UPDATES

നേരമിരുട്ടി യാത്ര ചെയ്യുന്ന ഞാൻ അവർക്ക് ‘മറ്റേ’ പെണ്ണാണ്

സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. ആലപ്പുഴയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജറായ ബിന്ധ്യ എസ്. നായര്‍ പ്രതികരിക്കുന്നു.

തിരുവനന്തപുരം കഴക്കൂട്ടമാണ് എന്റെ സ്വദേശം. ആലപ്പുഴയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജറായി ജോലി നോക്കുന്നു. കുടുംബത്തെ വിട്ട് ജോലിക്കായി കിലോമീറ്ററുകള്‍ക്കിപ്പുറം മറ്റൊരിടത്തു നില്‍ക്കേണ്ടി വരുന്ന എനിക്ക് യാത്രകള്‍ പതിവാണ്. എറണാകുളം തൃപ്പൂണിത്തുറയിലെ ഹോസ്റ്റല്‍, ആലപ്പുഴയിലെ ഓഫീസ്, തിരുവനന്തപുരത്തെ വീട് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത യാത്രകള്‍ക്കിടയിലാണ് ജീവിതം മുന്നോട്ട് പോവുന്നത്. പക്ഷെ ഈ യാത്രകള്‍ എന്നെ ഭ്രമിപ്പിക്കുന്നതാണെങ്കിലും അത് ഒരേ സമയം ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ ഭയപ്പെടുത്തുന്നതുമാണ്. ജോലിക്കാര്യങ്ങള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം ഒരു ദിവസമെങ്കിലും ചെലവഴിക്കാനായി ഓടുന്ന ഓട്ടത്തിനിടയില്‍ എന്തെല്ലാമാണ് സഹിക്കേണ്ടി വരുന്നത്.

തിരുവനന്തപുരത്തേക്കുള്ള യാത്രകള്‍ മിക്കപ്പോഴും ട്രെയിനിലാണ്. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ മുതല്‍ നെഞ്ചിടിപ്പ് തുടങ്ങും. രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നിറങ്ങുന്ന ഞാന്‍ അവിടെ ഒറ്റയ്ക്കും കൂട്ടമായും നില്‍ക്കുന്ന ആണുങ്ങള്‍ക്ക് മുന്നില്‍ ഒരു ദുര്‍നടപ്പുകാരിയാണ്. കുടുംബത്തിനായി അധ്വാനിക്കുന്ന പെണ്ണായല്ല, രാത്രിയില്‍ യാത്ര ചെയ്യുന്ന വഴിപിഴച്ചവളായിട്ടാണ് എന്നെ ഈ ആണ്‍കൂട്ടങ്ങള്‍ വിലയിരുത്തുക. ശരീരമളന്നുള്ള ചുഴിഞ്ഞുനോട്ടങ്ങള്‍, ‘കൂടെപ്പോരുന്നോ’, ‘എത്രയാണ് വില’ എന്ന് തുടങ്ങുന്ന പിറുപിറുക്കലുകളും അപഹാസങ്ങളും അങ്ങനെ എന്തെല്ലാം കടന്നാണ് റയില്‍വേസ്റ്റേഷന് പുറത്തെത്താനാവുക. പുറത്തെത്തിയാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ വാകോട്ടിയുള്ള ചിരിയും വക്രിച്ച സംസാരങ്ങളും.

അല്ലെങ്കിലും സമൂഹമങ്ങനെയാണ്, പ്രത്യേകിച്ചും പുരുഷന്‍മാര്‍. ആറ് മണിയ്ക്ക് ശേഷം പുറത്തുകാണുന്ന പെണ്ണുങ്ങള്‍ ‘മറ്റേ’ പെണ്ണുങ്ങളാണ്. രാത്രി ഇത്രയും വൈകിയെത്തുന്ന സ്ത്രീകളെ കാണുമ്പോഴേ അവരുടെ പരിപാടി ശരിയല്ലെന്ന് ഇവര്‍ അങ്ങ് തീരുമാനിച്ചുകളയും. അങ്ങനെ തീരുമാനിച്ചാല്‍ പിന്നെ എന്തും പറയുന്നതിനും ചെയ്യുന്നതിനും അവര്‍ക്ക് ലൈസന്‍സ് ആയല്ലോ. മുമ്പ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു. ടെക്‌നോപാര്‍ക്കിനകത്ത് പരിപൂര്‍ണ സ്വാതന്ത്ര്യം ആസ്വദിച്ച് പുറത്തിറങ്ങുന്ന നമ്മളെ കാത്ത് പുറത്തു നില്‍ക്കുന്നത് സംശയംപൂണ്ട നോട്ടങ്ങളായിരിക്കും.

