UPDATES

വിമതശബ്ദമുണ്ടായാല്‍ കഞ്ചാവ് മാഫിയ; വരുതിയില്‍ നില്‍ക്കാത്തവരെ തല്ലിയൊതുക്കും; പെണ്‍കുട്ടികള്‍ ‘അഴിഞ്ഞാടി’ നടക്കരുത്: എംജി യൂണിവേഴ്സിറ്റി ക്യാമ്പസിലെ എസ്എഫ്ഐ വിശേഷങ്ങളാണ്

ക്യാമ്പസില്‍ ദളിത് വിദ്യാര്‍ഥി കൂട്ടായ്മ ശക്തി പ്രാപിക്കുന്നതും എസ്എഫ്ഐയില്‍ നിന്ന്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതുമാണ് വിവേകിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്

ആശയപരമായി ഭിന്നിപ്പുള്ളവരെ കഞ്ചാവ് വലിക്കാര്‍, സാമൂഹിക വിരുദ്ധര്‍ എന്ന്‌ ചാപ്പ കുത്തി പ്രചരണം നടത്തുക, പെണ്‍കുട്ടികളാണെങ്കില്‍ സ്വഭാവഹത്യ ആരോപിക്കുക, പുരുഷ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ വന്നാല്‍ സദാചാര ലംഘനം നടത്തുന്നുവെന്ന് പ്രഖ്യാപിച്ച് ഭീഷണിപ്പെടുത്തുക, മറ്റ് മുഖ്യധാരാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ദുര്‍ബലമായ ക്യാമ്പസില്‍ ഏതെങ്കിലും വിധത്തിലുള്ള ഒത്തുചേരലുകള്‍ നടന്നാല്‍ മര്‍ദ്ദിച്ച് ഒതുക്കുക, പുരോഗമനം പറയുമ്പോഴും ഏറ്റവും ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുക, തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുകയോ സോഷ്യല്‍ മീഡിയയില്‍ പറയുന്നവരെ പോലുമോ കയ്യേറ്റം ചെയ്യുകയും പഠനം അവസാനിപ്പിക്കുമെന്ന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുക, സംഘടനയുടെ ക്യാമ്പസിലെ പ്രവര്‍ത്തന ശൈലിയോട് വിയോജിപ്പുള്ള നേതാക്കളെ മറ്റു കാരണങ്ങള്‍ ഉണ്ടാക്കി ഒതുക്കുക…  കോട്ടയം എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വര്‍ഷങ്ങളായി എസ്എഫ്ഐ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു മുഖമാണിത്. കഴിഞ്ഞ ദിവസം ക്യാംപസ് ഹോസ്റ്റല്‍ മുറിയില്‍ ദളിത് ഗവേഷക വിദ്യാര്‍ഥി വിവേക് കുമാരനെ മര്‍ദ്ദിച്ച സംഭവത്തോടെ ഇക്കാര്യത്തില്‍ എതിര്‍പ്പുമായി വിവിധ ദളിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ സംഭവങ്ങളുടെ വെളിച്ചത്തില്‍  ദളിത് സംഘടനകള്‍ നാളെ (17/1/2017) കോട്ടയം ജില്ലയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

പാമ്പാടി കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ/കൊലപാതകത്തിലുള്ള പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല. കോളേജുകളെ ഇടിമുറികളും പീഡന കേന്ദ്രങ്ങളുമാക്കുന്ന സ്വാശ്രയ സംവിധാനങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങള്‍ എങ്ങും ഉറക്കെ കേള്‍ക്കുന്നു. പാമ്പാടിയില്‍ തുടങ്ങിയ പ്രതിഷേധ കൊടുങ്കാറ്റിന്റെ അനുരണനങ്ങള്‍ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തിയിരിക്കുന്നു. ജിഷ്ണുവിനും ജിഷ്ണുവിനെപ്പോലുള്ള അനേകമായിരം വിദ്യാര്‍ഥികള്‍ക്കും നീതി ലഭിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്എഫ്ഐയും സമരരംഗത്തുണ്ട്. എന്നാല്‍ എസ്എഫ്ഐക്ക് അപ്രമാദിത്യമുള്ള ചില ക്യാമ്പസുകളിലെങ്കിലും സ്ഥിതി അങ്ങനെയല്ല. അതിന്റെ ഉദാഹരണമാണ് എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടക്കുന്ന കാര്യങ്ങള്‍. എസ്എഫ്ഐയ്ക്ക് യൂണിറ്റുണ്ടാക്കാന്‍ അനുമതി നിഷേധിക്കുന്ന സ്വാശ്രയ കോളേജുകളുടെ കൊള്ളരുതായ്മയെക്കുറിച്ചും എസ്എഫ്ഐ ഉണ്ടായിരുന്നെങ്കില്‍ സ്വാശ്രയ കോളേജുകളില്‍ വന്നേക്കാമായിരുന്ന മാറ്റത്തെക്കുറിച്ചും ചാനല്‍ ചര്‍ച്ചകളിലും മറ്റും എസ്എഫ്ഐ നേതാക്കള്‍ വാതോരാതെ സംസാരിക്കുന്നതിനിടെയാണ് എം.ജി.യൂണിവേഴ്‌സിറ്റിയിലെ സംഭവം നടക്കുന്നത്.

ഈ സ്റ്റോറിയുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ നിരവധി വിദ്യാര്‍ഥികളുമായി ഈ ദിവസങ്ങളില്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും തങ്ങളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിബന്ധനയോടു കൂടിയാണ് ഞങ്ങളോട് സംസാരിക്കാന്‍ തയാറായത്; മറ്റൊന്നുമല്ല, “നിങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കും, പക്ഷേ അതിന്റെ ബാക്കി അനുഭവിക്കേണ്ടി വരുന്നത് ഞങ്ങളാണ്”- ഒരു ഗവേഷക വിദ്യാര്‍ഥി മനസ് തുറന്നത് തന്നെ ഇങ്ങനെയായിരുന്നു. അതാണ് ക്യാമ്പസിലെ അവസ്ഥ. എതിര്‍ശബ്ദങ്ങള്‍ ഒരു വിധത്തിലും വച്ചു പൊറുപ്പിക്കില്ല.

സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ത്ഥി കാലടി തത്തപ്പള്ളില്‍ കുമാരന്റെ മകന്‍ വിവേക് കുമാരനെ (26) കഴിഞ്ഞ 10-ാം തീയതി രാത്രിയിലായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ക്യംപസിലെ പല്ലന ഹോസ്റ്റലിലെ വിവേക് താമസിക്കുന്ന 203-ാം റൂമില്‍ നാലോളം പേര്‍ അതിക്രമിച്ചു കടന്നായിരുന്നു മര്‍ദ്ദനം. എസ്എഫ്‌ഐ ക്യാമ്പസ് യൂണിയന്‍ ചെയര്‍മാനും യൂണിറ്റ് സെക്രട്ടറിയുമായ ശ്യാംലാലിന്റെ നേതൃത്വത്തില്‍ അരുണ്‍, സച്ചു സദാനന്ദന്‍, ഹേമന്ദ് എന്നീ വിദ്യാര്‍ത്ഥികള്‍ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് വിവേകിന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ബോധരഹിതനായ വിവേകിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ വിവേക് അഴിമുഖത്തിനോട് പറഞ്ഞത്- “അവര്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് അടിച്ചുവെന്നാണ് കരുതുന്നത്. പഠനത്തിന്റെ ഭാഗമായി ഞാന്‍ കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത് സാമൂഹിക സേവനവും അതില്‍ എല്‍ജിബിറ്റി (ഭിന്നലിംഗ വിഷയങ്ങള്‍) പ്രശ്‌നങ്ങളുമാണ്. എല്‍ജിബിറ്റി വിഷയങ്ങള്‍ സംബന്ധിച്ച് ക്യാംപസില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ഞാന്‍ അതിന്റെ നടത്തിപ്പില്‍ സഹകരിച്ചിരുന്നു. പക്ഷെ ഞാന്‍ എഎസ്എഫ് അംഗമല്ല. ചര്‍ച്ചക്കിടയില്‍ അംബ്ദേക്കര്‍ ഫോറം രാഷ്ട്രീയ നിലപാടുകള്‍ എടുക്കണമെന്ന് ആരോ പറഞ്ഞിരുന്നു. ഇത് ഇവിടുത്തെ ചിലര്‍ തെറ്റിദ്ധരിച്ച് എഎസ്എഫ് ഒരു വിദ്യാര്‍ത്ഥി സംഘടനയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിച്ചിരുന്നു. ഈ തെറ്റിദ്ധാരണയാണ് അവരെ പ്രകോപിപ്പിച്ചതും ആക്രമിക്കാന്‍ ഇടയാക്കിയതെന്നുമാണ് കരുതുന്നത്.

പക്ഷെ ഇപ്പോള്‍ ക്യാമ്പസിലും പുറത്തുമൊക്കെ ഞാന്‍ കഞ്ചാവ് ഉപയോഗിക്കുന്നവനും ഇടപാട് നടത്തുന്നവനും എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ക്രൂരതയാണ്. ഞാന്‍ ഇതുവരെ സിഗരറ്റ് പോലും ഉപയോഗിച്ചിട്ടില്ല. ആക്രമണ ശേഷവും എനിക്കെതിരെയുണ്ടാകുന്ന വ്യക്തിഹത്യ സഹിക്കാനാവുന്നതല്ല. അച്ഛനേയും അമ്മയേയും കുടുംബത്തെയും ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാത്തത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് ഞാന്‍ തുറന്ന കത്തെഴുതി. എന്നാല്‍ ഇതേവരെ അതിന് മറുപടി ലഭിച്ചിട്ടില്ല. എന്നുമാത്രമല്ല ഞാന്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് വ്യാജ പ്രചരണം നടത്തി അതിന്റെ കേസുമായി അവര്‍ മുന്നോട്ട് പോവുകയാണ്.

ഒന്നിന്റെയും ഭാഗമാകാത്ത എന്നെ എന്തിനാണ് ഒരോ പ്രശ്‌നങ്ങളിലും വലിച്ചിഴയ്ക്കുന്നത്. എന്റെ സുഹൃത്ത് ബന്ധങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ കൂടുതല്‍ പേരും എഎസ്എഫ് അംഗങ്ങളായിട്ടുള്ളവരാണ്. അതും ഒരുപക്ഷെ എന്നോടുള്ള വിരോധത്തിന് കാരണമാകാം. എനിക്ക് പഠിത്തം നിര്‍ത്തി പോവാന്‍ കഴിയില്ല. ഞാന്‍ വളരെ സാധാരണ കുടുംബത്തില്‍ ഉള്‍പ്പെട്ടവനാണ്. എന്റെ അച്ഛനൊരു കൂലിപ്പണിക്കാരനാണ്. അച്ഛന് ഞാന്‍ പഠിക്കുന്നത് ഇഷ്ടമായിട്ടും, ഈ പ്രശ്‌നം കാരണം പറഞ്ഞത് ഇനി പഠിക്കാന്‍ പോകേണ്ട എന്നാണ്. അച്ഛനും അമ്മയ്ക്കും പേടിയാണ്. എനിക്കും പേടിയുണ്ട്. ഇപ്പോഴത്തെ എല്ലാവരുടെയും പിന്തുണ കുറച്ച് കഴിയുമ്പോള്‍ നില്‍ക്കുവായിരിക്കും. അപ്പോള്‍ ക്യംപസില്‍ തുടരുന്ന കാര്യം എങ്ങനെയായിത്തീരുമെന്ന് അറിയില്ല. അക്കാദമിക് കരിയറിന് ഞാന്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. പഠനവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഹോസ്റ്റലില്‍ നിന്നല്ലെങ്കില്‍ വീട്ടില്‍ നിന്ന് പോയി വരാമെന്നാണ് കരുതുന്നത്. വീട്ടീല്‍ നിന്ന് രണ്ടര മണിക്കൂറിലധികമുണ്ട് എംജിയിലേക്ക്. കാലടിയിലാണ് ഞാന്‍ താമസിക്കുന്നത്. അധ്യാപകരും സുഹൃത്തുകളുമൊക്കെ പഠിത്തം നിര്‍ത്തരുതെന്ന് പറയുന്നുണ്ട്. ആഗ്രഹവും അതു തന്നെയാണ്.”

