പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം കൂടെയുണ്ട്. എന്നിട്ടും കൊന്നവനെ പിടിക്കാത്തതെന്ത്?
എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ നേതാവായിരുന്നു അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയാറുകുമ്പോഴും പ്രധാന പ്രതിയുള്‍പ്പെടെയുള്ളവരെ പിടികൂടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മാതാപിതാക്കള്‍. പ്രധാന പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിയാത്തപ്പോള്‍ തന്നെ അഭിമന്യുവിനെ ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കി കൊല്ലാന്‍ കൊണ്ടു പോയി കൊടുത്തവനെ പിടി കൂടിയിട്ടും ജാമ്യം കൊടുത്ത് പുറത്തു വിട്ടിരിക്കുകയാണെന്നും അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും ആരോപിക്കുന്നു. ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും കേസ് അട്ടിമറിക്കുമെന്നും ഇവര്‍ പറയുന്നു. പ്രധാന പ്രതിയെ കിട്ടണമെങ്കില്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയവരെല്ലാം ജയില്‍ ഉണ്ടാകണം. അവര്‍ പുറത്തിറങ്ങി നടന്നാല്‍ കൊലയാളിയെ എങ്ങനെ കിട്ടാനാണെന്നും മനോഹരനും ഭൂപതിയും ചോദിക്കുന്നു.
അഭിമന്യുവിന്റെ കൊലയാളികളെ മുഴുവന്‍ പിടികൂടിയില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് മനോഹരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ അതൊരു വികാരത്തിന്റെ പുറത്ത് പറഞ്ഞുപോയതാണെന്നും തനിക്ക് കോടതിയോട് ചോദിക്കാനുള്ളത്, എന്തിനാണ് പിടികൂടിയ പ്രതികളെപോലും പുറത്തു വിട്ടതെന്നാണെന്നും മനോഹരന്‍ അഴിമുഖത്തോട് പറഞ്ഞു. കോടതി ഇതുവരെ തങ്ങളെ വിളിപ്പിച്ചിട്ടില്ല. തന്റെ മകനെ കൊന്ന കേസില്‍ കോടതിയില്‍ എത്തി ചില കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ട്. അതിനുള്ള അവസരം ഉണ്ടാക്കി തരണമെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളത്. കേസ് നടത്തുന്ന വക്കീല്‍ ഇതുവരെ തങ്ങളെ കണ്ടിട്ടില്ല. ഞങ്ങള്‍ അഭിമന്യുവിന്റെ അച്ഛനും അമ്മയുമല്ലേ, ഈ വീട്ടില്‍ തന്നെ ഞങ്ങള്‍ ഇല്ലേ. പക്ഷേ ഇതുവരെ വക്കീല്‍ കാണാന്‍ വന്നിട്ടില്ല. വക്കീലിനെ അങ്ങോട്ട് പോയി കാണാന്‍ കഴിയുമെങ്കില്‍ അതു ചെയ്യാം; മനോഹരന്‍ പറയുന്നു.
ഹോസ്റ്റലില്‍ നിന്നും അഭിമന്യുവിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയ ആളും കേസിലെ പ്രധാന പ്രതിയാണ്. അയാള്‍ വിളിച്ചു പറഞ്ഞതുകൊണ്ടാണല്ലോ കൊല്ലാന്‍ പുറത്തു നിന്നും ആളുകള്‍ വന്നത്. അയാള്‍ക്ക് അഭിമന്യുവിനെ നശിപ്പിക്കണമെന്നുണ്ടായിരുന്നു. അതാണ് കൊന്നു കളഞ്ഞത്. പക്ഷേ, ആ പ്രതിയേയും ജാമ്യം കൊടുത്ത് പുറത്തു വിട്ടു. അയാള്‍ ജയിലില്‍ കിടക്കണം. വേദന അനുഭവിക്കണം. അയാള്‍ ജയിലില്‍ കിടന്നാല്‍ മാത്രമെ പ്രധാന പ്രതിയെ പിടിക്കാന്‍ പറ്റൂ. ഉറപ്പായും പ്രധാന പ്രതിയെ രക്ഷിക്കാന്‍ അയാള്‍ക്ക് കഴിയും. എന്തിനാണ് കോടതി ജാമ്യം കൊടുത്തത്? മനോഹരന്‍ ചോദിക്കുന്നു.
