UPDATES

സിനിമ

‘എന്റെ കലിപ്പ് സനല്‍ അണ്ണന് ബോധിച്ചു’; സെക്‌സി ദുര്‍ഗയിലെ അഭിനയത്തെ കുറിച്ചു മാധ്യമ പ്രവര്‍ത്തകനായ സുജീഷ്

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ സനല്‍ കുമാര്‍ ശശിധരനുമായുള്ള സൗഹൃദമാണു സെക്‌സി ദുര്‍ഗയിലെ കലിപ്പ് യുവാവിലേക്ക് സുജീഷിനെ എത്തിച്ചത്‌

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘സെക്‌സി ദുര്‍ഗ’ ലോകപ്രശസ്തമായ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയതിന്റെ ആഘോഷത്തിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച സുജീഷ്. ചിത്രത്തിലെ ഉടനീളമുള്ള അഞ്ച് കഥാപാത്രങ്ങളില്‍ ഒരാളായ സുജീഷ് തികച്ചും യാദൃശ്ചികമായാണ് മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തില്‍ നിന്നും അഭിനേതാവിലേക്ക് എത്തിയത്. അവിചാരിതമായി എത്തപ്പെട്ടതാണെങ്കിലും അഭിനയിച്ച ആദ്യ ചിത്രം വിദേശത്തും അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷം മറച്ചുവയ്ക്കാനാകുന്നില്ല സുജീഷിന്. ലോകത്തിലെ എട്ട് മികച്ച ചിത്രങ്ങളില്‍ നിന്നാണു സെക്‌സി ദുര്‍ഗ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് ജൂറികളുടെ പരാമര്‍ശം ലഭിച്ചതിനാല്‍ തന്റെ പ്രകടനവും മോശമായില്ല എന്ന ഒരു ആശ്വാസവും സുജീഷിനുണ്ട്.

വല്ലാര്‍പാടം സ്വദേശിയായ സുജീഷ് വല്ലാര്‍പാടം സെന്റ് മേരീസ് എച്ച്എസിലും, കൊച്ചി സെന്റ് ആല്‍ബല്‍ട്ട് കോളേജിലും, കാക്കനാട് കേരള പ്രസ് അക്കാദമിയിലും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകനായി തുടരുകയാണ്. ഇപ്പോള്‍ സംരംഭം എന്ന ബിസിനസ് മാഗസിന്റെ സിനീയര്‍ റിപ്പോര്‍ട്ടറാണ്. അഴിമുഖത്തോട് തന്റെ സിനിമപ്രവേശനത്തിനെക്കുറിച്ച് സുജീഷ്

കൃഷ്ണ: സെക്‌സി ദുര്‍ഗയിലേക്ക്…
സുജീഷ്: ഒരിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ആ പരിചയം ഫെയ്‌സ്ബുക്കില്‍ തുടരുകയും നല്ല സൗഹൃദത്തിലാവുകയും ചെയ്തു. പെട്ടെന്ന് ഒരു ദിവസം ചോദിച്ചു ‘എടാ നിനക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന്.’ തമാശ ആയിരിക്കുമെന്നാണു ആദ്യം കരുതിയത്. അതേ രീതിയില്‍ തന്നെ പ്രതികരിക്കുകയും ചെയ്തു. അണ്ണന്‍ സീരിയസായിട്ടാണ് പറഞ്ഞതെന്നു മനസ്സിലായപ്പോള്‍ ഞെട്ടി (സത്യം പറഞ്ഞാല്‍ ചെറിയ അഭിനയമോഹമുള്ള ഒരു ഫോര്‍ട്ടുകൊച്ചിക്കാരന്‍ തന്നെയാണ് ഞാനും). ആദ്യമേ ഞാന്‍ പറഞ്ഞു; എനിക്ക് വലിയ അനുഭവം ഒന്നുമില്ല, ഒരു ചെറിയ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ തയ്യാറാണെന്നും പറഞ്ഞു. അണ്ണന്‍ പിന്നെ കുറച്ച് ധൈര്യമൊക്കെ തന്നിട്ട് പറഞ്ഞു. നീ കലിപ്പില്‍ പെരുമാറുന്ന ഒരു വീഡിയോ ഇട്ടു തരാന്‍. ഞാന്‍ അതു കൊടുത്തു. അണ്ണന് അത് ബോധിച്ചു.

