UPDATES

ട്രെന്‍ഡിങ്ങ്

എസ്എഫ്ഐയെ ഹൈന്ദവ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതിന് മുമ്പ്

എസ്എഫ്ഐ അഥവാ കാമ്പസുകളിലെ ഹനുമാന്‍ സേന എന്ന പേരില്‍, സി ദാവൂദ് മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനുള്ള മറുപടി

പ്രിയപ്പെട്ട ദാവൂദ്,

എസ്എഫ്ഐ അഥവാ കാമ്പസുകളിലെ ഹനുമാന്‍ സേന എന്ന പേരില്‍, താങ്കളുടെ മാധ്യമം ദിനപത്രത്തില്‍ വന്ന ലേഖനം, വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് വായിക്കാന്‍ ഇടയായി. (ക്യാമ്പസിന്റെ സ്വന്തം ഹനുമാന്‍ സേന)

നല്ല ലേഖനമാണ്. എന്നുമെന്നപോലെ താങ്കളുടെ നല്ല ഭാഷയും കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ, പ്രിയ ദാവൂദ്, ഹനുമാന്‍ സേന എന്ത് എന്ന് താങ്കള്‍ക്കറിയാത്തതാണോ അതോ മന:പൂര്‍വ്വം നിങ്ങള്‍ രാഷ്ട്രീയത്തെ അട്ടിമറിക്കുകയാണോ? ഫാഷിസ്റ്റുകളും തെമ്മാടിക്കൂട്ടങ്ങളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് താങ്കള്‍ക്ക് അറിയാത്തതല്ലല്ലോ. പൊതുവേ നിശബ്ദതലത്തിലും പ്രത്യക്ഷത്തില്‍ നോണ്‍വയലന്റ് ആയും പ്രവര്‍ത്തിക്കുന്ന സ്വീഡനിലേയും ഹംഗറിയിലേയും കുടിയേറ്റ വിരുദ്ധ റൈറ്റ് വിങ് ഗ്രൂപ്പുകളാണോ ലണ്ടനിലെ ഫുട്‌ബോള്‍ ഹൂളിഗന്‍സാണോ താങ്കളെ സംബന്ധിച്ച് പ്രശ്‌നം? രണ്ടും ഒരേപോലെ പ്രശ്‌നമാണോ? ലണ്ടനിലെ ഫുട്‌ബോള്‍ തെമ്മാടിക്കൂട്ടത്തിന്റെ ക്രിമിനല്‍ വയലന്‍സിനെ നിങ്ങള്‍ റൈറ്റ്‌വിങ് ഫാഷിസത്തോട് ഉപമിക്കുമോ?

തീര്‍ച്ചയായും ദാവൂദ്, എനിക്ക് ചേർത്തുവയ്ക്കലുകൾ പ്രശ്നമാണ്. ഹനുമാന്‍ സേന എന്തെന്നറിയാത്ത ആളല്ല നിങ്ങള്‍. സംഘപരിവാര്‍, കബഡി കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ടീനേജേഴ്‌സില്‍ നിന്ന് ഹനുമാനെന്നും ബജ്‌രംഗിയെന്നും നവനിര്‍മ്മാണ്‍ സേനയെന്നും സ്വാഭിമാന്‍ ഹിന്ദുവെന്നും പല തരത്തില്‍, പല പേരില്‍ ബോംബ് വയ്ക്കുന്ന, മാസ് മര്‍ഡര്‍ നടത്തുന്ന, പരിപൂര്‍ണ്ണ ടെററിസം പ്രാക്ടീസ് ചെയ്യുന്ന, അത് പ്രൊപ്പഗേറ്റ് ചെയ്യുന്ന, അധികാരത്തിനായി പല വേഷങ്ങളില്‍ അരങ്ങേറുന്ന, കാമ്പസുകളും അക്കാദമിക് സ്ഥാപനങ്ങളിലും സിസ്റ്റമാറ്റിക് ആയി ഹൈന്ദവ രാഷ്ട്രീയം സ്ഥാപിക്കുന്ന വലിയ ഒരു ക്രിമിനല്‍ ഓര്‍ഗനൈസേഷനിലേയ്ക്ക്, ഇറ്റാലിയന്‍ മാഫിയയ്‌ക്കോ സൈബീരിയന്‍ പൈറെറ്റ്‌സിനോ ഇസ്ലാമിക് സ്റ്റേറ്റിനോ ഒന്നും സ്വപ്‌നം കാണാന്‍ പറ്റാത്ത സംഘടിത ടെററിസ്റ്റ് മാസ് ഓര്‍ഗനൈസേഷനിലേയ്ക്ക് വളര്‍ന്ന ഒരു കൂട്ടത്തിന്റെ സഹോദര സംഘടനയെ നിങ്ങള്‍ കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി സംഘടനയുമായി താരതമ്യപ്പെടുത്തുന്നുവെങ്കില്‍ പ്രിയ ദാവൂദ്, നിങ്ങളുടെ രാഷ്ട്രീയത്തിനെന്തോ കുഴപ്പമുണ്ട്.

