UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ളാക്ക് ലെറ്റേഴ്സ്

രൂപേഷ് കുമാര്‍

യാത്ര

കൊട്ടക വണ്ടി: നാട്ടിലേക്കിറങ്ങുന്ന സിനിമ- ഒരു യാത്രാക്കുറിപ്പ്

You must live life in its very elementary forms. The Mexicans have a verynice word for it: pura vida. It doesn’t mean just purity of life, but the raw, stark-naked quality of life. And that’s what makes young people more into a filmmaker than academia – Werner Herzong

 

ഒരു വൈകുന്നേരമാണ് യാത്ര തുടങ്ങുന്നത്. കൊട്ടക വണ്ടിയുടെ യാത്ര. ഞങ്ങളുടെ എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷനിലെ ഏതോ ഒരു ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു ചിന്തയായിരുന്നു, സിനിമ പഠിക്കുന്ന കുട്ടികളുമായി ഒരു യാത്ര. അതൊരിക്കലും ഊട്ടി-കൊടൈക്കനാല്‍-മൂന്നാര്‍‍ ട്രിപ്പ് പോലെ ആകരുത്. എന്തുകൊണ്ട് ഒരു കൊട്ടക വണ്ടിയുമായി സഞ്ചരിച്ചൂകൂടാ? കുറെ സിനിമകള്‍‍ തിരഞ്ഞെടുക്കുക, പിന്നെ അത് കേരളം മുഴുവന്‍‍ കാണിക്കുക; ജനങ്ങളുടെ അഭിപ്രായങ്ങള്‍‍ ശേഖരിക്കുക; ജീവിതം കാണുക; അനുഭവിക്കുക. പണ്ട് ഇങ്ങനെ ഒരു ആശയം മറ്റൊരു കോളേജില്‍ മുന്നോട്ട് വെച്ചിരുന്നു. കുട്ടികള്‍ ഓരോ തൊഴില് പഠിക്കുക. മുടി വെട്ട്, കല്ല്‌ പണി, വീട് പണി എന്നിങ്ങനെ. മുടി വെട്ട് എന്നൊക്കെ കേട്ടപ്പോ ആ കോളേജിലെ ചില ചാരുകസേര മാഷന്മാരുടെ നെറ്റി ചുളിഞ്ഞു. വേണ്ടെങ്കി വേണ്ട. ഇതൊന്നും നമ്മടെ വീട്ടിലോട്ടു കൊണ്ടുപോവാനൊന്നും അല്ലല്ലോ. ഇവിടെ ഞങ്ങളുടെ കോളേജ് സാമ്പത്തികവും മാനസീകവുമായി പിന്തുണ നല്‍കി.

 

ആദ്യം ഈയുള്ളവനും ഒമ്പത് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ബൈക്കില്‍ സഞ്ചരിക്കാനായിരുന്നു ഐഡിയ. പക്ഷെ പ്രോജക്‍റ്ററും ബാഗും സൌണ്ട് ബോക്സും സ്ക്രീനും ഒക്കെയായി ബൈക്കില്‍ സഞ്ചരിച്ചാല്‍‍ നല്ല പണി കിട്ടും എന്ന് മനസ്സിലായതോടെ അതുപേക്ഷിച്ചു. അവിചാരിതങ്ങളുടെ യാത്ര ആയിരിക്കണം ഇത് എന്നും തീരുമാനം ഉണ്ടായിരുന്നു. അറിയാത്ത ഇടങ്ങളില്‍ ചെന്ന് അറിയാത്ത മനുഷ്യന്മാരുടെ മുന്നില്‍ ഒട്ടും പ്ലാന്‍‍ ചെയ്യാതെ സിനിമ പ്രദര്‍ശിപ്പിക്കുക. താമസവും പ്രദര്‍ശനങ്ങളുടെ സ്ഥലങ്ങളും ഒന്നും കൃത്യമായ ഒരു രൂപരേഖ ഇല്ലാതെ യാത്ര തിരിക്കുക. ഇതിന്റെ ആദ്യത്തെ പടിയായി കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെ യാത്ര ചെയ്യാന്‍ തീരുമാനമായി. സംശയാലുക്കളായ കുട്ടികളോട് ഇങ്ങനെ പറഞ്ഞു; “ധൈര്യമുള്ളവരുടെ കൂടെ ഭാഗ്യം ഉണ്ടാകും… ചുമ്മാ വാ… എന്താ സംഭവിക്കാന്നു നോക്കാല്ലോ…” കുട്ടികള്‍ റെഡി. അങ്ങനെ ഫെബ്രുവരി അഞ്ചാം തീയതി യാത്ര തുടങ്ങാന്‍ തീരുമാനിച്ചു.

