UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാഭ്യാസ കച്ചവടത്തിനും ജാത്യാചാരങ്ങള്‍ക്കും എതിരായ സമരം ഒന്നുതന്നെ- അഭിമുഖം

Avatar

എസ് എഫ് ഐ ഇന്ന് ഇന്ത്യയില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സംഘടനയുടെ സാധ്യതകളെ കുറിച്ചും വിദ്യാഭ്യാസ രംഗത്ത് ബിജെപി, ആര്‍ എസ് എസ് പിന്തുണയോടെ എബിവിപി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും എസ് എഫ് ഐ മുന്‍ ദേശീയ പ്രസിഡന്റ് വി ശിവദാസന്‍ അഴിമുഖം അസിസ്റ്റന്റ് എഡിറ്റര്‍ കെ സി അരുണുമായി സംസാരിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിഷയത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച വി ശിവദാസന്റെ പ്രതികരണം: രാജ്യമെന്നാല്‍ ഭരണകൂടം മാത്രമാണെന്ന്‍ സംഘികള്‍ കരുതരുത്

അരുണ്‍: ജെഎന്‍യുവില്‍ അടക്കം ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ പലപ്പോഴും എതിര്‍ചേരിയിലാണ്. എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല?

ശിവദാസന്‍: ഞാന്‍ ഇപ്പോള്‍ സംഘടനാപരമായി എസ് എഫ് ഐയുടെ ലീഡര്‍ഷിപ്പിലുള്ള ഒരാളല്ല. പക്ഷേ, എസ് എഫ് ഐ എന്റെ ഏറ്റവും പ്രിയപ്പെട്ട എല്ലാ അനുഭവങ്ങളും ജീവിതത്തില്‍ തന്നിട്ടുള്ള സംഘടനയാണ്. എസ് എഫ് ഐ മുന്‍കാലങ്ങളിലെല്ലാം ഈയൊരു ഐക്യത്തിനുവേണ്ടി വലിയ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ദേശീയാടിസ്ഥാനത്തില്‍ ഞങ്ങള്‍ ഈ സംഘടനയെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ആലോചനായോഗങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നടത്തിയിരുന്നു. വളരെ ആവേശകരമായിട്ടുള്ള അനുഭവമായിരുന്നു അത്. എഐ എസ് എഫിന്റെ നേതാക്കള്‍, ഐസയുടെ നേതാക്കള്‍, എ ഐ ഡി എസ് ഒയുടെ നേതാക്കള്‍ എല്ലാവരും വളരെ പോസിറ്റീവായി പ്രതികരിക്കുകയുണ്ടായി. ഞങ്ങള്‍ സംയുക്ത പത്രസമ്മേളനം നടത്തി. സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു. പിന്നീട് ദില്ലിയില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷന്‍ നടത്തി. അതിലും ഈ സംഘടനകളുടെയെല്ലാം പ്രാതിനിധ്യം ഉണ്ടായിരുന്നു.

പിന്നെ തെരഞ്ഞെടുപ്പില്‍ കേവലം ഒരു സഖ്യം മാത്രമല്ലല്ലോ കാണുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനകത്ത് സഖ്യമുണ്ടായില്ല എന്നതു കൊണ്ട് സമരങ്ങളില്‍ സഖ്യമുണ്ടായി കൂടെന്നില്ല. തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐയും എ ഐ എസ് എഫും ഐസയും മറ്റും പരസ്പരം മത്സരിച്ചു എന്നതുകൊണ്ട് വലിയ പ്രശ്‌നം ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ല.

അ: പക്ഷേ ഐസ ജെഎന്‍യുവില്‍ എസ് എഫ് ഐയെ തകര്‍ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചത്.. 

ശി: ഐസ ഉയര്‍ത്തുന്ന വിഷയങ്ങളോട് ഞങ്ങള്‍ക്കും വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷേ ഞങ്ങള്‍ ഐസയോടുള്‍പ്പെടെ റിക്വസ്റ്റ് നടത്തിയത് നിങ്ങള്‍ ഉള്‍പ്പെടെ വരണം. ഇന്ന് രാജ്യം ഒരു പ്രധാനപ്പെട്ട ഒരു സന്ദിഗ്ദ്ധ ഘട്ടത്തിലാണുള്ളത്. ആ ഒരു ഘട്ടത്തില്‍ കൈകോര്‍ത്തുപിടിച്ച് മുന്നോട്ടു പോകുക എന്നുള്ളതാണ്. പിന്നെ അവര്‍ പറയുന്ന പല കാര്യങ്ങളും അവര്‍ തന്നെ തിരുത്തുന്നുണ്ട്; സന്തോഷകരമാണത്. ഇന്നലെ അവര്‍ എടുത്തിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഐക്യപ്പെടുന്നതിന്റെ സാധ്യത അന്വേഷിക്കുന്നതിന്റെ തലത്തിലേക്ക് അവര്‍ വന്നിട്ടുണ്ട് എന്നുള്ളത് ആവേശകരമാണ്. പോസിറ്റീവായ സൂചനകള്‍ അവരില്‍ നിന്നുമുണ്ടായിട്ടുണ്ട്.

ജെഎന്‍യു തെരഞ്ഞെടുപ്പില്‍ എല്ലാവരും പ്രചരിപ്പിച്ചിരുന്നത് എസ് എഫ് ഐ തകര്‍ന്നുവെന്നാണ്. എന്നാല്‍ ജെഎന്‍യുവില്‍ എസ് എഫ് ഐ വലിയ രീതിയില്‍ തിരിച്ചുവരവ് നടത്തിയിരുന്നു. മൂന്നുവര്‍ഷം മുമ്പ് എസ് എഫ് ഐയ്ക്ക് കിട്ടിയ വോട്ട് 107 ആയിരുന്നു. എസ് എഫ് ഐ ചിത്രത്തിലേ ഇല്ലായിരുന്നു. പക്ഷേ ഇന്ന് ആ കാമ്പസിനകത്ത് അഞ്ച് കൗണ്‍സിലര്‍മാരും രണ്ട് കണ്‍വീനര്‍മാരുമുള്ള സംഘടനയാണ് എസ് എഫ് ഐ. വരുന്ന ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ അവിടെ യൂണിയന്റെ നേതൃത്വത്തിലേക്ക് എസ്.എഫ്.ഐ വരുമെന്ന് എനിക്കുറപ്പുണ്ട്. എ ഐ എസ് എഫ് അവിടെ മത്സരിച്ചത് ചെയര്‍മാന്‍ പോസ്റ്റില്‍ മാത്രമാണ്. കൗണ്‍സില്‍ പോസ്റ്റിലൊന്നും അവര്‍ മത്സരിച്ചിട്ടില്ല. ഭാവിയില്‍ ഈ സംഘടനകള്‍ ഒരുമിച്ച് സമരങ്ങളിലും പോരാട്ടങ്ങളിലും തെരഞ്ഞെടുപ്പുകളിലും എല്ലാം ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. ആ നിലയില്‍ ഐക്യപ്പെടുന്നതിന്റെ സൂചന വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോള്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ് എഫ് ഐ വിജയിക്കുകയുണ്ടായി. ഇഫ്ലുവില്‍ എസ് എഫ് ഐ വിജയിക്കുയുണ്ടായി. ഇവിടങ്ങളില്‍ ഇടതുപക്ഷസംഘടന എന്ന് പറയുമ്പോള്‍ എസ് എഫ് ഐയാണ് പ്രധാനമായുള്ളത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും എസ് എഫ് ഐ വിജയിക്കുകയുണ്ടായി. രാജസ്ഥാനിലെ പല കോളേജുകളിലും എസ് എഫ് ഐ വിജയിച്ചുയി. അവിടെ ബാദ്രയിലെ കോളേജ് യൂണിയനില്‍ വിജയിച്ചു. ഹിമാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ എസ് എഫ് ഐ വിജയിച്ചു. ഒരു വലിയ വളര്‍ച്ച എസ് എഫ് ഐയ്ക്ക് കാണാന്‍ കഴിയുന്നുണ്ട്.