കൃഷ്ണ:ഷൂട്ടിംഗ് അനുഭവങ്ങള്‍?
സുജീഷ്: ജീവിതത്തില്‍ തന്നെ മുതല്‍ക്കൂട്ടായ അനുഭവങ്ങളായിരുന്നു ചിത്രീകരണസമയത്തു നിന്നുണ്ടായത്. അഭിനയത്തിന്റെ വഴിയിലും ഏറെ സഹായിക്കുന്നവ. തിരുവനന്തപുരത്ത് കോവളത്തേക്കുള്ള റോഡിലായിരുന്നു ഷൂട്ടിംഗ്. ഇരുപത് ദിവസത്തോളം ഉണ്ടായിരുന്ന ഷൂട്ടിംഗ് മിക്കവാറും രാത്രിയില്‍ തന്നെയായിരുന്നു; അതും സാഹസികത നിറഞ്ഞതും. ഒമ്‌നി വാനിനുള്ളിലായിരുന്നു ഷൂട്ടിംഗ്. വണ്ടിക്കുള്ളിലെ രംഗങ്ങള്‍ എടുക്കാന്‍ ഒമ്‌നിയുടെ വശത്ത് ക്യാമറ സജ്ജമാക്കി. യഥാര്‍ഥ റോഡിലൂടെ വണ്ടി ഓടുമ്പോള്‍ രംഗങ്ങള്‍ പകര്‍ത്തുന്നത് നല്ല വെല്ലുവിളിയും അപകടകരവുമായിരുന്നു. പാതിരാത്രിയാണ് ഇതൊക്കെ ചെയ്യുന്നത്. അപ്പോള്‍ പോലീസും നാട്ടുകാരുമൊക്കെ വരും. പിന്നെ അവരെ സമാധാനിപ്പിച്ച് വിട്ടിട്ടുവേണം വീണ്ടും തുടങ്ങാന്‍.

കൃഷ്ണ: കൂടെ അഭിനയച്ചവരെ കുറിച്ചും സിനിമയുടെ പിന്നിലുണ്ടായിരുന്നവരെ കുറിച്ചും?
സുജീഷ്: പ്രധാനമായും ആറുപേരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കണ്ണന്‍ നായരും ബോളിവുഡ് താരം രാജശ്രീ ദേശ്പാണ്ഡേയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിലാസ് നായരും അരുണ്‍ സോളും വേദ് വിഷ്ണുവും ഞാനുമാണ് മറ്റ് അഭിനേതാക്കള്‍. പ്രതാപ് ജോസഫാണ് ക്യാമറ ചെയ്തിരിക്കുന്നത്. മുരുഗന്‍ കലാ സംവിധാനവും സിങ്ക് സൗണ്ട് ഹരി ചേട്ടനും, പാട്ട് ബേസില്‍ ജോസഫും ചെയ്തു. എഡിറ്റിംഗ് സനല്‍ അണ്ണന്‍ തന്നെയായിരുന്നു.

കൃഷ്ണ: ആദ്യ അഭിനയം? ആശങ്ക? സംവിധായകന്‍ സനല്‍ കുമാര്‍?
സുജീഷ്: ആദ്യം ക്യാമറയ്ക്കു മുന്നില്‍ വന്നപ്പോള്‍ നല്ല ടെന്‍ഷനായി. ഞാന്‍ സനല്‍ അണ്ണനോട് പറഞ്ഞു എനിക്ക് അഭിനയിക്കാനൊന്നും അറിയില്ല എന്ന്. പുള്ളി പറഞ്ഞത് ‘നീ ആക്ട് ചെയ്യേണ്ട റിയാക്ട് ചെയ്താല്‍ മതി’ എന്നാണ്. സ്‌ക്രിപ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. പുള്ളി പറയും ‘ഞാന്‍ ഇന്ന സംഭവം ആണ് ഉദ്ദേശിക്കുന്നത്’ എന്ന്. പിന്നെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ശരിയാvaaത്തത് രണ്ടാമത് എടുക്കും. പിന്നെ സനല്‍ അണ്ണന്‍ അടിപൊളിയല്ലേ, കിഡു കക്ഷി. പിണക്കമോ വഴക്കോ ഒന്നുമില്ല. സിംപിള്‍ മനുഷ്യന്‍. നമ്മോളോട് പറയും ഇങ്ങനെ ചെയ്താല്‍ മതി അങ്ങനെ ചെയ്താല്‍ മതി എന്ന് പതിയെ തിരുത്തി തരും.

