UPDATES

ഒരു ചാപ്പകുത്തല്‍ ഓർമയും സദാചാര ഗുണ്ടായിസവും; എസ്എഫ്ഐയുടെ അരാഷ്ട്രീയ കളിനിലങ്ങൾ

മുദ്രാവാക്യങ്ങളെയും ആശയങ്ങളെയും എസ്എഫ്‌ഐ വളച്ചൊടിക്കുന്നത് എന്തുകൊണ്ട്?

‘I am a canvas of my experiences, my story is etched in lines and shading, and you can read it on my arms, my legs, my shoulders, and my stomach’

മെക്‌സിക്കോയില്‍ ജനിച്ച് അമേരിക്കയില്‍ ജീവിച്ച വോണ്‍ ഡി തന്റെ കലയും ഉപജീവന മാര്‍ഗ്ഗവുമായ ചാപ്പകുത്തലിനെക്കുറിച്ച് പറഞ്ഞതാണ് ഈ വാചകം. ടാറ്റൂയിംഗ് ഇന്ന് ലോക വ്യാപകമായി പ്രചാരത്തിലുണ്ട്. തങ്ങളുടെ ജിവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള എന്തിന്റെയെങ്കിലും ചിത്രം ശരീരത്തില്‍ കോറിവയ്ക്കാനുള്ള ആരുടെയും ആഗ്രഹത്തെയും കുറ്റം പറയാനും സാധിക്കില്ല.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തിന്റെ വാര്‍ത്ത വായിച്ചപ്പോള്‍ കേരളത്തിലെ ഒരു ഭൂരിഭാഗം പേരും ഒരു ചാപ്പകുത്തലിനെക്കുറിച്ചും ആലോചിച്ചിട്ടുണ്ടാകും. 2003ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ ചാപ്പകുത്തല്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2013ല്‍ ടാറ്റൂ എന്ന ഹൃസ്വചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായ നൊവിന്‍ വാസുദേവ് അതിന്റെ ഓര്‍മ്മപ്പെടുത്തല്‍ നടത്തിയിരുന്നു. ഒരു കല എന്നതിന് പകരം ചാപ്പകുത്തല്‍ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നാണ് നൊവിന്‍ ചിത്രത്തില്‍ പരിശോധിച്ചത്. ഇതിന്റെ മൂലകഥയാകട്ടെ പഴയ യൂണിവേഴ്‌സിറ്റി കോളേജ് സംഭവവും.

നിര്‍ബന്ധിത ചാപ്പകുത്തലിന് വിധേയനായ ഒരു യുവാവിനെ അതിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്നതാണ് ഇതില്‍ ചിത്രീകരിക്കുന്നത്. ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റായി മാറിയ അയാള്‍ മറ്റുള്ളവരുടെ ശരീരത്തില്‍ വരയ്ക്കുന്നതെല്ലാം താന്‍ വേട്ടയാടപ്പെട്ടതിന്റെ ബാക്കിയാണ്. സിനിമയില്‍ ഇയാളുടെ ശരീരത്തില്‍ നിര്‍ബന്ധിതമായി നടന്ന ആ ചാപ്പകുത്തലും ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. സിപിഎം ചിഹ്നമായ അരിവാള്‍ ചുറ്റിക അയാളുടെ ശരീരത്തില്‍ മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ട് കോറിവയ്ക്കുന്നതാണ് ആ ദൃശ്യം. ഇയാള്‍, തന്നെ ടാറ്റൂ ചെയ്യാനായി സമീപിക്കുന്നവരുടെ ദേഹത്ത് കോറി വയ്ക്കുന്നത് അരിവാള്‍ ചുറ്റികയുടെ ചിത്രം തന്നെ. 2003ല്‍ നൊവിന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചിരുന്നപ്പോഴാണ് രാജ്യമെമ്പാടുമുള്ള എസ്എഫ്‌ഐയ്ക്ക് അപമാനമായ ചാപ്പക്കുത്തല്‍ സംഭവമുണ്ടായത്. തന്റെ കോളേജ് വിദ്യാഭ്യാസ കാലത്തുണ്ടായ ഈ സംഭവത്തെ ഓര്‍മ്മപ്പെടുത്താനാണ് നൊവിന്‍ ചിത്രത്തിലൂടെ ശ്രമിച്ചത്.