ആ വളര്‍ച്ചയെ ഭരണാധികാരികള്‍ വല്ലാതെ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് നൂറിലേറെ എസ് എഫ് ഐ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചത്. ബാദ്ര ജില്ലയില്‍ സിപിഐ-എമ്മിന്റെ മെമ്പര്‍ഷിപ്പ് എന്നു പറയുന്നത് ജയിലില്‍ അടയ്ക്കപ്പെട്ട എസ് എഫ് ഐക്കാരുടെ അത്രയും വരണമെന്നില്ല.

അ: അവിടെ വളരാന്‍ എസ് എഫ് ഐ എന്താണ് ചെയ്തത്?

ശി: നിരന്തരമായ സമരങ്ങളാണ് എസ് എഫ് ഐ ചെയ്തത്. അവിടെ ജില്ലാ സെക്രട്ടറിയായ ഝാക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കിടക്കുന്നു; അടി കൊള്ളുന്നു. വ്യക്തിപരമായ മോഹങ്ങള്‍ ഒന്നും പുലര്‍ത്താതെ യാത്ര ചെയ്യുന്ന സഖാക്കളെയാണ് അവിടെ കാണുന്നത്.

ഒരിക്കല്‍ സി കണ്ണേട്ടനോട് ഒരു പത്രക്കാരന്‍ ചോദിച്ചു. നിങ്ങളുടെ സ്വകാര്യ ദു:ഖം പങ്കുവയ്ക്കാമോയെന്ന്. അപ്പോള്‍ കണ്ണേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞത്…   എനിക്കോ… എനിക്കെന്ത് സ്വകാര്യ ദു:ഖം എന്നാണ്.

രാജസ്ഥാനിലെ പ്രവര്‍ത്തകരെ കാണുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത് ഈയൊരു വൈകാരികതയാണ്. സ്വകാര്യ ദു:ഖങ്ങള്‍ എന്ന ഒന്നും മനസ്സില്‍ സൂക്ഷിക്കാതെ എല്ലാം സാമൂഹികമായ തലത്തില്‍ നോക്കിക്കാണുന്ന ഒരു രീതി അവരില്‍ കാണാന്‍ കഴിയുന്നുണ്ട്.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളൊന്നുമില്ലാതെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പൊലീസ് സ്റ്റേഷനില്‍ നമ്മള്‍ അടയ്ക്കപ്പെട്ടാല്‍ നമുക്കുവേണ്ടി സംസാരിക്കാന്‍ അവിടെ പഞ്ചായത്തു പ്രസിഡന്റു വരും, അല്ലെങ്കില്‍ നമുക്കു വേണ്ടി സംസാരിക്കാന്‍ ആളുകളുണ്ടാകും. എന്നാല്‍ രാജസ്ഥാനിലോ ഇതര സംസ്ഥാനങ്ങളിലോ അങ്ങനെയുള്ള അവസരങ്ങളൊന്നുമില്ല. സാഹചര്യങ്ങളുമില്ല. പക്ഷേ അവര്‍ ഫൈറ്റ് ചെയ്യും. അത് ആവേശകരമായ ഒരു ചിത്രമാണ്. അവിടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഞങ്ങളുടെ ആശയം സ്വാധീനിക്കപ്പെടുന്നുണ്ട് എന്നത് തന്നെയാണ് അവരുടെ ഊര്‍ജ്ജത്തിനുള്ള പ്രധാന സോഴ്‌സ്.

അ: കേന്ദ്ര സര്‍വകലാശാലകള്‍ പിടിക്കാന്‍ എബിവിപി പിടിക്കാന്‍ ശ്രമിക്കുന്നുണ്ടല്ലോ. അതിനെ എങ്ങനെയാണ് നേരിടുക?

ശി: എബിവിപിയുടെ പൊളിറ്റിക്‌സ് പ്രചരിപ്പിക്കുന്നതിന് സഹായിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍വകലാശാലകളെ കൈപിടിയിലൊതുക്കാനുള്ള ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. ഓരോ സര്‍വകലാശാലകള്‍ക്കും അതിന്റേതായ ഐഡന്റിറ്റിയുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെന്ന് പറയുന്നത് ഇന്ത്യയിലെ അതിപ്രഗത്ഭരായ അധ്യാപകരുള്ള ഇടമാണ്. നോര്‍ത്ത് ഈസ്റ്റിലെ സര്‍വകലാശാലയ്ക്ക് അതിന്റേതായ സവിശേഷതയുണ്ട്. നിങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ഈ സര്‍വകലാശാലകളിലെ അധ്യാപകരെ അങ്ങോട്ടുമിങ്ങോട്ടും ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങിയവയൊക്കെയാണ് ഇപ്പോള്‍ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. 

അക്കാദമീഷ്യന്‍സിന് ഒരു സ്വതന്ത്ര ചിന്ത പ്രകടിപ്പിക്കാനുള്ള ഇടം ഇല്ലാതാക്കിക്കഴിഞ്ഞാല്‍ ഒരു സര്‍വകലാശാലയെ കൊല്ലുന്നതിന് തുല്യമാണ്. പ്രഭാത് പട്‌നായ്കിനെ നാം ആദരിക്കുന്നത് അദ്ദേഹത്തിന്റെ ആ ചിന്താസരണിയെയാണ്. അത് അദ്ദേഹത്തിന് പങ്കുവയ്ക്കാന്‍ കിട്ടുന്ന ഒരിടമുണ്ട്. അത് ആ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വികാസം പ്രാപിച്ചു വന്നതാണ്. ഇങ്ങനെ അക്കാദമിക് രംഗത്ത് വലിയ സംഭാവന നല്‍കിയിട്ടുള്ളവരെയെല്ലാം ഇവര്‍ക്ക് പിടിച്ചു കെട്ടണമെന്നുണ്ട്. അങ്ങനെ പിടിച്ചു കെട്ടാനുള്ള വഴിയായിട്ടാണ് കേന്ദ്ര സര്‍വകലാശാല നിയമം കൊണ്ടുവരുന്നത്. 

രണ്ടാമത്തേത് ഈ സര്‍വകലാശാലകള്‍ക്കകത്ത് വ്യാപകമായിട്ട് അവരുടെ തന്നെ ആളുകളെ നിയമിക്കുക എന്നതാണ്. അതുകൊണ്ടാണല്ലോ അമര്‍ത്യ സെന്നിന് നളന്ദ സര്‍വകലാശാലയില്‍ നിന്നും രാജിവയ്‌ക്കേണ്ടി വന്നത്. എനിക്ക് തുടരാന്‍ പറ്റാത്ത സാഹചര്യം അവിടെ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിക്കാന്‍ എല്ലാ ശ്രമങ്ങളുമുണ്ടായിരുന്നു.

അ: അത്തരം ശ്രമങ്ങളെ എസ് എഫ് ഐ എങ്ങനെയാണ് നേരിടുക?

ശി: അതിനെ എസ് എഫ് ഐക്ക് മാത്രമായി നേരിടാന്‍ കഴിയില്ല. എസ് എഫ് ഐ മാത്രമായി നേരിടേണ്ട ഒന്നുമല്ല. അതിനൊപ്പം ഇക്കാര്യങ്ങള്‍ എങ്ങനെ നേരിടണം എന്നുള്ളതൊക്കെ എസ് എഫ് ഐയുടെ പുതിയ സഖാക്കള്‍ തീരുമാനിക്കും. അങ്ങനെ ഒരു ഉപദേശത്തിന്റെ ആവശ്യമില്ലാത്ത, നല്ല കഴിവും കപ്പാസിറ്റിയുമുള്ള സഖാക്കള്‍ തന്നെയാണ് നേതൃത്വത്തിലുള്ളത്. അത് അവര്‍ ആലോചിച്ച് ചെയ്യേണ്ട കാര്യാണ്.