കൃഷ്ണ: സെക്‌സി ദുര്‍ഗയുടെ പ്രത്യേകതകള്‍?
സുജീഷ്: ചിത്രം പൂര്‍ണമായും സിങ്ക് സൗണ്ടാണ് ചെയ്തിരിക്കുന്നത്. അതായത് ഡയലോഗുകള്‍ അപ്പോള്‍ തന്നെ പറയുന്നത് റെക്കോര്‍ഡ് ചെയ്യുന്ന രീതി. ഡബ്ബിംഗ് ഇല്ല. നാച്ചുറല്‍ ലൈറ്റ്‌സാണ് ഉപയോഗിച്ചത്. രാത്രിയായതുകൊണ്ട് തെരുവുവിളക്കുകളുടെ പ്രകാശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. കൃത്യമായി എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റില്ല (പക്ഷെ സനല്‍ അണ്ണന്‍ കുറെ നാള്‍ മനസ്സിലിട്ട് ചിത്രത്തിന്റെ രൂപം കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഷൂട്ടിംഗിനിടയില്‍ മനസ്സിലായി). ഇത്തരം കാര്യങ്ങളൊക്കെ മലയാളത്തില്‍ പുതിയതാണെന്ന് തോന്നുന്നു. ചില ചിത്രങ്ങളില്‍ വന്നതായി കേട്ടിട്ടുണ്ട്. അറിയില്ല.

കൃഷ്ണ: സിനിമ കണ്ടിരുന്നോ?
സുജീഷ്: ഞാനിതുവരെ ഈ പടം മുഴുവാനായി കണ്ടില്ല. വ്യക്തിപരമായ ചില കാരണങ്ങള്‍ വന്നതുകൊണ്ട് രണ്ടുതവണ ഉണ്ടായ സ്‌ക്രീനിംഗിനും പോകുവാന്‍ കഴിഞ്ഞില്ല. എല്ലാവരും നല്ല അഭിപ്രായം പറയുമ്പോള്‍ പടം കാണാന്‍ കഴിയാത്തതിന്റെ ഒരു നിരാശയുണ്ട്.

കൃഷ്ണ: റോട്ടര്‍ഡാം പുരസ്‌കാരം നേടിയതിനെ കുറിച്ച്?
സുജീഷ്: റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക് പടം തെരഞ്ഞെടുത്തതു തന്നെ വലിയ സന്തോഷമുണ്ടാക്കിയിരുന്നു. ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടുക കൂടാതെ മേളയുടെ ചരിത്രത്തില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ ഞങ്ങളുടെ ചിത്രം കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ ആ സന്തോഷം ഇരട്ടിച്ചു. ജൂറിയുടെ വിലയിരുത്തല്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ക്യാമറയെയും അഭിനേതാക്കളെയും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ചിത്രത്തിന് സാധിച്ചു എന്ന പരാമര്‍ശം ഞങ്ങളുടെ അഭിനയത്തിനുള്ള അംഗീകാരം കൂടിയാണെന്ന് കരുതുന്നു.

എനിക്ക് ഇത് ആദ്യ അനുഭവമാണ് ഒരാള്‍ വന്ന് ഇങ്ങനെ അഭിമുഖമൊക്കെ ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകനായതുകൊണ്ട് ഞാന്‍ പലരുമായും അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷെ എന്റെ ഭാഗത്ത് നിന്നും ഉത്തരങ്ങളല്ലായിരുന്നു ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. കാര്യങ്ങള്‍ തിരിഞ്ഞ് വന്നപ്പോള്‍ ഒരു ചമ്മലോ ചളിപ്പോ ഒക്കെ തോന്നുന്നു. അഭിമുഖത്തിന് ചോദ്യങ്ങള്‍ നേരിടുന്നത് അത്ര നല്ല അനുഭവം അല്ലെന്നു മനസ്സിലായി.

വീണ്ടും ആ പഴയ പൊട്ടിച്ചിരിയിലേക്ക് മടങ്ങിവന്ന് സുജീഷ് താന്‍ ഭാഗമായ ചിത്രത്തിന് ലഭിച്ച അംഗീകാരത്തിനുള്ള ആശംസകള്‍ ഏറ്റുവാങ്ങുന്നതിനുള്ള തിരക്കുകളിലേക്ക് മടങ്ങി.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