മകന്‍ മരിച്ചിട്ട് ഒരു വര്‍ഷം ആകുമ്പോഴും ഇപ്പോഴും ആ വേദനയില്‍ തന്നെയാണെന്നാണ് അഭിമന്യുവിന്റെ അമ്മ ഭൂപതി പറയുന്നത്. നാട്ടുകാര്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് പുതിയ വീട് കിട്ടിയില്ലേ, സ്വര്‍ണവും പണവും കൊടുത്ത് മകളുടെ കല്യാണം നടത്തി തന്നില്ലേ പിന്നെന്തു വേണം എന്നാണ്. വീട് കിട്ടിയാലും സ്വര്‍ണം കിട്ടിയാലും ഞാന്‍ പെറ്റു വളര്‍ത്തി വലുതാക്കിയ എന്റെ മോന് പകരമാകുമോ? ഈ വീടിനുള്ളിലും ഞാനെന്റെ മകനെ ഓര്‍ത്ത് കരയാത്ത ദിവസങ്ങളില്ല. എന്തുകൊണ്ടാണ് എന്റെ മോനെ കൊന്നവരെ പിടിക്കാത്തത്? ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഞങ്ങള്‍ കുറ്റം പറയുന്നില്ല. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് സര്‍ക്കാരും പാര്‍ട്ടിയും. മൂന്നാറിനപ്പുറം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ കേരളം മുുഴുവനും ഉള്ളവര്‍ ഞങ്ങളെ അറിയുന്നുണ്ട്. എല്ലാവരും ഞങ്ങളെ സ്നേഹിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം ഞങ്ങളുടെ സങ്കടം തീരുമോ? എന്റെ മോനെ കൊന്നവര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്റെ മോനെ കുത്തിയവനെ പിടിക്കണം. അവനും അതുപോലത്തെ ശിക്ഷ കിട്ടണം. എങ്കില്‍ കുറച്ചെങ്കിലും മനസമാധാനം ഞങ്ങള്‍ക്ക് കിട്ടും. നിയമത്തിന് അങ്ങനെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? എന്തിനാ ഈ നിയമം എന്റെ മോനെ കൊല്ലാന്‍ വന്നവര്‍ക്കു കൊണ്ടു പോയി കൊടുത്തവനെ പുറത്തു വിട്ടത്. ജയിലില്‍ അല്ലേ അവരൊക്കെ കിടക്കേണ്ടത്? ഭൂപതിയുടെ ചോദ്യങ്ങളാണിത്.
അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത നാന്‍ പെറ്റ മകന്‍, പത്മവ്യൂഹത്തിലെ അഭിമന്യു എന്നീ സിനിമകള്‍ തങ്ങളെ കൊണ്ടു പോയി കാണിച്ചെന്നും ഭൂപതിയും മനോഹരനും പറയുന്നു. എറണാകുളത്താണ് പത്മവ്യൂഹത്തിലെ അഭിമന്യു കണ്ടത്. തിരുവനന്തപുരത്തു വച്ചാണ് നാന്‍ പെറ്റ മകന്‍ കണ്ടത്. മന്ത്രി എം എം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, സിപിഎം ഇടുക്കി ജില്ല സെക്രട്ടറി ജയചന്ദ്രന്‍ തുടങ്ങിയവരൊക്കെ തങ്ങള്‍ക്കൊപ്പം സിനിമ കാണാന്‍ ഉണ്ടായിരുന്നുവെന്നു മനോഹരനും ഭൂപതിയും പറയുന്നു. അഭിമന്യു മരിച്ച ശേഷം താന്‍ ടീവി പോലും കണ്ടിട്ടില്ലെന്നും ആദ്യമായാണ് സിനിമ കാണുന്നതെന്നും ഭൂപതി പറയുന്നു. സിനിമ നല്ലതായിരുന്നു. മുഴുവന്‍ കണ്ടിരിക്കാന്‍ പറ്റിയില്ല. അഭിമന്യു ശരിക്കും ഉണ്ടായിരുന്നതുപോലെ തന്നെയാണ് സിനിമയിലും. സിനിമ എടുത്തതിലൊന്നും ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. കുറെ പേര്‍ക്ക് അഭിമന്യുവിന്റെ ജീവിതം കാണാന്‍ പറ്റുമല്ലോ. പക്ഷേ, ഇങ്ങനെ സിനിമ വന്നതുകൊണ്ടു മാത്രം ഞങ്ങളുടെ സങ്കടം മാറുമോ? സിനിമ വന്നാലും വീട് കിട്ടിയാലും പോരാ, നാന്‍ പെറ്റ എന്റെ മകനെ കൊന്നുകളഞ്ഞവരെ പിടികൂടി ശിക്ഷിക്കണം. എന്നാലെ അഭിമന്യുവിന്റെ അമ്മയ്ക്ക് സമാധാനം കിട്ടൂ. എന്റെ മകന്‍ മരിച്ച സങ്കടം ഞാന്‍ മരിക്കുന്നതുവരെ പോകില്ല, പക്ഷേ, എന്റെ മോന്റെ കൊലയാളികളെ ശിക്ഷിച്ചാല്‍ എനിക്ക് സമാധനത്തോടെ മരിക്കാം; ഭൂപതി പറയുന്നു.
