UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യമെന്നാല്‍ ഭരണകൂടം മാത്രമാണെന്ന്‍ സംഘികള്‍ കരുതരുത്

Avatar

വി ശിവദാസന്‍

എസ് എഫ് ഐ ദേശാഭിമാന പ്രചോദിതരായിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സംഘമാണ്. അതുകൊണ്ടു തന്നെ എ.ബി.വി.പി ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ല. എബിവിപിക്കാര്‍ക്ക് ഒരു അജണ്ടയുണ്ട്. അവരുടെ അജണ്ട എന്നു പറയുന്നത് തങ്ങളെ എതിര്‍ക്കുന്ന എല്ലാവരേയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയെന്നതാണ്. അതിനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. രാജ്യത്തെ മിക്ക ക്യാമ്പസുകളിലും ഇക്കാര്യങ്ങള്‍ അവര്‍ ആസൂത്രിതമായി നടപ്പാക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോള്‍ ജെ.എന്‍.യൂവില്‍ നടക്കുന്നത്. ഇവിടെ നേരത്തേയും വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ എബിവിപിയുടെ അക്രമം ഉണ്ടായിട്ടുണ്ട്.

ഇതിന്റെ മറ്റൊരു വിഷയം വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടേയും പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ വഴി തിരിച്ചു വിടാന്‍ വേണ്ടി എബിവിപിക്ക് അനുകൂലമായ ക്യാംപെയ്ന്‍ അന്തരീക്ഷം ഒരുക്കി കൊടുക്കുന്ന മറ്റൊരു ഗ്രൂപ്പ് അവിടെയുണ്ട് എന്നതാണ്. ഇടതുപക്ഷത്തിന്റേയും മാനവിക മുദ്രാവാക്യങ്ങളുമായി മുന്നോട്ടു പോകുന്നവരുടേയും ഐക്യത്തെ തകര്‍ക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം അവിടെയുണ്ട്. എബിവിപിയെ കൂടാതെയാണിത്. അത്തരക്കാര്‍ ആ സമയത്ത് യാതൊരു തരത്തിലും പ്രാധാന്യമില്ലാത്ത ചില പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരും. ആ ഘട്ടത്തില്‍ ഏതാണോ പ്രധാനം അതില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിനായി മാത്രമാണിത്. 

ഇടതുപക്ഷത്തിന്റേയും വിദ്യാര്‍ത്ഥികളുടേയും വിശാലമായ ഐക്യം ആവശ്യമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഒരു വലിയ ഐക്യമാണ് ആവശ്യം. ഇതിനെ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അവിടെ മാത്രമല്ല, രാജ്യത്തുടനീളം ക്യാമ്പസിന് അകത്തും പുറത്തും നമുക്ക് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിയും.

വളരെ വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തുന്നവരാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. കാര്യങ്ങളെക്കുറിച്ച് ഒരു അന്താരാഷ്ട്ര വീക്ഷണം അവര്‍ക്കുണ്ട്. പോരാട്ടങ്ങളോടും പൊരുതുന്ന എല്ലാ മനുഷ്യരോടും സോളിഡാരിറ്റി കാണിക്കുന്ന ആളുകളാണ് അവിടെയുള്ളതും. 

ഈ രാഷ്ട്രീയം തന്നെയാണ് ഇടതുപക്ഷവും മുന്നോട്ട് വയ്ക്കുന്നത്. അതുകൊണ്ടാണ് ഗുലാം അലിയെ നമ്മള്‍ ഇവിടെ കൊണ്ടുവന്ന് പാട്ടുപാടിച്ചത്. ഗുലാംഅലിയുടെ പാട്ട് കേള്‍ക്കുക എന്നുള്ളത് പാക് ഭരണകൂടം നടത്തുന്ന ക്രൂരതകളെ പിന്തുണയ്ക്കുക എന്നുള്ളതല്ല.