മറ്റൊന്ന്, എസ് എഫ് ഐ മാത്രമല്ല ഇടതുപക്ഷ സംഘടനകള്‍ ഒരുമിച്ച് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമുള്ളത് ഒരു പ്രത്യേക സര്‍വകലാശാലയെയോ മേഖലയേയോ തിരിച്ചല്ല ഫൈറ്റ് ചെയ്യേണ്ടത് എന്നതാണ്. സ്‌കൂള്‍തലം മുതല്‍ സര്‍വകലാശാലാതലം വരെയുള്ളത് പിടിച്ചെടുക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

അതുകൊണ്ടാണ് ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്. അതുപോലെതന്നെ ഉന്നത വിദ്യാഭ്യാസത്തിലെ മാറ്റങ്ങള്‍, ഫാക്കല്‍റ്റി നിയമനം, ചിലയിടത്ത് അധ്യാപകരെ നിയമിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍. ഒറീസയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നത് ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ പോലുമില്ലാതെയാണ്. ഇന്ത്യയില്‍ ഏകദേശം 50-ഓളം സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് വൈസ് ചാന്‍സലര്‍മാരില്ലാതെയാണ്. അവിടെ വിദ്യാര്‍ത്ഥികളുണ്ട്. അവരെ ആരാണ് പഠിപ്പിക്കുന്നത്. അക്കാദമിക് കൗണ്‍സിലുകള്‍ ഇല്ലാതെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇതൊക്കെ പൊതുവിദ്യാഭ്യാസത്തെ അനാകര്‍ഷകമാക്കി തീര്‍ക്കുന്നതിനുവേണ്ടിയാണ്. 

ഏറ്റവും അവസാനമായിട്ട്, ഡീംഡ് സര്‍വകലാശാലകളുടെ കാര്യത്തില്‍ അവര്‍ക്ക് ആറു സെന്ററുകള്‍ വരെ തുറക്കാം എന്നാണ് മാനവശേഷി വകുപ്പ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ആറ് എന്നുപറയും, നാളെ അറുപത് എന്ന് പറയും. ആറ് എന്നത് ഒന്നാം ഘട്ടമാണ്. അതായത് കച്ചവടം നടത്താനുള്ള ആറ് ടീച്ചിംഗ് ഷോപ്പുകള്‍ അവര്‍ തുടങ്ങും.

ഡീംഡ് സര്‍വകലാശാലകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് ക്വാളിറ്റിയെ അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച് അവര്‍ക്ക് കൊടുക്കാന്‍ കഴിവുള്ള കൈക്കൂലിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. കൈക്കൂലി കൊടുക്കാനുള്ള ശേഷി കുറഞ്ഞാല്‍ അവരോട്ട് പൂട്ടാന്‍ പറയും. ഈ സ്ഥാപനങ്ങള്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുവെന്ന് പറയുന്നത് ലാഭം ലക്ഷ്യമാക്കിയാണ്. ലാഭേച്ഛയോടെ വിദ്യാഭ്യാസരംഗത്ത് ആര് ഇടപെട്ടാലും അത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ മാറ്റിക്കളയും. വിദ്യാഭ്യാസമെന്നത് അടിസ്ഥാനപരമായി സാമൂഹ്യതാല്‍പര്യത്താല്‍ നിയന്ത്രിക്കപ്പെടേണ്ട ഒന്നാണ്. അത് ഒരിക്കലും ലാഭ, നഷ്ടക്കണക്കിനാല്‍ നിയന്ത്രിക്കപ്പെടാന്‍ പാടില്ല.

ലൂയി പാസ്ചര്‍ പേപ്പട്ടി വിഷബാധ വാക്‌സിന്‍ കണ്ടെത്തിയപ്പോള്‍ അതിന് അദ്ദേഹം പേറ്റന്റ് ആവശ്യപ്പെട്ടില്ല. അതുവഴി ലഭ്യമാകുമായിരുന്ന ദശലക്ഷം കോടി രൂപയല്ലേ അദ്ദേഹം വേണ്ടെന്ന് വച്ചത്. അങ്ങനെയൊക്കെ തീരുമാനിക്കാനുള്ള മാനസികബോധത്തിലേക്ക് അവര്‍ വന്നത് ഒരു സാമൂഹ്യബോധത്തിന്റെ ഭാഗമായിട്ടാണ്. ഇന്ന് സുക്കര്‍ബര്‍ഗും മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സും ഒക്കെ ചാരിറ്റി നടത്തുന്നത്, ലക്ഷകണക്കിന് ആളുകളുടെ കൈയില്‍ നിന്ന് കൊള്ളയടിച്ചശേഷം അതില്‍ നിന്നുണ്ടാക്കിയ ലാഭം വീതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അതിനെ വലിയ ചാരിറ്റിയെന്ന് വിളിച്ചു പറയുന്നതില്‍ കാര്യമില്ല. അംബാനിക്കും ചാരിറ്റി ട്രസ്റ്റുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം കള്ളന്‍മാര്‍ക്കും ചാരിറ്റി ഏര്‍പ്പാടുകളുണ്ട്.

ഏറ്റവും രസകരമായ ഓരോര്‍മ, ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനില്‍ കിടക്കുമ്പോള്‍, എടിഎം കാര്‍ഡുപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ഒരു കക്ഷിയെ അവിടെ പിടിച്ചു കൊണ്ടു വന്നിരുന്നു. ഇതിനുമുമ്പും പിടിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പൈസ കൊടുത്ത് ഇറങ്ങുകയായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. മഹാരാഷ്ട്രക്കാരനായ ഇയാളെ കാണുന്നതിന് കേരളത്തില്‍ നിന്ന് രണ്ടു മൂന്നു ആളുകള്‍ വന്നു. അത് എന്തിനാണെന്ന് ഞാന്‍ അയാളോട് ചോദിച്ചു. കൊച്ചിയിലെ ഒരു അമ്പലം ട്രസ്റ്റിലെ ഭാരവാഹികളാണ് അവരെന്ന് അയാള്‍ വിശദീകരിച്ചു. ഇവരെ അയാള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് അയാളുടെ ഒരു സുഹൃത്താണ്. അയാള്‍ കട്ടെടുക്കുന്ന പണം മുഴുവന്‍ ഇവരെ ഏല്‍പ്പിക്കും. പകുതി പൈസ അവരെടുക്കും, ബാക്കി തുക ഇയാള്‍ക്കുവേണ്ടി അവര്‍ സൂക്ഷിക്കും. അതാണ് പതിവ്. ഒരു കോടിയിലേറെ രൂപ അവരെ ഏല്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് അയാള്‍ അവകാശപ്പെടുന്നത്. വേറെ എവിടെയാണ് ഇത്ര സുരക്ഷിതമായി ഈ പണം സൂക്ഷിക്കാന്‍ കഴിയുക എന്നാണ് അയാള്‍ ചോദിക്കുന്നത്.

ഇങ്ങനെ ചാരിറ്റി നടത്തുന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലോകം. അപവാദങ്ങളില്ലെന്നല്ല ഞാന്‍ പറഞ്ഞത്. കൊള്ളക്കാരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാട്ടില്‍ വലിയ തോതില്‍ ചര്‍ച്ചയാകുന്നത് എന്നുമാത്രം. 