വിവേക് ദളിത് ആയതിനാലാണ് മര്‍ദ്ദനം ഉണ്ടായത് എന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തു വരികയും നിരവധി ദളിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ എസ്എഫ്ഐയുടെ അവകാശവാദം മര്‍ദ്ദനവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തവരും ദളിത് സമുദായക്കാരാണ് എന്നാണ്. അതായത് വിവേക് ദളിത് ആയതല്ല കാരണമെന്ന് എസ്എഫ്ഐ പറയുന്നു. ഇനി എസ്എഫ്ഐ പറയുന്ന കാരണം കേള്‍ക്കൂ: “വിവേക് ക്യാമ്പസിലെ ഹോസ്റ്റലില്‍ കഞ്ചാവ് ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്ന വാക്കാലുള്ള പരാതിയില്‍ മേല്‍ അന്വേഷിക്കാന്‍ എത്തിയതിനാണ് ഹോസ്റ്റല്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമം നടത്തുന്നത്. വിവേക് റൂമില്‍ താമസിക്കുന്നത് അതിഥിയായിട്ടാണ്. ആ വിവേകിന്റെ പിന്തുണയോടെ മുന്‍ വിദ്യാര്‍ത്ഥികളായ രണ്ടു പേരാണ് കഞ്ചാവ് ഇടപാടുകള്‍ നടത്തുന്നത്. ഇത് പുറത്തുവരുന്നത് തടയാനാണ് ദളിത് ആക്രമണം എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നത്. സത്യാവസ്ഥ മറച്ചുവെച്ച് കാര്യങ്ങളെ വളച്ചൊടിക്കുകയാണ് പല മാധ്യമങ്ങളും ഈ കേസില്‍ ചെയ്യുന്നത്.’ – ശ്യാംലാല്‍ അഴിമുഖത്തോട് പറഞ്ഞു.

എന്നാല്‍ അഴിമുഖം നടത്തിയ അന്വേഷണത്തില്‍ മനസിലായത് മറ്റു ചില കാര്യങ്ങളാണ്. ക്യാമ്പസില്‍ ദളിത് വിദ്യാര്‍ഥി കൂട്ടായ്മ ശക്തി പ്രാപിക്കുന്നു എന്നതും എസ്എഫ്ഐയില്‍ നിന്ന്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതുമാണ് ഇത്തവണ ആക്രമണത്തിലേക്ക് എത്തിച്ചത് എന്നാണ്. രാജ്യത്തെ മറ്റ് ക്യാമ്പസുകളില്‍ അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍, ബാപ്സ തുടങ്ങിയ ദളിത് സംഘടനകള്‍ ശക്തി പ്രാപിക്കുന്നതിന് സമാന്തരമായി എം.ജി ക്യാമ്പസിലും വിദ്യാര്‍ഥികള്‍ സംഘടിക്കുന്നുണ്ട്. എം.ജിയിലെ കൂട്ടായ്മയായ അംബേദ്കര്‍ സ്റ്റുഡന്റ്സ് ഫോറ (എഎസ്എഫ്) ത്തിന്റെ മുന്‍കൈയില്‍ വിദ്യാര്‍ത്ഥികള്‍ ‘ദളിതരുടെ ഉന്നമനം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ LGBT വിഷയവുമായി ബന്ധപ്പെട്ടും ക്യാമ്പസില്‍ ചര്‍ച്ച നടന്നിരുന്നു. ഈ രണ്ടു പരിപാടികളും വന്‍വിജയമായിരുന്നു എന്നതും എഎസ്എഫ്  സംഘടനാരൂപം കൈവരിക്കുന്നു എന്ന തോന്നലുമാണ് എസ്എഫ്ഐ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ്. വിവേകിനെ മര്‍ദ്ദിച്ച സംഘത്തിലുള്ള ഒരാള്‍ വാഗ്വാദത്തിനിടെ അംബേദ്ക്കറും മൈ***മൊന്നും ഇവിടെ നടക്കുമെന്ന്‍ കരുതേണ്ട എന്നു പറഞ്ഞതായും ആരോപണമുണ്ട്.

ഫോറത്തില്‍ അംഗമല്ലെങ്കിലും ഈ പരിപാടികളുടെ സജീവമായ നടത്തിപ്പിലും മറ്റും പങ്കെടുത്ത ആളായിരുന്നു വിവേക്. എഎസ്എഫിന്റെ സര്‍വ്വകലാശാല കണ്‍വീനറായ ലിന്‍സി കെ തങ്കപ്പന്‍ ഫോറത്തിന്റെ ഔദ്യോഗിക നിലപാടുകള്‍ അഴിമുഖത്തിനോട് പറഞ്ഞത് ഇങ്ങനെയാണ് – “എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച വിവേക് എഎസ്എഫ് പ്രവര്‍ത്തകനല്ല. ഫോറം സംഘടിപ്പിച്ച പരിപാടികളില്‍ വിവേക് സജീവമായി സഹകരിച്ചിരുന്നു. വിവേക് ദളിത് വിദ്യാര്‍ത്ഥിയെന്ന നിലയിലും നേരിട്ട മനുഷ്യത്വവിരുദ്ധമായ അക്രമത്തിനെതിരെയും ഫോറം അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. കൂടാതെ ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കണ്ണന്‍ മോനോട് ക്യാംപസ് വിട്ടുപോകണമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍  ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ക്യാംപസിനകത്തും പുറത്തും നടക്കുന്ന ഏത് തരത്തിലുള്ള ഫാസിസ്റ്റ് നടപടികളോടും ജാതി, മതം, ലിംഗം, ദേശവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന എല്ലാത്തരത്തിലുള്ള ജനാധിപത്യവിരുദ്ധതകളോടും ഞങ്ങള്‍ തീവ്ര പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. അക്രമ രാഷ്ട്രീയം ഞങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നതല്ല. തുറന്ന ആശയ സംവാദങ്ങള്‍ക്ക് ഞങ്ങള്‍ ഒരുക്കമാണ്.’