നമുക്ക് എസ്എഫ്ഐലേക്ക് വരാം. തീര്‍ച്ചയായും തങ്ങള്‍ക്ക് തിണ്ണമിടുക്കുള്ള ഇടങ്ങളില്‍ ക്രിമിനലുകളെ പോറ്റിവളര്‍ത്തുന്ന സംഘടനയാണത്; എനിക്കറിയാം. പക്ഷേ ഒരു വിദ്യാര്‍ത്ഥി സംഘടനയും കേരളത്തിലെന്നല്ല, ഇന്ത്യയിലെമ്പാടും, ഇക്കാര്യത്തില്‍ വ്യത്യസ്തമൊന്നുമല്ല. ആണ്‍കൂട്ടങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകളിലേറിയ കൂറും. പുരുഷാധികാരത്തിന്റെ ഇടങ്ങളാണ് കാമ്പസുകള്‍. രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകളുള്ള വനിതാകാമ്പസുകള്‍ സമീപത്തെ പുരുഷു സഖാക്കളുടെ വാറോലകള്‍ക്കായി കാത്തിരിക്കുകയാണ് പതിവ്, ഒരോ തീരുമാനത്തിനും.

നമ്മുടെ പൊതുസമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി എന്താണ് നിങ്ങള്‍ കാമ്പസുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്? ആണ്‍കൂട്ടങ്ങള്‍ പുളയ്ക്കുന്ന രാഷ്ട്രീയ-മതാധികാര സമൂഹത്തില്‍ കാമ്പസുകളില്‍ നിന്ന് മാത്രം നീതി പ്രതീക്ഷിക്കുന്നത് എന്തു ലോജിക്കാണ്? 17 വയസുമുതല്‍ 22 വയസുവരെ മാത്രം പ്രായമുള്ള ലേറ്റ് റ്റീന്‍-ഏര്‍ളി യൂത്ത് യുവജനങ്ങള്‍ വിപ്ലവം കൊണ്ടുവരുമെന്ന് നമുക്ക് സ്വപ്‌നം കാണാം. പക്ഷേ സമൂഹത്തില്‍ നിലനില്‍ക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ അതേ താളത്തില്‍ അവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഈണമിട്ടാല്‍ അരുതാത്തതെന്തോ കണ്ടപോലെ ഞെട്ടരുത്. സ്വയം അപഹസിക്കലാകുമത്.

എസ്എഫ്ഐയേക്കാള്‍ വ്യത്യസ്തമാണോ കെ എസ് യു അഥവാ എൻ.എസ്.യു.ഐ? എംഎസ്എഫ്? പരിപൂര്‍ണ്ണ അധികാരം കാമ്പസുകളില്‍ ലഭിച്ചാല്‍, തത്തുല്യമായ രാഷ്ട്രീയാധികാരം പുറത്തുണ്ടായാല്‍ വ്യത്യസ്തമാകുമോ എസ്ഐഒ? സംശയമുണ്ട് ദാവൂദ്. എബിവിപി ഭരിക്കുന്ന, ഭരിച്ചിരുന്ന തിരുവനന്തപുരം എംജി കോളേജ് മുതല്‍ ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് വരെയുള്ള ഇടങ്ങളില്‍ എന്ത് രാഷ്ട്രീയമാണ് നിലനിന്നിരുന്നത്?

കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ വിദ്യാര്‍ത്ഥി സംഘടന കെ എസ് യു  ആണെന്ന് പറയാനുള്ള ധൈര്യമുണ്ടോ? ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയ സംഘടന എന്ന നിലയിലാണ് പറയുന്നത്. കാമ്പസുകളില്‍ എസ്എഫ്ഐ ശക്തമാകുന്നതിന് മുമ്പുള്ള കാലം, അഥാവാ രണ്ട് – മൂന്ന് പതിറ്റാണ്ടിന് മുമ്പുള്ള കേരള കാമ്പസുകള്‍ എങ്ങനെയായിരുന്നു? ഇപ്പോഴത്തെ എസ്എഫ്ഐ ‘ഫാഷിസ’ത്തിന്റെ കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന മഹാരാജാസ് കോളജില്‍ കെ എസ് യു ക്രിമിനലുകള്‍ വിളയാടിയിരുന്ന ചരിത്രം – മാധ്യമങ്ങളില്‍ രേഖപ്പെടുത്താതെ പോയത് – വാമൊഴിയായി കേട്ടിട്ടുണ്ട്. ദാവൂദിന് ഉത്തര്‍പ്രദേശും ബീഹാറുമൊക്കെ നല്ലവണ്ണം അറിയാമല്ലോ? ദളിത്-പിന്നാക്ക രാഷ്ട്രീയം സമൂഹത്തിലും കാമ്പസുകളിലും ഒരേപോലെ ചലനമുണ്ടാക്കിയ തൊണ്ണൂറുകള്‍ക്ക് മുമ്പ് എന്‍.എസ്.യു.ഐ എങ്ങനെയാണ് ഉത്തരേന്ത്യന്‍ കാമ്പസുകളെ ഭരിച്ചിരുന്നത്?

ഇതുകൊണ്ടൊന്നും യൂണിവേഴ്‌സിറ്റി കോളേജിലും മടപ്പിള്ളികോളേജിലും മറ്റ് കാമ്പസുകളും എസ്എഫ്ഐ തങ്ങളുടെ അധികാരമുപയോഗിച്ച് നടത്തുന്ന തെമ്മാടിത്തരത്തിനെ ന്യായീകരിക്കാനാവില്ല. എനിക്കിപ്പോഴും യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഒരു സ്ത്രീ സുഹൃത്തിനൊപ്പം നടന്നുകേറാനുള്ള ധൈര്യമില്ല. അപമാനവും മര്‍ദ്ദനവും രാഷ്ട്രീയത്തിന് വേണ്ടിയല്ലാതെ സഹിക്കാന്‍ പറ്റുന്ന മാനസികാവസ്ഥ ഇപ്പോഴില്ലാത്തതുകൊണ്ടാണ്.

തെമ്മാടികളെ നിയന്ത്രിക്കാന്‍ എസ്എഫ്ഐ തയ്യാറായില്ലെങ്കില്‍ അവര്‍ രാഷ്ട്രീയ തിരിച്ചടി നേരിടും. സൂര്യ ഗായത്രിയ്ക്കും ജാനകിക്കും ജിജീഷിനും നേരിട്ട ദുരനുഭവം വാര്‍ത്തയായ സാഹചര്യത്തിലെങ്കിലും പ്രവര്‍ത്തന ശൈലി പുന:പരിശോധിക്കുകയും ഇരകളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാത്ത, അവർക്ക് നീതി ലഭ്യമാക്കുന്ന നിലപാടുകൾ അജണ്ടയിലില്ലാത്ത വിദ്യാര്‍ത്ഥി സംഘടനയെ കുറിച്ച് നിങ്ങള്‍ക്ക് പ്രതീക്ഷകളൊന്നും വേണ്ട. പക്ഷേ ഗുണ്ടകളുടേയും ക്രിമിനലുകളുടെയും ആവാസകേന്ദ്രമാണ് അവരുടെ സംഘടന എന്നുള്ളത് കൊണ്ട് കെ എസ് യുവിനെ പോലും ഹനുമാന്‍ സേനയോട് ആരെങ്കിലും ഉപമിച്ചാല്‍ നമ്മള്‍ എതിര്‍ക്കുക തന്നെ വേണം.

കാരണം സംഘപരിവാര്‍ രാഷ്ട്രീയത്തിനേയും അതല്ലാത്ത രാഷ്ട്രീയത്തിനേയും വേറിട്ടു കാണുക എന്നതാണ് നിലനില്‍ക്കുന്ന കാലത്തെ രാഷ്ട്രീയബോധ്യമെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ, കാമ്പസുകളുടെ സ്വന്തം ഹനുമാന്‍ സേനയാണ് എസ്എഫ്ഐ എന്നുള്ള തരത്തിലുള്ള താങ്കളുടെ ലേഖനത്തെ വലിയ ഭീതിയോടെ കാണുന്നു. നിങ്ങള്‍ക്ക് ഇടത് രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ വഴികളേറെയുണ്ട്. പക്ഷേ അത് ഹൈന്ദവ ഫാഷിസവുമായി കൂട്ടിക്കെട്ടിയാണെങ്കില്‍ നിങ്ങളുടെ ലക്ഷ്യം സംശയിക്കപ്പെടേണ്ടതുണ്ട്, ദാവൂദ്, മുഴുവന്‍ ബഹുമാനത്തോടെയും.

(ശ്രീജിത് ദിവാകരന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