അങ്ങനെയൊരു ഘട്ടത്തില്‍ നമുക്ക് നിര്‍വഹിക്കാനുള്ള കടമ, വിശിഷ്യാ ഇടതുപക്ഷ വിദ്യാര്‍ത്ഥി സമൂഹത്തിന് നിര്‍വഹിക്കാനുള്ള കടമ വളരെ ലളിതമാണ്. ഈ ഭരണകൂടത്തിന് എതിരെ എല്ലാ മേഖലകളില്‍ നിന്നും വലിയൊരു ക്യാംപെയ്ന്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.

എസ് എഫ് ഐ നടത്തുന്നതുപോലെ ആരാണ് കലാലയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിന് സമാനതകളില്ല. കാരണം തന്റെ ജീവിതം തന്നെ നല്‍കാന്‍ തയ്യാറായിക്കൊണ്ടാണ് അവര്‍ സംഘടനാരംഗത്തേക്ക് വരുന്നത്. ഒരു പ്രായത്തിന്റെ ഘടന എടുത്താല്‍, ഒരാളുടെ ഏറ്റവും മികച്ച, ഊര്‍ജ്ജസ്വലമായ പ്രായത്തില്‍ തനിക്കുള്ളതെല്ലാം സമര്‍പ്പിച്ച് സമരം ചെയ്യുന്നു. പൊലീസിന്റെ ഭീകര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുന്നു; ജയിലറ. ഇതൊക്കെ നേരിട്ട് മുന്നോട്ടു പോകുന്ന ഒരു സംഘടനയാണിത്.

അ: പക്ഷേ, സിപിഐ-എം പ്ലീനത്തില്‍ എസ് എഫ് ഐക്കും ഡി വൈ എഫ് ഐക്കും എതിരെ വിമര്‍ശനം ഉണ്ടായിരുന്നു?

ശിവ: കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ സ്വയം വിമര്‍ശനാത്മകമായി തന്നെ നോക്കിക്കാണുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ ഘടന തന്നെ അങ്ങനെയാണ്. പിശകുകള്‍ ചര്‍ച്ചയിലൂടെ മനസ്സിലാക്കി അതിലൊരു തുറന്ന ചര്‍ച്ച നടക്കും. പുകഴ്ത്തിപ്പാടലുകളും മുഖസ്തുതിയും കൊണ്ടുപോകുന്ന ആളുകളുടെ കൂട്ടമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. വ്യത്യസ്തമായ അഭിപ്രായങ്ങളും ഒപ്പം രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടാകും. അതിനകത്ത് വിമര്‍ശനങ്ങള്‍ വരണം. എല്ലാം ശരിയാണ് എന്ന് സങ്കല്‍പ്പിച്ചു മുന്നോട്ടു പോകാനാണെങ്കില്‍ നമ്മള്‍ എന്തിനാണ് ഇതിനകത്ത് പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പതിന്മടങ്ങ് ശക്തി പ്രാപിക്കേണ്ടതിനെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ വരും. അങ്ങനെ വന്നാല്‍ മാത്രമല്ലേ നമുക്ക് ഇനിയും മുന്നോട്ടു പോകാന്‍ പറ്റൂ. അതിനാല്‍ വിമര്‍ശനങ്ങളെ ആ നിലയിലാണ് എടുക്കേണ്ടത്.

അ: രോഹിത് വെമുല, ജെഎന്‍യു വിഷയങ്ങളില്‍ കേരളത്തിന് പുറത്തുള്ള കാമ്പസുകളിലേത് പോലെ കേരളത്തില്‍ അത്ര സമര തീവ്രതയൊന്നും ഉണ്ടായില്ല. എസ് എഫ് ഐക്ക് അതില്‍ വീഴ്ച പറ്റിയോ?

ശിവ: കേരളത്തിലെ കാമ്പസുകള്‍ രാജ്യത്തെ ഇതര കാമ്പസുകളില്‍ നിന്ന് വ്യത്യസ്തമായി ജാത്യാചാരത്തിന് എതിരായ സമരം മുന്‍കാലങ്ങളില്‍ തന്നെ നടത്തി അതില്‍ നിന്ന് ഒരു പാട് നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള കലാലയങ്ങളാണ്. അതുകൊണ്ടുതന്നെ പുറത്തുള്ളവയില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലുള്ളവയെ നമുക്ക് നോക്കിക്കാണാന്‍ സാധിക്കും. പക്ഷേ രോഹിത് വെമൂലയുടെ വിഷയം വരുന്നതിനുമുമ്പു തന്നെ ജാതിവിഭജനത്തിന് എതിരായും ദളിത്, ദരിദ്ര ജനതയുടെ വിഷയങ്ങള്‍ ഉയര്‍ത്തിയുമൊക്കെ നിരവധി സമരങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.

രജനി എസ് ആനന്ദിന്റെ ആത്മഹത്യയ്ക്ക് ശേഷം കേരളത്തെ പ്രകമ്പനം കൊള്ളിച്ച സമരങ്ങള്‍ അരങ്ങേറുകയുണ്ടായി. അതിനുശേഷം സമീപകാലത്ത് കേരളത്തിലെ വിദ്യാഭ്യാസ കച്ചവടത്തിന് എതിരായിട്ടുള്ള സമരത്തിന്റെ ഒരു തലം എന്ന് പറയുന്നത് ദളിത്, ദരിദ്ര, പിന്നാക്ക വിഭാഗങ്ങളെ കലാലയങ്ങളില്‍ നിന്ന് ആട്ടിയോടിക്കുന്നതിന് എതിരായിട്ടുള്ളതാണ്. ജാതീയമായ വിവേചനങ്ങള്‍ക്കെതിരായ സമരം എന്നുള്ളത് കച്ചവടവല്‍ക്കരണത്തിന് എതിരായിട്ടുള്ള സമരത്തില്‍ നിന്ന് അടര്‍ത്തിമാറ്റിക്കാണാന്‍ സാധിക്കില്ല. ഇതു രണ്ടും ചേര്‍ത്തു പിടിച്ചു കൊണ്ട് കേരളത്തിലെ എസ് എഫ് ഐ മാതൃകാപരമായ സമരരീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്.

അ: തൃപ്പൂണിത്തുറയില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എസ് എഫ് ഐക്കാരാണ് ആരോപണ വിധേയനായിരിക്കുന്നത്.

ശിവ: എബിവിപിക്ക് പിടിച്ചു നില്‍ക്കാന്‍ വല്ലതും വേണമല്ലോ. പട്ടിക്കുട്ടി ചത്തതിന് നിങ്ങള്‍ക്ക് എന്ത് ചേതം എന്ന് ചോദിച്ചിട്ടുള്ള ആളുകളാണ് ഇക്കൂട്ടര്‍. എസ് എഫ് ഐയുടെ ഡല്‍ഹി സംസ്ഥാന സമ്മേളനത്തില്‍ വച്ചിരുന്ന ബോര്‍ഡുകളില്‍ ക്യാപ്റ്റന്‍ ലക്ഷ്മി, ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ്, അംബേദ്കര്‍, ഫുലേ ഇവരുടെയൊക്കെ ചിത്രങ്ങളുണ്ടായിരുന്നു. അതിന് കുറച്ചു ദിവസം മുമ്പ് എബിവിപിക്കാരുടെ ഒരു പരിപാടിക്കകത്ത് അവര്‍ ആശാറാം ബാപ്പുവിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നു. ആശാറാം ബാപ്പുവിനെപ്പോലുള്ളവരെയാണ് ഇവര്‍ പിന്തുണയ്ക്കുന്നതും പ്രചാരണത്തിന് ഉപയോഗിക്കുന്നതും. എനിക്ക് തോന്നിയത്, നേരത്തെ അടല്‍ബിഹാരി വാജ്‌പേയ് വിദ്യാര്‍ത്ഥി പരിഷത്താണെങ്കില്‍ ഇപ്പോഴത് ആശാറാം ബാപു വിദ്യാര്‍ത്ഥി പരിഷത്തായിരിക്കുന്നു.

