UPDATES

ഇനി ഒരു ജിഷ്ണു മരിക്കാതിരിക്കാന്‍, ലക്ഷ്മി നായര്‍മാര്‍ വാഴാതിരിക്കാന്‍…

ഉന്നത വിദ്യാഭ്യാസ മേഖല കൂടുതല്‍ സുതാര്യവും ജനാധിപത്യപരവും ആകട്ടെ; ഡോ. രാജന്‍ ഗുരുക്കള്‍ കമ്മിറ്റി റിപ്പോര്‍ട്ടും വി സി മാരുടെ സമിതിയുടെ നിര്‍ദേശങ്ങളും അതിനു വഴിവെക്കുമെന്ന് പ്രതീക്ഷിക്കാം

സ്വാശ്രയ കോളേജുകള്‍ വെറും കച്ചവട കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഈ കച്ചവടത്തിന് അനുമതി കൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എകെ ആന്റണി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ സ്വാഭാവികമായും അത് പരിഹാസ്യമായാണ് തോന്നുക. എന്നാല്‍ യാതൊരു ധാര്‍മ്മികതയുമില്ലാതെയാണ് സ്വാശ്രയ കോളേജുകളും  എയ്ഡഡ് കോളേജുകളും പ്രവര്‍ത്തിക്കുന്നത് എന്നു ആന്‍റണി തന്നെ പറഞ്ഞതോടെ യാഥാര്‍ഥ്യം എത്രമാത്രം ഭീകരമാണ് എന്നു പൊതുസമൂഹം തിരിച്ചറിയുകയായിരുന്നു.

സ്വാശ്രയ കോളേജുകള്‍ക്ക് തോന്നിയ പോലെ അനുമതി നല്‍കിയത് എകെ ആന്‌റണിയുടേയും ഉമ്മന്‍ചാണ്ടിയുടേയും നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരുകളാണ്. 2001-04ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തില്‍ പെട്ടിക്കട പോലെ മുക്കിന് മുക്കിന് സ്വാശ്രയ കോളേജുകള്‍ അനുവദിക്കുന്ന പ്രവണത തുടങ്ങിയത്. സ്വാശ്രയ കോളേജുകള്‍ മാത്രമല്ല, സ്വയംഭരണ കോളേജുകളും കടുത്ത ജനാധിപത്യവിരുദ്ധ കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ രണ്ട് ഗവണ്‍മെന്റ് കോളേജുകള്‍ (എറണാകുളം മഹാരാജാസ്, തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്) അടക്കം 13 കോളേജുകള്‍ക്കാണ് 2015ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ സ്വയംഭരണ പദവി നല്‍കിയത്. എറണാകുളം മഹാരാജാസ് കോളേജിലും കോഴിക്കോട് ഫറൂഖ് കോളേജിലുമെല്ലാം ഇതിനുശേഷമുണ്ടായ പ്രശ്‌നങ്ങള്‍ നമ്മള്‍ കണ്ടതാണ്. സ്വയംഭരണ കോളേജുകളുടെ മഹത്വം വാഴ്ത്തിപ്പാടിയും എതിര്‍ക്കുന്നവരെ പിന്തിരിപ്പന്മാരും വികസന വിരോധികളുമായി ചിത്രീകരിച്ചുകൊണ്ടും പല മലയാള പത്രങ്ങളും മുഖപ്രസംഗമെഴുതിയിരുന്നു. സ്വയംഭരണ കോളേജുകളില്‍ അവര്‍ പറഞ്ഞ വിപ്ലവം ശരിക്കും ഇനി വരാനിരിക്കുന്നതേയുള്ളൂ.

2013 മെയ് 8ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സ്വയംഭരണ കോളേജുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 2014 – 15 വര്‍ഷത്തെ ബജറ്റിലും സ്വയംഭരണ കോളേജുകളും കല്‍പിത സര്‍വ്വകലാശാലകളും ആരംഭിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ വ്യക്തമാക്കി. 2012-ല്‍ത്തന്നെ കേരളത്തില്‍ സ്വയംഭരണ കോളേജുകള്‍ ആരംഭിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ ഡോ. എന്‍ ആര്‍ മാധവമേനോന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഓട്ടോണമസ് കോളേജുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി.

2013 ഏപ്രിലിലാണ് മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തില്‍ സ്വയംഭരണ കോളേജുകള്‍ തുടങ്ങാന്‍ ആലോചന തുടങ്ങിയപ്പോള്‍ തന്നെ അക്കാദമിക് സമൂഹം ഏറെക്കുറെ ഒറ്റക്കെട്ടായി എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. അദ്ധ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍ സമരരംഗത്തിറങ്ങുകയും ചെയ്തു. പക്ഷെ സ്വയംഭരണ കോളേജുകള്‍ വന്നു. കോളേജുകള്‍ക്ക് സ്വന്തം നിലയ്ക്ക് കോഴ്‌സുകള്‍ തീരുമാനിക്കാന്‍ കഴിയുന്ന സ്വയംഭരണ കോളേജുകള്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടാക്കുന്ന ആശങ്കകളും പ്രശ്‌നങ്ങളും വലുതാണ്.

