UPDATES

ഷാരൂഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; ഇത് മൂന്നാം തവണ

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാനെ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് ഖാനെ തടഞ്ഞുവച്ചതെന്നാണ് വിവരം. തന്നെ തടഞ്ഞുവച്ച കാര്യം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

 

അതേ സമയം, തന്നെ തടഞ്ഞുവച്ചതിലെ അമര്‍ഷവും ഷാരൂഖിന്റെ വാക്കുകളില്‍ പ്രകടമാണ്. വിവിധ രാജ്യങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെ മനസിലാക്കുകയും അതിനെ മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഓരോ തവണയും അമേരിക്കയില്‍ വച്ചുണ്ടാകുന്ന ഇത്തരം അനുഭവത്തില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം പറയുന്നു.

 

 

എന്നാല്‍ സ്വതസിദ്ധ ശൈലിയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടിനെ തമാശയാക്കാനും താരം തയാറായി. തടഞ്ഞുവച്ച സമയത്ത് ‘പോക്കിമോന്‍’ കളിക്കാന്‍ സാധിച്ചു എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്.

 

 

My Name is Khan എന്ന തന്റെ സിനിമയുടെ പ്രൊമോഷനായി 2009-ല്‍ അമേരിക്കയിലെത്തിയപ്പോഴും ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. താരത്തിന്റെ അതേ പേരിലുള്ള മറ്റൊരാള്‍ യു.എസ് അധികൃതരുടെ പറക്കാന്‍ പാടില്ലാത്തവരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നതാണ് അദ്ദേഹത്തിന് വിനയായത്. ഖാന്‍ എന്ന മുസ്ലീം പേരിനോട് പാശ്ചാത്യ ലോകത്തിനുള്ള മുന്‍വിധികളെക്കുറിച്ചുള്ള ചിത്രമായിരുന്നു My Name is Khan എന്നതാണ് ഇതിലെ രസകരമായ കാര്യം.

 

2012-ല്‍ ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ മൂന്ന് മണിക്കുറോളം വീണ്ടും തടഞ്ഞുവച്ചിരുന്നു. തുടര്‍ന്നു യു.എസ് അധികൃതര്‍ അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ‘എപ്പോഴൊക്കെ എനിക്ക് സ്വയം ഒരു ധാര്‍ഷ്ട്യമൊക്കെ തോന്നുന്നോ അപ്പോഴൊക്കെ ചെയ്യുക അമേരിക്കയിലേക്ക് പറക്കുക എന്നാണ്, അവര്‍ എന്നെ എന്റെ താരപ്പകിട്ടില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാറുണ്ട്’ എന്നായിരുന്നു ഇതിനോടുള്ള ഷാരൂഖ് ഖാന്റെ തമാശ കലര്‍ന്ന പ്രതികരണം.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