ഇന്ന് വീട്ടമ്മമാര്‍ മാത്രമായിരിക്കുന്ന സ്ത്രീകള്‍ കുറവാണ്. കുടുംബത്തിന് വേണ്ടി അധ്വാനിക്കാന്‍ തയ്യാറായി ഇറങ്ങുന്ന സ്ത്രീകളാണധികവും. എന്നിട്ടും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ ആറ് മണി വരെയേ സമൂഹം സമയം അനുവദിച്ചിട്ടുള്ളൂ. എനിക്ക് 33 വയസ്സുണ്ട്. ഞാനൊരു ഭാര്യയും അമ്മയുമാണ്. ജീവിതം നയിക്കാന്‍ വേണ്ടി ജോലിയെടുക്കുന്ന എന്നെപ്പോലുള്ളവരെ ബഹുമാനിക്കുന്നതിന് പകരം രാത്രിയില്‍ ഇറങ്ങി നടക്കുന്ന അഭിസാരികയെന്ന് പരിഹസിക്കാനാണ് സമൂഹത്തിന് താത്പര്യം.

റയില്‍വേ സ്റ്റേഷന്‍ ഭീഷണി ഒഴിവാക്കി ബസില്‍ പോകാമെന്ന് വച്ചാല്‍ അത് അതിലും പ്രശ്‌നമാണ്. ഒന്നിച്ചിരിക്കുമ്പോള്‍ നമ്മുടെ ദേഹത്ത് കൈ ഒന്നു തട്ടാന്‍ കാത്തിരിക്കുന്നവരെയാണ് പലപ്പോഴും കാണുക. ഇരുട്ട് കനക്കും തോറും ഈ പ്രവണത കൂടിവരും. അങ്ങനെ മുട്ടലും തട്ടലും തലോടലും കഴിഞ്ഞ് വേണം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെത്താന്‍. ബസ് സ്റ്റാന്‍ഡിലെ അനുഭവങ്ങള്‍ അതിലും ഭീകരമാണ്. ഇത്രയും നേരം യാത്ര ചെയ്ത് ക്ഷീണിച്ച് ഒരു ജ്യൂസ് കുടിക്കാമെന്ന് കരുതി ഏതെങ്കിലും ഒരു കടയില്‍ ചെന്നാല്‍ മതി ഈച്ച പെതിയുന്നതുപോലെ നമുക്ക് ചുറ്റും ഒരാള്‍ക്കൂട്ടമുണ്ടാവും. അവിടുന്നും ഇവിടുന്നും ഓരോരുത്തരായി എത്തും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കാന്‍. രാത്രിയില്‍ ഇറങ്ങി നടക്കാന്‍ ധൈര്യം കാണിച്ചത് പോരാണ്ട് ഇനി ജ്യൂസ് കുടിക്കാനും വന്നിരിക്കുന്നോ എന്നായിരിക്കും ചിലരുടെ ഭാവം. മറ്റു ചിലരുണ്ട്, എന്തായാലും ജ്യൂസ് കുടിയെല്ലാം കഴിഞ്ഞില്ലേ എന്നാല്‍ പിന്നെ എവിടേയക്കാണെന്ന് വച്ചാല്‍ കൂടെ പോരേയെന്നൊക്കെ പറഞ്ഞ് മുട്ടി നില്‍ക്കും. ഞാന്‍ പ്രതികരിക്കുന്നയാളാണ്. എന്തെങ്കിലും മോശം കമന്റ് കേട്ടാല്‍ പോലും രൂക്ഷമായി പ്രതികരിക്കും. പക്ഷെ അതിന് കഴിവില്ലാത്തവര്‍ ധാരാളമുണ്ട്. കമന്റു പറച്ചിലും ദുഷിച്ച നോട്ടങ്ങളും സഹിച്ച് ചൂളിയിരിക്കുന്ന സ്ത്രീകളെ ഞാന്‍ കാണാറുണ്ട്.