ഉന്നത വിദ്യാഭ്യാസരംഗത്ത് നിന്ന് പിന്‍വാങ്ങുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് സ്വയംഭരണ കോളേജുകള്‍ തുടങ്ങാനും സ്വാശ്രയ കോളെജുകള്‍ ആരംഭിക്കാനുമുള്ള താല്‍പര്യത്തിനു പിന്നില്‍. ആഗോള നിലവാരത്തില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ പിന്നിലാണെന്നും നിലവാരമുയര്‍ത്തുന്നതിനായി നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഘടനയും ഉള്ളടക്കവും പൊളിച്ചെഴുതണമെന്നുമുള്ള വാദമാണ് നടപ്പാക്കപ്പെടുന്നത്. ഇത് വസ്തുതാപരമാണെങ്കിലും യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ അവഗണിച്ച് സ്വകാര്യവത്കരണം എന്ന ഒറ്റമൂലിയില്‍ അഭയം തേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദേശ സര്‍വകലാശാല എന്ന ആശയം നേരത്തെ മുന്നോട്ട് വയ്ക്കപ്പെട്ടതും ഇതേ താല്‍പര്യത്തോടെയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടിപി ശ്രീനിവാസന്‍ അദ്ധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ട് വച്ച് സ്വകാര്യവത്കരണ ആശയങ്ങളും വിദേശ സര്‍വകലാശാല പോലെയുള്ള അജണ്ടകളും ഈ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ല എന്ന് പ്രതീക്ഷിക്കാം. എന്നാല്‍ അത് മാത്രം പോര. സ്വാശ്രയ കോളേജുകളെ നിയന്ത്രിച്ച് നിര്‍ത്താനുള്ള ശക്തമായ നടപടികള്‍ വേണ്ടിവരും. അതൊട്ടും എളുപ്പമല്ല. വൈകാരികത കൊണ്ട് കാര്യമില്ല. വ്യക്തമായ ആലോചനകള്‍ വേണ്ടി വരും. സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട മുന്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന അനുഭവം നമുക്ക് മുന്നിലുണ്ട്.

കേരളത്തിലെ സ്വാശ്രയമേഖലയിലെ പ്രശ്‌നങ്ങള്‍ അതിന്റെ ഉത്ഭവം മുതലേ ഉള്ളതാണ്. കാരണം അങ്ങനെയൊരു ആശയം തന്നെ കുഴപ്പം പിടിച്ചതാണ്. ഏതായാലും അത് തുടങ്ങിവച്ചവരും മുന്നോട്ട് പോവാന്‍ സഹായം നല്‍കിയ എല്ലാവരും വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാവണം. പാമ്പാടി നെഹ്രു എഞ്ചിനിയറിംഗ് കോളേജിലെ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവമുള്ള സാമൂഹ്യ പ്രശ്‌നമായി നമ്മളില്‍ പലര്‍ക്കും തോന്നിയത് എന്ന് മാത്രം. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യവത്കരണം ആവശ്യപ്പെടുകയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ട് സ്വാശ്രയ കോളേജുകളിലെ പീഡനങ്ങളെ പറ്റി പരമ്പരകളും മുഖപ്രസംഗവുമെഴുതുന്ന വൃത്തികേടിനെ അവജ്ഞയോടെ മാത്രമേ കാണാനാവൂ. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നിയമ നടപടി ആവശ്യപ്പെടുന്നവര്‍ അതിന് കളമൊരുക്കുന്ന വ്യവസ്ഥിതിയെക്കുറിച്ച് മിണ്ടില്ല എന്നതാണ് വൈരുദ്ധ്യം.

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കേരളത്തില്‍ സ്വാശ്രയ കോളേജുകളുടെ പീഡനങ്ങള്‍ക്കെതിരെ കത്തിപ്പടര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള രാജന്‍ ഗുരുക്കള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പ്രസക്തിയേറുകയാണ്. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ കച്ചവട, സ്വകാര്യവത്കരണ നയങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്നാണ് രാജന്‍ ഗുരുക്കള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്ക്കരണം ഉണ്ടാക്കുന്ന ഭീഷണി പരിശോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു. ഇതിനായി സര്‍ക്കാര്‍ ഭരണ, ഉദ്യോഗസ്ഥ, നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍, സര്‍വകലാശാല തലങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ നിര്‍വഹിക്കണം. മേഖലയില്‍ നടക്കുന്ന കച്ചവടത്തെ കുറിച്ചും സ്വകാര്യവത്കരണത്തെ കുറിച്ച് സമഗ്ര പഠനം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാജന്‍ ഗുരുക്കള്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

1. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അടിയന്തരമായി പുനസംഘടിപ്പിക്കണം.

2. കൗണ്‍സിലിന്റെ ത്രിതല ഘടനയെ പുനര്‍നാമകരണം ചെയ്യണം

3. നിലവിലുള്ള അഡൈ്വസറി കൗണ്‍സില്‍, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍, ഗവേണിംഗ്് കൗണ്‍സില്‍ എന്നീ സംവിധാനങ്ങളിലെ പദം മാറ്റി ബോഡി എന്നാക്കണം.