1985-ല്‍ മുഹമ്മദ് സിയാവുള്‍ ഹഖിന്റെ പട്ടാള ഭരണം പാകിസ്താനില്‍ നിലനില്‍ക്കുമ്പോള്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വന്നിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വന്നു. സാരി ഉടുക്കുന്നത് അനിസ്ലാമികം എന്ന് പ്രഖ്യാപിച്ചു. ആളുകളെ വേട്ടയാടി. ആ ഘട്ടത്തില്‍ അവിടെ ഇഖ്ബാല്‍ ഭാനു എന്ന ഗായിക ഫയസ് അഹമ്മദ് ഫയസിന്റെ ഹം ദേഖേംകേ ഹം ഭി ദേഖേംകേ എന്ന പാട്ട് പതിനായിരക്കണക്കിന് ആളുകളുടെ മുന്നില്‍ കറുത്ത സാരി ധരിച്ച് പാടുകയുണ്ടായി. ലാഹോറിലെ മൈതാനത്ത് ഒത്തുകൂടിയ പതിനായിരക്കണക്കിന് ആളുകള്‍ ഹര്‍ഷാരവത്തോടെയാണ് ആ പാട്ട് കേട്ടത്. ഇഖ്ബാല്‍ ഭാനും ഫയസ് അഹമ്മദ് ഫയസും ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെ പ്രിയപ്പെട്ടവരാണ്. അവര്‍ പാകിസ്താന്‍കാരുടെ മാത്രം പ്രിയപ്പെട്ടവരല്ല.

ഇസ്രായേലിന്റെ ഭീകരതയ്ക്ക് എതിരെ ശബ്ദിക്കുന്ന ഒരു വലിയ നിരയുണ്ട്. ഇസ്രായേലിന്റെ പാര്‍ലമെന്റായ നെസ്സന്റിന്റെ അകത്ത് ഇസ്രായേലിന്റെ വിദേശ നയത്തിന് എതിരെ, പാലസ്തീന് നേരെ എടുക്കുന്ന സമീപനത്തിന് എതിരെ, വോട്ടു ചെയ്ത ഏഴ് എംപിമാരുണ്ട്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം അല്ലെങ്കില്‍ അവര്‍ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാട് ഇസ്രായേലിലെ ജനങ്ങള്‍ക്കെതിരായ കാഴ്ചപ്പാടല്ല.

ഇഖ്ബാല്‍ ഭാനു ഉയര്‍ത്തിപ്പിടിച്ച കാഴ്ചപ്പാട് പാകിസ്താനിലെ ജനങ്ങള്‍ക്ക് എതിരായ കാഴ്ചപ്പാടല്ല. ഇന്ത്യയില്‍ ഫയസ് അഹമ്മദ് ഫയസിന്റെ ഗാനങ്ങള്‍ പാടിക്കൊണ്ടിരിക്കുന്നവര്‍, അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍, ഗുലാംഅലിയെ സ്‌നേഹിക്കുന്നവര്‍, ഇന്ത്യയില്‍ ഈ തരത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇന്ത്യാ വിരുദ്ധരോ ഇന്ത്യയിലെ പാക് വിരുദ്ധരോ അല്ലെങ്കില്‍ ഏതെങ്കിലും ജനങ്ങള്‍ക്കെതിരായുള്ളവരോ അല്ല. പക്ഷേ അവര്‍ ഭരണകൂടത്തിന് എതിരാകാം. ഭരണകൂട താല്‍പര്യത്തിനും എതിരാകാം.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിക്കകത്ത് ഏതെങ്കിലും സംഘടനകള്‍ ഭരണകൂടത്തിന് എതിരായിട്ടുള്ള മുദ്രാവാക്യം എന്ന രൂപേണ രാജ്യത്തിലെ ജനങ്ങള്‍ക്ക് എതിരെ മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെങ്കില്‍ അത് ന്യായീകരിക്കാന്‍ പാടില്ലാത്തതാണ്; അതിനെ ഞങ്ങള്‍ ന്യായീകരിക്കുന്നുമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഇടത്, പുരോഗമന പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ ഇവിടുത്തെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിയും. ഇത്രകാലവും അങ്ങനെ തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളതും. 

(എസ് എഫ് ഐ മുന്‍ ദേശീയ പ്രസിഡന്റാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