സിനിമ എടുത്തതുകൊണ്ട് മാത്രം തങ്ങള്‍ക്ക് സമാധാനം കിട്ടില്ലെന്നാണ് മനോഹരനും പറയുന്നത്. സിനിമ എല്ലാവരും കാണട്ടേ, എല്ലാവര്‍ക്കും അഭിയോടുള്ള സ്നേഹം കൂടട്ടെ. പക്ഷേ, എനിക്ക് എന്റെ മോന്‍ പോയ സങ്കടം സിനിമ കണ്ടതുകൊണ്ട് തീരില്ല. ഇവിടെ നിന്നും ഒരു പച്ചക്കറി ലോറിയില്‍ കേറിയാണ് അവന്‍ അവസാനമായി കോളേജില്‍ പോയത്. ആ ലോറി മറിഞ്ഞാണ് അവന്‍ മരിച്ചതെങ്കില്‍ കൂടി ഞാന്‍ സഹിച്ചേനെ. എല്ലാ മനുഷ്യരും മരിക്കും. എന്റെ മോനും രോഗം വന്നോ, വണ്ടിയിടിച്ചോ ആയിരുന്നു മരിച്ചതെങ്കില്‍ വിധിയെന്നു പറയായിരുന്നു. എന്റെ മോന്റെ ജീവിതം ഇല്ലാതാക്കിയതാണ്. അവന്‍ ജീവിച്ചു തുടങ്ങിയതേയുണ്ടായിരുന്നു. ഒരാളല്ലെ പോയുള്ളൂ, രണ്ടു മക്കള്‍ വേറെയില്ലേ എന്നു എന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ട്. ഞാനവരോട് പറഞ്ഞത്, എന്റെ മൂന്നു മക്കളും ചേരുന്നതായിരുന്നു അഭി എന്നാണ്. കൊച്ചുകുഞ്ഞുങ്ങള്‍ക്കു പോലും അവനെ അറിയായിരുന്നു. ഒരുപാട് പഠിച്ച് വലിയ ജോലി വാങ്ങി എല്ലാവരേയും രക്ഷപ്പെടുത്തുമെന്നു പറഞ്ഞു നടന്നവനാണ് എന്റെ മോന്‍. അവനെയാണ് കൊന്നു കളഞ്ഞത്. ഞങ്ങളെങ്ങനെയാണ് അത് സഹിക്കുക. എന്റെ മോന്‍ പോയി. അവന്‍ ഇനി തിരിച്ചു വരില്ല. പക്ഷേ, എല്ലാവരുടെയും മനസില്‍ അഭിയുണ്ട്. കേരളം മുഴുവന്‍ ഞങ്ങളുടെ കൂടെയുണ്ട്. അതൊക്കെ ഞങ്ങള്‍ക്ക് സന്തോഷം. ഞങ്ങളെ എല്ലാവരും സഹായിക്കുന്നുമുണ്ട്. പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം ഞങ്ങളുടെ കൂടെയുണ്ട്. പക്ഷേ, ഒരുപകാരം കൂടി ഞങ്ങള്‍ക്ക് ചെയ്തു താ; എന്റെ മകനെ കുത്തിക്കൊന്നവരെ പിടി കൂടി ശിക്ഷിക്കൂ. അഭിമന്യുവിന്റെ അച്ഛനും അമ്മയ്ക്കും അതാണ് കാണേണ്ടത്.