 

 

അന്നേദിവസം വൈകുന്നേരം തന്നെയായിരുന്നു, ഈയുള്ളവന്റെ ജീവിതപങ്കാളി രമ്യയും മകള്‍ സംഘമിത്ര ഋതുവും ഒരു അവധിക്കാലം കഴിഞ്ഞു മലേഷ്യയിലേക്ക് തിരിച്ചു പോകുന്നത്. “ഞാന്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കോളം” എന്നൊരു വാക്ക് കൊടുത്തു. എല്ലാ തിരക്കുകളും കഴിഞ്ഞു പുറപ്പെടാന്‍ വൈകിപ്പോയി. പതിനൊന്നു മണിക്ക് ആണ് അവരുടെ ഫ്ലൈറ്റ്. കൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങി നെടുമ്പാശ്ശേരിയില്‍ അവരെ കണ്ടു യാത്ര തുടരാം എന്നായിരുന്നു കരുതിയത്. പക്ഷെ വൈകിപ്പോയി. ഒരു എട്ടര മണിക്ക് മാത്രമേ പുറപ്പെടാന്‍ പറ്റിയുള്ളൂ. “ഒന്ന് വെയിറ്റ് ചെയ്യൂ…” എന്ന് കരച്ചിലോടെ പറഞ്ഞെങ്കിലും അവര്‍ക്ക് ചെക്ക്‌- ഇന്‍ ചെയ്യേണ്ട സമയം ആയിപ്പോയി. അകത്തു കയറിയാല്‍ നോ രക്ഷ. അവസാനം ചീറിപ്പാഞ്ഞു അങ്കമാലിയില്‍ എത്തിയെങ്കിലും അവര്‍ ചെക്ക്‌ ഇന്‍ ചെയ്തു കഴിഞ്ഞിരുന്നു. ഒരു മാതിരി വന്ദനം സിനിമയിലെ ക്ലൈമാക്സ്‌ പോലെ ആയിപ്പോയി. നിശബ്ദമായി കരയുമ്പോഴും വണ്ടിയില്‍ ഒരു അടിപൊളി തമിഴ്പാട്ട് കേള്‍ക്കാമായിരുന്നു. സെന്‍റിമെന്‍റ്സ് മാറ്റി വെക്കാം, യാത്ര തുടര്‍ന്നേ പറ്റൂ എന്ന രീതിയില്‍ കാസര്‍ഗോട്ടെക്ക് നേരെ വിട്ടു.

 

പിറ്റേ ദിവസം രാവിലെ എന്റെ വീട്ടില്‍ കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞു നേരെ കാസര്‍ഗോട്ടെക്ക്. ആനന്ദന്‍ പൈതലന്‍ എന്നാ സ്കൂള്‍ മാഷും എന്റെ ഏട്ടനുമായ ആള്‍ കാസര്‍ഗോട്ടെ ഒരു സ്കൂളില്‍ ഒരു പ്രദര്‍ശനം ശരിയാക്കിയിരുന്നു. കാഞ്ഞങ്ങാട് എന്ന സ്ഥലത്ത് നിന്നും കുറെ ഉള്ളിലോട്ടു സഞ്ചരിച്ച് കോടോത്ത് എന്ന ഒരു ദേശത്തെ ‘അംബേദ്‌കര്‍‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍’. അവിടെയായിരുന്നു ആദ്യത്തെ പ്രദേശനം. വേനലില്‍ കത്താന്‍ തയ്യാറായിരിക്കുന്ന പുല്ലുകള്‍ നിറഞ്ഞ വിജനമായ പ്രദേശങ്ങളിലൂടെ കറുത്തു തിളങ്ങുന്ന റോഡിലൂടെ ഉള്ള യാത്ര. കുട്ടികളുടെ കണ്ണുകളില്‍ അത്ഭുതം തിളങ്ങി. “ഇത്ര മനോഹര ദേശങ്ങളോ?”. ഞങ്ങള്‍ ചോദിച്ചു ചോദിച്ചു കോടോത്തെ ആ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തി. അവിടെ ശാന്തിഭൂഷന്‍ എന്ന മാഷായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ഒരു മയവും ഇല്ലാതെയാണ് അദ്ദേഹം സംസാരിച്ചത്. അതൊരു മലബാര്‍ ശൈലിയാണ്. പ്രത്യേകിച്ച്, സംസാരങ്ങളില്‍ വലിയ ഔപചാരികതകള്‍ ഒന്നുമില്ല. ‘ഏട എത്തി? ഇങ്ങള് ഇതിലെ വന്ന മതി. ഇങ്ങു വാപ്പാ….” അങ്ങനെ ഒക്കെ. “കൊളമാകുവോ?” സംശയം ഉണ്ടായിരുന്നു.

