെ പ്രണയം. പ്രണയം- കാമം എന്ന ദ്വന്ദ്വത്തിന്റെ മൂശ ഇവിടെ ചോദ്യം ചെയ്യുന്നതുകാണാം. ഇത്രേം പുരുഷന്മാരുടെ അടുത്തും അവരുടെ തലോടലിലും കൊഞ്ചിക്കലിലും വാത്സല്യത്തിലും തിരഞ്ഞത് പ്രണയമാകാം…. ഇത്രേം ദാഹമുള്ള മനസ് ആരാണ് അവള്‍ക്കുള്ളില്‍ സൃഷ്ടിച്ചത്? (പു. 262). എന്ന ചോദ്യം പലയിടത്തായി കാണാം.

അവളുടെ ദാഹമാണ് അവളുടെ പ്രണയം. അത് ശരീരത്തിന്റെ ദാഹമാണ്. തുല്യപങ്കാളിത്തത്തിന്റെ നൈതികതയാണത്. അതിനാല്‍ അത് ആത്മീയവുമാകുന്നു. ഇമ്മാനുവേലിനെ, അനവധി പുരുഷന്മാരെ അവരുടെ സങ്കടങ്ങളില്‍ നിന്നു മോചിപ്പിച്ചത് മറിയ തന്റെ ശരീരത്തിലൂടെയാണ്. അധികാരത്തിന്റെ അടിച്ചമര്‍ത്തലില്‍ നിന്ന് വിമോചിക്കപ്പെടുന്ന പെണ്‍ശരീരം എന്താകുന്നുവെന്ന പ്രശ്നമാണ് മറിയയുടെ ശരീരം ചൂണ്ടിക്കാട്ടുന്നത്. സ്നേഹമെന്ന നൈതികതയാണ് മറിയയുടെ ശരീരം ആരായുന്നത്. എന്താണ് സ്നേഹം, സ്നേഹിക്കുന്നത് പാപമാണോ? എങ്കില്‍ ആ മറിയ പാപിയാണ് എന്ന് നോവലിലുടന്നീളം ആവര്‍ത്തിക്കുന്നതു കാണാം. ഈ വിശ്വാസത്തില്‍ മുറുകെ പിടിച്ചതിനാലാവാം മറിയ പൂമലക്കൂറ്റന്മാരാല്‍ കൂട്ടബലാത്കാരത്തിന് വിധേയമായിട്ടും അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്നത്. മറിയയുടെ ജീവിതം തന്നെ ആ ചോദ്യങ്ങളാണ്. ആ സ്നേഹത്തെ ജീവന്റെ ജലമെന്ന ക്രൈസ്തവ ബിംബത്തിലൂടെ നിരന്തരം നിര്‍വചിക്കുന്നതും കാണാം. കാമവും സ്നേഹവുമൊക്കെ വെറുക്കപ്പെടേണ്ടതല്ലെന്നും ശരീരത്തെ സ്നേഹിക്കുന്നതിലൂടെ സാധ്യമാകുന്ന പുതിയ നൈതികതയാണെന്നുമാണ് മറിയ പഠിപ്പിക്കുന്നത്. ശരീരത്തിന്റെ ആഹ്ലാദത്തെ തൊട്ടറിയാന്‍ കഴിയുന്ന സമൂഹത്തിനേ ഈ ദൈവികതയെ ഉള്‍പ്പേറാന്‍ കഴിയൂ. അല്ലാത്തിടത്ത് അത് അശ്ലീലമായി തുടരുകതന്നെ ചെയ്യും. അതിനാലാണ് ഉല്‍സവം മറിയയുടെ ജീവിതത്തിന്റെ ഊടും പാവുമാകുന്നതെന്നും സങ്കടങ്ങളെ മറിയ കൂടെക്കൂട്ടാറില്ലെന്നും എഴുതിയിരിക്കുന്നത്. ജീവിതത്തെ ലഹരിപോലെ ആസ്വദിക്കുന്ന ഈ മറിയയുടെ ശരീരം മലയാളി വായനയ്ക്ക് ഏറ്റെടുക്കാനും ആസ്വദിക്കാനും കഴിയുന്നതാണോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

 

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