അവര്‍ ഇത്തരത്തില്‍ പലതും പ്രചരിപ്പിച്ചു കൊണ്ടിരിക്കും. അതിന്റെ പിന്നാലെ പോകാതെ ഇരിക്കുന്നതാണ് നല്ലത്. എങ്കിലും അവര്‍ക്ക് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നുണ്ട്. ഇവര്‍ക്കൊക്ക സഹായം ചെയ്തു കൊടുക്കാന്‍ തയ്യാറാകുന്ന ചില സംഘങ്ങളുണ്ട്. ഇന്ന് ഇന്ത്യന്‍ വാര്‍ത്തകളെ നിയന്ത്രിക്കുന്നത് സ്യൂട്ട് കേസ് കൊടുക്കുന്നവരും മൊബൈല്‍ കൊടുക്കുന്നവരുമാണ്. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഒരുമൊബൈല്‍ കാണിച്ചിട്ട് പറഞ്ഞു പത്രസമ്മേളനത്തിന് പോയപ്പോള്‍ കിട്ടിയതാണെന്ന്. എസ് എഫ് ഐയുടെയോ കര്‍ഷക സംഘടനയുടെയോ പത്രസമ്മേളനത്തിന് വരാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാകില്ല. കാരണം ഇതൊന്നും കൊടുക്കുന്നില്ല.

എബിവിപി എന്ന് പറയുന്നത് മൂലധനതാല്‍പര്യത്താല്‍ പ്രവര്‍ത്തിക്കുന്ന, അല്ലെങ്കില്‍ അവരുടെ സംരക്ഷകരായി മുന്നോട്ടു പോകുന്നവരാണ്. മൂലധന താല്‍പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുന്ന സ്‌പേസ് അല്ലെങ്കില്‍ ഗുണം എബിവിപിക്ക് ലഭിക്കുന്നു. എസ് എഫ് ഐ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ വച്ച് മാര്‍ച്ച് നടത്തുമ്പോള്‍ ആ മാര്‍ച്ച് ചര്‍ച്ച ചെയ്യേണ്ട ഒന്നാണെന്ന് ഭൂരിപക്ഷം മാധ്യമങ്ങള്‍ക്ക് തോന്നില്ല. അതില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്ന് തോന്നില്ല. സിഐടിയു നടത്തുന്ന ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന റാലിക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മൂലധന പ്രചോദിതരായ സംഘടനകള്‍ ഇടതുപക്ഷത്തിന് എതിരായ എന്തും പ്രയോജനപ്പെടുത്തും. ആ നിലയ്ക്ക് എബിവിപിക്ക് വലിയ സോഴ്‌സുണ്ട്. 600 കോടി രൂപയാണ് ബിജെപി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സംഭാവനയായി പിരിച്ചെടുത്തുവെന്ന് അവര് തന്നെ പറഞ്ഞിട്ടുള്ളത്. എബിവിപിക്ക് ആര്‍ എസ് എസിന്റെ കൈയില്‍ നിന്നും ലഭിച്ചിട്ടുള്ള പണത്തിന് കണക്കില്ല. ഇവര്‍ക്ക് മാധ്യമ പിന്തുണയുമുണ്ട്; ഭരണത്തിന്റെ സ്വാധീനമുണ്ട്. ഇതൊക്കെയായിട്ടാണ് അവര്‍ മുന്നോട്ടു പോകുന്നത്. അവര്‍ക്ക് വലിയ നിലയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. അതുകൊണ്ടാണല്ലോ അവര്‍ക്ക് ഇന്ത്യയില്‍ ഭരിക്കാന്‍ സാധിക്കുന്നതുതന്നെ. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നുവെന്നുള്ളതുകൊണ്ടാണ് ബിജെപിക്ക് ഭരിക്കാന്‍ സാധിക്കുന്നത്. രാജ്യത്തെ പൊതുജനങ്ങളെ ശരിയായ ധാരണയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഇവര്‍ക്ക് അധികാരത്തില്‍ ഇരിക്കാന്‍ സാധിക്കുമോ?

അ: ശരിയെന്താണെന്ന് പറഞ്ഞു കൊടുക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല.

ശിവ: അതില്‍ മാധ്യമങ്ങള്‍ക്കുള്‍പ്പെടെ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്. കാരണം, ഇന്ത്യ ഭരിക്കുന്നത് ഇന്ത്യയിലെ മുതലാളിമാരാണെന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയാം. സംസാരത്തില്‍പ്പോലും അവരത് സമ്മതിക്കും. ഇന്ത്യ ഭരിക്കുന്നത് ഇന്ത്യയിലെ ജനങ്ങള്‍ ആകണം എന്ന് നിശ്ചയിക്കാന്‍ കഴിയുന്നതിലേക്കാണ് നമ്മള്‍ അവരെ നയിക്കേണ്ടത്. നയം തീരുമാനിക്കുന്നത് അംബാനിയും അദാനിയും ടാറ്റയും ബിര്‍ളയും ഗോയങ്കയും ഒക്കെയാണ്. ഈ കുത്തക കമ്പനികള്‍, ഇന്ത്യയിലെ കോര്‍പറേറ്റ് രാഷ്ട്രീയക്കാര്‍ അവരാണ് നയം തീരുമാനിക്കുന്നത്. പാര്‍ലമെന്റിനകത്തെ 80 ശതമാനത്തിലേറെ പേരും ദശകോടീശ്വരന്‍മാരാണ് എന്നൊക്കെ ആളുകള്‍ക്ക് ധാരണയുണ്ട്. ഇതിനെ മാറ്റിമറിക്കണം എന്ന ധാരണയിലേക്കുകൂടി നമുക്ക് നയിക്കേണ്ടതുണ്ട്.

അ: അതെങ്ങനെ സാധ്യമാക്കും?

ശിവ: അതിനുവേണ്ടിയുള്ള ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങളാണല്ലോ നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെയാണ് മൂന്നരക്കോടി വരുന്ന കേരളത്തിലെ ജനസംഖ്യയില്‍ ഇടതുപക്ഷ സ്വാധീനം രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞത്.

അ: കേരളത്തിന് പുറത്ത് ഉണ്ടായിരുന്ന ആ സ്വാധീനം എങ്ങനെ നഷ്ടപ്പെട്ടു?

ശിവ: അവിടെയൊക്കെ സ്വാധീനം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ അവിടെയൊന്നും കയറി വരാന്‍ പറ്റില്ലെന്ന് അല്ലല്ലോ അര്‍ത്ഥം. ഇന്നലെകളിലുണ്ടായിരുന്ന സ്വാധീനത്തില്‍ നിന്ന് പുറകോട്ട് പോയിട്ടുണ്ടാകാം. പക്ഷേ, ഇനിയങ്ങോട്ട് തിരിച്ചു വരവിനുള്ള സാധ്യത ഇല്ലാന്ന് പറയാനും സാധിക്കില്ല. തകര്‍ച്ചയുടെ കാരണങ്ങള്‍ കൂടെ മനസ്സിലാക്കിയിട്ട് മുന്നോട്ടു പോകുമ്പോഴാകും കരുത്തുറ്റ സ്വാധീനമുള്ള മുന്നേറ്റത്തിനുള്ള സാധ്യത തെളിയുക.

തെലങ്കാനയിലെ പല മേഖലകളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തിരിച്ചു വരുന്നുണ്ട്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അഞ്ചു വര്‍ഷം മുമ്പ് എസ് എഫ് ഐയുടെ സ്വാധീനം ഉണ്ടായിരുന്നില്ല. ഇന്ന് ഇപ്പോള്‍ സര്‍വകലാശാല യൂണിയന്‍ ഭരിക്കുന്ന സംഘടനയായി എസ് എഫ് ഐ മാറിയില്ലേ.