ഈയിടെയായി എനിക്കാണെങ്കില്‍ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ദേഷ്യം വരും. രമ്യ ഒരിക്കല്‍ എന്നോട് പറഞ്ഞു, “താന്‍ ഒന്ന് കൂള്‍ ആകൂ. എന്തിനാ ഇങ്ങനെ ഓട്ടോക്ഷക്കാരോടും സിനിമ കാണാന്‍ പോയാല്‍ പുറകിലിരിക്കുന്നവര്‍ ഒന്ന് തട്ടിപ്പോയാലും, പിള്ളേരോടും ഒക്കെ ഇങ്ങനെ ചൂടാകുന്നെ?”. അങ്ങനെ ആദ്യത്തെ പ്രദര്‍ശനത്തിനു വേണ്ടി ഉച്ചവെയിലും അടിച്ച് തെറിച്ചുതിളങ്ങുന്ന ചുവന്ന മണ്ണുള്ള ഒരു ഓടിട്ട സ്കൂള്‍ കെട്ടിടത്തിനു മുന്നില്‍ ഞങ്ങളുടെ വണ്ടി നിര്‍ത്തി. എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും കുട്ടികള്‍ക്ക് വേണ്ടി ആയിരുന്നു പ്രദര്‍ശനം. ചാര്‍ളി ചാപ്ലിന്റെ “മോഡേണ്‍ ടൈംസ്” ഒക്കെ കണ്ടവര്‍ ആയിരുന്നു അവര്‍. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഒമ്പതാം ക്ലാസിലെ ചുള്ളന്മാര്‍ ഞങ്ങള്‍ക്ക് പ്രോജക്ടര്‍ ഒക്കെ ശരിയാക്കി തന്നിരുന്നു. അവര്‍ തന്നെ അത് ഫിറ്റ് ചെയ്യുകയും ചെയ്തു. ഞങ്ങള്‍ “റോക്കറ്റ്” എന്ന ഒരു ഓസ്ട്രേലിയന്‍ സിനിമ കാണിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. കുടിയോഴിക്കപെട്ട ഒരു ഗോത്രസമൂഹത്തിലെ ഒരു ബാലന്റെ ജീവിത വിജയത്തിന്റെ കഥ പറയുന്ന സിനിമയായിരുന്നു അത്. ഞങ്ങള്‍ സിനിമ തുടങ്ങി പുറത്ത് ആകാംഷയോടെ കാത്തിരുന്നു. ഒരു മാതിരി ആദ്യ സിനിമ സംവിധാനം ചെയ്തു ആദ്യ ഷോയുടെ റിസള്‍ട്ട് അറിയാന്‍ കാത്തിരിക്കുന്ന പുതുമുഖ സംവിധായകരുടെ മാനസികാവസ്ഥയോടെ. ആ സിനിമയിലെ ബാലന്റെ റോക്കറ്റ് ആകാശത്തേക്ക് പറന്നു പൊങ്ങി മേഘങ്ങളില്‍ തട്ടി മഴ പെയ്തപ്പോള്‍ സ്കൂളില്‍ കയ്യടിയുടെ പൂരം. ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു. ആദ്യത്തെ പ്രദര്‍ശനം വിജയം. പ്രദര്‍ശനം കഴിഞ്ഞു ഏട്ടാം ക്ലാസ്സിലെയും ഒമ്പതാം ക്ലാസിലെയും മിടുക്കികള്‍ സിനിമയെ വിശകലനം ചെയ്തു സംസാരിച്ചു. മിടുക്കന്മാര്‍ക്ക് അപ്പോഴും നാണമായിരുന്നു. അവരുടെ ഒരു ലേഡി ടീച്ചര്‍ സിനിമയിലെ “തോറ്റ അമ്മാവനെ”പ്പോലെ ആകരുത് എന്ന് ആ കുട്ടികളോട് പറയുകയും ചെയ്തു. ആരു പറഞ്ഞു നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് നല്ല സിനിമ കണ്ടു ആഹ്ലാദിക്കാന്‍ അറിയില്ല എന്ന്‍?