നൗഷാദ് എന്ന വിദ്യാര്‍ത്ഥിയെയാണ് അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ചാപ്പകുത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നൗഷാദിന്റെ പുറത്ത് എസ്എഫ്‌ഐ എന്ന് കോറുകയായിരുന്നു. ആ സംഭവം ഓര്‍മ്മിക്കുമ്പോള്‍ തുടക്കത്തില്‍ ടാറ്റൂയിംഗിന് പറഞ്ഞ ന്യായീകരണങ്ങളുടെയെല്ലാം എതിര്‍വശം കണ്ടെത്താന്‍ സാധിക്കും. ഹിറ്റ്‌ലര്‍ പോലും ചെയ്യാത്ത കാര്യമെന്നാണ് നൊവിന്‍ ആ സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നത്. അന്ന് ദേശീയ മാധ്യമങ്ങളില്‍ പോലും ഈ സംഭവം ഇടംപിടിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ഈ വാര്‍ത്തയ്ക്ക് നല്‍കിയ തലക്കെട്ട് ‘SFI in Kangaroo Scott’ എന്നായിരുന്നു.

ആശയപരമായി നമ്മെ ഏറെ പ്രചോദിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന് കീഴില്‍ ആഗോള മാധ്യമങ്ങള്‍ പോലും പുച്ഛിച്ചു തള്ളുന്ന ഒരു സംഭവമാണ് അന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായതെന്ന് നൊവിന്‍ പറയുന്നു. ആ പ്രസ്ഥാനം കൊണ്ടുവന്ന അജണ്ടകള്‍ എന്തൊക്കെ? ആ പ്രസ്ഥാനം നമ്മെ മോഹിപ്പിച്ച ആശയങ്ങള്‍ എവിടെ? ഇതെല്ലാം വെറും ആശയങ്ങളായി മാത്രം നിലനില്‍ക്കുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളാണ് അന്നവിടെ ഉണ്ടായത്. നമ്മെ പോലെ തന്നെയുള്ളൊരു വിദ്യാര്‍ത്ഥിയുടെ പുറത്താണ് അന്ന് ചാപ്പ കുത്തിയത്. ഇത് അവര്‍ മനഃപൂര്‍വം ചെയ്തതാണോ അതോ ലഭിക്കുന്ന അമിത സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണോയെന്ന് നമുക്ക് വിലയിരുത്താന്‍ സാധിക്കില്ല.

ഈ സംഭവം നടന്ന് കോളേജില്‍ നിന്നും പുറത്തിറങ്ങി പത്ത് വര്‍ഷത്തിന് ശേഷമാണ് ആ ഹൃസ്വ ചിത്രം ചെയ്യുന്നത് എന്നതില്‍ നിന്നു തന്നെ എസ്എഫ്‌ഐയുടെ പ്രവര്‍ത്തി തന്റെയുള്ളില്‍ എത്രമാത്രം ആഴത്തില്‍ പതിഞ്ഞ് കിടക്കുന്നുവെന്ന് മനസിലാക്കാമെന്ന് നൊവിന്‍ പറയുന്നു. നൗഷാദിന്റെ പുറത്ത് വീണ ആ കോറല്‍ തന്റെ മാത്രമല്ല എസ്എഫ്‌ഐയുമായി ആശയപരമായി അടുപ്പം പുലര്‍ത്തിയിരുന്ന പല വിദ്യാര്‍ത്ഥികളുടെയും മനസിലാണ് മുറിവേല്‍പ്പിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ ആ തലക്കെട്ടിന്റെ അര്‍ത്ഥം എസ്എഫ്‌ഐ അവര്‍ തന്നെ ഉണ്ടാക്കിയ ഒരു കെണിയില്‍പ്പെട്ടു എന്നതാണ്. ഹിറ്റ്‌ലര്‍ പോലും ആരുടെയും ശരീരത്തില്‍ തന്റെ സ്വസ്തിക് ചിഹ്നം കൊത്തിവച്ചിട്ടില്ലെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അന്നും എസ്എഫ്‌ഐ ഇത് നിഷേധിച്ചിരുന്നെങ്കിലും എത്രത്തോളം അത് നിഷേധിക്കാന്‍ സാധിക്കും. അതേ കാലഘട്ടത്തില്‍ നടന്ന മറ്റൊരു സംഭവം ഇതിനോട് കൂട്ടിവായിക്കാം. നാഷണല്‍ അക്രഡിറ്റേഷന്‍ കമ്മിറ്റി പ്രാബല്യത്തില്‍ കൊണ്ടു വന്ന കാലമാണ് അത്. ഹോട്ടലുകളെ തിരിക്കുന്നതു പോലെ സ്റ്റാര്‍ പദവി നല്‍കി കോളേജുകളെ തിരിക്കുന്നതാണ് നാക് സംവിധാനം. ഈ തരംതിരിക്കലിന് ശേഷം മോശപ്പെട്ട കോളേജുകളെ തള്ളിക്കളയുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുക എന്നതായിരുന്നു അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ അജണ്ട. അന്ന് എസ്എഫ്‌ഐ നിശബ്ദത പാലിക്കുകയായിരുന്നു ചെയ്തത്.