ക്യാമ്പസിലും ഹോസ്റ്റലും ദശകങ്ങളായി എസ്എഫ്ഐയുടെ പൂര്‍ണനിയന്ത്രണത്തില്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം സജീവമാകുന്ന സംഘടനയാണ് ഇവിടെ കെ.എസ്.യു. എബിവിപിക്ക് യൂണിറ്റില്ല. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് എഐഎസ്എഫ് യൂണിറ്റ് രൂപീകരിക്കുകയും തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്ക് നേരിടേണ്ടി വന്നത് എസ്എഫ്ഐയുടെ കയ്യൂക്ക് തന്നെയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു പേരില്‍ ഒരാളെയും അവരുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ മറ്റൊരു വിദ്യാര്‍ഥിയെയും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന്‍ വിളിച്ചിറക്കി 30-ഓളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നു. എഐഎസ്എഫ് പ്രവര്‍ത്തകര്‍ അല്ലാതിരുന്നിട്ടും ക്യാമ്പസില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പുള്ളതുകൊണ്ട് എഐഎസ്എഫിനൊപ്പം നിന്നവരായിരുന്നു ഭൂരിഭാഗവും. എസ്എഫ്ഐയുടെ പോസ്റ്റര്‍ കീറിയെന്നും അവരുടെ മുറിയില്‍ എഐഎസ്എഫിന്റെ പോസ്റ്റര്‍ കണ്ടു എന്നുമാരോപിച്ചായിരുന്നു അന്ന് മര്‍ദ്ദനം.

ഞങ്ങള്‍ സംസാരിച്ച പലരും ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ എഫ്എഫ്ഐക്കെതിരെ പറയുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്: 1. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. എതിര്‍ശബ്ദങ്ങളെ പരിഗണിക്കുക പോയിട്ട് ഇല്ലാതാക്കാനുള്ള എല്ലാ ശ്രമവും നടത്തും. 2. നേതാക്കള്‍ അടക്കമുള്ളവരുടെ സ്ത്രീ വിരുദ്ധവും സഭ്യേതരവുമായ പെരുമാറ്റവും അടഞ്ഞ മനോഭാവവുമാണ്. ക്യാമ്പസിലെ ഏറ്റവും വലിയ സദാചാരപാലകരാണ് എസ്എഫ്ഐ. അവര്‍ നിശ്ചയിക്കുന്ന സദാചാരത്തിന്റെ പരിധി ലംഘിച്ചാല്‍ പ്രത്യാഘാതങ്ങളും ഉണ്ടാവും. വിവേകിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഈ സദാചാര പ്രശ്നവും ഉണ്ടെന്നാണ് എസ്എഫ്ഐയിലെ തന്നെ ചില ‘വിമത’ ശബ്ദങ്ങള്‍ ഞങ്ങളോട് പറഞ്ഞത്. വിവേകിനൊപ്പം ഒരു പെണ്‍സുഹൃത്തും ആണ്‍സുഹൃത്തും കൂടി ക്യാമ്പസിനുള്ളില്‍ കൂടി ബൈക്കില്‍ സഞ്ചരിക്കുന്നത് പലപ്പോഴും എസ്എഫ്ഐ നേതാക്കളുടെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട് എന്നതാണ് അതിലൊന്ന്. മറ്റൊന്ന് വിവേകിന്റെ ഹോസ്റ്റല്‍ മുറിയില്‍ സ്ത്രീ സുഹൃത്തുക്കള്‍ വന്നു പോകുന്നു എന്നതും. ഇക്കാര്യം പലപ്പോഴും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ‘നോട്ട്’ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഈ കാര്യങ്ങള്‍ പറയുന്നത് തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കും എന്നതിനാല്‍ കഞ്ചാവ് കഥ ഉണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ഗവേഷക വിദ്യാര്‍ഥിനിയായ മഞ്ജു (ശരിയായ പേരല്ല)-വിന് പറയാനുള്ളത് അവരെ ഇപ്പോഴും വേട്ടയാടുന്ന ഒരു പ്രശ്‌നമാണ്. “എനിക്ക് നല്ല ഒരു ആണ്‍ സുഹൃത്തുണ്ടായിരുന്നു. പ്രണയമായിരുന്നില്ല; നല്ല സുഹൃത്ത്. ആണും പെണ്ണും ഒരുമിച്ച് നടന്നാല്‍ പ്രണയവും സെക്‌സും എന്നാക്കെയാണ് എസ്എഫ്ഐക്കാരുടേയും വിചാരം. ഞങ്ങള്‍ ഒരുമിച്ച് നടക്കുന്നതിനെ എസ്എഫ്ഐക്കാര്‍ പലതവണ വിലക്കി. എന്നാല്‍ അവരുടെ ഭീഷണിയിന്മേല്‍ സൗഹൃദം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. എന്റെ കൂട്ടുകാരനെ ക്യാമ്പസിനുള്ളില്‍ ഓടിച്ചിട്ട് തല്ലിയാണ് അവര്‍ ഞങ്ങളോട് പ്രതികാരം ചെയ്തത്. അതോടെ ഞങ്ങളെ ഒതുക്കാമെന്നാണ് അവര്‍ വിചാരിച്ചത്. എന്നാല്‍ ഞങ്ങള്‍ അതൊന്നും കൂസാക്കിയില്ല. അപ്പോഴാണ് അടുത്ത പ്രതികാര നടപടി. ഞാന്‍ സെക്‌സ് വര്‍ക്കറാണെന്നും ഓണ്‍ലൈന്‍ സെക്‌സാണ് എന്റെ പരിപാടിയെന്നുമൊക്കെ ക്യാമ്പസ് മുഴുവന്‍ അവര്‍ പറഞ്ഞു നടന്നു. ആത്മഹത്യ ചെയ്യാനാണ് ആദ്യം തോന്നിയത്. പക്ഷെ എന്നെ അറിയാവുന്ന സുഹൃത്തുക്കള്‍ ഒപ്പം നിന്നതുകൊണ്ട് ഇപ്പോഴും ജീവനോടെയിരിക്കുന്നു. തങ്ങള്‍ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ വ്യക്തികളെ തേജോവധം ചെയ്യുന്ന ഇക്കൂട്ടരാണ് ഇപ്പോള്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ നാവായി മാറുന്നതെന്നതാണ് വിരോധാഭാസം. ആണും പെണ്ണും സംസാരിച്ചാല്‍ ഫൈന്‍ ഈടാക്കുകയും വ്യക്തപരമായി ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന സ്വാശ്രയ കോളേജുകളുടെ നീചമായ നടപടിക്കെതിരെ എസ്എഫ്ഐ നേതാക്കള്‍ സംസാരിക്കുന്നത് കേട്ടു. അവരുടെ കൂടെ കൂടാത്തവരെ വിദ്യാര്‍ഥികളായോ വ്യക്തികളായോ അവര്‍ കണക്കാക്കുന്നില്ലേ? ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു”