 

അതിനു ശേഷം കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എന്ന സ്ഥലത്തെ ഒരു പള്ളിയോടു ചേര്‍ന്നുള്ള ഒരു ദളിത്‌ കോളനിയില്‍ ആയിരുന്നു ഞങ്ങള്‍ “റോക്കറ്റ്” പ്രദര്‍ശിപ്പിച്ചത്. കുറെ നേരം സിനിമ കണ്ട അവര്‍ ഭാഷ പ്രശ്നമായത്‌ കൊണ്ടോ എന്തോ കുറെ അധികം പേര്‍ പിന്‍വലിഞ്ഞു. എന്നിട്ടും ഒരു പത്ത് പതിനഞ്ചു പേര്‍ ആ സിനിമ അവിടെ കണ്ടു തീര്‍ത്തു. കണ്ടുതീര്‍ത്തവര്‍ “ഈ സിനിമ കാണാത്തവര്‍ക്ക് വന്‍ നഷ്ടമായി” എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്. അന്നേ ദിവസം എന്റെ വീട്ടില്‍ തങ്ങി ഞങ്ങള്‍ പരശ്ശിനിക്കടവിലേക്ക് പോയി; അവിടത്തെ ഉച്ചയൂണും കഴിച്ച് നേരെ ഇരിട്ടിയിലെക്ക്. ഞങ്ങളുടെ എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഹംസയുടെ നാടായ വല്ലിത്തോടിലേക്കായിരുന്നു പോയത്. അവിടെ ഒരു നാല്‍ക്കവലയില്‍ ഒരു തടിമില്ലിനോട് ചേര്‍ന്ന് ഒരു പടം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. സ്ഫടികം എന്ന സിനിമയായിരുന്നു തെരഞ്ഞെടുത്തത്. അവിടത്തെ ചുമട്ടു തൊഴിലാളികളും കച്ചവടക്കാരും ലൈറ്റ് ആന്‍ഡ്‌ സൌണ്ടുകാരും ഒക്കെ ഞങ്ങളെ അവിടെ സ്ക്രീന്‍ സെറ്റ് ചെയ്യുന്നതിനും ഒക്കെ സഹായിച്ചു. രാത്രി പത്ത് മണി ആയപ്പോള്‍ സിനിമ കഴിഞ്ഞു. മോഹന്‍ലാലിന്റെ സ്റ്റണ്ടിനും സില്‍ക്ക് സ്മിതയുടെ പാട്ടിനും ഒക്കെ ജനങ്ങള്‍ കയ്യടിച്ചു. ഞങ്ങള്‍ക്ക് ആമ്പ്ലിഫയര്‍ ഒക്കെ തന്നു സഹായിച്ച ലൈറ്റ് ആന്‍ഡ്‌ സൌണ്ടിലെ ചേട്ടന്‍ അഞ്ചു പൈസ വാടക വാങ്ങാതെ സ്നേഹം പകര്‍ന്നു. രാത്രി ഹംസയുടെ വീട്ടിനടുത്തുള്ള പുഴയില്‍ ഒരു കുളി. അതിനും മുമ്പ് ഹംസയുടെ വീട്ടിലെ ചോറും പത്തിരിയും ബീഫ് കറിയും കൂട്ടി ഉള്ള ഭക്ഷണവും. ഞങ്ങളുടെ കൂടെ ഉള്ള സജിന എന്ന പെണ്‍കുട്ടി ഒരുമിച്ചു ഭക്ഷണം കഴിച്ചെങ്കിലും പുഴയിലെ കുളി നഷ്ടപ്പെട്ടു. പിന്നെ ഹംസയുടെ കൊച്ചു വീട്ടിലെ ഒരു കൊച്ചു റൂമില്‍ ഞങ്ങള്‍ പത്ത് ആണ്‍ പ്രജകള്‍ ഒരുമിച്ചു കിടന്നുറങ്ങി. പ്രഭാത കര്‍മങ്ങളൊക്കെ പുഴക്കരയില്‍. പിന്നെ പുഴയില്‍ ഒരു കുളിയും പാസാക്കി ഞങ്ങള്‍ വയനാട്ടിലേക്ക് തിരിച്ചു. അന്ന് ഞങ്ങള്‍ ആ മുറിയിലെ ഉറക്കത്തിനു ശേഷം എല്ലാവരും മനസ്സില്‍ കുറിച്ചിട്ടു. ഇനി ഞങ്ങളുടെ ഇടയില്‍ “ഞാന്‍” എന്നൊരു വാക്കില്ല. നമ്മള്‍ മാത്രമേ ഉള്ളൂ എന്ന്.