ആ സമയത്ത് തന്നെ ചെന്നൈയിലുള്ള ഒരു കോളേജിലെ പ്രിന്‍സിപ്പല്‍, നാഷണല്‍ അക്രഡിറ്റേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭിക്കാനായി അഞ്ച് വിദ്യാര്‍ത്ഥിനികളെ കമ്മിറ്റി അംഗങ്ങള്‍ക്ക് കാഴ്ചവച്ചു. നാക്കിനെതിരെ ദേശീയ തലത്തില്‍ എസ്എഫ്‌ഐയ്ക്ക് സമരം നടത്താവുന്ന ഒരു സംഭവമായിരുന്നു ഇത്. എന്നാല്‍ ഈ സംഭവം നടന്ന കോളേജില്‍ മാത്രം പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്യുകയാണ് അന്ന് എസ്എഫ്‌ഐ ചെയ്തത്. ഇതാണ് എസ്എഫ്‌ഐയുടെ സമരതന്ത്രം.

നൊവിന്‍ വാസുദേവ്‌

‘പ്രത്യയശാസ്ത്രത്തെ കൈവെടിഞ്ഞ് സമരത്തിന്റെ ലക്ഷ്യങ്ങളെയും മുദ്രാവാക്യങ്ങളെയും മറ്റൊരു തരത്തില്‍ രൂപകല്‍പ്പന ചെയ്യുകയാണ് എസ്എഫ്‌ഐ ചെയ്യുന്നത്. വക്കീലന്മാര്‍ നിയമത്തെ വളച്ചൊടിക്കുന്നത് പോലെ തന്നെയാണ് ഇത്. ഇവരുടെ ആശയത്തിന് എതിരായല്ല ഞാന്‍ സംസാരിക്കുന്നത്, പകരം അതിന്റെ പ്രയോഗത്തിന് എതിരായാണ്. സ്വന്തം കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കടന്നുകയറ്റത്തിലൂടെയാണോ ഒരു പ്രസ്ഥാനത്തെ നിലനിര്‍ത്തേണ്ടത്, സോഷ്യലിസം നടപ്പാക്കേണ്ടത്?’ നൊവിന്‍ ചോദിക്കുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മുദ്രാവാക്യങ്ങളെയും ആശയങ്ങളെയും വളച്ചൊടിക്കുകയാണ് എസ്എഫ്‌ഐ ചെയ്യുന്നത് എന്ന് അതുകൊണ്ടാണ് പറയേണ്ടി വരുന്നത്.

എസ്എഫ്‌ഐ നടത്തുന്ന ഇത്തരം ആക്രമണങ്ങളൊന്നും രാഷ്ട്രീയ ബോധത്തോടെയല്ല ചെയ്തു വരുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് അന്ന് നൗഷാദിനെ ആക്രമിച്ചവരാരും ഇന്ന് സജീവ രാഷ്ട്രീയത്തിലില്ലെന്നത്. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ ആക്രമണവും ഒരു ലൈംഗിക അസൂയയുടെ പേരിലുണ്ടായതാകാം. അവിടെയുള്ളത് രാഷ്ട്രീയമല്ല. രാഷ്ട്രീയ ബോധമുള്ള മനുഷ്യർ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്നത് അവരുടെ സാമൂഹിക ബോധമാണ്. അതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.

നൊവിന്റെ സിനിമയിലെ കഥാപാത്രം തന്റെ ജീവിതത്തിലുണ്ടായ ഒരു തിക്താനുഭവം ബോധപൂര്‍വമോ അല്ലാതെയോ മറ്റുള്ളവരുടെ ശരീരത്തിലും പകര്‍ത്തുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അരാഷ്ട്രീയമായ ചില മനസുകള്‍ അക്രമങ്ങള്‍ക്കും ആവേശപ്രകടനത്തിനുള്ള മാര്‍ഗ്ഗമായി എസ്എഫ്‌ഐ തെരഞ്ഞെടുക്കുന്നതാണ് ഇവിടെ പ്രശ്‌നം. മനസിലെ അരാഷ്ട്രീയത എസ്എഫ്‌ഐ എന്ന ബാനറിന് പിന്നില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ ഇത്തരം ചാപ്പകുത്തലുകളും നടക്കുന്നു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായതും മറ്റൊരു വിധത്തില്‍ ചാപ്പകുത്തല്‍ തന്നെയാണ്. തങ്ങളുടെ മനസിലെ അരാഷ്ട്രീയതയെ മറ്റുള്ളവരുടെ ശരീരത്തിലും മനസിലും കോറി മുറിവേല്‍പ്പിക്കല്‍. അല്ലെങ്കില്‍ എന്ത് കാരണത്തിന്റെ പേരിലാലായാലും സ്വന്തം കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ എസ്എഫ്‌ഐ ഈ കടന്നുകയറ്റം നടത്തുമായിരുന്നില്ല.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റ് ആണ് അരുണ്‍ ടി വിജയന്‍)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