കാഷ്വല്‍ ഡ്രസ്സുകള്‍ ധരിക്കുന്നയാളാണ് ഞാന്‍. ഹാന്‍ഡ് ബാഗും, ലാപ്‌ടോപ്പ് ബാഗുമൊക്കെയായി യാത്ര ചെയ്യുന്ന എനിക്ക് ഷാളും മറ്റും ശ്രദ്ധിച്ചുകൊണ്ട് നടക്കാന്‍ കഴിയാറില്ല. അതാണ് കൂടുതല്‍ പ്രശ്‌നം. ഇങ്ങനെ വേഷം കെട്ടി രാത്രി നടക്കുന്നതെന്തിനാണെന്ന് സോദ്ദേശത്തോടെ എന്നോട് പലരും ചോദിച്ചിട്ടുണ്ട്. വസ്ത്രധാരണമാണത്രേ ഞാന്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം.

എന്റെ മകന് ആറ് വയസ്സാണ്. ആറ് വയസ്സിനിടയില്‍ അവന്‍ ഒരിക്കല്‍ പോലും ട്രെയിന്‍ കണ്ടിരുന്നില്ല. കഴിഞ്ഞയിടെ അവനെ ട്രെയിന്‍ കാണിക്കാനായി തിരുവനന്തപുരം റയില്‍വേസ്റ്റേഷനില്‍ കൊണ്ടുപോയി. ഷര്‍ട്ടും പാന്‍സുമായിരുന്നു എന്റെ വേഷം. ഇതോടെ അവിടെ കൂടി നിന്ന ചില പിള്ളേര്‍ക്ക് പുകിലിളകി. എന്റെ പിറകെ, ഞാനും മോനും കൂടി നടന്ന അത്രയും ദൂരം ഞങ്ങള്‍ക്ക് കാവല്‍ക്കാരായി, തൊട്ടും തൊടാതെയും അവരുമുണ്ടായിരുന്നു. അവസാനം എന്നെ കയറിപ്പിടിക്കുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്ന ഒരു ചായക്കടയില്‍ കയറി റയില്‍വേ പോലീസ് സ്‌റ്റേഷനെവിടെയാണെന്ന് ഉച്ചത്തില്‍ ചോദിച്ചു. നിമിഷങ്ങള്‍ക്കകം പുറകെ നടന്നവന്‍മാരെല്ലാം അപ്രത്യക്ഷരായി. ഞാനൊരു അമ്മയാണെന്ന ബഹുമാനവും കരുതലുമെങ്കിലും ഈ പുരുഷന്‍മാര്‍ക്ക് നല്‍കിക്കൂടേ?

എന്റെ അമ്മ ഒരു വക്കീല്‍ ഗുമസ്തയായിരുന്നു. അച്ഛനുമായി ഡിവോഴ്‌സ് ആയതിനു ശേഷം ഞങ്ങളെ വളര്‍ത്താനായി ജോലിയ്ക്ക് പോവാന്‍ തുടങ്ങിയതാണ് അമ്മ. ചിലപ്പോള്‍ രാത്രി വൈകിയും വക്കീല്‍ ഓഫീസില്‍ ചെലവഴിക്കേണ്ടി വന്നിരുന്ന അമ്മയെക്കുറിച്ച് ഞങ്ങള്‍ മക്കളുടെ അടുത്ത് പലരും വന്ന് പറഞ്ഞ കാര്യങ്ങള്‍ എനിക്കിന്നും ഓര്‍മ്മയുണ്ട്. അമ്മയുടെ നടപ്പ് ശരിയല്ല, നിങ്ങള്‍ മക്കള്‍ പറഞ്ഞ് മനസ്സിലാക്കണമെന്നായിരുന്നു പലരുടേയും ഉപദേശം. ഒരിക്കല്‍ ജോലിക്കൂടുതല്‍ കാരണം രാത്രി 10 മണിയ്ക്ക് ശേഷവും വക്കീല്‍ ഓഫീസില്‍ നില്‍ക്കേണ്ടി വന്ന അമ്മയെ വക്കീല്‍ കാറില്‍ കൊണ്ടു വന്ന് വീട്ടിലിറക്കി. അതിന്റെ പിറകെ വന്ന കഥകള്‍ ഇന്നും വേദനിപ്പിക്കുന്നതാണ്. ഇത്തരം അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് ഞാന്‍ ഭയപ്പെടാറില്ല.