 

പിറ്റേ ദിവസം രാവിലെ കല്പറ്റയിലേക്ക്. എന്റെ സുഹൃത്ത് റോബിന്‍ പഠിച്ച കല്പറ്റയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ എം എസ് ഡബ്ല്യൂ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയായിരുന്നു പ്രദര്‍ശനം. തങ്ങളുടെ കോളേജിലേക്ക് വരുന്നവരോട് എത്ര മഹനീയമായി പെരുമാറാം എന്ന് ആ കുട്ടികള്‍ കാണിച്ചുതന്നു. അവിടത്തെ പെണ്‍കുട്ടികള്‍ വന്ന്‍ ഞങ്ങളോട് കുശലാന്വേഷണം നടത്തി. “ സോംഗ് ഓഫ് സ്പാരോസ് എന്ന ഒരു ഇറാനിയന്‍ പടമായിരുന്നു ഞങ്ങള്‍ കാണിച്ചത്. അവര്‍ക്ക് അവരുടെ സോഷ്യല്‍ വര്‍ക്കില്‍ എങ്ങനെ സിനിമ എന്ന മാധ്യമത്തെ ഉപയോഗിക്കാം എന്ന് ചര്‍ച്ച ചെയ്തു. ആദിവാസി മേഖലകളില്‍ അവരുടെ പ്രോജക്റ്റുകളില്‍ ഞങ്ങളുടെ പങ്കാളിത്തം കൂടി അവര്‍ ആവശ്യപ്പെട്ടു. പിന്നെ ഞങ്ങളുടെ കൈകളില്‍ ഉള്ള സിനിമകള്‍ കോപ്പി ചെയ്യാന്‍ അവര്‍ തിരക്ക് കൂട്ടിത്തുടങ്ങി. ഉച്ചഭക്ഷണം തുടങ്ങിയ പെണ്‍കുട്ടികള്‍ അവരുടെ കൂടെ കൂടുന്നോ എന്ന് തിരക്കി. ഞങ്ങള്‍ സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചു. ഒരു തലമുറയുടെ സ്നേഹം എന്നത് ഞങ്ങള്‍ അവിടെ തിരിച്ചറിഞ്ഞു.

 

 