4. റുസ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, അനധ്യാപകരുടെ പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംസ്ഥാന സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നിവരെ കൗണ്‍സില്‍ അംഗങ്ങളാക്കാന്‍ കഴിയുന്ന തരത്തില്‍ ഭേദഗതി നടത്തണം.

5. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങളെ സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലിലേക്ക് പ്രതിനിധികളായി അയക്കണം. നേരത്തെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായി പോകുന്നത് നിര്‍ത്തലാക്കുകയും വേണം.

6. വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളുടെ മേലുള്ള ചര്‍ച്ചക്കുള്ള അവസരം.

7. അക്കാദമിക വിഷയങ്ങളില്‍ സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കാനുള്ള സംവിധാനം

8. സര്‍വകലാശാലകളെ തമ്മില്‍ ഏകോപിപ്പിക്കണം

9. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ കൂടുതല്‍ അനുവദിക്കുന്നതിനുള്ള ഫണ്ട് സമാഹരിക്കാന്‍ കഴിയണം

10. സംസ്ഥാന തല സംവിധാനത്തിലൂടെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും അംഗീകാരം നല്‍കാന്‍ കഴിയണം

മുകളില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നേരിട്ടുള്ള നിര്‍ദ്ദേശങ്ങളല്ല. അതേസമയം ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ പരിഷ്‌കരണത്തിനുള്ളതാണ്. അത് സ്വാശ്രയ സ്ഥാപനങ്ങളടക്കം സര്‍വകലാശാലകളുമായി അഫിലിയേഷനുള്ള എല്ലാ കോളേജുകള്‍ക്കും ബാധകമാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിക്കാനും പരാതികള്‍ പരിഗണിക്കാനും നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എല്ലാ സ്വാശ്രയ കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയനുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയനും പിടിഎയും നിര്‍ബന്ധമാക്കണമെന്ന് യോഗം തീരുമാനിച്ചു. ഇന്‌റേണല്‍ മാര്‍ക്ക് കാട്ടിയാണ് പലപ്പോഴും കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ വിരട്ടി നിര്‍ത്തുന്നത്. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് ലഭിച്ച പരാതികള്‍ വിസിമാര്‍ യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. ഇന്‌റേണല്‍ മാര്‍ക്ക് ഒഴിവാക്കണം എന്ന നിര്‍ദ്ദേശം പോലും യോഗത്തില്‍ ഉയര്‍ന്ന് വന്നിരുന്നു. ഏതായാലും ഇന്റേണല്‍ മാര്‍ക്കിന്റെ ഘടനയിലും മാനദണ്ഡങ്ങളിലും പരിഷ്‌കരണം വേണമെന്ന ധാരണയിലെത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഡനങ്ങളേയും മാനസിക സംഘര്‍ഷങ്ങളേയും പലപ്പോഴും രക്ഷിതാക്കളും കുറച്ച് കാണുന്ന അവസ്ഥയുണ്ട്. സെമസ്റ്ററിന് ലക്ഷങ്ങള്‍ ചിലവാക്കി പഠിക്കുന്ന കോഴ്‌സ് എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കട്ടെ എന്ന് അവര്‍ വിചാരിക്കുന്നുണ്ടാവും. പക്ഷെ അങ്ങനെ നിസാരവത്കരിക്കാവുന്ന പ്രശ്‌നങ്ങളല്ല, കേരളത്തിലെ സ്വാശ്രയ കോളേജുകളിലുള്ളതെന്ന് വലിയൊരു വിഭാഗത്തിന് ഇപ്പോള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടാവും. ഇടിമുറികളുള്ള സ്വാശ്രയ കോളേജുകള്‍ ഇടിച്ച് നിരത്തുക തന്നെ വേണ്ടിവരും.

കേരളത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്ലാ കോളേജുകള്‍ക്കെതിരെയും നടപടി എടുക്കാനും പുതുതായി സ്വാശ്രയ മേഖലയില്‍ ഒരൊറ്റ കോളേജ് പോലും അനുവദിക്കില്ല എന്ന് ഉറപ്പ് വരുത്താനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണ നയങ്ങള്‍ക്ക് തടയിടാനുമുള്ള പരിഷ്കരണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കേണ്ടത്. അല്ലാതെ കേരള ലോ അക്കാഡമിയില്‍ ചെയ്യുന്നത് പോലെ വിദ്യാഭ്യാസ സ്ഥാപനത്തിനായി സര്‍ക്കാര്‍ കൊടുത്ത ഭൂമി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗിച്ചും, കുടുംബ സ്വത്താക്കി തോന്നിവാസം കാണിച്ചും നടക്കുന്നവര്‍ക്ക് ചൂട്ട് പിടിക്കുകയല്ല. സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വിസിമാരുടെ യോഗവും അതിലുണ്ടായ ചില തീരുമാനങ്ങളും പോലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളെ പോസിറ്റീവായി കാണുമ്പോള്‍ തന്നെ സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പു നയങ്ങളെയും കാണാതിരിക്കാനാവില്ല.

(അഴിമുഖം സബ് എഡിറ്റര്‍ ആണ് ലേഖകന്‍)

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