പുരുഷന്‍മാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. രാത്രിയില്‍ വൈകിയെത്തുന്ന സ്ത്രീകളെ സ്ത്രീസമൂഹവും അത്ര നല്ല രീതിയിലല്ല കാണുന്നത്. ഞാന്‍ തൃപ്പൂണിത്തുറയിലെ ഒരു ഹോസ്റ്റലിലാണ് നില്‍ക്കുന്നത്. ആലപ്പുഴയില്‍ നിന്ന് പറ്റാവുന്നത്ര വേഗത്തില്‍ കാറ് ഓടിച്ച് ഞാന്‍ അവിടെ ചെല്ലുമ്പോള്‍ നേരമിരുട്ടിയിരിക്കും. എനിക്ക് മുന്നില്‍ ഹോസ്റ്റല്‍ ഗേറ്റ് എന്നും അടഞ്ഞ് കിടക്കും. ചിലപ്പോള്‍ കയ്യും കാലും പിടിച്ച് അകത്തുകയറും. അത് പറ്റാതാവുമ്പോള്‍ മതിലു ചാടിക്കടന്നാണ് റൂമിലെത്തുന്നത്. അഞ്ച് മണിയ്ക്ക് ഹോസ്റ്റലില്‍ തിരിച്ചെത്താവുന്ന ജോലി ചെയ്യുന്നയാളല്ല ഞാന്‍. എന്നിട്ടും എന്റെ പല ജോലികളും മാറ്റി വച്ചിട്ട് കഴിവതും നേരത്തെയിറങ്ങും. നമ്മുടെ അവസ്ഥ എത്ര പറഞ്ഞാലും ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്ക് മനസ്സിലാവില്ല. രാത്രിയില്‍ എന്താ പരിപാടി എന്നാണ് അവരും ചോദിക്കുന്നത്.

ഹോസ്റ്റലില്‍ എത്തുന്നതിനായി കാറുമായുള്ള പാച്ചിലുകളേയും ആണുങ്ങള്‍ കാണുന്നത് മറ്റൊരു രീതിയിലാണ്. ഒരു പെണ്ണ് മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നത് പലര്‍ക്കും സഹിക്കാനാവുന്നതല്ല. രാത്രിയില്‍ ആവുമ്പോള്‍ പ്രത്യേകിച്ചും. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടേയും ട്രക്ക് ഡ്രൈവര്‍മാരുടേയും നോട്ടം നമ്മളില്‍ തന്നെയായിരിക്കും. ചിലര്‍ എന്നെ പിന്തുടര്‍ന്ന് വരാറുണ്ട്. ഭയമുണ്ടാവുമെങ്കിലും 100ല്‍ വിളിച്ച് പരാതി നല്‍കി സ്വയം ആശ്വസിക്കും. പക്ഷെ ഇന്നേവരെ ഞാന്‍ കൊടുത്ത ഒരു പരാതിയുടേയും ഫീഡ്ബാക്ക് എനിക്ക് കിട്ടിയിട്ടില്ലെന്നതാണ് രസകരമായ കാര്യം. പരാതിപ്പെടുമ്പോള്‍ പലപ്പോഴും രാത്രിയില്‍ എന്തിനാ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ആരെയെങ്കിലും കൂടെക്കൂട്ടാമായിരുന്നില്ലേ എന്നൊരു ഉപദേശവും ഫ്രീയായി ലഭിക്കും. ഒരു ദിവസമെങ്കിലും ഈ ചൂഴ്ന്ന് നോട്ടങ്ങളില്‍ നിന്നെങ്കിലും ഒരു മോചനം ലഭിച്ചാല്‍ മതിയായിരുന്നു എന്ന ഒറ്റ ആഗ്രഹമേയുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