പിന്നെ അന്ന് വൈകുന്നേരം കോഴിക്കോടെ ഒരു ഉള്‍നാടന്‍ പ്രദേശത്തായിരുന്നു പ്രദര്‍ശനം. വന്ദനം എന്ന സിനിമയായിരുന്നു പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ആള്‍ക്കാര്‍ പിരിഞ്ഞുപോയിത്തുടങ്ങി. ജനങ്ങള്‍ നൂറു പ്രാവശ്യം ടിവിയില്‍ കണ്ട സിനിമ ആയതു കൊണ്ടായിരിക്കാം. ഞങ്ങള്‍ക്ക് അവിടെ പ്രത്യേകിച്ചു വേരുകള്‍ ഒന്നും ഇല്ലായിരുന്നു. പടം ഇങ്ങനെ ഇഴഞ്ഞു നീങ്ങിക്കളിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നു സംസാരിക്കാന്‍ തുടങ്ങി. നിങ്ങള്‍ എവിടെ നിന്നാണ്? എന്താണ് പരിപാടി? എന്നിങ്ങനെ ഒക്കെ. സിനിമ പ്രദര്‍ശനത്തിന്റെ ഇടയില്‍ അങ്ങനെ കുറെ പേര്‍ ഞങ്ങളോട് വന്നു ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് ആ ചെറുപ്പക്കാരന്‍ സ്വകാര്യമായി “നിങ്ങള്‍ സി പി ഐ- എം എല്‍ ആണോ?” എന്ന് ചോദിച്ചു. ഞാന്‍ അല്ല എന്ന് ഉത്തരം നല്‍കി. “ഞാന്‍ ആണ്” എന്ന് പറഞ്ഞു. എന്റെ കണ്ണില്‍ പ്രത്യേകിച്ചു തിളക്കമോ വലിയ ഭാവവ്യത്യാസമോ കാണാത്തത് കൊണ്ട് അയാള്‍ നിരാശനുമായി. ഞാന്‍ ചോദിച്ചു നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന്. അയാള്‍ കാസര്‍ഗോഡ് ആണത്രേ. അവിടെ ഒരു റബ്ബര്‍ തോട്ടം ഉണ്ടത്രെ. റബ്ബര്‍ മുതലാളി ആയ സി പി ഐ- എം എല്ലുകാരന്‍. മനസ്സില്‍ ചെറിയ ചിരിയുടെ ലഡ്ഡു പൊട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: ഞാന്‍ എന്റെ മൊബൈല്‍ ഫോണ്‍ എടുത്തിട്ടില്ല. എന്റെ നമ്പരിലേക്ക് ഒരു മിസ്ഡ് കോള്‍ വിടാമോ? ഇത്തവണ എനിക്ക് ശരിക്കും ദേഷ്യം വന്നു. സുഹൃത്തെ, എനിക്ക് നിങ്ങളുടെ ഫോണിലേക്ക് വിളിക്കേണ്ട ആവശ്യമില്ല. പിന്നെ ഞാന്‍ എന്തിനു നിങ്ങള്‍ക്ക് മിസ്ഡ് കോള്‍ വിടണം? നിങ്ങള്‍ക്ക് എന്നോട് സംസാരിക്കണം എന്നുണ്ടെങ്കില്‍ ഞാന്‍ എന്റെ കാര്‍ഡ് തരാം. നിങ്ങളുടെ ഫോണ്‍ കിട്ടുമ്പോള്‍ അതിലേക്ക് വിളിച്ചോളൂ. അഞ്ചു മിനിട്ടിനു ശേഷം എന്റെ ഫോണിലേക്ക് ഒരു മിസ്ഡ് കോള്‍ വന്നു. തൊട്ടടുത്ത പീടികപ്പടിയില്‍ നിന്നും അവരുടെ കോള്‍ ആയിരുന്നു. ഞാന്‍ അത് എടുത്തു നോക്കി എന്ന് മനസ്സിലായപ്പോള്‍ അവര്‍ക്ക് തൃപ്തിയായി. ഒരു പെണ്‍കുട്ടിയും പത്ത് ആണുങ്ങളും ഒരു നാട്ടിലെത്തുമ്പോഴുള്ള ഒരു ഭീതിയുടെ മിസ്ഡ് കോള്‍. ലുങ്കി ഉടുത്ത ചില ഇന്‍റലിജന്‍സ് ഓഫീസര്‍മാരുടെ ചില അന്വേഷണ കമ്മീഷനുകള്‍.

 

പിന്നെ കോഴിക്കോട് ജില്ലയിലെ രണ്ടു സ്കൂളുകളില്‍ പ്രദര്‍ശനങ്ങള്‍. ജര്‍മ്മന്‍ സിനിമയായ “റണ്‍ ലോല റണ്‍” എന്ന സിനിമ ആയിരുന്നു പ്രദര്‍ശിപ്പിച്ചത്. രണ്ടിടങ്ങളിലും കയ്യടികളോടെ ആയിരുന്നു പ്രദര്‍ശനങ്ങള്‍ അവസാനിച്ചത്. അത് കഴിഞ്ഞ ഞങ്ങളുടെ കൂട്ടത്തിലെ സജിനയുടെ വീട്ടില്‍ താമസം. ഒരു അമ്പലത്തിന്റെ അടുത്ത് വീട്. രാവിലെ അഞ്ചു മണിക്ക് ഭക്തിഗാനവും കേട്ട് ഞെട്ടി എഴുന്നേറ്റു. നേരെ ഞങ്ങള്‍ വളാഞ്ചേരിയിലേക്ക് വിട്ടു. അവിടെ പ്രതിഭ കോളേജ് എന്ന ഒരു പാരലല്‍ കോളേജില്‍ വീണ്ടും റണ്‍ ലോല റണ്‍ പ്രദര്‍ശിപ്പിച്ചു. പത്തു നൂറ്റമ്പതോളം കുട്ടികളുണ്ടായിരുന്നു. അവരും കയ്യടിയോടു കൂടി സിനിമ അവസാനിപ്പിച്ചു. പിന്നെ നേരെ പാലക്കാട്ടെ ഞങ്ങളുടെ കൂടെ ഉള്ള അരുണ്‍ സ്വാമിനാഥന്റെ സ്ഥലം ആയ വടക്കാഞ്ചേരിയിലെ ഒരു മാര്‍ക്കറ്റില്‍ പ്രദര്‍ശനത്തിനു വേണ്ടി അങ്ങോട്ട്‌ വിട്ടു.