ക്യാമ്പസ് ഹോസ്റ്റലില്‍ മദ്യപാനം വിലക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും കായികമായിത്തന്നെയാണ് വിഷയം എസ്എഫ്ഐ നേതാക്കള്‍ കൈകാര്യം ചെയ്യുന്നത്. 2015-ല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ഥികള്‍ കോഴ്സ് കഴിഞ്ഞതിന്റെ ഭാഗമായി ഹോസ്റ്റലില്‍ പാര്‍ട്ടി സംഘടിപ്പിച്ചു. പങ്കെടുത്തവരില്‍ ക്യാമ്പസിലെ എസ്എഫ്ഐ നേതാക്കളും ഉണ്ടായിരുന്നു. എന്നാല്‍ അന്ന്‍ ചട്ടം പഠിപ്പിക്കാനെത്തിയത് എസ്എഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്നു. മദ്യപിച്ചുകൊണ്ടിരുന്നവരെ പുറത്തുനിന്നെത്തിയ നേതാക്കള്‍ ഊടുപാട് തല്ലി. തല്ല് കൊണ്ടവരില്‍ എസ്എഫ്ഐ നേതാക്കളും ഉള്‍പ്പെടും. അതിനുശേഷം ജില്ലാ ഭാരവാഹിയുടെ വക സദാചാര പ്രഭാഷണവും നടന്നു: ഇത്തരത്തിലുള്ള അസന്‍മാര്‍ഗിക പ്രവര്‍ത്തികള്‍ ഇവിടെ നടപ്പില്ല. ഇമ്മാതിരി രീതിയില്‍ എസ്എഫ്ഐക്കാര്‍ തന്നെ വഴിതെറ്റിപ്പോയാല്‍ ആര് ചോദിക്കും?- എന്നായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ യൂണിയന്‍ ഉത്ഘാടനത്തിനിടയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് മദ്യം ഒഴിച്ച് നല്‍കിയവരില്‍ സ്ഥാനമൊഴിയുന്ന ഭാരവാഹിയും ഉണ്ടായിരുന്നു എന്നതാണ് വൈരുദ്ധ്യം. മദ്യപിക്കുന്നുണ്ടോ കഞ്ചാവ് വലിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം, മറിച്ച് എസ്എഫ്ഐക്കാര്‍ അല്ലാത്തവര്‍ ഇതൊന്നും ചെയ്യാന്‍ പാടില്ല എന്നതാണ് ഇവിടുത്തെ നയം. അതിനൊപ്പമാണ് തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെ ഒതുക്കാനുള്ള വഴിയായി വ്യാപകമായി കഞ്ചാവ് കഥ പ്രചരിപ്പിക്കുന്നത്.

വിവേകിനെ മര്‍ദ്ദിച്ചിട്ടില്ല എന്നതാണ് ഇപ്പോഴും എസ്എഫ്ഐയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ വിഷയം വിവാദമായതോടെ ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ എത്തി എസ്എഫ്ഐ നിലപാട് വിശദീകരിച്ചിരുന്നു. ഒപ്പം നൈറ്റ് അസംബ്ലി വിളിച്ചു ചേര്‍ത്ത് സംഭവം വിശദീകരിച്ചിരുന്നു. ഇത്തരം കഞ്ചാവ് കേസുകള്‍ തല്ലിത്തന്നെ തീര്‍ക്കും എന്നായിരുന്നു അന്ന്‍ അവിടെ നടന്ന പ്രഖ്യാപനം. ‘അതും പെണ്‍കുട്ടികള്‍ അടക്കം കഞ്ചാവ് വലിക്കുന്നു’ എന്നൊരു പ്രസ്താവനയും നേതാക്കളുടേതായി ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ ഇന്നതേ ചെയ്യാന്‍ പാടുള്ളൂ, ഇതാണ് പരിധി, അല്ലെങ്കില്‍ വഴി തെറ്റിപ്പോകും എന്നതാണ് നേതാക്കളുടെ പ്രഖ്യാപിത നിലപാട്. അതിന്റെ ഉദാഹരണമായിരുന്നു 2015-ല്‍ ക്യാമ്പസില്‍ പെണ്‍കുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ച് നടന്ന ഒരു പ്രക്ഷോഭ പരിപാടിയുമായി ബന്ധപ്പെട്ട് നടന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു സമരം. എന്നാല്‍ സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ അടക്കം തുറന്നു പറഞ്ഞതോടെ കാര്യങ്ങള്‍ മാറി. ഇത് എസ്എഫ്ഐ സമരമല്ലെന്നും ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റി അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. അതിനു ശേഷമായിരുന്നു എസ്എഫ്ഐയുടെ ഗവേഷണ വിദ്യാര്‍ഥി വിഭാഗമായ AKRSA-യുടെ ഒരു നേതാവിന്റെ പ്രസംഗം. “ഇത്തരം അശ്ലീല സമരങ്ങള്‍ ഇവിടെ നടത്തേണ്ടതില്ല, ബാംഗ്ലൂരില്‍ നേഴ്സിംഗിന് പഠിക്കാന്‍ പോകുന്ന പെണ്ണുങ്ങളെ പോലെ ഇവിടെ ഉള്ളവരുടെ കഥ കേള്‍ക്കാന്‍ ഇടയുണ്ടാക്കരുത്. എന്തിന് വേണ്ടിയാണ് രാത്രിയില്‍ ഇറങ്ങി നടക്കണം എന്നു പറയുന്നത് മനസിലാകുന്നുണ്ട്…” ഇങ്ങനെ പോയി നേതാവിന്റെ പ്രസംഗം. അതിന് ആണും പെണ്ണുമടക്കം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്ന്‍ സമരത്തില്‍ പങ്കെടുത്ത ഒരു ഗവേഷക വിദ്യാര്‍ഥിനി ഓര്‍ത്തെടുത്തു. ഇത് ക്യാമ്പസില്‍ എസ്എഫ്ഐ മാത്രം പിന്തുടരുന്ന ഒന്നല്ലെന്നും ഒട്ടുമിക്ക പേരുടെയും മാനസികാവസ്ഥ ഇതൊക്കെ തന്നെയാണെന്നും അവര്‍ പറയുന്നു. “അന്ന്‍ സമരത്തിനിടെ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കും ആണ്‍കുട്ടികളെപ്പോലെ ഇറങ്ങി നടക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞതിനെ പലരും കൂക്കി വിളിയോടെയാണ് പ്രതികരിച്ചത്. സ്ത്രീ വിരുദ്ധതയും സദാചാര പാലനവുമാണ് ഇവരുടെയൊക്കെ മനസിലുള്ളത്. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിലും സംസാരിക്കുന്നതുമൊക്കെ ഒരു വിധത്തിലും ചോദ്യം ചെയ്യാറില്ലെന്നാണ് എസ്എഫ്ഐക്കാര്‍ പറയുന്നത്. എന്നാല്‍ അതല്ല യാഥാര്‍ഥ്യം. അവര്‍ക്ക് താത്പര്യമില്ലാത്തവരാണെങ്കില്‍ പറയുകയും വേണ്ട. മറ്റൊന്നാണ് ക്യാമ്പസില്‍ പോലീസിന്റെ ഇടപെടല്‍. നേരം ഇരുട്ടിക്കഴിഞ്ഞാല്‍ പോലീസ് പലപ്പോഴും ക്യാമ്പസിലെത്തും. ആണും പെണ്ണും ഒരുമിച്ച് ഇരിക്കുകയോ നടക്കുകയോ ചെയ്യുന്നത് കണ്ടാല്‍ ചോദ്യം ചെയ്യല്‍, ഐഡി കാര്‍ഡ് പിടിച്ച് വാങ്ങല്‍, താക്കീത് ഇതൊക്കെയാണ് പുറകെ വരുന്നത്. ഇത്ര പുരോഗമനം പറയുന്ന ഒരു നാട്ടില്‍, അത് പ്രത്യയശാസ്ത്രമെന്ന് ഉറക്കെ പറയുന്ന ഒരു സംഘടന ഭരിക്കുന്ന ഒരു ക്യാമ്പസിലാണ് ഇതൊക്കെ നടക്കുന്നത്.” അവര്‍ ഇത്ര കൂടി പറഞ്ഞു; “പേര് പറഞ്ഞു തന്നെ ഇതൊക്കെ പറയാന്‍ മടിയുണ്ടായിട്ടല്ല, നിങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കും, പക്ഷേ അതിന്റെ ബാക്കി അനുഭവിക്കേണ്ടി വരുന്നത് ഞങ്ങളാണ്. ഇതൊന്നു  (പിഎച്ച്ഡി) തീര്‍ക്കണം.” 

എസ്എഫ്ഐയുടെ രോഷത്തിനിരയാകുന്ന എംജി സര്‍വ്വകലാശാലയിലെ ആദ്യ വിദ്യാര്‍ത്ഥിയൊന്നുമല്ല വിവേക്. മറ്റ് വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന പേരില്‍ ക്യാമ്പസില്‍ വന്ന പലരും ഇവരുടെ ഭീഷണിയെ തുടര്‍ന്ന്  പഠനം നിര്‍ത്തി പോകേണ്ടി വന്നിട്ടുണ്ട്. 2007-ല്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ ഒരു വിദ്യാര്‍ത്ഥിയും ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥിയും എംഎസ്എഫില്‍ പ്രവര്‍ത്തിച്ചത്തിനാണ് എസ്എഫ്ഐ ശിക്ഷിച്ചത്. 2008-ല്‍ കെഎസ്‌യു പാനലില്‍ ചെയര്‍മാനായി മത്സരിക്കാന്‍ ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് എത്തിയ ഒരു വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി അപേക്ഷ പിന്‍വലിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. ഇന്ന് ആ വിദ്യാര്‍ത്ഥി കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനത്തിലെ അറിയപ്പെടുന്ന ഒരു ജേര്‍ണലിസ്റ്റാണ്.

