UPDATES

ട്രെന്‍ഡിങ്ങ്

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികളെയും സുഹൃത്തിനെയും എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മര്‍ദ്ദിച്ചതായി അക്രമണത്തിനിരയായവരുടെ പരാതി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികളെയും സുഹൃത്തിനെയും എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നു വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. യൂണിവേഴ്‌സിറ്റി കോളേജിലെ ഫിലോസഫി വിദ്യാര്‍ത്ഥിയായ സൂര്യ ഗായത്രി, മലയാളം വിഭാഗത്തിലെ അസ്മിത കബീര്‍ ഇരുവരുടെയും സുഹൃത്തും സിനിമ പ്രവര്‍ത്തകനുമായ ജിജേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ ജിജേഷിനു ക്രൂരമായ മര്‍ദ്ദനം ഏറ്റതായും പറയുന്നു. ആക്രമണത്തിന് ഇരയായ സൂര്യ ഗായത്രി സംഭവത്തെക്കുറിച്ച് അഴിമുഖത്തോട് പറഞ്ഞത് ഇപ്രകാരമാണ്;

യൂണിവേസ്റ്റി നാടകമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ നാടകത്തിന്റെ പ്രദര്‍ശനം ഇന്നു കാമ്പസില്‍ നടക്കുന്നുണ്ടായിരുന്നു. പുറത്തു നിന്നുള്ളവര്‍ക്കും നാടകം കാണാന്‍ അവസരം ഉണ്ടായിരുന്നു. വൈകുന്നേരത്തോടു കൂടി നാടകം കാണാനായി എനിക്കും അസ്മിത കബീറിനുമൊപ്പമാണ് ജിജേഷ് എത്തിയത്. പിറകിലെ സീറ്റിലായി ഞങ്ങള്‍ മൂവരും ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എസ് എഫ് ഐ യുടെ യൂണിറ്റ് അംഗങ്ങളായ മൂന്നുപേര്‍ വന്നു ജിജേഷിനെ വിളിച്ചു കൊണ്ടു പോയി. കുറച്ചുനേരത്തിനുശേഷം തിരികെ എത്തിയ ജിജേഷ് വളരെ അസ്വസ്ഥനായിരുന്നു. താന്‍ തിരിച്ചു പോവുകയാണെന്നു ജിജേഷ് ഞങ്ങളോടു പറഞ്ഞു. ജിജേഷ് നിര്‍ബന്ധം പിടിച്ചതുകൊണ്ട് ഞങ്ങളും ഒപ്പം പോകാന്‍ തീരുമാനിച്ചു.

പുറത്തേക്കു പോകുന്ന വഴിക്ക് കൊടിമരത്തിന് സമീപത്ത് എത്തിയപ്പോള്‍ അസ്മിതയുടെ ടീച്ചറെ കണ്ട് സംസാരിച്ചു നിന്നു. ഈ സമയം നേരത്തെ വന്ന മൂന്ന് എസ് എഫ് ഐക്കാര്‍ ഞങ്ങള്‍ക്ക് അരികിലേക്കു വന്നു. നിന്നോടു പോകാനല്ലേ പറഞ്ഞതെന്നവര്‍ ജിജേഷിനോടാായി പറഞ്ഞു. അപ്പോഴാണ് എന്താണു സംഭവമെന്നു ഞങ്ങള്‍ തിരിക്കയത്. ഞങ്ങളും ഈ കോളേജില്‍ തന്നെ പഠിക്കുന്നവരാണെന്നു പറഞ്ഞപ്പോള്‍, ഇനി നിങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ വേദനിക്കുന്നത് ഇവനായിരിക്കുമെന്ന് പറഞ്ഞു ജിജേഷിനു നേരെ അവര്‍ തിരിഞ്ഞു. വീണ്ടും കാര്യമെന്താണന്നു ഞങ്ങള്‍ ചോദിക്കുമ്പോഴേക്കും അവരില്‍ ഒരള്‍ ജിജേഷിനെ അടിച്ചു. പിന്നെയവര്‍ ജിജേഷിനെ വളഞ്ഞിട്ടു മര്‍ദ്ദിക്കാന്‍ തുടങ്ങി. പെട്ടെന്നു തന്നെ നാടകം കണ്ടുകൊണ്ടിരുന്ന പത്തോളം പേര്‍ കൂടി അങ്ങോട്ടു വന്നു. ഇവരും ചേര്‍ന്നായി പിന്നീട് മര്‍ദ്ദനം. അവരുടെ കൂട്ടത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നു എന്നെയും അസ്മിതയെയും മര്‍ദ്ദിക്കുകയും അശ്ലീലം പറയുകയും ചെയ്തു. ഇതിനിടയില്‍ ജിജേഷ് അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് പൂട്ടി കളഞ്ഞു. പിന്നീട് ഞങ്ങളെ അവിടെ നിന്നും പുറത്താക്കി. പക്ഷേ ജിജേഷ് പുറത്തുവരാതെ പോകില്ലെന്നു പറഞ്ഞു ഞങ്ങളവിടെ നിന്നു. ജിജേഷിനെ ഫോണ്‍ ചെയ്തിട്ടും കിട്ടിയില്ല. എസ് എഫ് ഐക്കാര്‍ അവനെ തടഞ്ഞു വച്ചിരിക്കുകയാണെന്നു ഞങ്ങള്‍ക്കു മനസിലായി.

ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു വിവരം പറഞ്ഞു. എന്നാല്‍ അവിടെയെത്തിയ പൊലീസ് ഞങ്ങളോട് ആദ്യം ചോദിച്ചത് ഇതു യൂണിവേഴ്‌സിറ്റി കോളജ് ആണെന്ന് അറിയില്ലേ എന്നായിരുന്നു. പിന്നീട് എസ് ഐ വന്നപ്പോഴും ചോദിച്ചത് ഇതേ ചോദ്യമാണ്. നിങ്ങള്‍ വേറെയേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗങ്ങളാണോ എന്നും എസ് ഐ ചോദിച്ചു. പക്ഷേ എന്നിട്ടും ജിജേഷിനെ പുറത്തുവിട്ടില്ല. കുറച്ചു സമയം കഴിഞപ്പോള്‍ ഒരു സഖാവ് ഫോണ്‍ ചെയ്തു പറഞ്ഞതു ഞങ്ങള്‍ എത്രയും വേഗം അവിടെ നിന്നും പോകാനായിരുന്നു. ജിജേഷ് വരാതെ പോകില്ലെന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ അവിടെ നില്‍ക്കുന്നതു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പറഞ്ഞതുകൊണ്ട് തിരിച്ചു പോകാന്‍ തുടങ്ങുമ്പോഴാണ് ജിജേഷ് തിരിച്ചു വിളിക്കുന്നത്, ഞങ്ങളോടു പോയ്ക്കാളോനും പൊലീസില്‍ പരാതി നല്‍കേണ്ടായെന്നും പറഞ്ഞു. അതല്ലെങ്കില്‍ ഇവര്‍ എന്നെ വിടില്ലെന്നും ഇവിടെ മുറിയില്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും ജിജേഷ് പറഞ്ഞു. അവന്റെ വാക്കുകളിലെ ഭയം മനസിലിക്കിയതുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും പോയി.

പിന്നീടാണ് ജിജേഷിനെ പുറത്തു വിട്ടെന്നറിയുന്നത്. തുടര്‍ന്നു ഞങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ജിജേഷിനു വലിയ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ശരീരത്തില്‍ ചതവും മുറിവും ഉണ്ട്. മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ ഷബാന, തസ്ലിം, സജിത്ത്, രജീഷ് എന്നിങ്ങനെപേര് അറിയാവുന്നവരുടെ വിവരം പൊലീസിനു നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ സദാചാരം പറഞ്ഞു എസ് എഫ് ഐ മര്‍ദ്ദിക്കുന്നത് സ്ഥിരമാണ്. ക്ലാസില്‍ ഒരുമിച്ചിരുന്നു പെണ്‍കുട്ടികളോട് സംസാരിച്ച ആണ്‍കുട്ടികളെയും തല്ലിയിട്ടുണ്ട്. എസ്.എഫ്.ഐയ്യുടെ പല തെറ്റായ സമീപനങ്ങളെയും ഫാസിസ്റ്റ് മനോഭാവത്തെയും കാമ്പസില്‍ വച്ച് ചോദ്യം ചെയ്തിന്റെ വൈരാഗ്യം തീര്‍ത്താണ് ഇപ്പോഴത്തെ മര്‍ദ്ദനം എന്നു കരുതുന്നു. എസ് എഫ് ഐ പ്രവര്‍കരായ ഞങ്ങള്‍ എസ്.എഫ്.ഐയുടെ പലകാര്യങ്ങളെയും വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ അസഹിഷ്ണുതയാണ് ഇപ്പോള്‍ മര്‍ദ്ദിക്കാന്‍ കാരണം. ഈ പെണ്‍കുട്ടികള്‍ ശരിയല്ല എന്നും ഇവരോട് കൂട്ടുകൂടണ്ട എന്നും എസ്എഫ്.ഐക്കാര്‍ താക്കീത് നല്‍കിയിട്ടുണ്ട്.’ സൂര്യഗായത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