 

 

കോഴിക്കോട് പറ്റിയത് പോലെ വടക്കാഞ്ചേരിയില്‍ പറ്റാതിരിക്കാന്‍ ഞങ്ങള്‍ ഓരോ കടയിലും ഓട്ടോറിക്ഷക്കാരോടും ഒക്കെ ഞങ്ങള്‍ എന്തിനാണ് വന്നത് എന്നും ഞങ്ങളുടെ ഉദ്ദേശം എന്തൊക്കെ ആണെന്നുമൊക്കെ വിശദീകരിച്ചു. പോലീസ് സ്റ്റേഷനില്‍ പോയി പെര്‍മിഷനും ഒക്കെ എടുത്തു. അവിടത്തെ ജനങ്ങള്‍ സ്ഫടികം എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രദര്‍ശനത്തിന് ആള് കൂടുന്നതിന്റെ ഫോട്ടോ എടുക്കണം എന്ന് ഞങ്ങളുടെ കൂടെ ഉള്ള അനീഷിനോട് ഞാന്‍ ആവശ്യപ്പെട്ടു. “ഓക്കേ സാര്‍, സില്‍ക്ക് സ്മിതയുടെ പാട്ട് വരുമ്പം ഷുവര്‍ ആയി ആള് കൂടും. ഫോട്ടോ പെടച്ച്ചെക്കാം”. അവന്‍ തോക്കില്‍ ഉണ്ട നിറച്ചു ഉന്നം വെക്കുന്നത് പോലെ ക്യാമറയുമായി നിന്നു. പക്ഷെ ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് സില്‍ക്ക് സ്മിതയുടെ “ഏഴിമല പൂഞ്ചോല” എന്ന പാട്ട് തുടങ്ങിയതും ജനം എഴുന്നേറ്റു പോയി. ഞങ്ങള്‍ ബ്ലിങ്കാസി ആയി. അത് ഞങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ചില മമ്മൂട്ടി ഫാന്‍സുകാരോക്കെ വന്ന്‍ നിങ്ങള്‍ മമ്മൂട്ടിയുടെ പടം ഇടണമായിരുന്നു എന്നൊക്കെ പറഞ്ഞു. കുറഞ്ഞ പക്ഷം “ട്വന്റി ട്വന്റി” എങ്കിലും ഇടണമായിരുന്നു എന്ന് വാശി പിടിച്ചു. ആ നാട്ടിലായിരുന്നു ഒരു ടാക്കീസില്‍ വിജയിന്റെ കത്തി എന്ന സിനിമ റിലീസ് ആയപ്പോള്‍ ഒരു ആരാധകന്‍ ടാക്കീസിന്റെ മുന്നിലെ കട്ടൌട്ടില്‍ നിന്ന് വീണു മരിച്ചത്. ഒരു വിജയ്‌ ഫാന്‍സ്‌ അസോസ്സിയേഷന്റെ ഭാരവാഹിയോടു ഞങ്ങള്‍ സംസാരിച്ചു. വിജയിന്റെ പടം കാണുമ്പോള്‍ അവരുടെ ഒക്കെ രോമം എഴുന്നേറ്റു നിക്കുമത്രേ. കുറെ കേസുകള്‍ ഒക്കെ ഉള്ള ആള്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ ശ്രമിക്കുന്നു എന്നും പറഞ്ഞു. അവിടെ വെച്ചാണ് പഴയ ഒരു വിദ്യാര്‍ഥിയുടെ ഒരു ഫോണ്‍ വിളി വരുന്നത്. “മാഷെ ഞാന്‍ അജ്മല്‍ ആണ്. മാഷ്‌ പണ്ട് പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ഒരു സ്കൂള്‍ മാഷ്‌ ആണ്. നിലമ്പൂരിലെ എടക്കര എന്ന സ്ഥലത്ത്. മാഷ്‌ ഞങ്ങളുടെ സ്കൂളിലേക്ക് കൊട്ടക വണ്ടിയുമായി വരണം”. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും മൂന്നു മണിക്കൂറിലധികം യാത്രയുണ്ട് എടക്കര എന്ന സ്ഥലത്തേക്ക്. എന്നാലും ഞങ്ങള്‍ പോകാം എന്ന് തന്നെ ഉറച്ചു. പിറ്റേ ദിവസം രാവിലെ ഏഴര മണിക്ക് ഞങ്ങള്‍ പാലക്കാട്ടെ വടക്കാഞ്ചേരിയില്‍ നിന്നും നിലമ്പൂരിനടുത്ത എടക്കര ഗവണ്‍മെന്‍റ് സ്കൂളിലേക്ക് പുറപ്പെട്ടു. അവിടെ എത്തുമ്പോള്‍ ഒരു സ്കൂളിലെ ഒരു വിഭാഗം കുട്ടികള്‍ മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. എന്തൊരു സ്നേഹം ആയിരുന്നു കുട്ടികള്‍ക്ക്. അവിടത്തെ പ്രദര്‍ശനം കഴിഞ്ഞു സജിനക്ക് അവിടത്തെ കുട്ടികള്‍ മെസ്സേജ് അയച്ചു. “ചേച്ചി നിങ്ങളെ ഒക്കെ ഞങ്ങള്‍ക്ക് ഭയങ്കര ഇഷ്ടമായി”.