“വിവേകിന് സംഭവിച്ചത് മാധ്യമങ്ങളിലൂടെ എങ്ങനെയോ പുറത്തെത്തിയെന്ന് മാത്രം. ഇവിടെ എസ്എഫ്ഐക്കാര്‍ ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകളൊന്നും മിക്കപ്പോഴും പുറം ലോകമറിയാറില്ല. പുറത്തറിഞ്ഞാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഭയന്ന് പലരും പറയാറുമില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാണ്ട് വിവേകിന്റേതിന് സമാനമായ ഒരു സംഭവമുണ്ടായി. ദളിത് വിദ്യാര്‍ഥി തന്നെയാണ്. എസ്എഫ്ഐ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന് വിരുദ്ധമായ ഒരഭിപ്രായം ഹോസ്റ്റലില്‍ സാധാരണ നടക്കുന്ന ചര്‍ച്ചയ്ക്കിടയിലെപ്പോഴോ അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായി മുന്നോട്ട് പോയിരുന്ന ചര്‍ച്ച ഒടുവില്‍ തര്‍ക്കമായി. അന്ന് വെല്ലുവിളിച്ചിട്ട് പോയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിറ്റേന്ന് രാത്രി ഹോസ്റ്റലിലെത്തി അദ്ദേഹത്തിന്റെ മൂക്ക് തല്ലിത്തകര്‍ത്തു. സര്‍ജറിയുള്‍പ്പെടെയുള്ള ചികിത്സകളുമായി മൂന്ന് മാസത്തോളം ആശുപത്രിയില്‍ കിടന്ന ശേഷമാണ് അദ്ദേഹം സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ച് വന്നത്” ഗവേഷക വിദ്യാര്‍ഥിനിയായ അനു (ശരിയായ പേരല്ല) പറയുന്നു.

‘ഞാന്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നയാളാണ്. പിന്നീട് സ്വയംബോധം വന്ന്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എം.ജി യൂണിവേഴ്‌സിറ്റിയിലെ യൂണിയന്‍ ഓഫീസ് തന്നെ നല്ലൊരു ഇടിമുറിയാണ്. എസ്എഫ്ഐയോട് ഏതെങ്കിലും തരത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അവര്‍ ഉന്നം വയ്ക്കും. എന്നിട്ട് ഒത്ത ഒരവസരം വരുമ്പോള്‍ പണി കൊടുക്കും. അവര്‍ക്കിഷ്ടമില്ലാത്തവരുടെ മുറിയില്‍ പാട്ടുവച്ചാല്‍ പ്രശ്‌നം, വണ്ടിയുടെ സ്പീഡ് കൂടിയാല്‍ പ്രശ്‌നം, മുടി നീട്ടി വളര്‍ത്തിയാല്‍ പ്രശ്‌നം. എന്തിനാണധികം വണ്ടിയുടെ നിറം പോലും പ്രശ്‌നമായിരിക്കും. എന്തെങ്കിലും കാരണം കണ്ടെത്തി അവര്‍ ആക്രമിക്കും. ഇതെല്ലാം ഇവിടെ ദിവസേന നടക്കുന്ന കാര്യങ്ങളാണ്. ആരും ചോദ്യം ചെയ്യാനുമില്ല, തടയാനുമില്ല. എന്നിട്ടാണ് ഇവര്‍ വിദ്യാര്‍ഥികളുടെ സ്വകാര്യതയെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും വാചകമടിക്കുന്നത്‘- മറ്റൊരു വിദ്യാര്‍ഥിനിയായ ശ്രുതി (ശരിയായ പേരല്ല) പ്രതികരിച്ചു.

ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ അംബേദ്കര്‍ സ്റ്റുഡന്റ്സ് ഫോറം ഒരു വിദ്യാര്‍ത്ഥി സംഘടനയായി മാറുമോ എന്ന എസ്എഫ്ഐ ആശങ്കയാണ് പ്രധാന കാരണമെന്ന് ചില വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. വിവേകടക്കം തങ്ങള്‍ക്ക് താത്പര്യമില്ലാത്തവരോട് നേരത്തെയുള്ള വിരോധം കൂടി ഈ സമയത്ത് തീര്‍ത്തതാണ് ഇപ്പോഴുണ്ടായതെന്നും അവര്‍ പറയുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്സ് ഫോറം കഴിഞ്ഞ ആറു വര്‍ഷമായി ക്യാംപസില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് (വിദ്യാര്‍ത്ഥി സംഘടനയായിട്ടല്ല, അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു കൂട്ടായ്മയായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്). എന്നാല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസില്‍ കൂടി വരുന്നതും ദളിത് വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യത കൂടുന്നതും എസ്എഫ്ഐയെ വിറളി പിടിപ്പിച്ചിട്ടുണ്ട് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇതൊരിക്കലും എസ്എഫ്ഐ സമ്മതിക്കില്ലെന്നും അതിനു പകരമാണ് കഞ്ചാവ് കേസ് ഒക്കെ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കഞ്ചാവ് നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴും വന്‍ സാമൂഹിക വിപത്തായി കണക്കാക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പ്രചരിപ്പിക്കുകയാണ് തങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ നല്ലത് എന്ന്‍ എസ്എഫ്ഐക്കാറിയാം- വിദ്യാര്‍ഥികള്‍ പറയുന്നു.

‘എസ്എഫ്ഐക്കാരോട് യോജിച്ചില്ലെങ്കില്‍ ഹോസ്റ്റലില്‍ അഡ്മിഷന്‍ പോലും കിട്ടില്ല. കിട്ടിയാല്‍ തന്നെ എന്തെങ്കിലും കാരണം കണ്ടെത്തി ഇടിക്കും. ഇടിക്കുന്നതിനേക്കാള്‍ ഇടിക്കും കൊല്ലും എന്നൊക്കെയുള്ള ഭീഷണികളാണ്. പേടിപ്പെടുത്തി അടിച്ചമര്‍ത്തലാണ് ഇവരുടെ നയം. ഇടികിട്ടുമെന്ന് ഭയന്ന് പഠനം ഉപേക്ഷിച്ച് പോയവര്‍ പോലുമുണ്ട്.’ ഗവേഷക വിദ്യാര്‍ഥിയായ കിഷോര്‍ (ശരിയായ പേരല്ല) പറയുന്നു.

സമാന്തര പോലീസ് സംവിധാനമാണ് എസ്.എഫ്.ഐ. ഇവിടെ തീര്‍ത്തിരിക്കുന്നത്. ആര് എപ്പോള്‍ എന്ത് ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. അത് കൂട്ടാക്കത്തവരെ പരസ്യമായി അധിക്ഷേപിക്കും; തെറി വിളിക്കും. മുഖ്യധാരാ ഇടത് രാഷ്ട്രീയമല്ലാതെ മറ്റെന്തെങ്കിലും രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചാല്‍ അപ്പോള്‍ തന്നെ അത് പറയുന്നവരുടെ വായടപ്പിക്കും. പ്രതിഷേധിക്കാനും പ്രതികരിക്കാനും തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നാണ് അവര്‍ കരുതുന്നത്. ആക്ടിവിസ്റ്റ്, അതേത് തലത്തിലുമായിക്കോട്ടെ, ഒരു തെറി വാക്ക് പോലെയാണ് അവര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ തന്നെ ഞാനടക്കമുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നുമല്ല നടത്തിയത്. ഞങ്ങള്‍ക്ക് താത്പര്യമുള്ള ഒരു കാര്യം ചര്‍ച്ച ചെയ്യുകയും അനന്തര നടപടികളിലേക്ക് കടക്കുകയും മാത്രമേ ചെയ്തുള്ളൂ. പക്ഷെ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അത് എസ്എഫ്ഐയുടെ കീഴില്‍. അല്ലെങ്കില്‍ ഒന്നും ചെയ്യണ്ട എന്നാണ് അവരുടെ നിലപാട്. സ്വതന്ത്രമായ ആലോചനകള്‍ക്കോ പ്രതിഷേധങ്ങള്‍ക്കോ അവര്‍ ഇടം നല്‍കുന്നില്ല. എസ്എഫ്ഐ പറയുന്നതല്ലാത്തതെന്തെങ്കിലും മിണ്ടിയാല്‍ ഉടനെ അവരെ കഞ്ചാവ് വലിക്കാരാക്കും. കഞ്ചാവ് ആക്ടിവിസ്റ്റുകള്‍ എന്നാണ് ഞങ്ങള്‍ക്ക് അവര്‍ നല്‍കിയിരിക്കുന്ന പേര്”- പിജി വിദ്യാര്‍ഥിയായ ധനേഷി (ശരിയായ പേരല്ല) ന്റെ വാക്കുകള്‍.

കേരളത്തിലെ വിദ്യാര്‍ഥി സമര പോരാട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള സംഘടനയാണ് എസ്എഫ്ഐ. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നാണ് അതിന്റെ മുദ്രാവാക്യം. കേരളത്തിലെ സിപിഎം നേതൃനിരയിലുള്ള വലിയൊരു വിഭാഗം എസ്എഫ്ഐയിലൂടെ കടന്നു വന്നവരാണ്. എന്നാല്‍ കേരളം പോലൊരു സമൂഹത്തില്‍, അതിന്റെ ജീവനാഡികളിലൊന്നായ ക്യാമ്പസുകളില്‍ ഭിന്നശബ്ദങ്ങള്‍ക്ക് ഇടമില്ല എന്ന്‍ പ്രഖ്യാപിക്കുന്നതും അതിനെ കായികമായി നേരിടുന്നതും ഒപ്പം സദാചാരവാദത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പതാകാവാഹകരാകുന്നതും ഇതേ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് എന്നതാണ് വിരോധാഭാസം. അല്ലെങ്കില്‍ ഞങ്ങള്‍ സംസാരിച്ച ഓരോ വിദ്യാര്‍ഥിയും സ്വന്തം പേരില്‍ തന്നെ അഭിപ്രായം പറയുമായിരുന്നു. എത്രത്തോളം ഭയമാണ് ഭിന്നാഭിപ്രായം ഉണ്ടായിപ്പോയി എന്നതിന്റെ പേരില്‍ ഇവര്‍ നേരിടേണ്ടി വരുന്നത് എന്നത് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. മറുപടി പറയേണ്ടത് നേതൃത്വമാണ്.

എംജി ക്യാമ്പസിലുണ്ടായ സംഭവത്തെ തുടര്‍ന്ന്‍  എസ്എഫ്‌ഐയുടെ ഔദ്യോഗിക വിശദീകരണം

കഴിഞ്ഞ ദിവസം മഹാത്മഗാന്ധി സർവ്വകലാശാല ക്യാമ്പസിൽ രണ്ട് അധ്യാപകരുടെ അകമ്പടിയോടുകൂടി പത്തോളം വിദ്യാർത്ഥികൾ ദളിത് അക്രമം അ…

Posted by SFI MGU Unit Committee on Donnerstag, 12. Januar 2017

അംബേദ്ക്കര്‍ സ്റ്റുഡന്‍റ് ഫോറത്തിന്റെ ഔദ്യോഗിക പ്രസ്താവന

 

Story updated at 11.55 am, 12.15 pm

കെ.ആര്‍ ധന്യ, കൃഷ്ണ ഗോവിന്ദ്

കെ.ആര്‍ ധന്യ, കൃഷ്ണ ഗോവിന്ദ്

അഴിമുഖത്തില്‍ റിപ്പോര്‍ട്ടറാണ് കെആര്‍ ധന്യ. അഴിമുഖത്തില്‍ സബ്എഡിറ്ററാണ് കൃഷ്ണ ഗോവിന്ദ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