അ: ഇവിടെ മലയാളികളായ വിദ്യാര്‍ത്ഥികളുടെ സ്വാധീനമില്ലേ?

ശിവ: അതൊരു വലിയ ഘടകം തന്നെയാണ്. പക്ഷേ അവിടത്തെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മലയാളികളല്ല. മലയാളികളുടെ നല്ല ഗ്രൂപ്പ് ഉണ്ടെന്നത് ശരി. പോണ്ടിച്ചേരിയിലേയും ഇഫ്ലുവിലേയും ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ മലയാളികളല്ല. പക്ഷേ മലയാളി വിദ്യാര്‍ത്ഥികളുടെ സ്വാധീനമുണ്ട് അവിടെ. മലയാളി വിദ്യാര്‍ത്ഥികളുടെ പ്രത്യേകത എന്താണ്? ഞാനും നിങ്ങളുമൊക്കെ ജനിച്ചു വീഴുമ്പോള്‍ത്തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തെ കേട്ടുതുടങ്ങുകയാണ്. ഒരു ബദല്‍ സാധ്യമാണ് എന്ന ചിന്ത നമ്മുടെ മനസ്സില്‍ വരികയാണ്. ബിജെപി അല്ലെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പോകുമ്പോള്‍ എന്തൊരു മോശപ്പെട്ട ഭരണമാണ് ഇതെന്ന് മാത്രമല്ല നമ്മള്‍ പറയുന്നത്. ഇതിനൊരു ബദല്‍ ഉണ്ട് എന്ന് കൂടി പറയാറുണ്ട്. ഇന്ത്യയില്‍ തന്നെ അതിനൊരു ബദല്‍ ഉണ്ട് എന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞവരാണ് മലയാളികള്‍. അതുകൊണ്ടാണ് മലയാളി എത്തുന്നിടത്ത് ഒരു ബദലിനെക്കുറിച്ച് കൂടി ചര്‍ച്ച ചെയ്യുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നവര്‍ പോലും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എസ് എഫ് ഐയുടെ ഭാഗമായിത്തീരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ജീവിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രചാരവേലയില്‍ വീണുപോയതാണ്. പുറത്തെത്തുമ്പോള്‍ അയാള്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം കാണുകയാണ്. ജാത്യാചാരത്തെ പിന്തുണയ്ക്കുന്ന ഹരിയാനയില്‍ എത്തുമ്പോള്‍ ഖാപ്പ് പഞ്ചായത്തിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനേയും ബിജെപിയേയും അയാള്‍ കാണുകയാണ്. സ്വാഭാവികമായും അയാള്‍ക്ക് വലിയ മാറ്റങ്ങള്‍ വരും. ജെഎന്‍യുവിലേയും ഹൈദരാബാദിലേയും പോണ്ടിച്ചേരിയിലേയുമൊക്കെ വിദ്യാര്‍ത്ഥികള്‍ ഇടതുപക്ഷമാകുന്നത് ഇതിന്റെയൊക്കെ ഭാഗമായാണ്.

അ: രോഹിത് വെമുലയെ പോലുള്ള ധാരാളം പേര്‍ എസ് എഫ് ഐയില്‍ നിന്ന് മാറിപ്പോയിട്ടുണ്ട്?

ശിവ: ഇടതുപക്ഷ പ്രസ്ഥാനത്തിന് ആളുകളെ നഷ്ടപ്പെടാറുണ്ട്. അവരൊക്കെ സ്വത്വരാഷ്ട്രീയത്തിന് അടിമപ്പെട്ട് പോകുകയും പിന്നീട് അവര്‍ മറ്റൊരു മാനസിക തലത്തിലേക്ക് പോകുകയും ചെയ്യുന്നു. കാരണം, അടിസ്ഥാനപരമായി സ്വത്വരാഷ്ട്രീയം എന്ന് പറഞ്ഞാല്‍ യൂണിറ്റിയെ ദുര്‍ബലപ്പെടുത്തുക എന്നതാണ്. ഇത് എല്ലാ സ്ഥലത്തും ഉയര്‍ന്നു വന്നു കൊണ്ടേയിരിക്കും. ഹിന്ദുവെന്ന സ്വത്വത്തില്‍ ഒരു മൂവ്‌മെന്റ് ഉണ്ടാക്കുന്നു. അവിടെ പിന്നീട് ഈഴവന്റേയും നായരുടേയും സ്വത്വരാഷ്ട്രീയം ഉണ്ടാക്കും. 

മാനവികതാരാഷ്ട്രീയത്തിന്റെ വക്താക്കളായി പ്രവര്‍ത്തിച്ച ആളുകള്‍ ഇത്തരത്തിലുള്ള സംഘടനകളിലേക്ക് എത്തിക്കഴിഞ്ഞാല്‍, ഒരുപക്ഷേ ഇന്നലെകളില്‍ അവര്‍ കണ്ട സ്വപ്‌നങ്ങളും ഇതും തമ്മിലെ വൈരുദ്ധ്യം അത്രമേല്‍ വലുതാണെന്ന് ബോദ്ധ്യപ്പെടുമ്പോള്‍ വല്ലാത്ത മാനസിക തലത്തിലേക്ക് അവര്‍ മാറിപ്പോയേക്കാം. അപകടകരമാണത്.

രോഹിത് വെമുല ഇന്ത്യയിലെ ജാത്യാചാരത്തിന്റെ, ജാതി വിവേചനത്തിന്റെ ഇരയാണ്. ആര്‍ എസ് എസ് ഉയര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കൊടുംക്രൂരതയുടെ ഇരയായാണ് രോഹിത് വെമുല കൊല്ലപ്പെടുന്നത്. അതൊരു ആത്മഹത്യയല്ല; കൊലപാതകമാണ്. പൊലീസിന്റെ നിയമ പുസ്തകത്തില്‍ അത് ആത്മഹത്യ ആയിരിക്കും. പക്ഷേ, രാഷ്ട്രീയമായി നോക്കുമ്പോള്‍ അതൊരു കൊലപാതകമാണ്. ആ കൊലപാതകത്തിന്റെ രാഷ്ട്രീയത്തിന് എതിരായിട്ടാണ് നാം പോരടിക്കുന്നത്. ദളിത് സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ ഉള്‍പ്പെടെ ആലോചിക്കേണ്ട ഒരുകാര്യം എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ദുരിതം അനുഭവിക്കുന്ന മനുഷ്യരുണ്ട്. സകല മനുഷ്യരുടേയും ദുരിതം മാറ്റുന്നതിനുവേണ്ടിയുള്ള കൈകോര്‍ക്കല്‍ ഈ ലോകത്ത് നമുക്ക് രൂപപ്പെടുത്താന്‍ പറ്റും.

മുന്നോക്ക ജാതിയിലെ പാവപ്പെട്ടവര്‍, പിന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ എല്ലാവരുടെയും ഐക്യം; ദരിദ്രരുടെ ഐക്യം; പണിയെടുക്കുന്നവരുടെ ഐക്യം അതാണ് ഉണ്ടാകേണ്ടത്.

അ: ഇന്ത്യയൊട്ടാകെ ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തമായി വരുന്നുണ്ട്. അത് എസ് എഫ് ഐക്കും കെ എസ് യുവിനും എ ബി വി പിക്കുമെല്ലാം ഭീഷണിയല്ലേ?

ശിവ: ജെനുവിനായ ദളിത് വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നടക്കുന്ന സമരങ്ങളോട് ഐക്യപ്പെട്ടു കൊണ്ടാണ് എസ് എഫ് ഐ കലാലയങ്ങളില്‍ നിലപാട് സ്വീകരിക്കുക. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും എസ് എഫ് ഐയും കൂട്ടായിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ത്തന്നെ ഇത്തരത്തിലെ ഒരു ഐക്യം രൂപപ്പെടുത്താന്‍ ഞങ്ങള്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ട്.

പക്ഷേ, വേദനിക്കുന്ന മനുഷ്യന്റെ വിമോചനത്തിനായുള്ള, ചൂഷണത്തിനിരയാകുന്ന മനുഷ്യന്റെ ഉന്നമനത്തിനായുള്ള പോരാട്ടത്തെ ജാതിയുടെയോ മതത്തിന്റേയോ പേര് പറഞ്ഞ് നിങ്ങള്‍ ദുര്‍ബലപ്പെടുത്തരുത്. അങ്ങനെ ദുര്‍ബലപ്പെടുത്തുമ്പോള്‍ അത് സഹായകമാകുക ഇന്ത്യയിലെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കാണ്. സ്വത്വരാഷ്ട്രീയം എന്ന് പറയുന്നത്, വലിയ നിലയില്‍ ഫണ്ട് ചെയ്ത് പ്രൊമോട്ട് ചെയ്യപ്പെടുന്ന ഒന്നാണ്. കോര്‍പ്പറേറ്റുകള്‍ ഇത്തരത്തില്‍ സ്വത്വരാഷ്ട്രീയത്തിനുവേണ്ടി ഫണ്ട് ചെലവഴിച്ചു കൊണ്ടിരിക്കുന്നുണ്ട്; വിശാലമായ സമരങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം.

അ: കേരളത്തില്‍ എസ് എഫ് ഐ നേരിടുന്ന ആരോപണം ദളിത് വിദ്യാര്‍ത്ഥികളെ സമരം ചെയ്യാന്‍ മാത്രം ഉപയോഗിക്കുന്നു എന്നുള്ളതാണ്?

ശിവ: കേരളത്തിലെ ദളിത് വിഭാഗത്തില്‍ നിന്നുവരുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും എസ് എഫ് ഐയിലാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ജാതി തിരിച്ചും മതം തിരിച്ചും നേതൃത്വത്തിലേക്ക് ആളെ എടുക്കാറില്ല. പക്ഷേ, ഒരുറപ്പ് എനിക്ക് പറയാന്‍ സാധിക്കും. എസ് എഫ് ഐയുടെ ഉയര്‍ന്ന നേതൃതലം മുതല്‍ താഴെത്തട്ടില്‍ വരെ ദളിത് വിഭാഗത്തില്‍പ്പെട്ട ആളുകളുടെ പ്രാതിനിധ്യമുണ്ട്.

അ: കേരളത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചതിനുശേഷം ജാതി, മത സംഘടനകളുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം പോലുള്ളവയും വര്‍ദ്ധിച്ചുവെന്ന് വിലയിരുത്തല്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ എന്തു കൊണ്ട് എസ് എഫ് ഐ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരികെക്കൊണ്ടു വരണം എന്ന് ആവശ്യപ്പെടുന്നില്ല?

ശിവ: കേരളത്തിലെ സ്‌കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചതിന് പിന്നില്‍ കോര്‍പറേറ്റ് താല്‍പര്യമുണ്ട്. ഞങ്ങളൊക്കെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി സാഹിത്യ സമാജത്തിലൊക്കെ പ്രവര്‍ത്തിച്ചിരുന്നു. സ്‌കൂള്‍ പാര്‍ലമെന്റ് ഒക്കെ ഉണ്ടായിരുന്നു. ഇതിലൂടെ പൊതുരാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ യാതൊരുവിധ രാഷ്ട്രീയചര്‍ച്ചയും അനുവദിച്ചു കൂടായെന്ന് കോര്‍പ്പറേറ്റുകള്‍ക്ക് താല്‍പര്യമുണ്ട്. ആ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് രാജ്യത്തെ എല്ലാ തലങ്ങളിലും നിയമനിര്‍മ്മാണ സഭകളിലും നീതിന്യായ മേഖലയിലും നിര്‍വഹണത്തിലും വലിയ സ്വാധീനമുണ്ട്. അതുകൊണ്ടാണ് അന്ന് അങ്ങനെയൊരു തീരുമാനം വരികയുണ്ടായത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്ന് അതിനെ നിഷ്‌കളങ്കമായി പിന്തുണച്ചവര്‍, അതിന്റെ രാഷ്ട്രീയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാതെ പിന്തുച്ചവര്‍ എന്നിവരില്‍ ഒരുവിഭാഗം അതിന്റെ തെറ്റിനെക്കുറിച്ച് മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. അത് ആവേശകരമായ സംഗതിയാണ്.

എസ് എഫ് ഐ അന്നുമിന്നും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം സ്‌കൂള്‍ തലം മുതല്‍ ഉണ്ടാകണമെന്ന് നിലപാടുള്ള സംഘടനയാണ്.

അ: വിദ്യാഭ്യാസ വായ്പ ഇന്ന് വിദ്യാര്‍ത്ഥികളെ ആത്മഹത്യാ മുനമ്പിലെത്തിച്ചിരിക്കുകയാണ്. എസ് എഫ് ഐയുടെ നിലപാട് എന്താണ്?

ശിവ: വിദ്യാഭ്യാസവായ്പയെ ഒരു മഹത്തായ കാര്യം എന്ന നിലയിലാണ് പലരും ഒരു ഘട്ടത്തില്‍ വിശേഷിപ്പിക്കുകയുണ്ടായത്. എസ് എഫ് ഐ പ്രസിഡന്റായിരിക്കേ ലേഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ഞങ്ങള്‍ ഇക്കാര്യത്തിലുള്ള നിലപാട് ആവര്‍ത്തിച്ച്  വ്യക്തമാക്കിയതാണ്.

വിദ്യാഭ്യാസത്തിന് സര്‍ക്കാല്‍ നല്‍കേണ്ടത് വായ്പയല്ല. സര്‍ക്കാര്‍ അതിന്റെ പൂര്‍ണമായ ചെലവ് വഹിക്കേണ്ടവരാണ്. വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യതപ്പെട്ടവരാണ്. സര്‍ക്കാരിന്റെ ചുമതല നിര്‍വഹിക്കണം. ഇവിടെ നികുതി പിരിക്കുന്നു, നികുതിയുടെ വലിയൊരു പങ്ക് കോര്‍പറേറ്റുകള്‍ക്ക് സബ്സിഡിയായി നല്‍കുന്നു എന്നതിന് അപ്പുറത്ത് വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇന്ന് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല.

കേരളമാണ് ഒരു പരിധിവരെയെങ്കിലും മാതൃകാപരമായി ഇടപെടിട്ടുള്ളത്. കേരളത്തില്‍ പ്ലസ് ടു വരെ വിദ്യാഭ്യാസം സാര്‍വത്രികമായി ഒരു പരിധിവരെ സൗജന്യമായി നല്‍കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് വലിയൊരു ഫീസ് കൊടുക്കാതെ സര്‍വകലാശാലാ വിദ്യാഭ്യാസം സര്‍ക്കാര്‍ സംവിധാനത്തിലൂടെ കൊടുക്കാന്‍ പറ്റുന്ന അവസരങ്ങളുടേതായ ഒരിടം കേരളത്തിനകത്ത് സൃഷ്ടിക്കപ്പെടുന്നുണ്ട്.

1990-കള്‍ക്ക് ശേഷമുണ്ടായിട്ടുള്ള നയംമാറ്റങ്ങളുടെ ഭാഗമായി നിങ്ങള്‍ക്ക് പഠിക്കണമെങ്കില്‍ വായ്പയെടുത്ത് ഫീസ് അടച്ച് പഠിക്കുക എന്ന ചിന്തയിലേക്ക് വന്നു. 1948-ലെ ഒന്നാമത്തെ വിദ്യാഭ്യാസ കമ്മീഷന്‍, എസ് രാധാകൃഷ്ണന്‍ കമ്മീഷന്‍, പറഞ്ഞു വിദ്യാഭ്യാസം നല്‍കേണ്ട ചുമതല സര്‍ക്കാരിന്റേതാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടാണ്  ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആ കമ്മീഷന്‍ മുന്നോട്ടു വച്ചത്.

എന്നാല്‍ പിന്നീട് രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം ഉണ്ടായി. കാഴ്ചപ്പാടില്‍ മാറ്റമുണ്ടായി. ഒന്നാമത്തെ വിദ്യാഭ്യാസ കമ്മീഷന്‍ വിദ്യാഭ്യാസ വിചക്ഷണനായ എസ് രാധാകൃഷ്ണന്‍ ആയിരുന്നുവെങ്കില്‍ 2000-ത്തിലെ വിദ്യാഭ്യാസ കമ്മീഷനിലേക്ക് വന്നത് അംബാനിയും ബിര്‍ളയുമാണ്. ഇരുവരും വിദ്യാഭ്യാസ വിചക്ഷണര്‍ എന്ന നിര്‍വചനത്തില്‍ വരുമോ? വിദ്യാഭ്യാസ കമ്മീഷനെ നിയമിക്കാറുള്ളത് വിദ്യാഭ്യാസ വകുപ്പാണ്. എന്നാല്‍ ഇവിടത്തെ മറ്റൊരു രസകരമായ കാര്യം ഇപ്പോള്‍ നിയമനം നടത്തുന്നത് വാണിജ്യ വകുപ്പാണ് എന്നതാണ്.

കേരളത്തില്‍ വിദ്യാഭ്യാസ കമ്മീഷനെ എക്‌സൈസ് മന്ത്രി നിയമിച്ചാലെങ്ങനെ ഉണ്ടാകും? അതാണ് അവിടെ സംഭവിച്ചത്. ഭരിക്കുന്ന സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എഴുതിക്കൊടുക്കുന്ന റിപ്പോര്‍ട്ടാണ്. വിദ്യാഭ്യാസം എന്നത് പണം കൊടുത്ത് വിപണിയില്‍ നിന്ന് വാങ്ങേണ്ടത് എന്നാണ് അവരുടെ കാഴ്ചപ്പാട്. അതിനുശേഷമാണ് വിദ്യാഭ്യാസ വായ്പ വ്യാപകമാകുന്നതും ഉന്നത വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ് സ്വകാര്യ മാനേജര്‍മാരുടെ കൈയിലാകുന്നതും.

വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ കൊടുക്കുന്നു. ആ തുകയെടുത്ത് മുതലാളിക്ക് കൊടുക്കുന്നു. നൂറ് വിദ്യാര്‍ത്ഥികള്‍ എംബിബിഎസിന് പഠിക്കുന്ന കോളേജില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പത്ത് ലക്ഷം രൂപ ഫീസായി കൊടുക്കേണ്ടി വരുന്നുവെങ്കില്‍ പത്ത് കോടി രൂപ മാനേജ്‌മെന്റിന് ലഭിക്കുന്നു. ഈ പണം വരുന്നത് എവിടെ നിന്നാണ്. ദേശസാല്‍കൃത ബാങ്കില്‍ നിന്നാണ്. ഈ പണം എത്തുന്നതാകട്ടെ, മാനേജ്‌മെന്റിന്റെ കൈയില്‍. മാനേജര്‍ക്ക് തിരിച്ചടയ്ക്കാന്‍ ഉത്തരവാദിത്വമില്ല. തിരിച്ചടയ്‌ക്കേണ്ടത് ഈ വിദ്യാര്‍ത്ഥിയാണ്. ഈ വിദ്യാര്‍ത്ഥി പിന്നീട് എവിടെ നിന്ന് കാശ് കണ്ടെത്തും?

അവര്‍ ഡോക്ടര്‍ ആയെങ്കില്‍ ജനങ്ങളുടെ കരള്‍ അറുത്ത് കാശ് സംഘടിപ്പിക്കും. ജനങ്ങളുടെ കാശിനാല്‍ ജനവിരുദ്ധമായ രാഷ്ട്രീയം ഉല്‍പാദിപ്പിക്കപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്.

ഒരുഘട്ടം കഴിഞ്ഞാല്‍ ഈ മാനേജര്‍ക്ക് കിട്ടുന്ന പണം ചിട്ടിക്കമ്പനി നടത്താന്‍ ഉപയോഗിക്കാന്‍ പറ്റും. ഇന്ത്യയിലിപ്പോള്‍ ഏറ്റവും വലിയ കോളേജുകള്‍ നടത്തുന്നത് ചിട്ടിക്കമ്പനി മുതലാളിമാരാണ്. മാര്‍ഗദര്‍ശി ചിട്ടി ഫൈനാന്‍സ് കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ചിട്ടിക്കമ്പനികളില്‍ ഒന്നാണ്. റാമോജി ഫിലിം സിറ്റി ഉള്‍പ്പെടെയുള്ളവയുടെ ഉടമകളാണ് അവര്‍. ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രാദേശികപത്രം നടത്തുന്നതും അവരായിരുന്നു. ഇവരൊക്കെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏജന്‍സികളില്‍ ഒന്നാണല്ലോ മുത്തൂറ്റ്. അവരും ഉണ്ടല്ലോ വിദ്യാഭ്യാസസ്ഥാപന നടത്തിപ്പുകാരായിട്ട്. ഗോകുലം ചിട്ടി ഫണ്ട്‌സിനും ഉണ്ടല്ലോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കള്ളുകച്ചവടക്കാരനായ വെള്ളാപ്പള്ളി നടേശന്‍ കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുകയല്ലേ? വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വന്നവരുടെ ഒരു സ്വഭാവം സൂചിപ്പിക്കുവാന്‍ പറയാവുന്ന ഉദാഹരണങ്ങളാണിവയൊക്കെ. ചിട്ടിക്കമ്പനി മുതലാളിമാര്‍ വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്നതിനേക്കാള്‍ ലാഭകരമാണ് വിദ്യാഭ്യാസ കച്ചവടം എന്ന് മനസ്സിലാക്കിയതു കൊണ്ടാണ് അവര്‍ ഈ മേഖലയിലേക്ക് വന്നിട്ടുണ്ടാകുക.

വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികള്‍ മാനേജര്‍മാര്‍ക്ക് നല്‍കുന്ന പൈസ ചിട്ടിക്കമ്പനിയിലേക്ക് നിക്ഷേപിക്കാനുള്ള വഴിയായിട്ടും ഇവര്‍ കാണുന്നുണ്ട്. ഇതുകൂടി നമ്മള്‍ കണക്കിലെടുക്കണം. കര്‍ഷക ആത്മഹത്യകള്‍ക്ക് പിന്നാലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ നടക്കുന്നു. തമിഴ്‌നാട്ടില്‍ ഈ അടുത്ത കാലത്താണ് ഫീസ് കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ മൂന്ന് കുട്ടികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇത് ഒരു നയത്തിന്റെ ഭാഗമാണ്. ഈ വിദ്യാര്‍ത്ഥികളെ കൊല്ലുന്നത് കര്‍ഷകരെ കൊല്ലുന്നതുപോലെ സര്‍ക്കാരാണ്. സര്‍ക്കാരിന്റെ നയങ്ങളാണ്. ഇതിനെതിരായ പോരാട്ടം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നു മാത്രമല്ല, സര്‍വമേഖലകളില്‍ നിന്നും വരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