 

ജീവിതത്തില്‍ മറക്കാനാകാത്ത ഒരു യാത്ര തന്നെയായിരുന്നു അത്. പത്ത് ആണുങ്ങളും സ്വന്തം സഹോദരനെപ്പോലെ അജീഷ് എന്ന ഡ്രൈവറും ഒരു പെണ്‍കുട്ടിയും ചേര്‍ന്നുള്ള യാത്ര. ഞങ്ങളുടെ ഷിനോ സാര്‍ കോളേജില്‍ ഇരുന്നു കൊണ്ട് ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തു. യാത്രക്കിടയില്‍ ലാപ്‌ ടോപ്പിലൂടെ വാര്‍ത്തകള്‍ അയച്ചു കൊണ്ടിരുന്നു. വിവിധ ദേശങ്ങളിലെ ഭക്ഷണരീതികള്‍, ജീവിതരീതികള്‍, മനുഷ്യരുടെ ശരീരഭാഷകള്‍ ഒക്കെ കുട്ടികള്‍ ഒബ്സേര്‍വ് ചെയ്തു. ഞങ്ങളുടെ കുട്ടികള്‍ നടത്തിയ ഒരു നിരീക്ഷണം ആദിവാസികള്‍ കല്പറ്റയിലെ പൊതു ഇടങ്ങളില്‍ പെരുമാറുന്നത് എങ്ങനെ എന്നുള്ളതായിരുന്നു. ഏറ്റവും അവസാനം നിലമ്പൂരില്‍ നിന്നും വീണ്ടും മൂന്നു മണിക്കൂര്‍ യാത്ര ചെയ്തു പാലക്കാട് കോങ്ങാട് എന്ന സ്ഥലത്തെ ഒരു പുഴക്കരയില്‍ സ്ക്രീന്‍ സെറ്റ് ചെയ്തു; അവിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു ജനക്കൂട്ടത്തിനു മുന്നില്‍ ഞങ്ങള്‍ സിനിമ പ്രദര്‍ശിപ്പിച്ച് അവസാനിപ്പിച്ചു. ആ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കുമ്പോഴാണ് എനിക്കൊരു ഫോണ്‍ വരുന്നത്. “ഞാന്‍ ആന്‍സി ആണ്, പത്ത് വര്‍ഷം മുമ്പുള്ള ഒരു കൂട്ടുകാരി. പത്രത്തില്‍ വാര്‍ത്ത കണ്ടു വിളിക്കുന്നതാണ്…”. ജീവിതത്തിലെ ചെറിയ വലിയ ചില സന്തോഷങ്ങള്‍.

 

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